Follow KVARTHA on Google news Follow Us!
ad

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി നിയന്ത്രണം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം; ഏതുസാഹചര്യത്തിലായാലും ഉച്ചഭാഷിണികള്‍ രാത്രി പത്തുമണിക്കും രാവിലെ ആറു മണിക്കും ഇടയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും സര്‍ക്കുലര്‍

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി നിയന്ത്രണം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം.Kottayam, News, Temple, Mosque, Church, High Court of Kerala, Kerala,
കോട്ടയം: (www.kvartha.com 12.08.2017) ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി നിയന്ത്രണം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കുന്ന കോടതിവിധി കര്‍ശനമായി നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ഏതുസാഹചര്യത്തിലായാലും ഉച്ചഭാഷിണികള്‍ രാത്രി പത്തുമണിക്കും രാവിലെ ആറു മണിക്കും ഇടയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കുലര്‍.

ഇതുസംബന്ധിച്ച 1988ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് 1993ല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശബ്ദശല്യത്തിനെതിരെ സ്ഥിരമായി പൊതുതാല്‍പര്യ ഹര്‍ജികള്‍ കോടതിയില്‍ എത്തുന്നതും ഇതില്‍ സര്‍ക്കാരിന് കോടതിയില്‍ നിന്ന് ലഭിക്കുന്ന ശക്തമായ താക്കീതുകളുടെയും പശ്ചാത്തലത്തിലാണ് ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ മാധ്യമങ്ങളില്‍ പരസ്യമായി നല്‍കിയിട്ടുണ്ട്.

Govt. order against Noise pollution, Kottayam, News, Temple, Mosque, Church, High Court of Kerala, Kerala

ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന പേരിലാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. 1967 ജൂണ്‍ 22ലെ സര്‍ക്കാര്‍ ഉത്തരവിന്റെയും 1988ലെ കേരള ഹൈക്കോടതി ഉത്തരവിന്റെയും പശ്ചാത്തലത്തിലാണ് 1993ല്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉച്ചഭാഷിണികളുടെ ഉപയോഗവും നിയന്ത്രണവും സംബന്ധിച്ച് പുതിയ മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.

ഇതുപ്രകാരം അഞ്ച് സുപ്രധാന മാര്‍ഗരേഖകളാണ് ആഭ്യന്തര വകുപ്പ് സര്‍ക്കുലറില്‍ നല്‍കിയിരിക്കുന്നത്. (1) വിവാഹം, ജന്മദിനം, ഗൃഹപ്രവേശനം അതുപോലെയുള്ള ആഘോഷങ്ങള്‍ക്ക് ബോക്‌സ് രൂപത്തിലുള്ള ഉച്ചഭാഷിണികള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. കോളാമ്പി പോലെയുള്ള ആംപ്ലിഫയറുകള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ബോക്‌സുകളില്‍ നിന്നുള്ള ശബ്ദപരിധി പരിപാടി നടക്കുന്ന വീട് അല്ലെങ്കില്‍ ഹാളിന്റെ പരിസരത്തിനുള്ളില്‍ ഒതുങ്ങിനില്‍ക്കണം.

(2) ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍, മുസ്ലീം ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ ബോക്‌സ് മാതൃകയിലുള്ള ഉച്ചഭാഷിണികള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍ ഇവയുടെ ശബ്ദം ഈ ആരാധനാലയങ്ങളുടെ വളപ്പിന് പുറത്തുപോകാന്‍ പാടില്ല. മുസ്ലീംപള്ളികളിലെ ബാങ്ക് വിളിക്ക് മാത്രമാണ് ഇതില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ബാങ്കുവിളികള്‍ ഒരു മിനിറ്റുമാത്രം ദൈര്‍ഘ്യമുള്ളതിനാലാണിത്.

ആരാധനാലയങ്ങളിലെ പ്രഭാഷണങ്ങള്‍, ഭക്തിഗാനങ്ങള്‍ റെക്കോര്‍ഡ് ഇടുന്നത്, മുസ്ലീം പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍, ക്രിസ്ത്യന്‍ പള്ളികളിലെ മറ്റ് ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഈ ചട്ടം കര്‍ശനമായി പാലിക്കണം.

(3)തെരുവുകളിലും വാഹനങ്ങളിലും ഉച്ചഭാഷിണികളുടെ ഉപയോഗം പരമാവധി ഒഴിവാക്കണം. പോലീസിന്റെ മുന്‍കൂട്ടിയുള്ള അനുമതി കൂടാതെ ആര്‍ക്കും ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുവാദമില്ല.

(4) എയര്‍ ഹോണുകളും അമിത ശബ്ദമുള്ള ഹൈ ടൈപ്പ് ഹോണുകളും നിരോധിച്ചിട്ടുണ്ട്.

(5)ഏതുസാഹചര്യത്തിലായാലും ഉച്ചഭാഷിണികള്‍ രാത്രി പത്തുമണിക്കും രാവിലെ ആറു മണിക്കും ഇടയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിനും ഹൈക്കോടതിയില്‍ നിന്ന് സമാനമായ വിധി വന്നിരുന്നു. അനൂപ് ചന്ദ്രന്‍ നല്‍കിയ (ഡബ്ല്യൂ.പി.സി 7261/2017(എസ്) നം.) പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. വിധി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ മജിസ്‌ട്രേറ്റുമാര്‍, പോലീസ് കമ്മീഷണറുമാര്‍, ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍, തുടങ്ങി എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

Also Read:
കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് തോണി മറിഞ്ഞ് 9 പേര്‍ക്ക് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Govt. order against Noise pollution, Kottayam, News, Temple, Mosque, Church, High Court of Kerala, Kerala.