Follow KVARTHA on Google news Follow Us!
ad

മണിക്കു മാത്രമായി പെരുമാറ്റച്ചട്ടം വരുന്നു; വിടുവായത്തം വേണ്ട, വകുപ്പുകാര്യം മാത്രം മാധ്യമങ്ങളോടു പറഞ്ഞാല്‍ മതി

വൈദ്യുതി മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം എം മണിക്കെതിരേ പാര്‍ട്ടി CPM, Electricity, Murder case, New Delhi, Parliament, Pinarayi Vijayan, CPM code of conduct for M M Mani.
തിരുവനന്തപുരം: (www.kvartha.com 24/04/2017) വൈദ്യുതി മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം എം മണിക്കെതിരേ പാര്‍ട്ടി അപ്രഖ്യാപിത പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ ഇതാദ്യമായാണ് ഒരു മന്ത്രിക്കു മാത്രമായി സ്വന്തം പാര്‍ട്ടി പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്.

പൊതുസമ്മേളനങ്ങളില്‍ സംസാരിക്കുമ്പോള്‍ വിഷയത്തില്‍ ഒതുങ്ങി നിന്നു സഭ്യമായ ഭാഷയിലും മാത്രം സംസാരിക്കുക, നിയമസഭയിലും പുറത്തും പാര്‍ലമെന്ററി അല്ലാത്ത വാക്കുകളോ പ്രയോഗങ്ങളോ നടത്താതിരിക്കുക, വ്യക്തിപരമായി ആരെയും പരാമര്‍ശിക്കുന്ന വിമര്‍ശനങ്ങള്‍ നടത്താതിരിക്കുക, വകുപ്പുമായി ബന്ധപ്പെട്ട അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം മാധ്യമങ്ങളെ കാണുക, മാധ്യമങ്ങള്‍ വിവിധ വിഷയങ്ങളില്‍ പ്രതികരണം തേടുമ്പോള്‍ വൈദ്യുതി വകുപ്പുമായി ബന്ധമില്ലാത്ത കാര്യമാണെങ്കില്‍ പ്രതികരിക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മണിക്ക് പാര്‍ട്ടി നല്‍കുക എന്ന് അറിയുന്നു.



പൊതുജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും മാന്യമായും സൂക്ഷിച്ചും ഇടപെടണമെന്ന പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദേശം മുഴുവന്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമായി നിലനില്‍ക്കെയാണ് മണിക്കു മാത്രമായി പ്രത്യേക പെരുമാറ്റച്ചട്ടം. മണിയുടെ സംസാരശൈലി പാര്‍ട്ടിയെയും ഇടതുമുന്നണി സര്‍ക്കാരിനെയും തുടര്‍ച്ചയായി പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തിലാണ് മൂക്കുകയറിടാനുള്ള തീരുമാനം.

പൊമ്പിളൈ ഒരുമൈ സമരത്തേക്കുറിച്ച് വളരെ മോശമായി പ്രതികരിച്ചത് വന്‍ വിവാദമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണിയെ തള്ളിപ്പറയേണ്ടി വന്നിരുന്നു. മാധ്യമങ്ങള്‍ക്കും സമൂഹത്തിനും മുന്നില്‍ പാര്‍ട്ടിയുടെ ഒരു ഉന്നത നേതാവിന്റെ വാക്കുകള്‍ തള്ളി സംസാരിക്കേണ്ടി വരുന്നത് അപമാനകരമാണെന്ന നിലപാടാണ് പ്രമുഖ നേതാക്കള്‍ക്കെല്ലാമുള്ളത്.

ജനപ്രതിനിധിയും മന്ത്രിയും കൂടിയാണ് താനെന്നു ചിന്തിക്കാതെ എന്തും പറയുന്ന രീതി മണി അവസാനിപ്പിക്കാന്‍ ഈ പെരുമാറ്റച്ചട്ടംകൊണ്ട് സാധിക്കും എന്നാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, മണിയുടെ മോശം പരാമര്‍ശങ്ങള്‍ക്കെതിരേ ആരെങ്കിലും കോടതിയെ സമീപിക്കുകയും കോടതിയില്‍ നിന്ന് എന്തെങ്കിലും പരാമര്‍ശം ഉണ്ടാവുകയും ചെയ്താല്‍ സര്‍ക്കാരിനെ അത് കൂടുതല്‍ വെട്ടിലാക്കും എന്ന ആശങ്ക മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കുമുണ്ട്.

പാര്‍ട്ടിക്കെതിരെ നിന്നവരെ വണ്‍, ടൂ, ത്രീ എന്ന് എണ്ണി ഇല്ലാതാക്കിയിട്ടുണ്ടെന്ന മണിയുടെ ഇടുക്കി മണക്കാട് പ്രസംഗം വന്‍ വിവാദമായിരുന്നു. മണി കൊലക്കേസില്‍ പ്രതിയാവുകയും ജയിലില്‍ കഴിയേണ്ടി വരികയും ചെയ്തു. ഇപ്പോഴും കേസ് നടക്കുകയാണ്. പാര്‍ട്ടിയെയും ആ പ്രസംഗത്തിലൂടെ മണി വലിയ പ്രതിസന്ധിയിലാക്കി എന്ന് സിപിഎം ഔദ്യോഗികമായിത്തന്നെ വിലയിരുത്തുകയും ആറ് മാസത്തേക്ക് മണിയെ പാര്‍ട്ടിക്ക് പുറത്തു നിര്‍ത്തുകയും ചെയ്തു. മണിയുടെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനം പോയതും ആ വിവാദത്തിലാണ്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തായിരുന്ന ഏക സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മണി മാത്രമായിരുന്നു. മനപ്പൂര്‍വമുള്ള മാറ്റി നിര്‍ത്തലായിരുന്നു അത്. പിന്നീട് ജയരാജന്‍ രാജിവച്ചപ്പോള്‍ വന്ന ഒഴിവില്‍ മണിയെ പരിഗണിക്കാന്‍ കൂടുതല്‍ താല്‍പര്യമെടുത്തത് പിണറായി തന്നെയാണ്. തൊഴിലാളിയായി പ്രവര്‍ത്തിച്ച് താഴേത്തട്ടില്‍ നിന്നുയര്‍ന്നു വന്ന നേതാവിനെ മന്ത്രിയാക്കിയത് അന്ന് അഭിനന്ദിക്കപ്പെടുകയും ചെയ്തു. കൊലക്കേസ് നിലനില്‍ക്കുന്നു എന്നത് മാധ്യമങ്ങള്‍ പോലും കാര്യമായി മണിക്കെതിരേ ഉന്നയിച്ചുമില്ല.

എന്നാല്‍ പാര്‍ട്ടിയെയോ സര്‍ക്കാരിനെയോ വെട്ടിലാക്കുന്ന വാക്കുകള്‍ ഉണ്ടാകാതെ നോക്കണം എന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും താക്കീത് നല്‍കിയിരുന്നു. അപ്പോള്‍ അടങ്ങിയെങ്കിലും മണിയുടെ ശൈലിയോട് എതിര്‍പ്പുള്ള മറ്റു നേതാക്കളില്‍ പലരും അത് ഉള്ളില്‍ സൂക്ഷിച്ചു. പെട്ടെന്നുതന്നെ മണിയെ തള്ളി ഞായറാഴ്ച ജെ മേഴ്‌സിക്കുട്ടിയമ്മയും പി കെ ശ്രീമതിയും ടി എന്‍ സീമയും മറ്റും പ്രതികരിച്ചത് ഇതിന്റെ ഭാഗമാണ്.

മണി പറഞ്ഞത് ശരിയായില്ലെന്ന് ന്യൂഡല്‍ഹിയില്‍ പ്രതികരിച്ച മുഖ്യമന്ത്രിയാകട്ടെ വിശദീകരണം ചോദിക്കുമെന്നാണ് പരോക്ഷമായി വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മണി ഖേദപ്രകടനത്തിനും തയ്യാറായത്. പക്ഷേ, അതുകൊണ്ടും തീരില്ലെന്ന സൂചനയും അതൃപ്തിയുമാണ് കോടിയേരിയുടെ പ്രതികരണത്തിലൂടെ പുറത്തുവന്നത്. ഈ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് മണിയുടെ തുടര്‍ച്ചയായ മോശം പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യും. അതില്‍ത്തന്നെയാണ് പെരുമാറ്റച്ചട്ടവും അറിയിക്കുക. എന്നാല്‍ അത് പുറത്തു പറയാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: CPM, Electricity, Murder case, New Delhi, Parliament, Pinarayi Vijayan, CPM code of conduct for M M Mani.