Follow KVARTHA on Google news Follow Us!
ad

വിത്തില്‍ ക്രമക്കേട്: അഡീഷണല്‍ ഡയറക്ടര്‍മാരായ ദമ്പതികള്‍ക്ക് സസ്പെന്‍ഷന്‍

സംസ്ഥാന വിത്തുവികസന അതോറിറ്റിയില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടത്തിയ കേസില്‍ അഡീഷണല്‍ ഡയറക്ടര്‍മാരായ അശോക് കുമാര്‍ തെക്കന്‍, പി.കെ. ബീന Kerala, Thiruvananthapuram, News, Suspension, Additional directors suspended for corruption
തിരുവനന്തപുരം: (www.kvartha.com 23.06.2017) സംസ്ഥാന വിത്തുവികസന അതോറിറ്റിയില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടത്തിയ കേസില്‍ അഡീഷണല്‍ ഡയറക്ടര്‍മാരായ അശോക് കുമാര്‍ തെക്കന്‍, പി.കെ. ബീന എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്ത് ഉത്തരവായി. ഭാര്യാഭര്‍ത്താക്കന്മാരായ ഇരുവരും മാറിമാറിയാണ് കഴിഞ്ഞ 10 വര്‍ഷമായി ഡയറക്ടര്‍ സ്ഥാനം വഹിച്ചിരുന്നത്.

സര്‍ക്കാരിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കൃഷി വകുപ്പിന്റെ സ്പെഷ്യല്‍ വിജിലന്‍സ് സെല്‍ നടത്തിയ പരിശോധനയില്‍ അതീവ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. 2007-2016 കാലഘട്ടത്തിലാണ് ക്രമക്കേടുകള്‍ നടന്നത്. വിത്തുവികസന അതോറിറ്റിയുടെ മികച്ച ബീജാങ്കുരണശേഷിയുളള വിത്തുകള്‍ ഉപയോഗിക്കാതെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സ്വകാര്യ ഏജന്‍സിയില്‍ നിന്ന് വിത്തുവാങ്ങി കര്‍ഷകര്‍ക്ക് നല്‍കുകയാണ് ഇരുവരുടെയും നേതൃത്വത്തില്‍ ചെയ്തത്.

കോടിക്കണക്കിന് രൂപയുടെ നെല്‍വിത്തുകളും പച്ചക്കറി വിത്തുകളും കര്‍ഷകര്‍ക്കും സ്‌കൂളുകള്‍ വഴി കുട്ടികള്‍ക്കും മറ്റ് സന്നദ്ധ സംഘടനകള്‍ക്കും വിതരണം ചെയ്തതിലൂടെ കോടിക്കണക്കിന് രൂപയുടെ ഉത്പാദന നഷ്ടമാണ് സംഭവിച്ചത്. ഉപയോഗിക്കാതെ വച്ചതിനാല്‍ വിത്തുവികസന അതോറിറ്റിയുടെ വിത്ത് ബീജാങ്കുരണശേഷി നഷ്ടപ്പെട്ട് ഉപയോഗ ശൂന്യമായി. ഇതുവഴി സര്‍ക്കാര്‍ ഖജനാവിന് 13.65 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഗുരുതരമായ ക്രമക്കേടുകള്‍ നടത്തുകയും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ചയും അനാസ്ഥയും നടത്തുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി.

ഈ കാലയളവില്‍ ക്രമക്കേടുകളില്‍ പങ്കാളികളായ കേരള സംസ്ഥാന വിത്തുവികസന അതോറിറ്റിയിലെ അസിസ്റ്റന്റ് ഡയറക്ടര്‍മാരായിരുന്ന എം.ഡി. തിലകന്‍, ടി.ഉഷ, ഹണി മാത്യൂസ്, കെ.ജെ അനില്‍, കൃഷി ഓഫീസര്‍മാരായ ഷാജന്‍ മാത്യൂ, എം.എസ് സനീഷ്, വി.വി. രാജീവന്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല അച്ചടക്കനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത സ്വകാര്യ ഏജന്‍സിയെക്കൊണ്ട് വിത്തുവാങ്ങുന്നതിന് ഒത്താശ ചെയ്ത എറണാകുളം പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ലിന്‍സി സേവ്യര്‍, ജോയിന്റ് ഡയറക്ടര്‍ എസ്. പുഷ്പകുമാരി എന്നിവര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ട്. കേസില്‍ ഉള്‍പ്പെട്ടതും സര്‍വീസില്‍ നിന്ന് വിരമിച്ചതുമായ വി.വി. പുഷ്പാംഗദന്‍, എ.ഐ. രാമകൃഷ്ണന്‍, അബ്ദുള്‍ ലത്തീഫ്, ടി.വി പോള്‍ എന്നിവര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Suspension, Additional directors suspended for corruption