Follow KVARTHA on Google news Follow Us!
ad

ഫേസ്ബുക്കില്‍ പ്രചരിച്ച ഒരു വ്യാജ സ്‌ക്രീന്‍ ഷോട്ട്; അതോടെ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് ഷാഹു അമ്പലത്ത് പിടിയിലായി; ഒടുവില്‍ നിരപരാധിയാണെന്ന് പറഞ്ഞ് പോലീസ് വിട്ടയച്ചതോടെ യഥാര്‍ത്ഥ പ്രതിയെ തേടി ഷാഹു നിയമപോരാട്ടം തുടങ്ങി

ഷാഹു അമ്പലത്ത് എന്ന നേമം സ്വദേശി നമുക്ക് സുപരിചിതമാണ്. സോഷ്യല്‍ മീഡിയയിലൂടേയും Article, Facebook, Police, Innocent, Complaint, RSS, Arrest, Case, Custody, Threat.

സ് മിത ഖാദര്‍

കൊച്ചി: (www.kvartha.com 23.09.2017) ഷാഹു അമ്പലത്ത് എന്ന നേമം സ്വദേശി നമുക്ക് സുപരിചിതമാണ്. സോഷ്യല്‍ മീഡിയയിലൂടേയും മാധ്യമങ്ങളിലൂടേയും അദ്ദേഹത്തെ അറിയാത്തവര്‍ ചുരുക്കം. ഫേസ്ബുക്കില്‍ പ്രചരിച്ച ഒരു വ്യാജ സ്‌ക്രീന്‍ ഷോട്ടിന്റെ പേരില്‍ ഒരു രാത്രികൊണ്ട് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് ജനങ്ങള്‍ക്ക് മുന്‍പില്‍ കുറ്റവാളിയെ പോലെ നില്‍ക്കേണ്ടിവന്നയാളാണ് ഷാഹു. കൃത്യമായ അന്വേഷണത്തിനൊടുവില്‍ ഷാഹു നിരപരാധിയാണെന്ന് പോലീസിന് ബോധ്യപ്പെട്ടു. എന്നാല്‍ ഷാഹു ഇപ്പോഴും അസംതൃപ്തനാണ്. തന്നെ വെറുതെ വിട്ടുവെങ്കിലും യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തണമെന്ന ആഗ്രഹത്തോടെ മുന്നോട്ടുപോവുകയാണദ്ദേഹം. അതിനായി ഡിജിപി, ഐജി, മുഖ്യമന്ത്രി, ആഭ്യന്തര സെക്രട്ടറി, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് പരാതി സമര്‍പ്പിക്കുകയും ചെയ്തിരിക്കുകയാണ്. മാസങ്ങള്‍ നീണ്ട മാനസീക പീഡനവും നിയമപോരാട്ടവും ഈ ചെറുപ്പക്കാരനെ തളര്‍ത്തുന്നില്ല. യഥാര്‍ത്ഥ പ്രതിയെ പിടികൂടാനായാല്‍ തന്റെ അവസ്ഥ നാളെ മറ്റൊരാള്‍ക്കും ഉണ്ടാകില്ലെന്ന് ആശ്വസിക്കാനെങ്കിലും അദ്ദേഹത്തിനാകും.

Article, Facebook, Police, Innocent, Complaint, RSS, Arrest, Case, Custody, Threat, Interview Of Shaahu.

സംഭവത്തെ കുറിച്ച ഷാഹു പറയുന്നു:

1. എന്നായിരുന്നു കേസിനാസ്പദമായ ആ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളില്‍ പ്രചരിച്ചത്?
2016 സെപ്റ്റംബര്‍ 30 വെള്ളിയാഴ്ച

2. വിവാദമായ ഈ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്നോ ഏത് ഐഡിയില്‍ നിന്നാണെന്നോ എന്തെങ്കിലും വിവരമുണ്ടോ?

കപീഷ് വാനരന്‍ എന്ന ഐഡിയില്‍ നിന്നുമാണ് ആദ്യം ഈ സ്‌ക്രീന്‍ ഷോട്ട് അപ് ലോഡായതെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ട്രൂ തിങ്കേഴ്‌സ് എന്ന ഗ്രൂപ്പിലായിരുന്നു ഇത് ആദ്യം പ്രത്യക്ഷപ്പെട്ടത്. കേസന്വേഷണം നടക്കുമ്പോള്‍ ഈ ഐഡി ഡീ ആക്ടിവേറ്റ് ആയിരുന്നു. എന്നാല്‍ പിന്നീട് ഇതേ പേരില്‍ നിരവധി ഐഡികള്‍ രംഗത്തുവന്നിട്ടുണ്ട്. പ്രധാനമായും ആര്‍ എസ് എസ് ഗ്രൂപ്പുകളിലായിരുന്നു ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചത്. ഇത് ആര്‍ എസ് എസുകാര്‍ ചെയ്തതാണെന്ന് ഉറപ്പിച്ച് പറയാന്‍ എന്റെ കൈയില്‍ തെളിവുമില്ല.

3. സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ച അന്നേ ദിവസം തന്നെ അറസ്റ്റുണ്ടായോ?

അതെ. അന്നേ ദിവസം രാത്രിയോടെ അറസ്റ്റുണ്ടായി. പാക്കിസ്ഥാനെതിരെ സര്‍ജിക്കല്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ സൈനീകര്‍ക്ക് എതിരായിരുന്നു വ്യാജ സ്‌ക്രീന്‍ ഷോട്ട്. സെപ്റ്റംബര്‍ 30ന് വൈകിട്ട് നാല് മണിയോടെ ഫേസ്ബുക്ക് തുറന്ന് നോക്കിയപ്പോഴാണ് എന്റെ പേരില്‍ നടക്കുന്ന വ്യാജ പ്രചാരണത്തെ കുറിച്ച് അറിയുന്നത്. എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായനായ അവസ്ഥയിലായിരുന്നു ഞാന്‍. ഇതിനിടെ ചില സുഹൃത്തുക്കള്‍ ബന്ധപ്പെട്ടു. അവരുടെ സഹായത്തോടെ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാജമാണെന്ന് കണ്ടെത്താനായി. ഇതേകുറിച്ച് ഞാന്‍ വീടിനടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പിറ്റേന്ന് സൈബര്‍ സെല്ലില്‍ പരാതി നല്‍കാമെന്ന് കരുതിയിരിക്കുമ്പോഴായിരുന്നു പോലീസ് വീട്ടിലെത്തിയത്.

4. താങ്കള്‍ക്കെതിരെ ആരാണ് പരാതി നല്‍കിയത്?

പ്രദീപ് കുമാര്‍ എന്നയാളുടെ പരാതിയിലാണ് എന്നെ കസ്റ്റഡിയിലെടുക്കുന്നത്. ഇതേ സ്‌ക്രീന്‍ ഷോട്ട് ചൂണ്ടിക്കാണിച്ച് വേറേയും പരാതികള്‍ പോലീസിന് ലഭിച്ചിരുന്നു

5. അറസ്റ്റുണ്ടായ സമയത്തെ കാര്യങ്ങള്‍ ഒന്ന് വിശദീകരിക്കാമോ?

2016 സെപ്റ്റംബര്‍ 30ന് രാത്രി 12.30നാണ് പോലീസ് വീട്ടില്‍ വന്നത്. ഞാന്‍ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്ത ഒരു ഫോട്ടോയില്‍ ഉള്ള കാറിന്റെ നമ്പര്‍ പിന്തുടര്‍ന്നായിരുന്നു അവരെന്നിലേയ്‌ക്കെത്തിയത്. ആ ഫോട്ടോയില്‍ ഞങ്ങള്‍ നാല് സുഹൃത്തുക്കളുണ്ടായിരുന്നു. അതിലൊരാളായ മുജീബിന്റെ ഭാര്യാ വീട്ടിലെത്തിയ പോലീസ് അവിടുന്ന് അവരുടെ ബന്ധുക്കളേയും കൂട്ടിയാണ് എന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വളരെ മോശമായിരുന്നു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം. എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞാനാവത് ശ്രമിച്ചുവെങ്കിലും അവര്‍ അത് ചെവിക്കൊള്ളാന്‍ തയ്യാറായിരുന്നില്ല.

സ്‌റ്റേഷനില്‍ എന്നെ പാക് ഭീകരനെന്ന് മുദ്രകുത്തി മാനസീകമായി പീഡിപ്പിച്ചു. പിറ്റേന്ന് രാവിലെ 11 മണിയോടെ സിഐയുടെ ഓഫീസിലേയ്ക്ക് കൊണ്ടുപോയി. അവിടുത്തെ അവസ്ഥയും സ്‌റ്റേഷനിലെ അവസ്ഥയേക്കാള്‍ ഒട്ടും മോശമല്ലായിരുന്നു. എനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും തയ്യാറായില്ല. എന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം എനിക്ക് നിഷേധിക്കപ്പെട്ടു. എന്നാല്‍ വൈകിട്ട് 6.30ഓടെ എന്നെ കമ്മീഷണര്‍ ഓഫീസിലേയ്ക്ക് കൊണ്ടുപോയി. പോലീസ് സ്‌റ്റേഷനിലും സിഐയുടെ ഓഫീസിലുമുണ്ടായ അനുഭവമായിരുന്നില്ല എനിക്കവിടെയുണ്ടായത്. എനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ സര്‍ തയ്യാറായി. ഞാന്‍ പറയുന്നതിനിടയില്‍ ഒരു വാക്ക് പോലും ഇടയ്ക്ക് ചോദിക്കാതെ അദ്ദേഹം മുഴുവനും കേട്ടു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തിലാണ് അന്ന് എനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നത്. കസ്റ്റഡിയിലെടുത്തുവെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.

6. എത്ര ദിവസം പോലീസിന്റെ കസ്റ്റഡിയില്‍ കഴിയേണ്ടി വന്നു?

ഒരു ദിവസം. കസ്റ്റഡിയിലെടുത്ത് പിറ്റേന്ന് രാത്രിയോടെ എന്നെ വിട്ടയച്ചു. രാത്രി പതിനൊന്നരയോടെ ഞാന്‍ വീട്ടിലെത്തി.

7. നിങ്ങളുടെ നിരപരാധിത്വം വ്യക്തമാക്കാന്‍ നിങ്ങളുയര്‍ത്തിയ വാദം എന്തായിരുന്നു?

പാകിസ്ഥാനിലെ സര്‍ജിക്കല്‍ സ്‌ട്രൈക് നടന്നതുമായി ബന്ധപെട്ടു പാകിസ്ഥാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതിലുള്ള നടുക്കം രേഖപ്പെടുത്തുന്ന ഒരു പോസ്റ്റ് ആയിരുന്നു എന്റെ പേരില്‍ പ്രചരിക്കപ്പെട്ടത്. എന്നാല്‍ ഈ പോസ്റ്റ് പറയുന്നത് പോലെ ആ സംഭവത്തില്‍ പാകിസ്ഥാന്റെ ദുഃഖത്തില്‍ ഞാന്‍ പങ്കു ചേരണമെങ്കില്‍ ഒന്നുകില്‍ ആ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പങ്കെടുക്കുകയോ അതുമല്ലെങ്കില്‍ പട്ടാള മേധാവി എന്നോട് ഈ വിഷയത്തെ കുറിച്ച് ആശയവിനിമയം നടത്തുകയോ ചെയ്തിട്ടുണ്ടാവണം. കാരണം സെപ്റ്റംബര്‍ 29 ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് പാക് അതിര്‍ത്തിയില്‍ നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ച് ഔദ്യോഗീക പ്രഖ്യാപനമുണ്ടാകുന്നത്. എന്നാല്‍ പ്രചരിച്ച വ്യാജ സ്‌ക്രീന്‍ ഷോട്ടിലെ സമയം രാവിലെ 10.17 ആയിരുന്നു. ആ പോസ്റ്റ് നോക്കിയാല്‍ നിങ്ങള്‍ക്കത് മനസ്സിലാകും.

8. ഏതൊക്കെ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തത്

124A, 153A, 153B, 66F

9. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ പീഡനങ്ങളെ കുറിച്ച്

പോലീസിന്റെ ഭാഗത്തുനിന്നു വളരെ മോശമായ പെരുമാറ്റമായിരുന്നു. അന്ന് രാത്രി സ്‌റ്റേഷനില്‍ ഇരിക്കുമ്പോള്‍ ഷാജി എന്നൊരു പോലീസുകാരന്‍ ഞാന്‍ തീവ്രവാദിയാണെന്നും ലൗ ജിഹാദിലൂടെ പെണ്‍കുട്ടികളെ വശീകരിച്ച് സിറിയയിലേയ്ക്ക് കടത്തി അവിടുന്ന് പരിശീലനം ലഭിച്ച് ഇന്ത്യയില്‍ വന്ന് ഇവിടെ പ്രശ്‌നങ്ങളുണ്ടാക്കുകയാണ് എന്റെ ലക്ഷ്യമെന്നും പറഞ്ഞു. മറ്റൊന്ന് അന്ന് ചോദ്യം ചെയ്യലിനിടയില്‍ ഞാന്‍ രാജ്യദ്രോഹിയല്ലെന്ന് പറഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ ചോദിച്ചു. നിനക്കെത്ര മക്കളുണ്ടെന്ന്. ഞാന്‍ മൂന്ന് എന്ന് പറഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചത് മൂന്ന് മക്കളെയുണ്ടാക്കുന്നത് രാജ്യദ്രോഹമാണെന്ന് അറിഞ്ഞുകൂടേടാ എന്നായിരുന്നു. എത്രത്തോളം എന്നെ മാനസീകമായി പീഡിപ്പിക്കാന്‍ പറ്റുമോ അത്രത്തോളം അവരെന്നെ മാനസീകമായി പീഡിപ്പിച്ചു.

10. വെറുതെവിട്ട ശേഷം ഏതെങ്കിലും തരത്തിലുള്ള ഭീഷണികള്‍ ലഭിച്ചിരുന്നോ?

വെറുതെ വിട്ടിട്ടും നിരപരാധിയാണെന്ന് ബോധ്യമായിട്ടും എന്നെ വീട് കയറി ആക്രമിക്കുമെന്നും വെട്ടിക്കൊല്ലുമെന്നുമൊക്കെ പറഞ്ഞ് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. വലതുപക്ഷ തീവ്രവാദ സംഘടനകള്‍ക്കെതിരെ ശക്തമായി നിലകൊണ്ടതിനാലാകാം ഇപ്പോഴും അവര്‍ എന്നെ വെറുതെ വിടാന്‍ കൂട്ടാക്കാത്തത്.

11. യഥാര്‍ത്ഥ പ്രതിയെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടോ? അന്വേഷണത്തില്‍ വിശ്വാസമുണ്ടോ?

തീര്‍ച്ചയായും പ്രതീക്ഷയുണ്ട്. യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ കഴിയും എന്ന് തന്നെയാണെന്റെ പ്രതീക്ഷ. ഇന്ന് എനിക്ക് സംഭവിച്ചത് നാളെ നിങ്ങള്‍ക്ക് സംഭവിക്കാം. അതിനിട വരാതിരിക്കട്ടെ.

12. പോലീസ് ഫോഴ്‌സില്‍ ആര്‍ എസ് എസ് സാന്നിദ്ധ്യമുണ്ട് എന്നൊരു ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇതേകുറിച്ച് എന്താണ് പറയാനുള്ളത്?

ഈ ആരോപണത്തില്‍ എത്രത്തോളം സത്യമുണ്ടെന്ന് എനിക്കറിയില്ല. എനിക്ക് നേരിടേണ്ടിവന്ന കാര്യങ്ങള്‍ അത്തരത്തിലുള്ളതാണ്. അന്ന് സ്‌റ്റേഷനിലായിരിക്കുമ്പോള്‍ ഞാന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ആരുമെന്റെ വാക്കുകള്‍ ശ്രദ്ധിച്ചില്ല. എന്നെ കേള്‍ക്കാന്‍ ആരും തയ്യാറായില്ല. തെറ്റുകാരനല്ല എന്ന് എന്നോടല്ല, കോടതിയിലാണ് തെളിയിക്കേണ്ടത് എന്നായിരുന്നു സ്‌റ്റേഷന്റെ ചുമതല വഹിച്ചിരുന്ന എസ് ഐ രതീഷ് പറഞ്ഞത്. അബ്ദുള്‍ നാസര്‍ മ അ്ദനിയുടെ അവസ്ഥയാണ് നിനക്കും എന്നും അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Facebook, Police, Innocent, Complaint, RSS, Arrest, Case, Custody, Threat,  News, Kerala, Kochi,   Interview Of Shaahu.