Follow KVARTHA on Google news Follow Us!
ad

കണവയ്ക്കും ചെമ്മീനിനും വന്‍ ഡിമാന്‍ഡ്: സമുദ്രോത്പന്ന കയറ്റുമതി കുതിപ്പിലേയ്ക്ക്

അന്താരാഷ്ട്ര വിപണിയില്‍ ശീതീകരിച്ച ചെമ്മീനിനും കണവയ്ക്കും ലഭിച്ച വന്‍ ഡിമാന്‍ഡിന്റെ ബലത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തെ സമുദ്രോത്പന്ന Kochi, Kerala, News, Business
കൊച്ചി: (www.kvartha.com 12/10/2017) അന്താരാഷ്ട്ര വിപണിയില്‍ ശീതീകരിച്ച ചെമ്മീനിനും കണവയ്ക്കും ലഭിച്ച വന്‍ ഡിമാന്‍ഡിന്റെ ബലത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയില്‍ ഗണ്യമായ വര്‍ധന. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 9,066 കോടി രൂപ(1.42 ബില്യണ്‍ ഡോളര്‍)യുടെ മൂല്യമുള്ള 2,51,735 ടണ്‍ സമുദ്രോത്പന്നമാണ് കയറ്റുമതി ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ കയറ്റുമതി 2,01,223 ടണ്ണായിരുന്നു. 50512 ടണ്ണിന്റെ വളര്‍ച്ചയാണ് ഇത്തവണയുണ്ടായത്. അമേരിക്കയും തെക്കുകിഴക്കന്‍ ഏഷ്യയുമാണ് ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം സമുദ്രോത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ എന്നിവിടങ്ങളിലും മികച്ച ആവശ്യക്കാരുണ്ട്. ചൈനയിലേക്കുള്ള കയറ്റുമതിയിലും ഗണ്യമായ വര്‍ധന രേഖപ്പെടുത്തി.


കഴിഞ്ഞ വര്‍ഷത്തെ ആദ്യ പാദവുമായി തട്ടിച്ചുനോക്കിയാല്‍ ആകെ കയറ്റുമതിയുടെ 50.66 ശതമാനവും ചെമ്മീനാണ്. കയറ്റുമതിയില്‍നിന്ന് ആകെ ലഭിച്ച ഡോളര്‍ മൂല്യത്തില്‍ 74.09 ശതമാനവും ഈ ഉത്പന്നത്തില്‍ നിന്നാണ്. ചെമ്മീനിന്റെ അളവില്‍ 20.87 ശതമാനവും മൂല്യത്തില്‍ 21.64 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. ശീതീകരിച്ച കണവയ്ക്കാണ് ഡിമാന്‍ഡില്‍ രണ്ടാം സ്ഥാനം. ഇതിന്റെ കയറ്റുമതി അളവില്‍ 7.82 ശതമാനവും ഡോളര്‍ വരുമാനം 5.81 ശതമാനവും വര്‍ധിച്ചു. ഡോളറിന്റെ മൂല്യത്തില്‍ 40.25 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതു കൂടാതെ ശീതീകരിച്ച മത്സ്യത്തിനും ഡിമാന്‍ഡ് ഏറെയുണ്ട്. കയറ്റുമതി അളവ് 24.96 ശതമാനവും ഡോളര്‍ മൂല്യം 21.75 ശതമാനവും വര്‍ധിച്ചു.

ചെമ്മീനിന്റെ മികച്ച വിളവും യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയുടെ ഗുണമേന്മ അംഗീകരിച്ചതുമാണ് ഇത്രയും വലിയ നേട്ടമുണ്ടാകാന്‍ കാരണണെന്ന് മറൈന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ ഡെവലപ്മന്റ് അഥോറിറ്റി ചെയര്‍മാന്‍ ഡോ എ.ജയതിലക് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്രതലത്തില്‍ സമുദ്രോത്പന്ന കയറ്റുമതിയില്‍ ഏറെ ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലുള്ള ഈ നേട്ടം സംതൃപ്തി നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ പാദത്തില്‍ 54.344 ടണ്‍ സമുദ്രോത്പന്നമാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. 499.28 ദശലക്ഷം ഡോളറിന്റെ ഈ കയറ്റുമതിയില്‍ 35.05 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. കയറ്റുമതി അളവില്‍ 39.56, രൂപയുടെ മൂല്യത്തില്‍ 33.66, ഡോളര്‍ മൂല്യത്തില്‍ 38.93 ശതമാനം എന്നിങ്ങനെയാണ് വര്‍ധന. കയറ്റുമതി ശതമാനക്കണക്കില്‍: തെക്കുകിഴക്കനേഷ്യ 31.26, യൂറോപ്യന്‍ യൂണിയന്‍ 14.70, ജപ്പാന്‍ 6.68, ഗള്‍ഫ് രാജ്യങ്ങള്‍ 3.47, ചൈന 3.06. തെക്കുകിഴക്കന്‍ ഏഷ്യയിലേയ്ക്ക് കയറ്റുമതി 50.37 ശതമാനം വളര്‍ന്നു. രൂപയുടെ മൂല്യത്തില്‍ 28.84, ഡോളര്‍ വരുമാനത്തില്‍ 33.87 എന്നിങ്ങനെയാണ് ശതമാന വളര്‍ച്ച.

യൂറോപ്പിലേക്കുള്ള കയറ്റുമതി അളവ് 15.23 ശതമാനം വളര്‍ന്നു. ശീതീകരിച്ച ചെമ്മീന്‍ അളവില്‍ 38.85 ശതമാനവും ഡോളര്‍ വരുമാനത്തില്‍ 53.17 ശതമാനവും വളര്‍ച്ച കൈവരിച്ചു.ജപ്പാനിലേക്കുള്ള കയറ്റുമതി അളവ് 7.26 ശതമാനം വളര്‍ന്നു. ശീതീകരിച്ച ചെമ്മീനിന്റെ കയറ്റുമതി അളവില്‍ 39.49 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. മൂല്യം 73.32 ശതമാനവും വളര്‍ന്നു.

ശീതീകരിച്ച ചെമ്മീനിന്റെ ആകെ കയറ്റുമതി 1,27,521 ടണ്ണാണ്. 1066.97 ഡോളറാണ് ഇതില്‍ നിന്നുള്ള വരുമാനം. അമേരിക്ക(50,630 ടണ്‍), തെക്കു കിഴക്കന്‍ ഏഷ്യ(41,934) യൂറോപ്യന്‍ യൂണിയന്‍(14,893) ജപ്പാന്‍(7,222) ഗള്‍ഫ്( 3,753) ചൈന(2,804) മറ്റ് രാജ്യങ്ങള്‍ (6,285) എന്നിങ്ങനെയാണ് കയറ്റുമതി.

നാരന്‍ ചെമ്മീനിന്റെ കയറ്റുമതി 82,193 ടണ്ണില്‍ നിന്ന് 92,341 ടണ്ണായി ഉയര്‍ന്നു. 12.35 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. നാരന്റെ കയറ്റുമതിയുടെ 51 ശതമാനവും അമേരിക്കയിലേക്കാണ.് 25.99 ശതമാനം തെക്കു കിഴക്കന്‍ ഏഷ്യയിലേക്കും 9.87 ശതമാനം യൂറോപ്യന്‍ യൂണിയനിലേക്കും 4.26 ശതമാനം ജപ്പാന്‍, 2.23 ശതമാനം ഗള്‍ഫ്, 1.58 ശതമാനം ചൈന എന്നിവിടങ്ങളിലേക്കും കയറ്റുമതി ചെയ്തു.

കറുത്ത കൊഞ്ചിന്റെ കയറ്റുമതി മുഖ്യമായും ജപ്പാനിലേക്കായിരുന്നു. കയറ്റുമതി മൂല്യത്തില്‍ 49.12 ശതമാനത്തിന്റെ വര്‍ധന ജപ്പാന്‍ രേഖപ്പെടുത്തി. തെക്കുകിഴക്കന്‍ ഏഷ്യ(23.84) അമേരിക്ക(17.77) എന്നിങ്ങനെയാണ് മൂല്യത്തില്‍ ലഭിച്ച വര്‍ധന. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത ചെമ്മീനിന്റെ മൂല്യം ഡോളറില്‍ 95.82 ശതമാനമാണ് കൂടിയത്. നാരന്‍ ചെമ്മീനിന്റെ മൂല്യം 35.20 ശതമാനം കൂടി.

തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ വിയറ്റ്‌നാമിലേക്കാണ് കൂടുതലും സമുദ്രോല്പന്നങ്ങള്‍ കയറ്റുമതി ചെയ്തത്. ഡോളര്‍ വരുമാനം ഈ മേഖലയില്‍നിന്നുമാത്രം 84.45 ശതമാനമായി. തായ്‌ലാന്റ്(7.33), തായ്‌വാന്‍(3.13) മലേഷ്യ(2.01) സിംഗപ്പൂര്‍(1.76) ദക്ഷിണ കൊറിയ(1.11) എന്നിങ്ങനെയാണ് ഡോളര്‍ വരുമാന വിഹിതം. വിയറ്റ്‌നാം മാത്രം 69,988 ടണ്‍ സമുദ്രോത്പന്നമാണ് ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. കണവയും മികച്ച കയറ്റുമതി വളര്‍ച്ച കൈവരിച്ചു. കയറ്റുമതി അളവ്5.07ശതമാനം, രൂപമൂല്യം 20.84, ഡോളര്‍മൂല്യം 25.51 എന്നിങ്ങനെയാണ് വളര്‍ച്ചാ നിരക്ക്. ഉണക്കിയ സമുദ്രോത്പന്നങ്ങള്‍ക്കും മികച്ച വളര്‍ച്ചയാണ് ഉണ്ടായത്. 260.75 ശതമാനമാണ് കയറ്റുമതി വളര്‍ച്ച. രൂപമൂല്യം 52.96, ഡോളര്‍ മൂല്യം 58.59 എന്നിങ്ങനെയാണ് നേട്ടം.

സമുദ്രോത്പന്ന കയറ്റുമതിയില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ തുറമുഖം വിശാഖപട്ടണമാണ്. 2,481.03 കോടി രൂപയുടെ 43,315 ടണ്‍ ആണ് വിശാഖപട്ടണത്തുനിന്ന കയറ്റുമതി ചെയ്തത്. കൃഷ്ണപട്ടണം(19,917 ടണ്‍, 1096 കോടി രൂപ), കൊച്ചി(29630 ടണ്‍, 1027.39 കോടി രൂപ), കൊല്‍ക്കത്ത(21,433 ടണ്‍, 993.74 കോടി), ജെഎന്‍പി(37,011 ടണ്‍, 971.99 കോടി), പിപാവാവ്(49,334 ടണ്‍, 831.83 കോടി) തൂത്തുക്കുടി(10986 ടണ്‍ 582.50 കോടി) ചെന്നൈ (11,300 ടണ്‍, 516.09കോടി) എന്നിങ്ങനെയാണ് മറ്റു തുറമുഖങ്ങളില്‍നിന്നുള്ള കയറ്റുമതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Business.