Follow KVARTHA on Google news Follow Us!
ad

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും പകര്‍ന്ന് എറണാകുളം ജില്ല കളക്ടറും പോലീസ് മേധാവിയും

ശക്തമായ ഭരണസംവിധാനമാണ് ഇവിടെയുള്ളത്. പ്രശ്‌നപരിഹാരത്തിന് ജില്ല കളക്ടറെയോ പോലീസിനെയോ News, Kochi, Kerala, District Collector, Complaint, Inauguration, Police, Students,
കൊച്ചി: (www.kvartha.com 16/10/2017) ശക്തമായ ഭരണസംവിധാനമാണ് ഇവിടെയുള്ളത്. പ്രശ്‌നപരിഹാരത്തിന് ജില്ല കളക്ടറെയോ പോലീസിനെയോ എപ്പോള്‍ വേണമെങ്കിലും ഒരു മടിയും കൂടാതെ നിങ്ങള്‍ക്ക് സമീപിക്കാം. പോലീസ് നിങ്ങളുടെ പരാതി കൃത്യമായി അന്വേഷിച്ചില്ലെന്ന് തോന്നിയാല്‍ നിങ്ങള്‍ക്ക് എന്നെ സമീപിക്കാം.

ഈ സംസ്ഥാനത്തിന്റെ മുഴുവന്‍ പിന്തുണയും സംരക്ഷണവും നിങ്ങള്‍ക്കുണ്ട്. അടിസ്ഥാനമില്ലാത്ത വ്യാജ പ്രചാരണങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ല. നിങ്ങളെ സ്‌നേഹിക്കുന്ന സമൂഹമാണിത്. നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏതു സമയത്തും പൂര്‍ണ്ണസജ്ജമായ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. അതിനു തെളിവാണ് അവധി ദിനമായ ഞായറാഴ്ചയും ഇവിടെയെത്തിയിരിക്കുന്ന ജില്ല കളക്ടറും വിവിധ വകുപ്പ് ജീവനക്കാരും...സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ വാക്കുകള്‍ നീണ്ട കരഘോഷത്തോടെയാണ് പെരുമ്പാവൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിറഞ്ഞു കവിഞ്ഞ രണ്ടായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വീകരിച്ചത്.


ജോലിക്കായി കേരളത്തിലെത്തിയ ഇതരസംസ്ഥാനക്കാരില്‍ ആത്മവിശ്വാസവും ധൈര്യവും നിറയ്ക്കുന്നതായിരുന്നു തങ്ങളുടെ സ്വന്തം ഭാഷയിലുള്ള ആ വാക്കുകള്‍.

ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച പരിഹാരം 2017 ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഇതര സംസ്ഥാന തൊഴിലാളിെേകള്‍ക്കതിരേ നടക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ ആശങ്ക വേണ്ട. ഏതെങ്കിലും വിധത്തിലുള്ള അതിക്രമങ്ങള്‍ക്ക് വിധേയമായാല്‍ ഉടന്‍ പോലീസില്‍ പരാതി നല്‍കണമെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വളരെ ഉയര്‍ന്ന സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക നിലവാരമുള്ള സംസ്ഥാനമാണിത്. ഇവിടെ ഇഷ്ടമുള്ള ജോലി ചെയ്യുന്നതിനോ ഭാഷ സംസാരിക്കുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ തടസമില്ല. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനവുമാണ് ഇവിടെയുള്ളത്. തൊഴിലുടമയില്‍ നിന്നുള്ള ചൂഷണം, കൂലി നിഷേധിക്കുക തുടങ്ങിയ പരാതികളില്‍ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങളുണ്ടായാല്‍ പരിഭ്രാന്തരാകാതെ പ്രശ്‌നത്തിന്റെ സത്യാവസ്ഥ പോലീസില്‍ നിന്നോ ബന്ധപ്പെട്ട അധികാരികളില്‍ നിന്നോ അറിയണം. പോലീസില്‍ നിന്നു മോശം സമീപനമുണ്ടായല്‍ ഉന്നത അധികാരികളെ സമീപിക്കണമെന്നും ഡിജിപി പറഞ്ഞു.

കേരളം കുടിയേറ്റ സൗഹൃദ സംസ്ഥാനമാണെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. ഇതര സംസ്ഥാനക്കാര്‍ക്കായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ തയാറാക്കുന്നത്. സൗജന്യ വൈദ്യ സഹായം, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, റോഷ്‌നി പോലുള്ള വിദ്യാഭ്യാസ പദ്ധതികള്‍ തുടങ്ങിയവ ജില്ലാതലത്തില്‍ സജീവമായി നടത്തിവരുന്നു. വ്യാജ ആരോപണങ്ങള്‍ക്ക് അടിത്തറയില്ലെന്നും ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതര സംസ്ഥാനക്കാര്‍ക്കെതിരേ അക്രമങ്ങള്‍ വ്യാപകമാണെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്ന് നിരവധി പേര്‍ സംസ്ഥാന വിടുന്നതായി വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ജില്ല കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടി രണ്ടാം വട്ടവും ജില്ലയില്‍ സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് ആദ്യമായി എറണാകുളം ജില്ലയിലാണ് ഇതര സംസ്ഥാനക്കാര്‍ക്കായി ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ജൂലൈ 30നാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പരാതി പരിഹാര അദാലത്ത് പെരുമ്പാവൂരില്‍ സംഘടിപ്പിച്ചത്. അതില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്തിരുന്നു.

തൊഴില്‍ സംബന്ധമായ പരാതികള്‍, ആധാര്‍, പാന്‍ കാര്‍ഡ് എടുക്കുന്നതിനുള്ള സൗകര്യം, ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള സൗകര്യം, വൈദ്യ പരിശോധന എന്നിവയ്ക്കായി 32 ഓളം കൗണ്ടറുകളാണ് സജ്ജീകരിച്ചിരുന്നത്. രജിസ്‌ട്രേഷനു മാത്രമായി 14 കൗണ്ടറുകളാണ് സജ്ജീകരിച്ചിരുന്നത്. രാവിലെ മുതല്‍ തന്നെ സ്‌കൂള്‍ ഓഡിറ്റോറിയത്തിലേക്ക് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി എത്തിത്തുടങ്ങി.

അതത് വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചത്. ആധാര്‍ കാര്‍ഡ് എടുക്കുന്നതിനും പാന്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി അക്ഷയയുടെ മുപ്പതോളം കൗണ്ടറുകളാണ് സജ്ജീകരിച്ചിരുന്നത്. ബന്ധപ്പെട്ട രേഖകള്‍ സഹിതമെത്തുന്നവര്‍ക്കെല്ലാം കാര്‍ഡ് എടുക്കുന്നതിനുള്ള സൗകര്യം അദാലത്തില്‍ ലഭ്യമാക്കിയിരുന്നു. മെഡിക്കല്‍ കൗണ്ടറുകളില്‍ പ്രാഥമിക രോഗ നിര്‍ണ്ണയ പരിശോധനകളും തുടര്‍ ചികിത്സയ്ക്കുള്ള നിര്‍ദേശങ്ങളും ലഭ്യമാക്കി.

നാഷണല്‍ ഹെല്‍ത്ത് മിഷനും ഐഎംഎയും ജില്ലാ മെഡിക്കല്‍ ഓഫീസും സംയുക്തമായാണ് ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചത്. പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും സീറോ ബാലന്‍സ് അക്കൗണ്ട് ചേരുന്നതിനും അദാലത്തില്‍ കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. ഇസാഫ്, എസ്ബിഐ, യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, കാനറ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ ബാങ്കുകളില്‍ അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള സൗകര്യമാണ് ബാങ്ക് കൗണ്ടറില്‍ ഒരുക്കിയിരുന്നത്. അടല്‍ പെന്‍ഷന്‍ യോജന, പിഎംഎസ്ബിഐ തുടങ്ങിയ പെന്‍ഷന്‍ പദ്ധതികളില്‍ അംഗമാകുന്നതിനുള്ള സൗകര്യവും ഈ കൗണ്ടറില്‍ ഒരുക്കിയിരുന്നു.

രജിസ്‌ട്രേഷന് എത്തുന്നവരെ ബന്ധപ്പെട്ട കൗണ്ടറുകളിലെക്ക് എത്തിക്കുന്നതടക്കം കൗണ്ടറുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് രാജഗിരി കോളേജ്, ഭാരത് മാത കോളേജ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥികളുള്‍പ്പടെയുള്ള വൊളന്റിയര്‍മാരാണ് പ്രവര്‍ത്തിച്ചത്.

ഹിന്ദി, ബംഗാളി, ഒറിയ ഭാഷകള്‍ സംസാരിക്കുന്ന ഇതര സംസ്ഥാനക്കാരായ വിദ്യാര്‍ഥികളായിരുന്നു ഇവരില്‍ അധികവും. കൂടാതെ സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി അമേരിക്കയിലെ മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ആഷ്്‌ലിനും ഓസ്‌ട്രേലിയയില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തക കാഥറിനും വൊളന്റിയര്‍മാര്‍ക്കൊപ്പം ചേര്‍ന്നു. പെരുമ്പാവൂര്‍, കളമശേരി മേഖലകളിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഴിഞ്ഞ ആറു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന രാജഗിരി ഔട്ടറീച്ച് സുരക്ഷ മൈഗ്രന്റ് പ്രൊജക്ടിന്റെ നേതതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ആരോഗ്യ പരിരക്ഷ, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.

ജനസമ്പര്‍ക്ക പരിപാടിയുടെ വിവരങ്ങള്‍ ഇതരസംസ്ഥാന തൊഴിലാളികളില്‍ എത്തിക്കാന്‍ പ്രത്യേക നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിരുന്നു. സന്നദ്ധ സംഘടനകള്‍ വഴിയും റവന്യൂ ലേബര്‍ വകുപ്പുകള്‍ വഴിയും വിവിധ ഭാഷകളിലുള്ള അനൗണ്‍സ്‌മെന്റുകള്‍, നോട്ടീസുകളുടെ വിതരണം തുടങ്ങിയവ വഴിയും തൊഴിലാളികളെ വിവരം അറിയിച്ചിരുന്നു. തൊഴിലാളികളെ സഹായിക്കാനും പരിഭാഷയ്ക്കുമായി സന്നദ്ധപ്രവര്‍ത്തകരും സജീവമായിരുന്നു.

അസിസ്റ്റന്റ് കളക്ടര്‍ ഈശ പ്രിയ, ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ്, എഡിഎം എം.കെ. കബീര്‍, റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാല്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ജില്ല ലേബര്‍ ഓഫീസര്‍ മുഹമ്മദ് സിയാദ്, രാജഗിരി ഔട്ടറീച്ച് സുരക്ഷ മൈഗ്രന്റ് പ്രൊജക്ട് മാനേജര്‍ അഡ്വ. സപ്ന രാജ്, ഫീല്‍ഡ് ഓഫീസര്‍ ജാന്‍സി, മുവാറ്റുപുഴ ആര്‍ഡിഒ ഷാജഹാന്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, District Collector, Complaint, Inauguration, Police, Students, Ernakulam district collector and police chief gave confidence and courage to other state workers