Follow KVARTHA on Google news Follow Us!
ad
Posts

കോളറ വീണ്ടും...

പല രോഗങ്ങളും കേരളത്തില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടു എന്ന് നാം പലപ്പോഴും അഭിമാനത്തോടെ പറയാറുണ്ട്. അവയിലൊന്നാണ് കോളറ. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, മാസങ്ങള്‍ക്ക് മുമ്പ് Article, Report, Death, Cholera , Disease, Ayurveda, Patient, Bacteria, Neatness, Water, Bleaching powder, Feaver, Cholera again
ഡോ. അബ്ദുല്‍ സത്താര്‍ എ എ

(www.kvartha.com 15/10/2017) പല രോഗങ്ങളും കേരളത്തില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടു എന്ന് നാം പലപ്പോഴും അഭിമാനത്തോടെ പറയാറുണ്ട്. അവയിലൊന്നാണ് കോളറ. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്തെ രണ്ടു ജില്ലകളില്‍ നിന്നും കോളറ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഒരു മരണവും. ആരോഗ്യവകുപ്പിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും സംയോജിതമായ ജാഗ്രതമുന്നറിയിപ്പും ഇടെപടലും വഴി വളരെ പെട്ടെന്ന് തന്നെ രോഗ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. ഓരോ വര്‍ഷവും ലോകത്താകമാനം ഏകദേശം മൂന്ന് മുതല്‍ അഞ്ച് മില്യണ്‍ വരെ ആള്‍ക്കാരെ ഈ രോഗം ബാധിക്കുന്നുണ്ട്. അറുപതിനായിരം തൊട്ട് ഒന്നരലക്ഷം വരെ മരണവും. വികസ്വര രാജ്യങ്ങളിലാണ് ഭൂരിഭാഗവും.

പുരാതന കാലത്ത് തന്നെ കോളറ അറിയപ്പെടുന്നുണ്ട്. ആയുര്‍വ്വേദത്തില്‍ 'വിഷൂചിക' എന്നു പറയും. ഏഴാം നൂറ്റാണ്ടിലെ സുശ്രുത സംഹിതയിലും കോളറയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. കോളറ ലോകവ്യാപകമാണെങ്കിലും ഏറ്റവും കുടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഇന്ത്യയില്‍ നിന്നാണ്. പശ്ചിമ ബംഗാളിനെ 'ഹോം ഓഫ് കോളറ' എന്നുപോലും വിളിക്കപ്പെടുന്നു.

1817 മുതല്‍ 1923 വരെയുള്ള കാലയളവില്‍ ലോകവ്യാപകമായി തന്നെ ആറുതവണ കോളറ പടര്‍ന്നു പിടിച്ചിരുന്നു. അവയില്‍ അഞ്ചുപ്രാവശ്യവും ഇന്ത്യയില്‍ നിന്നും തുടങ്ങിയതായിരുന്നു. 1923-1960 കാലയളവില്‍ 'ഏഷ്യാറ്റിക് കോളറ' ഏഷ്യന്‍ രാജ്യങ്ങളില്‍ മാത്രം ഒതുങ്ങി നിന്നു , 1961ല്‍ ഏഴാമത്തെ പ്രാവശ്യം ഇന്‍ഡോനേഷ്യയില്‍ നിന്നും ലോക വ്യപകമായി രോഗം പടര്‍ന്നു പിടിച്ചു. ഇതിന്റെ തുടര്‍ച്ചയെന്നോണം കോളറ സംഹാര താണ്ഡവം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

'വി ബ്രിയോകോളറ' എന്ന ബാക്ടീരിയയാണ് രോഗഹേതു. 1883ല്‍ റോബര്‍ട്ട് കോക്ക് എന്ന ശാസ്ത്രജ്ഞന്‍ ഈജിപ്തില്‍ നിന്നുമുള്ള ഒരു രോഗിയില്‍ നിന്നും വേര്‍തിരിച്ചെടുത്ത രണ്ടു തരത്തിലുള്ള ബാക്ടീരിയകളുണ്ട്. ആദ്യത്തെ ആറു തവണയും രോഗം പരത്തിയത് വി ബ്രിയൊ കോളറ- ക്ലാസിക്കല്‍ എന്ന വിഭാഗത്തില്‍പെടുന്നവയാണ്.

പിന്നീട് 1906ല്‍, സിനായ് ഉപദ്വീപിലെ ടോര്‍ ക്വാറന്റയിന്‍ സ്റ്റേഷനില്‍(രോഗ ബാധിതരായവരെ വേര്‍തിരിച്ചു കിടത്തുന്ന സ്ഥലം) വെച്ച്, ആറ് ഹജ്ജ് തീര്‍ത്ഥാടകര്‍ വയറിളക്കം മൂലം മരണമടയുകയുണ്ടായി. തുടര്‍ന്നുള്ള പരിശോധനയില്‍ രോഗകാരണം വിബ്രിയോ കോളറ എന്ന ബാക്ടീരിയയാണെന്ന് കണ്ടെത്തി. 1961നു ശേഷം പിടിപ്പെടുന്ന എല്ലാ കോളറയും എല്‍ടോര്‍ വിബ്രിയോ മൂലമാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്.

അതിനിടയില്‍ 2010ല്‍ കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ആയിരങ്ങളുടെ ജീവനെടുത്ത കോളറ, ജനിതക മാറ്റം സംഭവിച്ച കോളറ രോഗാണുവാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഈയിടെ കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതും 'ഹെയ്തിയന്‍ വേരിയന്റ്' ആണ്.

കോളറ പെട്ടെന്നുള്ള ഒരു വയറിളക്ക രോഗമാണ്. ചിലപ്പോള്‍ ചെറിയ ഒരു അസ്വസ്ഥത മാത്രമായി ചുരുങ്ങും. രോഗ തീവ്രത ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്ന ജലാംശത്തിന് ആനുപാതികമായിരിക്കും. കോളറയുടെ ലക്ഷണം പെട്ടെന്നുള്ള അനിയന്ത്രിതമായ വയറിളക്കമാണ്. ഒരു ദിവസം തന്നെ നാല്‍പതുപ്രാവശ്യം വരെ ആവാം. വയറു വേദനയില്ലാതെ തന്നെ വെള്ളം പോലെയൊ,കഞ്ഞിവെള്ളം പോലെയോയുള്ള ദ്രാവകമാണ് പോവുക. തുടര്‍ന്ന് ഛര്‍ദ്ദിയും ഉണ്ടാകാം. ശരീരത്തില്‍ നിന്നും വെള്ളവും മറ്റു ലവണങ്ങളും നഷ്ടപ്പെട്ടു നിര്‍ജ്ജലീകരണമുണ്ടാവുന്നു. എത്രയും പെട്ടെന്ന് ജലാംശം പകരം നല്‍കിയില്ലെങ്കില്‍ മരണം തന്നെയാണ് വിധി. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് മൂലം രോഗി തളര്‍ന്നുപോവുന്നു. കണ്ണുകള്‍ കുഴിഞ്ഞ്, വയറൊട്ടി, തൊലിചുളുങ്ങി, നാഡിമിടിപ്പ് തളര്‍ന്ന്, രക്തസമ്മര്‍ദ്ദം കുറഞ്ഞ്, പേശികള്‍ വലിഞ്ഞുമുറുകി, മൂത്രം പോകാതെയായി, ശ്വാസോഛ്വാസം നിന്ന് രോഗി മരിക്കുന്നു. ഇത്തരത്തിലുള്ള കോളറയുടെ തനതുരൂപം അഞ്ചുമുതല്‍ പത്തുശതമാനം രോഗികളിലെ കാണാറുള്ളു. അധികവും ശക്തമല്ലാത്ത രീതിയിലാണ് കാണപ്പെടുക.

കോളറ പ്രാദേശികമായും, ദേശീയമായും അന്തര്‍ദേശീയമായും മുന്നറിയിപ്പ് നല്‍കേണ്ട രോഗമാണ് (notifiable disease). ചികിത്സ പ്രധാനമായും ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്ന ജലാംശത്തിന്റെ കുറവ് നികത്തുക എന്നതാണ്. രോഗ തീവ്രത കുറവാണെങ്കില്‍ വായില്‍ കൂടി കൊടുക്കാവുന്ന പുനര്‍ ജലീകരണ ലായനി(ORS- Oral Rehydration Solution) നല്‍കാം. തൊണ്ണൂറ് ശതമാനം കേസുകളിലും ഇത് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കൂടെ അനിയന്ത്രിതമായ ഛര്‍ദ്ദിയുമുണ്ടെങ്കില്‍ ഞരമ്പുകളില്‍ കുത്തിവെച്ച് നഷ്ടപ്പെടുന്ന ജലാംശം നിലനിര്‍ത്തേണ്ടതാണ്. പുനര്‍ജലീകരണം (Rehydration) കൊണ്ടുതന്നെ കോളറ മരണം ഏകദേശം ഒരുശതമാനത്തില്‍ താഴെയായി ചുരുക്കാന്‍ കഴിയും. ഛര്‍ദ്ദി നിന്നാല്‍ ടെട്രാസൈക്കിളിന്‍ ഗ്രൂപ്പില്‍പെട്ട ആന്റിബയോട്ടിക്കുകള്‍ നല്‍കാവുന്നതാണ്.

കോളറ ദാരിദ്ര്യത്തിന്റെയും ശുദ്ധിയില്ലായ്മയുടെയും പ്രതീകമാണ്. മനുഷ്യനെ മാത്രമാണ് കോളറ ബാക്ടീരിയ ആക്രമിക്കുന്നത്. അതുകൊണ്ട് മനുഷ്യര്‍തന്നെയാണ് രോഗം പരത്തുന്നതും ശുദ്ധമല്ലാത്ത വെള്ളവും ഭക്ഷണ പദാര്‍ത്ഥങ്ങളും കോളറയുടെ വാഹകരാവുന്നു.കുട്ടികളെയാണ് രോഗം എളുപ്പത്തില്‍ പിടികൂടുന്നത്. ചൂടിനെ അതിജീവിക്കുവാന്‍ കോളറ അണുക്കള്‍ക്ക് സാധ്യമല്ല. അതുകൊണ്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക വഴി രോഗം തടയാം. രോഗിയുടെ വിസര്‍ജ്ജ്യങ്ങളിലൂടെയും രോഗം പകരാം. സാനിറ്ററികക്കൂസുകളുടെ ഉപയോഗം വ്യാപകമാക്കുകയും വിസര്‍ജ്ജ്യവസ്തുക്കള്‍ നശിപ്പിക്കുവാനുള്ള സംവിധാനം ഒരുക്കുകയും ചെയ്താല്‍ കോളറയെ അകറ്റിനിര്‍ത്താം. കഴുകാതെയുള്ള പഴങ്ങളും മറ്റും ഭക്ഷിക്കുക, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്നും കിട്ടുന്ന ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കുക, അല്ലെങ്കില്‍ ശുദ്ധമല്ലാത്ത വെള്ളംകൊണ്ടു കഴുകിയ പഴങ്ങളും മറ്റും ഭക്ഷിക്കുക, മുതലായവ രോഗ സംക്രമണത്തിനു കാരണമാകുന്നു. രോഗിയുമായുള്ള സമ്പര്‍ക്കം വഴിയും രോഗം പകരാം. അതുകൊണ്ട് രോഗിയുടെ വസ്ത്രങ്ങളും പാത്രങ്ങളും ബ്ലീച്ചിംഗ് പൗഢര്‍ ഉപയോഗിച്ച് അതിലെ രോഗാണുക്കളെ നിര്‍വീര്യമാക്കണം. വിസര്‍ജ്ജ്യങ്ങളും ചര്‍ദ്ദിച്ചവയും നിര്‍വീര്യമാക്കേണ്ടതാണ്. അധികം ഫലപ്രദമല്ലെങ്കിലും കോളറയ്ക് പ്രതിരോധകുത്തിവെപ്പും നിലവിലുണ്ട്.

1854ല്‍ റോബര്‍ട്ട് കോക്ക് ബാക്ടിരിയയെ കണ്ടുപിടിക്കുന്നതിന് മുമ്പ് ലണ്ടനിലെ ഗോള്‍ഡന്‍ സ്‌ക്വയര്‍ ഡിസ്ട്രിക്ടിലെ ബ്രോഡ് സ്ട്രീറ്റില്‍ അനവധി പേര്‍ക്ക് ശക്തമായ വയറിളക്കരോഗം പിടിപ്പെട്ടു. പലരും മരണമടഞ്ഞു. ഇതിന്റെ കാരണമന്വേഷിച്ചു നടന്ന ഡോക്ടര്‍ ജോണ്‍ സ്നോ രോഗം വെള്ളത്തില്‍ കൂടി പകര്‍ന്നതാണെന്നും, ബ്രോഡ് സ്ടീറ്റ് പമ്പില്‍ നിന്നും വെള്ളമെടുത്തവര്‍ക്ക് മാത്രമെ രോഗം പിടിപ്പെട്ടിട്ടുള്ളുവെന്നും കണ്ടെത്തി. പമ്പിന്റെ പിടിമാറ്റിയതോടെ രോഗം നിയന്ത്രണ വിധേയമായി. പ്രസ്തുത പമ്പിന്റെ പിടിയില്‍ രോഗാണുക്കളുണ്ടായിരുന്നു. ഏതോ ഒരു രോഗിയുടെ കയ്യിലൂടെ പകര്‍ന്നതാവാം. ശുചിത്വം രോഗനിയന്ത്രണത്തിന് പരമപ്രധാനമാണ്. തക്കസമയത്തുള്ള രോഗനിര്‍ണയവും വ്യക്തിശുചിത്വവും പരിസരശുചിത്വവും നാം പാലിച്ചില്ലെങ്കില്‍ കോളറ പടരാം, കാട്ടു തീ പോലെ.


Keywords: Article, Report, Death,Colara, Disease, Ayurveda, Patient, Bacteria, Neatness, Water, Bleaching powder, Feaver, Cholera again