Follow KVARTHA on Google news Follow Us!
ad

ഹാദിയയും ആതിരയും ഒച്ചപ്പാടുകളിലെ പെടാപ്പാടുകളും

മതം മാറ്റവും അതിന്റെ പേരിലുള്ള മനുഷ്യാവകാശ ലംഘനവും തിരിച്ചു മതം മാറലുമൊക്കെയായി കേരളമങ്ങനെ മതവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ കുഴഞ്ഞുമറിയുകയാKerala, Article, Case, Court, Muslim, Controversy, Article about controversy over Hadiya and Adhira
സമകാലികം/ എസ് എ ഗഫൂര്‍

(www.kvartha.com 24.09.2017) മതം മാറ്റവും അതിന്റെ പേരിലുള്ള മനുഷ്യാവകാശ ലംഘനവും തിരിച്ചു മതം മാറലുമൊക്കെയായി കേരളമങ്ങനെ മതവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ കുഴഞ്ഞുമറിയുകയാണല്ലോ. വൈക്കത്തെ അഖില മുസ്ലിമായി ഹാദിയ എന്ന് പേര് സ്വീകരിച്ച് ഷഫിന്‍ ജഹാന്‍ എന്ന മുസ്ലിമിനെ വിവാഹം ചെയ്തതിന്റെ തുടര്‍ച്ചയാണ് ഒരു വിവാദം. വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. വീട്ടില്‍ ആരുമായും ബന്ധപ്പെടാനോ പ്രാര്‍ത്ഥിക്കാനോ പോലുമാകാതെ ഹാദിയ തടവിലെന്ന പോലെയാണെന്ന വിവരങ്ങള്‍ പുറത്തുവരുന്നു. ഹിന്ദു നവീകരണവാദിയായി അറിയപ്പെടുന്ന രാഹുല്‍ ഈശ്വര്‍ തന്നെയാണ് വീഡിയോ തെളിവു സഹിതം ഈ വിവരം പുറത്തുവിട്ടത്.

കേസ് സുപ്രീംകോടതിയിലെത്തി. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കട്ടെ എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചപ്പോള്‍ കേരളം സമ്മതം മൂളി. അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം ഹാദിയയ്ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. തങ്ങള്‍ക്ക് ഈ വിഷയത്തില്‍ പറയാനുള്ളത് സുപ്രീംകോടതിയെ അറിയിക്കുമെന്ന് ഏറ്റവും ഒടുവില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അറിയിച്ചിരിക്കുന്നു. ഹാദിയയ്ക്ക് ആരോ അയച്ച കത്ത് അവര്‍ക്ക് കൈമാറാന്‍ പിതാവ് അശോകന്‍ അനുവദിച്ചില്ലെന്ന് വിവരം പുറത്തുവന്നതും വിലാസക്കാരി സ്ഥലത്തുണ്ടായിട്ടും കത്ത് കൈമാറാതിരുന്നതില്‍ പോസ്റ്റുമാനും തപാല്‍ വകുപ്പും നിയമപരമായി നിര്‍വഹിക്കേണ്ട ചുമതല നിര്‍വഹിക്കാതെ കത്ത് തിരിച്ചയച്ചതുമാണ് പുതിയ വിശേഷങ്ങളിലൊന്ന്. വ്യക്തിയുടെ സ്വാഭാവിക അവകാശങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കപ്പെടുമ്പോള്‍ കേരളത്തിലെ ഇടതു പുരോഗമന സര്‍ക്കാര്‍ നോക്കുകുത്തിയായിപ്പോകുന്നു എന്ന വസ്തുത ആശങ്കാജനകമായി ഉയര്‍ന്നു നില്‍ക്കുന്നു. ഏതായാലും വനിതാ കമ്മീഷനെങ്കിലും ഇക്കാര്യത്തില്‍ പോസിറ്റീവായി ഇടപെടുന്നു എന്ന സൂചന ചില ശുഭപ്രതീക്ഷകള്‍ നല്‍കുന്നുണ്ട്, ജനാധിപത്യവാദികള്‍ക്ക്. ഹാദിയയ്ക്ക് ഹോമിയോ മരുന്ന് കൊടുത്താണ് മതംമാറ്റിയതെന്നും മറ്റും കെ പി ശശികല പറഞ്ഞതുപോലുള്ള തമാശകളും ഒരു വശത്ത് നടക്കുന്നുണ്ട്. www.kvartha.com

ആതിര എന്ന പെണ്‍കുട്ടി മതം മാറി ആയിശ ആയതും വലിയ വിവാദമായിരുന്നു. ആ കുട്ടി തിരിച്ച് ഹിന്ദു മതത്തിലേക്ക് പോയത് വലിയ വാര്‍ത്തയായി അന്തരീക്ഷത്തിലുണ്ട്. തന്നെ നിര്‍ബന്ധിച്ച്, തെറ്റിദ്ധരിപ്പിച്ച് ഇസ്ലാമിലേക്ക് മാറ്റിയതാണെന്ന് ആതിര പറയുന്നു. അപ്പോള്‍പ്പിന്നെ അതിലേക്ക് ചുഴിഞ്ഞു നോക്കേണ്ട കാര്യമില്ല. ഹാദിയയ്ക്ക് മുസ്ലിമായി തുടരാനും ആ അവകാശത്തിനു വേണ്ടി പൊരുതാനും അവകാശമുള്ളതുപോലെ തന്നെ ആതിരയ്ക്ക് തിരിച്ചു പോകാനുമുണ്ടല്ലോ അവകാശം. മുഖമക്കന ധരിച്ചിരുന്ന ആയിശയാണോ അതോ മുഖമക്കന മാറ്റിയ ആതിരയാണോ കൂടുതല്‍ സന്തോഷവതി എന്ന തരത്തിലുള്ള ചര്‍ച്ചകളും ട്രോളുകളും ചെയ്യുന്നവര്‍ക്ക് സന്തോഷം നല്‍കാമെങ്കിലും അവരവരുടെ വിശ്വാസപരമായ തീരുമാനങ്ങളെ അതിനൊപ്പിച്ച് വിടുകയോ, അവര്‍ക്ക് തൗഹീദ് നഷ്ടപ്പെട്ടല്ലോ, സ്വര്‍ഗ്ഗം കിട്ടില്ലല്ലോ എന്ന് വിലപിച്ച് മെനക്കെടാനും ഇസ്ലാം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇസ്ലാമിലേക്ക് റിക്രൂട്ട്മെന്റ് നടത്താനുമില്ല ഏജന്‍സികള്‍. ഹാദിയയ്ക്ക് മുസ്ലിമായി തുടരാനുള്ള അവകാശം അനുവദിച്ചുകൊടുക്കുകയും സ്വസ്ഥമായി ഭര്‍ത്താവുമൊത്ത് ജീവിക്കാന്‍ സാഹചര്യമൊരുക്കുകയുമാണ് ഭരണഘടനാപരമായി ശരി എന്ന് വാദിക്കുമ്പോള്‍ എങ്ങനെയാണ് അതേപോലെതന്നെ പ്രായപൂര്‍ത്തിയായ ആതിര തിരികെപ്പോയത് ബലപ്രയോഗത്തിലൂടെയാണ് എന്നും മറ്റും പറഞ്ഞ് പരിഹാസ്യരാകാന്‍ സാധിക്കുന്നത്? അവര്‍ക്ക് അവരുടെ വഴി. www.kvartha.com

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഖ്യാത സാഹിത്യകാരി മാധവിക്കുട്ടി എന്ന കമലാദാസ് മുസ്ലിമായി കമലാ സുരയ്യ ആയപ്പോള്‍ കേരളത്തിലെ പ്രമുഖ മുസ്ലിം മാനേജ്മെന്റ് പത്രമായ മാധ്യമം സ്വീകരിച്ച സമീപനം ഓര്‍മ വരുന്നു. അവര്‍ മാധവിക്കുട്ടിയുടെ മതം മാറ്റ വാര്‍ത്ത ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചില്ല. കേരളത്തിലെ മുഴുവന്‍ പത്രങ്ങളും ഒന്നാം പേജ് വാര്‍ത്തയാക്കുകയും ദേശീയ തലത്തില്‍ത്തന്നെ വാര്‍ത്തയാവുകയും ചെയ്ത സംഭവത്തിലാണ് ഇത്. മതം മാറ്റത്തെ ആഘോഷവും അവകാശവാദവുമാക്കി മാറ്റേണ്ടതില്ല എന്ന തീരുമാനമായിരിക്കാം മാധ്യമം സ്വീകരിച്ചത് എന്നാണ് മനസിലാകുന്നത്. അതേസമയംതന്നെ അവരെ സംഘപരിവാര്‍ ശക്തികള്‍ ആ മതം മാറ്റത്തിന്റെ പേരില്‍ അപമാനിക്കാനും ആക്രമിക്കാനും തുനിഞ്ഞപ്പോള്‍ പ്രതിരോധിച്ച് അവര്‍ക്കൊപ്പം, അവരുടെ പരൗരാവകാശത്തിനൊപ്പം ഉറച്ചു നില്‍ക്കുകയും ചെയ്തു. www.kvartha.com

ഇവിടെയിപ്പോള്‍ ചിലരെങ്കിലും കാണുന്നത് ഹാദിയയുടെയും ആതിരയുടെയുമൊക്കെ വിഷയങ്ങള്‍ ഇസ്ലാമിന്റെയും മുസ്ലിങ്ങളുടെയും പ്രശ്നമായാണ്. അത് അങ്ങനെയായിരിക്കുന്നതാണ് സംഘപരിവാരിന് ഇഷ്ടം എന്നതുകൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് എത്ര അപകടകരമാണ് പ്രശ്നത്തെ മതവല്‍ക്കരിക്കുന്നതും സാമുദായികവല്‍ക്കരിക്കുന്നതും എന്ന് മനസിലാവുക. ഹാദിയ വിഷയത്തില്‍ 140 പ്രമുഖ വ്യക്തികള്‍ ഒപ്പിട്ട ഗംഭീര നിവേദനം കഴിഞ്ഞ ദിവസം വനിതാ കമ്മീഷന് നല്‍കിയത് ഡോ. ജെ ദേവികയുടെ നേതൃത്വത്തിലാണ്. ഹാദിയയുടെ അമ്മയ്ക്കും അഛനും കുറിക്കു കൊള്ളുന്ന തുറന്ന കത്ത് അയച്ചതും അവരാണ്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അവള്‍ക്കൊപ്പം എന്ന പേരില്‍ സിനിമാ, മാധ്യമ രംഗങ്ങളിലെ വനിതാ കൂട്ടായ്മകള്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കൂട്ടായ്മയില്‍, അവള്‍ക്കൊപ്പം എന്നാല്‍ ഹാദിയയ്ക്കൊപ്പം കൂടിയാണ് എന്ന് പറഞ്ഞതും മുസ്ലിം വനിതാ സംഘടനാ നേതാക്കളല്ല. വി എസ് അച്യുതാനന്ദനും ദേവികയും വിധു വിന്‍സന്റും ഗീതാ നസീറും കെ എ ബീനയും മറ്റുമാണ്. പ്രശ്നം മനുഷ്യാവകാശത്തിന്റേതാണ്. ഇഷ്ടപ്പെട്ട മതവും രാഷ്ട്രീയവുമൊക്കെ സ്വീകരിക്കാനും ഇഷ്ടപ്പെടാത്തപ്പോള്‍ ഉപേക്ഷിക്കാനും ഭരണഘടന നല്‍കുന്ന അവകാശം നിഷേധിക്കപ്പെടുന്നതിന്റെയാണ്. അതുകൊണ്ട് ഇസ്ലാമിന്റെ പേരിലും മുസ്ലിം സമുദായത്തിന്റെ പേരിലുമുള്ള 'സോളിഡാരിറ്റി നിലവിളികള്‍' അവസാനിപ്പിക്കണം (കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഹാദിയ വിഷയത്തില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച പരിപാടിയുടെ പേര്, പൗരാവകാശകത്തിന്റെ നിലവിളി). കേരളത്തിലെ, ഇന്ത്യയിലെ മതേതര ഭൂരിപക്ഷത്തിനൊപ്പം നിന്ന് ഹാദിയയുടെ പൗരാവകാശ സംരക്ഷണത്തിനു വേണ്ടി വാദിക്കുക. കോടതിയെയും അന്വേഷണ ഏജന്‍സികളെയും വിശ്വസിക്കുക. അതിനെതിരേ നിലകൊള്ളേണ്ട വസ്തുതാപരമായ സാഹചര്യങ്ങളുണ്ടായാല്‍ പോലും അത് മതപരവും സാമുദായികവുമാക്കാതിരിക്കുക. www.kvartha.com

അതാണു വേണ്ടത്. നിങ്ങള്‍ക്ക് നിങ്ങളുടെ സംഘടനയുടെ പേര് അച്ചടിച്ചു വരാന്‍ വേറെത്രയോ വിഷയങ്ങളുണ്ട്. യൂത്ത് ലീഗ് നേതാവ് മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരേ പരാതി കൊടുത്തതും ഹാദിയയ്ക്കു വേണ്ടി മനുഷ്യാവകാശ കമ്മീഷനില്‍ പരാതി കൊടുത്തതും പോലുള്ള തട്ടിപ്പു പ്രചാരണപരിപാടികള്‍ സമൂഹം തിരിച്ചറിയുന്നുണ്ട്. സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ സാമുദായിക സ്പര്‍ധയുണ്ടാക്കുമെന്ന് പരാതി കൊടുത്ത യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്, അതേ വിഷയത്തില്‍ പൊലീസ് മാധ്യമ പ്രവര്‍ത്തകരെ കുടുക്കാന്‍ നീക്കം നടത്തിയതോടെ മാധ്യമ പ്രവര്‍ത്തകരില്‍ ചിലരുടെ ഫോണ്‍ എടുക്കാതിരുന്നത് മാധ്യമങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ്. വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമത്തോട് പരാതിക്കാരന്‍ എന്ന നിലയ്ക്ക് പ്രതികരിക്കണം എന്ന് ആവശ്യപ്പെട്ട ശേഷമായിരുന്നത്രേ ഇത്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഹാദിയ കേസില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി കൊടുത്തതും ഇതുപോലെയൊരു ഷോ ആയിരുന്നു.

ഏതായാലും പൊതുസമൂഹം ഇപ്പോഴും സംഘപരിവാറിന്റെയോ ലീഗ്, പോപ്പുലര്‍ ഫ്രണ്ട്, സോളിഡാരിറ്റി വാദികളുടെയോ ഹിഡന്‍ അജന്‍ഡകള്‍ക്കൊപ്പമല്ല. അതുതന്നെയാണ് രാജ്യത്തിനു പ്രതീക്ഷ ബാക്കി നല്‍കുന്നത്. www.kvartha.com

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Article, Case, Court, Muslim, Controversy, Article about controversy over Hadiya and Adhira