Follow KVARTHA on Google news Follow Us!
ad

വിഴിഞ്ഞം പദ്ധതി കരാര്‍ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തും: മുഖ്യമന്ത്രി

വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജുഡീഷ്യല്‍ അന്വേഷണ നടത്താനാണ് തീരുമാനമെന്നും ഹൈക്കോടതി Chief Minister, Pinarayi vijayan, Kerala, Government, Report, Investigates,
ആലപ്പുഴ: (www.kvartha.com 28.05.2017) വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജുഡീഷ്യല്‍ അന്വേഷണ നടത്താനാണ് തീരുമാനമെന്നും ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്താനാണ് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് സി എ ജി ഉയര്‍ത്തിയിരിക്കുന്ന വിമര്‍ശനങ്ങള്‍ ഗൗരവകരമായി തന്നെ പഠിക്കുമെന്നും പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമാണെന്ന സി എ ജി റിപോര്‍ട്ട് ഗൗരവമാണെന്നും എന്നാല്‍ അതിനെ കുറിച്ച് ആശങ്ക പുലര്‍ത്തേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം കരാറില്‍ വന്‍ ക്രമക്കേടുണ്ടെന്ന സി എ ജി റിപോര്‍ട്ട് അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയിലും അറിയിച്ചിരുന്നു. കരാര്‍ ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ഇതിനായി പ്രത്യേക സംവിധാനമുണ്ടാക്കും. കരാര്‍ സംബന്ധിച്ച് സി എ ജി റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍ സൂക്ഷ്മമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടുന്ന സി എ ജി റിപോര്‍ട്ട് കഴിഞ്ഞ ദിവസമാണ് സഭയ്ക്കു മുന്നിലെത്തിയത്. കരാര്‍ പദ്ധതി നടത്തിപ്പുകാരായ അദാനിക്ക് വന്‍നേട്ടം ഉണ്ടാക്കുന്നതാണ്. പദ്ധതിയുടെ നിര്‍മാണ കാലാവധി 10 വര്‍ഷം കൂട്ടിനല്‍കിയത് നിയമവിരുദ്ധമാണ്. കണ്‍സെഷന്‍ കാലാവധി 30 വര്‍ഷമെന്നത് 40 വര്‍ഷമായാണ് നീട്ടിനല്‍കിയത്. ഇതിലൂടെ 29.21 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് ലഭിക്കുമെന്നും സി എ ജി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

20 വര്‍ഷം കൂടി വേണമെങ്കില്‍ അധികം നല്‍കാമെന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താല്‍ 61,095 കോടി രൂപ അധികവരുമാനം അദാനിക്കു ലഭിക്കുമെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ചെലവഴിച്ച തുക 11 -ാം വര്‍ഷം മുതല്‍ തിരിച്ചു നല്‍കണമെന്ന വ്യവസ്ഥയും അട്ടിമറിച്ചു. ഓഹരി ഘടനയില്‍ ഉന്നതാധികാര സമിതി മാറ്റം വരുത്തിയത് ആരും ആവശ്യപ്പെടാതെയാണ്. ഓഹരി ഘടനയില്‍ മാറ്റം വരുത്തിയതിനാല്‍ 283 കോടി രൂപയാണ് സര്‍ക്കാറിന് നഷ്ടമുണ്ടാകുക. കണക്കുകള്‍ പെരുപ്പിച്ച് നല്‍കി കമ്പനി പദ്ധതി ചെലവ് ഉയര്‍ത്തിയെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആസ്തികള്‍ പണയം വെയ്ക്കാന്‍ അവകാശം നല്‍കിയത് കമ്പനിയെ സഹായിക്കാനാണ്. സര്‍ക്കാര്‍ നിര്‍മിക്കുന്ന മത്സ്യബന്ധന തുറമുഖത്തു നിന്ന് യൂസര്‍ഫീ പിരിക്കാന്‍ കരാര്‍ പ്രകാരം കമ്പനിയ്ക്കാണ് അധികാരം. ഇത് അര്‍ഹതയില്ലാത്ത അധികവരുമാനം കമ്പനിയ്ക്ക് നേടിക്കൊടുക്കുമെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. സി എ ജി റിപോര്‍ട്ടിനു പിന്നാലെ വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് സമഗ്ര പരിശോധന നടത്തണമെന്ന് പ്രതിപക്ഷം അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്ന് വി എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടു. തുറമുഖ കരാര്‍ അവ്യക്തവും നിഗൂഢവുമാണ്. കരാര്‍ പൊളിച്ചെഴുതണം. കരാറിലെ കോഴയുടെ കോടികള്‍ എത്രയെന്ന് പുറത്തു കൊണ്ടുവരണമെന്നും വി എസ് ആവശ്യപ്പെട്ടു.

എന്നാല്‍ പദ്ധതിയുമായി എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. നിലവിലെ സാഹചര്യത്തില്‍ പദ്ധതി നിര്‍ത്തിവെക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. സി എ ജി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കടന്നപ്പള്ളി രാമചന്ദ്രനെ തള്ളിയാണ് മുഖ്യമന്ത്രി സഭയില്‍ ഇക്കാര്യം പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അറിയിച്ചത്.

Keywords: Chief Minister, Pinarayi vijayan, Kerala, Government, Report, Investigates, Vizhinjam port project.