Follow KVARTHA on Google news Follow Us!
ad

കട കുത്തിപ്പൊളിച്ച് മോഷണം നടത്താനുള്ള ശ്രമത്തിനിടെ പിടിയിലായ യുവാവിനെ പോലീസ്‌ വിട്ടയച്ചതായി ആക്ഷേപം

ഇലക്ട്രോണിക്സ് കട കുത്തിപ്പൊളിച്ച് മോഷണം നടത്താനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടി കൈമാറിയNews, Kerala, Shop, Shop Owner, Theft, Police, Complaint, Investigation, Accuse, Janamaitry, Police station
കോഴഞ്ചേരി: (www.kvartha.com 23/09/2017) ഇലക്ട്രോണിക്സ് കട കുത്തിപ്പൊളിച്ച് മോഷണം നടത്താനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടി കൈമാറിയ പതിനേഴുകാരനെ ആറന്മുള ജനമൈത്രി പോലീസ്‌ വിട്ടയച്ചു. മോഷ്ടാവിനെതിരേ പരാതിയുമായി എത്തിയ കട ഉടമയോട് പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് പോലീസിന്റെ തൊടുന്യായം.

പഞ്ചായത്ത് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന കാര്‍ത്തിക ഇലക്ട്രോണിക്സില്‍ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായാണ് മോഷണശ്രമം നടന്നത്. കമ്പിപ്പാര ഉപയോഗിച്ച് കടയുടെ ഷട്ടറിന്റെ രണ്ട് അറ്റത്തെയും പൂട്ടുകള്‍ തല്ലിത്തകര്‍ത്തു. എന്നാല്‍, സെന്‍ട്രല്‍ ലോക്ക് ഉണ്ടായിരുന്നത് മോഷ്ടാവിനെ വലച്ചു. ഇതു തുറക്കാന്‍ കഠിന പ്രയത്നം നടത്തുന്നതിനിടെയാണ് നാട്ടുകാര്‍ മോഷ്ടാവിനെ പിടികൂടിയത്. ഉടന്‍ തന്നെ ആറന്മുള പോലീസിനെ വിളിച്ചു വരുത്തി.


സ്ഥലത്ത് വന്ന പോലീസ് കടയുടമ തിരുവല്ല കറ്റോട് സ്വദേശി രാധാകൃഷ്ണനെ വിളിച്ച് സ്ഥലത്ത് എത്താന്‍ ആവശ്യപ്പെട്ടു. പുലര്‍ച്ചെ പന്ത്രണ്ടരയോടെ കടയിലെത്തിയ ഉടമയോട് പതിനേഴുകാരനാണ് മോഷണശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ തങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ടാകുമെന്നും രാവിലെ ആറന്മുള സ്റ്റേഷനില്‍ എത്തി പരാതി എഴുതി നല്‍കാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് രാവിലെ കടയുടമ സ്റ്റേഷനില്‍ എത്തുമ്പോള്‍ പ്രതി കസ്റ്റഡിയിലുണ്ടായിരുന്നില്ല. രാത്രി തന്നെ പ്രതിയെ പറഞ്ഞു വിട്ടുവെന്നാണ് പൊലീസുകാര്‍ കടയുടമയെ അറിയിച്ചത്.

പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും മാനസികാസ്വസ്ഥ്യമുണ്ടെന്നും അതിനാലാണ് വിട്ടയച്ചതെന്നും പറഞ്ഞു. തുടര്‍ന്ന് കടയുടമ രേഖാമൂലം പരാതി നല്‍കി. ഇത് വാങ്ങി വച്ചതല്ലാതെ കൈപ്പറ്റ് രസീത് നല്‍കാന്‍ പോലീസ് തയാറായില്ല. പ്രതിയെ വിളിച്ചു വരുത്തി വേണമെങ്കില്‍ കടയുടമയുമായി ചര്‍ച്ച നടത്താമെന്ന നിര്‍ദേശം മുന്നോട്ടു വയ്ക്കാനും ജനമൈത്രി പോലീസ് മറന്നില്ല. കുറ്റകൃത്യം ചെയ്യുന്നയാള്‍ക്ക് പ്രായപൂര്‍ത്തി ആയില്ലെങ്കിലും കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കണമെന്നാണ് നിയമം. ഈ നിയമമാണ് ഇവിടെ പോലീസ് ലംഘിച്ചത്.

അടുത്തിടെ പ്രമേഹരോഗിയായ യുവാവ് റോഡരുകിലിരുന്ന് മൂത്രശങ്ക തീര്‍ത്തതിന് ആറന്മുള പോലീസ് 500 രൂപ പെറ്റിക്കേസ് എടുക്കാന്‍ മുതിര്‍ന്നത് വിവാദമായിരുന്നു. ഇതിനിടെയാണ് നാട്ടുകാര്‍ പിടികൂടി കൈമാറിയ പ്രതിയെ കേസെടുക്കാതെ വിട്ടയച്ചത്. ആറന്മുള പോലീസിനെക്കുറിച്ച് അടുത്ത കാലത്തായി വ്യാപക പരാതിയാണുള്ളത്.

ജനമൈത്രി പേരില്‍ മാത്രമാണുള്ളത്. പരാതി നല്‍കിയാല്‍ വാങ്ങി വയ്ക്കുന്നതല്ലാതെ നടപടി ഒന്നുമുണ്ടാകാറില്ല. സ്ഥലത്തെത്തി അന്വേഷിക്കാന്‍ പോലും ഇവര്‍ തയാറാകുന്നില്ല. സ്റ്റേഷന്‍ ചുമതലയുള്ള എസ്ഐയുണ്ടെങ്കിലും എ എസ് ഐമാരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നാണ് പരാതി.

പല പരാതികളും ഇവിടെ മുക്കുന്നതായും പറയുന്നു. കുത്തഴിഞ്ഞ നിലയിലാണ് സ്റ്റേഷന്റെ പ്രവര്‍ത്തനമെന്ന് നാട്ടുകാര്‍ക്ക് വ്യാപകമായി പരാതിയുണ്ട്. മേലുദ്യോഗസ്ഥരും കാര്യമായി ഇവിടേക്ക് ശ്രദ്ധിക്കുന്നില്ല എന്നും പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Shop, Shop Owner, Theft, Police, Complaint, Investigation, Accuse, Janamaitry, Police station, Natives against police.