Follow KVARTHA on Google news Follow Us!
ad

വി എസ് ഇനിയും കത്തുകള്‍ എഴുതും, പുസ്തകവുമാക്കും

പാര്‍ട്ടി നേതൃത്വത്തിന് ഇടയ്ക്കിടെ കത്ത് കൊടുത്തുകൊണ്ടിരിക്കുക എന്നതാണോ സിപിഎമ്മിന്റെ Article, V.S Achuthanandan, Kerala, Thiruvananthapuram, CPM, Letter, Sitaram Yechury, Prakash Karat.
എസ് എ ഗഫൂര്‍

(www.kvartha.com 06.01.2017) പാര്‍ട്ടി നേതൃത്വത്തിന് ഇടയ്ക്കിടെ കത്ത് കൊടുത്തുകൊണ്ടിരിക്കുക എന്നതാണോ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്റെ ഇഷ്ടവിനോദം. കേരളത്തില്‍ മൂന്നു ദിവസം കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നതിനു മുന്നോടിയായി പൊളിറ്റ്ബ്യൂറോ നടക്കുമ്പോഴും അദ്ദേഹം അങ്ങനെയൊരു കത്ത് കൊടുത്തു. യോഗം നടന്ന എകെജി സെന്ററില്‍ കത്ത് എത്തിച്ചത് വി എസിന്റെ മകന്‍ വി എ അരുണ്‍കുമാര്‍. കത്തിന്റെ ഉള്ളടക്കത്തേക്കുറിച്ച് വി എസോ സന്ദേശവാഹകനായ മകനോ പാര്‍ട്ടി നേതൃത്വമോ ഒന്നും പറഞ്ഞിട്ടില്ല.

എങ്കിലും ചില വിവരങ്ങളൊക്കെയുണ്ട്. മാധ്യമങ്ങള്‍ അത് പറയുന്നുമുണ്ട്. 'ഈ മാധ്യമങ്ങളുടെയൊരു കാര്യം, ഞാനെന്തു ചെയ്യുന്നുവെന്ന് നോക്കി നടക്കുവാ അവമ്മാര് ' എന്ന് വി എസ് ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷേ, ഹോ, ഞങ്ങളുടെയൊരു കാര്യം, സമ്മതിക്കണം എന്ന് മാധ്യമങ്ങള്‍ ഇടയ്ക്കിടെ സ്വയം പറയാറുണ്ട്.

വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ക്ലിഫ് ഹൗസിലെയും പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ കന്റോണ്മെന്റ് ഹൗസിലെയും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായപ്പോള്‍ കവടിയാര്‍ ഹൗസിലെയും കമ്പ്യൂട്ടറുകള്‍ മാധ്യമങ്ങളോട് സ്വയം സംസാരിക്കും. ചിലപ്പോള്‍ ചുമരുകള്‍ പോലും സംസാരിക്കും. അങ്ങനെയാണ് കത്തിലെന്താണെന്നും മറ്റും പുറത്തുവരുന്നത്.

ഏതായാലും, പാര്‍ട്ടിയെ നന്നാക്കാനുള്ള നിര്‍ദേശങ്ങളും സംഘടന കൂടുതല്‍ മെച്ചപ്പെട്ട വിധത്തില്‍ കെട്ടിപ്പടുക്കാനുള്ള വിദ്യകളും ഇപ്പോഴത്തെ കത്തിലുണ്ടത്രേ. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവിടെയൊക്കെ അധികാരത്തിലെത്താന്‍ വഴിയെന്തെന്ന് തലപുണ്ണാക്കുന്ന സീതാറാം യച്ചൂരിക്കും പ്രകാശ് കാരാട്ടിനും ആ ഉപദേശം വലിയ ആശ്വാസമാകും എന്നതില്‍ സംശയമില്ല.

ആശങ്കപ്പെടേണ്ടത് നിലവില്‍ യുപി ഭരിക്കുന്ന എസ്പിയും അവിടെ അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന ബിജെപി, ബിഎസ്പി തുടങ്ങിയ കക്ഷികളുമാണ്. വി എസിന്റെ കത്ത് വേണ്ടവിധം നടപ്പാക്കി പാര്‍ട്ടിയെ നന്നാക്കിയാല്‍ അധികാരം സിപിഎമ്മിന്റെ കൈയിലിരിക്കും. പിന്നെ, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍.... ഹോ, ആനന്ദലബ്ധിക്ക് ഇനിയെന്തു വേണം.

വി എസ് കത്തുകൊടുക്കുന്നത് ഇതാദ്യമല്ല എന്നു മാത്രമല്ല അദ്ദേഹത്തിന്റെ കത്തുകളുടെ സമാഹാരം തന്നെ ഇറക്കാന്‍ പോകുന്നുണ്ടെന്നാണ് കേള്‍വി. വി എസ് കേന്ദ്ര സര്‍ക്കാരിന് എഴുതിയ കത്തുകള്‍, ഇ കെ നായനാരുടെ നിയമസഭാ പ്രസംഗങ്ങള്‍, ഇഎംഎസിന്റെ ലേഖനങ്ങള്‍, ഉമ്മന്‍ ചാണ്ടിയേക്കുറിച്ചുള്ള കുഞ്ഞൂഞ്ഞ് കഥകള്‍ തുടങ്ങിയവയുടെ നിരയില്‍ മലയാള സാഹിത്യത്തിന് അതൊരു വലിയ മുതല്‍ക്കൂട്ടാകും.

കേരളം അതിനു വേണ്ടി കാത്തിരിക്കുകയാണ് എന്നു പറഞ്ഞാല്‍ അതൊരു സാധാരണ കാര്യമായിരിക്കും. അത് പരിഭാഷപ്പെടുത്തി മറ്റ് ഭാഷകളിലേക്ക് കൊണ്ടുപോകാന്‍ കേരളത്തിനു പുറത്ത് പ്രസാധകരും ആരാധകരുമുള്‍പ്പെടെ കാത്തിരിക്കുന്നു എന്നുകൂടി അറിയുക.

കേരളത്തില്‍ പിബി നടക്കുമ്പോള്‍ അതില്‍ വി എസിന് പങ്കെടുക്കാന്‍ ആഗ്രഹമുണ്ടാവുക സ്വാഭാവികമാണ്. പക്ഷേ, വി എസ് തന്നെ വലിയ നേതാക്കളാക്കി കൊണ്ടുവന്നവരുടെ കാരുണ്യവും ഗുരുത്വവുംകൊണ്ട് അദ്ദേഹത്തിന് ആ വഴിക്കെങ്ങും പോകാന്‍ സാധിക്കാത്ത സ്ഥിതി. അപ്പോള്‍പ്പിന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച് പിബിയിലെ മറ്റു നേതാക്കളെയെല്ലാം നിഷ്പ്രഭരാക്കുക മാത്രമാണ് വഴി. അതാണ് കത്തിന്റെ ഗുട്ടന്‍സ്.

വി എസിന് വെറുതേയല്ല പ്രായമായത് വെറുതേയല്ല. മുതിര്‍ന്ന നേതാവ് എന്നത് അദ്ദേഹത്തിന് വെറും അലങ്കാരവുമല്ല. കത്തുകള്‍ ഇനിയും വരും. വിഷു വരും, വര്‍ഷം വരും, തിരുവോണം വരും. അപ്പോഴാരെന്നും എന്തെന്നും ആര്‍ക്കറിയാം.... ആ..

Keywords: Article, V.S Achuthanandan, Kerala, Thiruvananthapuram, CPM, Letter, Sitaram Yechury, Prakash Karat.