Follow KVARTHA on Google news Follow Us!
ad

കാസര്‍കോട്ടെ ഗാസ സ്ട്രീറ്റിന്റെ പേരിലും എന്‍ ഐ എ അന്വേഷണം; പേരിട്ടതിന് തീവ്രവാദ ബന്ധം ആരോപിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയെന്ന് നാട്ടുകാര്‍, ബി ജെ പിയും മുസ്ലിം ലീഗും നേര്‍ക്കുനേര്‍

കാസര്‍കോട് തുരുത്തിയിലെ റോഡിന് പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഗാസ സ്ട്രീറ്റ് എന്ന് പുനര്‍നാമകരണം ചെയ്തതിന്റെ പേരിലും വിവാദം. സംഭവത്തില്‍ A street in Thuruthi ward of Kasaragod municipality that was recently named 'Gaza', a reference to the disputed strip of land between Israel and Egypt, under Palestinian self-rule
കാസര്‍കോട്: (www.kvartha.com 19.06.2017) കാസര്‍കോട് തുരുത്തിയിലെ റോഡിന് പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഗാസ സ്ട്രീറ്റ് എന്ന് പുനര്‍നാമകരണം ചെയ്തതിന്റെ പേരിലും വിവാദം. സംഭവത്തില്‍ എന്‍ ഐ എയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചതായും റിപോര്‍ട്ടുകളുണ്ട്. സ്ഥലത്തിന് പേരിട്ടതില്‍ എന്‍ ഐ എ അന്വേഷണം തുടങ്ങിയതായി കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തെയും, ഇന്റലിജന്‍സ് വിഭാഗങ്ങളെയും ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തത്.


അതേസമയം കാസര്‍കോട് പടന്നയില്‍ നിന്നും, കേരളത്തിന്റെ മറ്റു സ്ഥലങ്ങളില്‍ നിന്നുമായി 21 പേര്‍ ദാഇഷില്‍ ചേര്‍ന്ന സംഭവത്തെയും, നാടിന് ഗാസ സ്ട്രീറ്റ് എന്ന് പേരിട്ടതിനെയും കൂട്ടിവായിക്കുകയും ചെയ്യുന്നു. എന്നാല്‍ വര്‍ഷങ്ങളായി ഇസ്രായേലിന്റെ അക്രമണത്തിന് ഇരയായി കൊണ്ടിരിക്കുന്ന ഫലസ്തീന് ഐക്യദാര്‍ഢ്യമായാണ് ഗാസ സ്ട്രീറ്റ് എന്ന പേര് നല്‍കിയതെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിശദീകരണം.

ഒരു മാസം മുമ്പാണ് സ്വകാര്യ വ്യക്തി നല്‍കിയ സ്ഥലം നഗരസഭ ഏറ്റെടുത്ത് തുരുത്തിയിലെ റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. ഇതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറാണ് നിര്‍വഹിച്ചത്. സ്ഥലത്തിന് നഗരസഭ പേരൊന്നും നല്‍കിയിട്ടില്ലെന്നും, സ്ഥലത്തെ നാട്ടുകാരാണ് അവിടെ ഗാസ സ്ട്രീറ്റ് എന്ന ബോര്‍ഡ് വെച്ചതെന്നുമാണ് നഗരസഭ നല്‍കുന്ന വിശദീകരണം. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ സദ്ദാം സ്ട്രീറ്റെന്നും, സദ്ദാം മുക്കെന്നും മറ്റും ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സ്ഥലത്തിന് പേര് നല്‍കിയിരുന്ന കാര്യവും നാട്ടുകാര്‍ ഓര്‍മിപ്പിക്കുന്നു. ഗാസ സ്ട്രീറ്റ് എന്ന പേര് നല്‍കിയതിനെ തീവ്രവാദവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നാണ് ഒരു പ്രമുഖ ലീഗ് നേതാവ് കെവാര്‍ത്തയോട് പറഞ്ഞത്.

ഇതിന് മുമ്പ് നബിദിന ഘോഷ യാത്രയില്‍ പട്ടാള വേഷം ധരിച്ചതുമായി ബന്ധപ്പെട്ടും അറസ്റ്റും കേസും വിവാദവും ഉണ്ടായിരുന്നു. എന്നാല്‍ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രച്ഛന്ന വേഷമെന്ന് പറഞ്ഞ് വിവാദങ്ങളെ തള്ളിക്കളയുകയും, പിന്നീട് ഈ കേസ് തന്നെ പിന്‍വലിക്കുകയുമായിരുന്നു. കാഞ്ഞങ്ങാട്ടെ സംഭവത്തിന് ശേഷം സി പി എമ്മിന്റെ ബാല സംഘടനയായ ബാലസംഘത്തിന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നീലേശ്വരം നഗരത്തില്‍ പട്ടാള വേഷധാരികളായ പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം നടന്നിരുന്നു. ഇതിനെതിരെയൊന്നും ഒരു കേസും ഉണ്ടായിരുന്നില്ല.

ഗാസ സ്ട്രീറ്റ് മാത്രമല്ല കാസര്‍കോട്ടുള്ളത്. തളങ്കര തെരുവത്ത് ധീര ജവാന്റെ പേരിലുള്ള ഹാഷിം സ്ട്രീറ്റും ഈ നാടിന്റെ രാജ്യ സ്‌നേഹം വിളിച്ചോതുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു. ഔദ്യോഗികമായി ഒരു സ്ഥലത്തിന് പേരിടാത്തിടത്തോളം കാലം ആ പേര് സര്‍ക്കാര്‍ രേഖകളില്‍ പോലും ഉണ്ടാകാറില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ വിവാദത്തിന് പിന്നില്‍ ബി ജെ പിയാണെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. കാസര്‍കോട്ടെ പല സ്ഥലങ്ങളിലും ഇതേരീതിയില്‍ പേര് മാറ്റം നടക്കുന്നുണ്ടെന്ന ആരോപണവുമായി ബി ജെ പിയും രംഗത്ത് വന്നതോടെ പ്രശ്‌നം രാഷ്ട്രീയ പോരായും മാറിയിട്ടുണ്ട്.

ഇന്ത്യയുടെ സുഹൃദ് രാഷ്ട്രങ്ങളില്‍ ഒന്നായ ഫലസ്തീനിലെ ഗാസയുടെ പേര് നല്‍കിയപ്പോള്‍ അതിന് തീവ്രവാദ നിറം നല്‍കുന്നത് നാട്ടില്‍ മനപൂര്‍വം പ്രശ്‌നങ്ങളില്‍ സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂകയുള്ളൂവെന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: A street in Thuruthi ward of Kasaragod municipality that was recently named 'Gaza', a reference to the disputed strip of land between Israel and Egypt, under Palestinian self-rule, has got intelligence agencies interested.