Follow KVARTHA on Google news Follow Us!
ad

ജനങ്ങള്‍ക്കിടയിലെ പാലത്തേക്കുറിച്ച് നരേന്ദ്ര മോഡി പറയുമ്പോള്‍..

സംഘ്പരിവാര്‍ അനുകൂല ചിന്തകനും പത്രാധിപരും എഴുത്തുകാരനും നടനുമൊക്കെNarendra Modi, chennai, State, Election, Couples, Supreme Court of India, Article,
സമകാലികം/ എസ് എ ഗഫൂര്‍

(www.kvartha.com 16.01.2017) സംഘ്പരിവാര്‍ അനുകൂല ചിന്തകനും പത്രാധിപരും എഴുത്തുകാരനും നടനുമൊക്കെയായിരുന്ന ചോ രാമസ്വാമിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി വീഡിയോ കോണ്‍ഫറന്‍സ് വഴി ചെന്നൈയില്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ക്ക് രാജ്യം വേണ്ടത്ര ശ്രദ്ധ നല്‍കണം. സാമൂഹിക വിവേചനങ്ങള്‍ക്കും ജനങ്ങള്‍ക്കിടയിലെ ഭിന്നിപ്പുകള്‍ക്കും എതിരായാണ് മോഡിയുടെ വാക്കുകള്‍.


മോഡി ആ പറഞ്ഞതൊക്കെ ഉള്ളില്‍ത്തട്ടി ആത്മാര്‍ത്ഥമായാണെങ്കില്‍ നല്ലതുതന്നെ. അതുകൊണ്ട് അത് ജനം ഓര്‍ത്തുവയ്ക്കുന്നത് നന്ന്. രാജ്യത്തിന്റെ പ്രധാനമന്ത്രിയേക്കുറിച്ച് പ്രജകളില്‍ ചില വിഭാഗങ്ങള്‍ക്കുള്ള ആശങ്കകള്‍ അകലാന്‍ ഈ പറഞ്ഞ കാര്യങ്ങളില്‍ അദ്ദേഹം ആത്മാര്‍ത്ഥത പ്രകടിപ്പിച്ചാല്‍ മാത്രം മതിയായേക്കും.

'നമുക്ക് കൂടുതല്‍ ആക്ഷേപഹാസ്യവും നര്‍മവും ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. നര്‍മം നമ്മുടെ ജീവിതത്തില്‍ സന്തോഷം പകരും. നര്‍മം മികച്ച രോഗ ശമിനിയാണ്. പുഞ്ചിരിയുടെ ശക്തിയും പൊട്ടിച്ചിരിയുടെ ശക്തിയും അധിക്ഷേപത്തിന്റെ ശക്തിയേക്കാളും മറ്റേത് ആയുധത്തേക്കാളും ശക്തിയുള്ളതാണ്. നര്‍മം പാലങ്ങള്‍ തകര്‍ക്കുന്നതിനു പകരം അവ നിര്‍മിക്കും. ഇതാണ് യഥാര്‍ത്ഥത്തില്‍ ഇന്ന് നമുക്ക് വേണ്ടത് പാലങ്ങള്‍ നിര്‍മിക്കുക എന്നതാണ്. ജനങ്ങള്‍ക്കിടയിലെ പാലം. സമുദായങ്ങള്‍ക്കിടയിലെ പാലം. സമൂഹങ്ങള്‍ക്കിടയിലെ പാലം.

നര്‍മം മാനവിക സൃഷ്ടിപരതയെ പുറത്തുകൊണ്ടുവരും. ഒരു പ്രസംഗത്തിനോ ഒരു സംഭവത്തിനോ ബഹുതല അര്‍ത്ഥങ്ങളും മുന്നറിയിപ്പുകളും സൃഷ്ടിക്കാന്‍ കഴിയുന്ന കാലത്താണ് നാം ജീവിക്കുന്നത്.'
ഇത്ര കാമ്പോടെ പ്രധാനമന്ത്രി മോഡി മുമ്പ് സംസാരിക്കുന്നത് കേട്ടിട്ടില്ല എന്നതാണ് സത്യം. ചോ രാമസ്വാമി തന്റെ പ്രിയ സുഹൃത്തായിരുന്നു എന്ന് പ്രസംഗത്തില്‍ അദ്ദേഹം പറയുന്നുണ്ട്. മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ ജനവിഭാഗങ്ങള്‍ അവരുടെ ഉത്സവങ്ങള്‍ ആഘോഷിക്കുന്ന ശുഭവേളയാണ് ഇതെന്നും അദ്ദേഹം പ്രസംഗത്തിന്റെ തുടക്കത്തില്‍ പറയുന്നു. 

വളരെ പ്രസന്നവും പ്രസാദാത്മകവുമായ പ്രസംഗമായിരുന്നു അദ്ദേഹത്തിന്റെത്. മേല്‍പ്പറഞ്ഞ വരികള്‍ സത്യത്തില്‍ ആ പ്രസംഗത്തിന്റെ കാതല്‍ തന്നെയാണ്. എന്നാല്‍ അത് മാധ്യമങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെയും പ്രാധാന്യത്തോടെയും കണ്ടോ, ജനങ്ങളില്‍ എത്തിച്ചോ എന്ന് സംശയമുണ്ട്. മഹത്തായ ഇന്ത്യാ രാജ്യത്തിലെ വിവിധ ജനവിഭാഗങ്ങള്‍ തങ്ങളുടെ മതപരമായ ഐഡന്റിറ്റിയും വിശ്വാസപരമായ നിഷ്ഠകളും നിലനിര്‍ത്തിക്കൊണ്ടുതന്നെ പരസ്പരം ഐക്യത്തോടെ ജീവിക്കുന്നതിന് ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്.

അതാണല്ലോ നമ്മുടെ രാജ്യത്തിന്റെ വൈവിധ്യവും. പരസ്പരം കലഹിക്കുന്നവരും ഭിന്നിക്കുന്നവരും സംശയിക്കുന്നവരുമല്ല, സ്‌നേഹിക്കുന്നവരും കൂട്ടായി നില്‍ക്കുന്നവരും തമ്മില്‍ വിശ്വസിക്കുന്നവരുമാണ് ബഹുഭൂരിപക്ഷം. എന്നാല്‍ നന്മയുടെയും സൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും ആ തെളിഞ്ഞ അന്തരീക്ഷം കലുഷമാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് പലപ്പോഴും മേല്‍ക്കൈ ലഭിക്കുന്നു. 

പ്രധാനമന്ത്രി തന്നെ തങ്ങളോട് അനുഭാവം പുലര്‍ത്തുന്നു എന്ന് അത്തരം ഇരുട്ടിന്റെ ശക്തികള്‍ പലപ്പോഴും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ദുരവസ്ഥയുണ്ട്. അസഹിഷ്ണുതാ പ്രകടനത്തിന്റെ പ്രത്യാഘാതങ്ങളായി സംഭവിച്ച നിര്‍ഭാഗ്യകരമായ സംഭവങ്ങളോട് അദ്ദേഹം വേണ്ട വിധം പ്രതികരിക്കാതിരിക്കുകയും പലപ്പോഴും മൗനം പുലര്‍ത്തുകയും ചെയ്തത് ഈ പ്രചരണത്തിന് വ്യാപ്തി കൂട്ടുകയും ചെയ്തു. അതിന്റെ ഫലമായി ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും ചുറ്റും അരക്ഷിത ബോധത്തിന്റെ തീ പടര്‍ന്നു. അത് ഇനിയും കെട്ടടങ്ങിയിട്ടില്ല.

അതുകൊണ്ടുതന്നെയാണ് സമുദായങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും ഇടയില്‍ മാനവികതയുടെ പാലം നിര്‍മിക്കുകയാണ് ഇന്നിന്റെ ആവശ്യം എന്ന നരേന്ദ്ര മോഡിയുടെ വാക്കുകള്‍ ഒരു ആഹ്വാനം പോലെ പ്രസക്തമായിത്തീരുന്നത്. സമുദായത്തിന്റെയും മതത്തിന്റെയും പേരില്‍ വോട്ടുപിടുത്തം വേണ്ട എന്ന് സുപ്രീംകോടതി വിധിച്ചത് ദിവസങ്ങള്‍ക്ക് മുമ്പു മാത്രമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കാന്‍ പോകുന്നു. ജനങ്ങള്‍ക്കിടയിലെ പാലത്തേക്കുറിച്ച് പറയുന്നത് തെരഞ്ഞെടുപ്പ് മനസില്‍ വച്ചുകൊണ്ടല്ല എന്ന് വിശ്വസിക്കാനാണ് ശുഭാപ്തി വിശ്വാസമുള്ളവര്‍ക്ക് ഇഷ്ടം. അത് അങ്ങനെതന്നെ ആയിരിക്കട്ടെ.

PM's Chennai speech should be a real inspiration to the people , Bridge, Narendra Modi, chennai, State, Election, Couples, Supreme Court of India, Article.

Also Read:
കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തിനുകാരണം അക്രമക്കേസില്‍ സാക്ഷിപറഞ്ഞ വിരോധം; ബന്ധുവിനെതിരെ വധശ്രമത്തിന് കേസ്

Keywords: PM's Chennai speech should be a real inspiration to the people , Bridge, Narendra Modi, chennai, State, Election, Couples, Supreme Court of India, Article.