Follow KVARTHA on Google news Follow Us!
ad

മുസ്ലിങ്ങളിലെ പിന്നാക്കക്കാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണം: മോഡി

മുസ്ലിങ്ങളില്‍ കൂടുതല്‍ പിന്നാക്കം നില്‍ക്കുന്നവരെ വിവിധ മേഖലകളില്‍ കൂടുതല്‍ ഉള്‍പെടുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ബി ജെ പി ദേശീയ നിര്‍വാഹക സമിതി Narendra Modi, BJP, Meeting, National, Muslim, Election,
ഭുവനേശ്വര്‍: (www.kvartha.com 16.04.2017) മുസ്ലിങ്ങളില്‍ കൂടുതല്‍ പിന്നാക്കം നില്‍ക്കുന്നവരെ വിവിധ മേഖലകളില്‍ കൂടുതല്‍ ഉള്‍പെടുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ബി ജെ പി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പിന്നാക്കക്കാര്‍ക്ക് ഭരണഘടന പ്രകാരം ലഭിക്കേണ്ട അവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക കമ്മീഷന്‍ രൂപീകരിക്കുന്ന കാര്യവും നിര്‍വാഹക സമിതിയോഗം ചര്‍ച്ച ചെയ്തിരുന്നു. അപ്പോഴാണ് മോഡി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.

യോഗത്തില്‍ ഭരണഘടനാ പദവിയുള്ള കമ്മീഷന്‍ രൂപീകരിക്കാനുള്ള ബില്ലിനെക്കുറിച്ച് യോഗം ചര്‍ച്ചചെയ്യുന്നുണ്ട്. 1993ല്‍ രൂപീകരിച്ച പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ദേശീയ കമ്മീഷനെ ഉടച്ചുവാര്‍ക്കുന്ന ബില്ലിനെക്കുറിച്ചാണ് ബി ജെ പി യോഗത്തില്‍ ചര്‍ച്ച ചെയ്തത്. നിലവില്‍ ലോക്‌സഭ പാസാക്കിയ ബില്ല് രാജ്യസഭയില്‍ പ്രതിപക്ഷ നിസഹകരണത്തെ തുടര്‍ന്ന് തടസപ്പെട്ടിരിക്കുകയാണ്. ഏതെങ്കിലും സമുദായത്തെ പിന്നാക്ക വിഭാഗമായി പ്രഖ്യാപിക്കാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുന്നതാണ് പുതിയ ബില്ല്. ഇത് പാസാക്കുന്നതിനെതിരെ നിലപാടെടുത്ത പ്രതിപക്ഷത്തെ യോഗം വിമര്‍ശിച്ചു.


ഒബിസി വിഭാഗക്കാര്‍ 30 വര്‍ഷമായി ഒരു കമ്മീഷന്‍ വേണമെന്ന ആവശ്യം ഉന്നയിക്കുന്നു. എന്നാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഇക്കാര്യം നടപ്പിലാക്കിയിരുന്നില്ലെന്നും ബി ജെ പി കുറ്റപ്പെടുത്തുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ സെലക്ട് കമ്മിറ്റിക്ക് വിട്ട നടപടിയെയും യോഗം വിമര്‍ശിച്ചു. 2019 ലും മോഡിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന പ്രമേയവും ബി ജെ പി ദേശീയ നിര്‍വാഹക സമിതിയില്‍ അവതരിപ്പിച്ചു. ജനങ്ങള്‍ മോഡിയുടെ അഴിമതി വിരുദ്ധ നടപടിക്ക് പൂര്‍ണ പിന്തുണ നല്‍കി. നോട്ട് അസാധുവാക്കല്‍ രാജ്യം അംഗീകരിച്ചെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

കേരളം ഉള്‍പെടെയുള്ള സംസ്ഥാനങ്ങളില്‍ എന്‍ ഡി എ വളരുമെന്നും നിലവില്‍ അധികാരത്തിലില്ലാത്ത പ്രദേശങ്ങളിലും അധികാരം പിടിക്കുമെന്നും കരടു രാഷ്ട്രീയ പ്രമേയം പറയുന്നു. പൂര്‍ണമായും പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്തുന്ന രാഷ്ട്രീയ പ്രമേയമാണ് സമിതി യോഗത്തില്‍ അവതരിപ്പിച്ചത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഭരണം കൈയ്യാളുക എന്നതാണ് ബി ജെ പി ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. പഞ്ചായത്ത് തലം മുതല്‍ പാര്‍ലമെന്റ് വരെ സമസ്ത മേഖലകളിലും ഭരണം സ്വന്തമാക്കുന്നതോടെ മാത്രമേ ബി ജെ പിയുടെ സുവര്‍ണകാലഘട്ടം ആരംഭിക്കുകയുള്ളൂവെന്ന് ഷാ അഭിപ്രായപ്പെട്ടു.

'ഇതൊന്നുമല്ല ഞങ്ങളുടെ ഏറ്റവും വലിയ നേട്ടം. എല്ലാ സംസ്ഥാനങ്ങളിലും ബി ജെ പിക്ക് മുഖ്യമന്ത്രി ഉണ്ടാകും. പഞ്ചായത്തുകള്‍ മുതല്‍ പാര്‍ലമെന്റ് വരെ ഞങ്ങള്‍ ഭരിക്കും. അപ്പോള്‍ മാത്രമേ ബി ജെ പിയുടെ സുവര്‍ണകാലഘട്ടം ആരംഭിക്കുകയുള്ളൂ'. ഷാ പറഞ്ഞു. അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ബി ജെ പി മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷായുടെ വാക്കുകള്‍ എന്നത് ശ്രദ്ധേയമാണ്. ബിജു ജനതാദള്‍ ഭരണത്തിലുള്ള ഒഡീഷയില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുക എന്നലക്ഷ്യത്തോടെയാണ് ദേശീയ എക്‌സിക്യൂട്ടീവ് ബി ജെ പി ഭുവനേശ്വറില്‍ നടത്തുന്നത്.

നിലവില്‍ 13 സംസ്ഥാനങ്ങളില്‍ തനിച്ച് ഭരണത്തിലുള്ള ബി ജെ പി മറ്റ് നാലിടങ്ങളില്‍ ഭരണം പങ്കിടുന്നുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനൊപ്പം പ്രാദേശിക പാര്‍ട്ടികളെ തുടച്ച് നീക്കുന്നതും അജണ്ടയാക്കി മുന്നോട്ട് നീങ്ങുകയാണ് ബി ജെ പി. നരേന്ദ്ര മോഡി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ജനകീയനായ നേതാവാണെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ജനങ്ങളുമായി വളരെയടുത്ത ബന്ധമുള്ള നേതാവാണ് മോഡിയെന്നും ഷാ ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഷാ തള്ളിക്കളഞ്ഞു. 2004, 2009 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും 2015 ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ബി ജെ പി തോറ്റപ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ ആരും ഉയര്‍ത്തിയില്ലെന്ന് ഷാ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Narendra Modi, BJP, Meeting, National, Muslim, Election, BJP National Executive Meet: Modi begins counter moves even before Opposition unity takes shape.