Follow KVARTHA on Google news Follow Us!
ad

വികസനം മാത്രമല്ല സാമൂഹിക നന്മകള്‍ നിലനിര്‍ത്തല്‍ കൂടിയാണ് ഭരണം: പിണറായി

പുന:സംഘടിപ്പിച്ച സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ വികസനത്തിനൊThiruvananthapuram, Pinarayi vijayan, Criticism, Kerala,
തിരുവനന്തപുരം: (www.kvartha.com 09.09.2016) പുന:സംഘടിപ്പിച്ച സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ വികസനത്തിനൊപ്പം സാമൂഹിക നന്മകളേക്കുറിച്ചും ഓര്‍മിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം.

പ്രസംഗത്തിന്റെ പൂര്‍ണരൂപം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. പുനഃസംഘടിപ്പിക്കപ്പെട്ട സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പ്രഥമ യോഗത്തില്‍ പങ്കെടുക്കുന്ന നിങ്ങളെ ഓരോരുത്തരെയും അംഗങ്ങളെയും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരെയും ബോര്‍ഡിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ ഞാന്‍ സ്വാഗതം ചെയ്യുന്നു.

കേരളത്തിന്റെ വികസനം നിര്‍ണായകമായ ഒരു വഴിത്തിരിവില്‍ എത്തിനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് പുതിയ ആസൂത്രണ ബോര്‍ഡിന്റെ പ്രഥമ യോഗം ചേരുന്നത്. ഐക്യകേരളം രൂപംകൊണ്ടിട്ട് അറുപതുവര്‍ഷം പൂര്‍ത്തിയാവുകയാണ്. അതുപോലെ, ഇത് പന്ത്രണ്ടു പഞ്ചവത്സരപദ്ധതികള്‍ പൂര്‍ത്തിയാക്കി പതിമൂന്നാം പദ്ധതിക്ക് രൂപംകൊടുക്കുന്ന സന്ദര്‍ഭം കൂടിയാണ്. കേരളത്തിന്റെ ഇതഃപര്യന്തമുള്ള വികസനാനുഭവങ്ങളെ വിമര്‍ശനബുദ്ധിയോടെ വിലയിരുത്താനും പോരായ്മകള്‍ ഒഴിവാക്കി മുന്നോട്ടുപോകാനുള്ള വഴികള്‍ അന്വേഷിക്കാനും ഏറ്റവും യോജിച്ച സന്ദര്‍ഭമാണിത്.

കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ഉയര്‍ന്നുവരുന്ന പുതിയ വെല്ലുവിളികളെയും ഒപ്പം പുതിയ സാധ്യതകളെയും സമഗ്രമായി കാണാന്‍ ഈ അവസരത്തില്‍ നാം തയ്യാറാവേണ്ടതുണ്ട്. വികസനചരിത്രം വിലയിരുത്തേണ്ടതുണ്ട്. സമകാലീന വെല്ലുവിളികളെയും അവസരങ്ങളെയും എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നു പരിശോധിക്കേണ്ടതുണ്ട്. ഇതെല്ലാം ചെയ്തുകൊണ്ട് പുതിയ പദ്ധതി തയ്യാറാക്കുന്നതിന്റെ രീതിശാസ്ത്രത്തിലേക്ക് ഞാന്‍ ഇപ്പോള്‍ കടക്കുന്നില്ല. എന്റെ ആമുഖത്തിനുശേഷം ഇവിടെ നടക്കുന്ന അവതരണങ്ങളിലും ചര്‍ച്ചകളിലും ആ വക കാര്യങ്ങള്‍ പരിശോധിക്കപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ട്.

പതിമൂന്നാം പദ്ധതി തയ്യാറാക്കുമ്പോള്‍ മനസ്സില്‍ സൂക്ഷിക്കേണ്ട പൊതുവായ ചില കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ മാത്രമേ ഞാന്‍ ശ്രമിക്കുന്നുള്ളു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏറ്റവും ആദ്യം എടുത്ത പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്ന് 'ആസൂത്രണത്തിന്റെ വഴി' കേരളം ഉപേക്ഷിക്കില്ല എന്നതാണ്. അഥവാ പതിമൂന്നാം പദ്ധതിയുടെ രൂപീകരണവുമായി മുന്നോട്ടുപോകും എന്നതാണ്. കേന്ദ്രസര്‍ക്കാരിന്റെ ഇച്ഛയ്ക്കു വിരുദ്ധമായി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതിന്റെ കാരണം എന്തെന്ന ചോദ്യത്തിന് ലളിതമായ ഒരു ഉത്തരമുണ്ട്.

കേരളത്തിലെ ജനങ്ങള്‍ അവരുടെ ഭാവിയെ വിധിക്കും കമ്പോളത്തിനും കണ്ണുകളടച്ചു വിട്ടുകൊടുക്കാന്‍ തയ്യാറാവുന്നവരല്ല എന്നതാണ് ലളിതമായ ആ ഉത്തരം. മനുഷ്യന്റെ
ഇച്ഛാശക്തിയിലൂടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും വിധിയെന്നു പറയപ്പെടുന്നതിനെ മാറ്റിത്തീര്‍ക്കാനും കമ്പോള ശക്തികളെ നിയന്ത്രിക്കാനും കഴിയും എന്നു തെളിയിച്ചവരാണ് കേരളത്തിലെ ജനങ്ങള്‍. ആസൂത്രണം മനുഷ്യന്റെ ഇച്ഛാശക്തിയുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

ഇതിന്റെ അര്‍ത്ഥം വികസനകാര്യങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രവുമായി കലഹിക്കാന്‍ തയ്യാറെടുക്കുന്നു എന്നല്ല. പഞ്ചവത്സര പദ്ധതി ഉപേക്ഷിച്ചെങ്കിലും കേന്ദ്രാവിഷ്‌കൃത പരിപാടികളില്‍ പലതും തുടരുന്നുണ്ട്. ഇതുകൂടാതെ കേന്ദ്രം പുതിയ വികസന പരിപാടികള്‍ ആരംഭിക്കാനും സാധ്യതയുണ്ട്. കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചുകൊണ്ട് അവയുടെ പരമാവധി പ്രയോജനം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് എത്തിക്കണം എന്നുതന്നെയാണ് സംസ്ഥാനത്തിന്റെ തീരുമാനം. അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളിലും ആസൂത്രണബോര്‍ഡിലും നടക്കണം.

പതിമൂന്നാം പദ്ധതിയുടെ ലക്ഷ്യങ്ങളും മാര്‍ഗങ്ങളും തീരുമാനിക്കുന്നത് ജനങ്ങള്‍ ഈ സര്‍ക്കാരിനു നല്‍കിയിരിക്കുന്ന ജനവിധിയെ മുന്‍നിര്‍ത്തിയായിരിക്കണം എന്ന കാര്യവും ഇവിടെ പ്രത്യേകം എടുത്തുപറയുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 'മതനിരപേക്ഷ കേരളം, അഴിമതിരഹിത കേരളം, വികസിത കേരളം' എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഞങ്ങള്‍ ജനങ്ങളെ സമീപിച്ചത്. ഈ മുദ്രാവാക്യങ്ങള്‍ സഫലമാക്കാനുള്ള വിശദമായ മാര്‍ഗങ്ങളും ഞങ്ങള്‍ തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയില്‍ അവതരിപ്പിച്ചിരുന്നു.

ജനങ്ങള്‍ അംഗീകരിച്ച പ്രസ്തുത പരിപാടിയാണ് സര്‍ക്കാരിന്റെ വഴികാട്ടി. ഇതില്‍ മതനിരപേക്ഷതയെ സംരക്ഷിക്കുന്നതിനും അഴിമതി തുടച്ചുനീക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു എന്നു മാത്രമല്ല നല്ല ഫലം കണ്ടുതുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇത് കേരള വികസനത്തിനു വലിയ മുതല്‍ക്കൂട്ടാവും.

എന്നാല്‍, വികസിത കേരളം എന്ന മുദ്രാവാക്യം നേടിയെടുക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തിന്റെ പതിമൂന്നാം പദ്ധതിയെയാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരണമെങ്കില്‍ സംസ്ഥാനത്തിന്റെ ആളോഹരി ഉല്‍പാദനവും ആളോഹരി വരുമാനവും ഗണ്യമായി വളരേണ്ടതുണ്ട്. ചെറുപ്പക്കാരുടെ പ്രതീക്ഷകള്‍ക്കൊത്ത് ധാരാളം പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അതിനു പൊതുമേഖലയിലും സ്വകാര്യമേഖലയിലും കൂടുതല്‍ മൂലധനനിക്ഷേപം നടക്കണം. വളര്‍ച്ചയും നിക്ഷേപവും പൊതുനന്മയ്ക്ക് ഉതകുന്നതാവണം. പരിസ്ഥിതിരക്ഷ ഉറപ്പാക്കുന്നതും സ്ത്രീകളുടെയും കുട്ടികളുടെയും മറ്റും അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമാവണം.

വളര്‍ച്ചയും വികസനത്തിലെ സാമൂഹ്യതാല്‍പര്യങ്ങളും ഒരുമിച്ചു കൊണ്ടുപോകാനാകുമോ എന്ന സംശയം പലര്‍ക്കുമുണ്ടാവാം. എന്നാല്‍, സാമ്പത്തികവളര്‍ച്ചയും സാമൂഹ്യനന്മയും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയും എന്ന ബോധ്യമാണ് ഞങ്ങള്‍ക്കുള്ളത്. വളര്‍ച്ചയോടൊപ്പം കേരളസമൂഹം അംഗീകരിക്കുന്ന വിശാലമായ സാമൂഹ്യലക്ഷ്യങ്ങള്‍ നേടിയെടുക്കുക എന്നതാണ്
നമ്മുടെ ആസൂത്രകര്‍ ഏറ്റെടുക്കേണ്ട വെല്ലുവിളി.

ആസൂത്രണത്തിന്റെ നടപടിക്രമങ്ങളെക്കുറിച്ച് ഒന്നുരണ്ടു കാര്യങ്ങള്‍ കൂടി ഇവിടെ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുകയാണ്. ആസൂത്രണബോര്‍ഡ് രൂപംനല്‍കുന്ന വിവിധ വര്‍ക്കിങ് ഗ്രൂപ്പുകളിലും ഇതര വേദികളിലും പഴയ പദ്ധതികളുടെ അനുഭവവും പുതിയ പദ്ധതിയില്‍ ഏറ്റെടുക്കേണ്ട വികസനപരിപാടികളും വിശദമായി ചര്‍ച്ച ചെയ്യപ്പെടും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, ആസൂത്രണബോര്‍ഡിലെ വര്‍ക്കിങ് ഗ്രൂപ്പുകളില്‍ നടക്കുന്ന ചര്‍ച്ചകളും അവ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകളും വകുപ്പുകളുടെ പദ്ധതിനിര്‍ദേശങ്ങളില്‍ വേണ്ടത്ര പ്രതിഫലിക്കുന്നുണ്ടോ എന്നത് പരിശോധിക്കണം.

വേണ്ട അളവില്‍ അത് ഉണ്ടാവുന്നില്ല എന്ന വിമര്‍ശനം മുമ്പ് കേട്ടിട്ടുണ്ട്. പണ്ടുമുതലേ തുടരുന്നതും കാലഹരണപ്പെട്ടതുമായ പ്രോജക്ടുകള്‍ മാറ്റമില്ലാതെ തുടരാനുള്ള പ്രവണത ഉണ്ടാവാം. ഈ പോരായ്മ ഒഴിവാക്കാന്‍ ആസൂത്രണബോര്‍ഡും പദ്ധതിസഹായം ലഭിക്കുന്ന എല്ലാ ഏജന്‍സികളും വകുപ്പുകളും പ്രത്യേകം ശ്രദ്ധിക്കണം.

എല്ലാ വകുപ്പുകളും വികസന ഏജന്‍സികളും അവരുടെ മുന്‍കാല പണി/ പ്രോജക്ട് അനുഭവങ്ങള്‍ സ്വയം വിമര്‍ശനപരമായി വിലയിരുത്താന്‍ ഈ സന്ദര്‍ഭത്തില്‍ തയ്യാറാവണം. മുകളിലത്തെ തട്ടില്‍ മാത്രമല്ല, താഴേത്തട്ടു മുതല്‍ ഇത്തരം ഒരു പരിശോധന വകുപ്പുകളില്‍ നടക്കണം. എന്നാല്‍ മാത്രമേ പതിമൂന്നാം പദ്ധതിയുടെ ലക്ഷ്യങ്ങള്‍ക്ക് ഉതകുന്ന തരത്തിലുള്ള വികസന ആശയങ്ങളും സ്‌കീമുകളും തയ്യാറാക്കാന്‍ വകുപ്പുകള്‍ക്ക് കഴിയൂ. കാലഹരണപ്പെട്ട പരിപാടികള്‍ ഒഴിവാക്കിക്കൊണ്ടു മാത്രമേ പുതിയ കാലത്തിന്റെയും പുതിയ തലമുറയുടെയും പരിപാടികള്‍ ഏറ്റെടുക്കാന്‍ കഴിയൂ എന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല.

പദ്ധതി രൂപീകരണം സംബന്ധിച്ചുള്ള മറ്റൊരു നിര്‍ദേശം ചര്‍ച്ചകളില്‍ ബഹുജനപങ്കാളിത്തം ഉറപ്പാക്കുന്നതു സംബന്ധിച്ചുള്ളതാണ്. മുന്‍കാല പദ്ധതികളെയും പ്രോജക്ടുകളെയും വിലയിരുത്തുന്നതിലും പുതിയ പ്രോജക്ടുകളും സ്‌കീമുകളും നിര്‍ദേശിക്കുന്നതിലും ബഹുജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും. ബഹുജനങ്ങളില്‍നിന്നും പഴയ പദ്ധതികളുടെ വിമര്‍ശനവും പുതിയവ സംബന്ധിച്ച നിര്‍ദേശങ്ങളും സ്വീകരിക്കാന്‍ ആസൂത്രണബോര്‍ഡ് തയ്യാറാവണം.

നിര്‍ദേശങ്ങള്‍ സ്വീകരിച്ചാല്‍ മാത്രം പോരാ. അവ ഗൗരവമായി പരിഗണിക്കാനുള്ള സംവിധാനവും ഒരുക്കണം. ഇത്തരം ജനപങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴിയും നാം തേടേണ്ടതുണ്ട്. ഉദാഹരണത്തിന് ഏറ്റവും നല്ല വിമര്‍ശനങ്ങളും പുതിയ വികസന ആശയങ്ങളും നേരിട്ട് അവതരിപ്പിക്കാന്‍ അവസരം നല്‍കാം; ഉചിതമായ അംഗീകാരം നല്‍കാം.

പദ്ധതി രൂപീകരണത്തില്‍ കാണിക്കുന്നയത്രയോ അതിലധികമോ ശ്രദ്ധ പദ്ധതി നടത്തിപ്പിനും ഉണ്ടാവണം എന്നു സൂചിപ്പിച്ചുകൊണ്ട് എന്റെ ഹ്രസ്വമായ ആമുഖപ്രസംഗം അവസാനിപ്പിക്കുകയാണ്. പദ്ധതി നടത്തിപ്പിന്റെ വിലയിരുത്തല്‍ കേവലം പണം ചെലവാക്കിയോ എന്ന അന്വേഷണത്തില്‍ ഒതുങ്ങരുത്. പദ്ധതിരേഖയില്‍ ഓരോ പ്രോജക്ടിന്റെയും ഭൗതികലക്ഷ്യങ്ങള്‍ കൃത്യമായി നിര്‍വചിച്ചിരിക്കണം. നടത്തിപ്പു വിലയിരുത്തുന്ന സന്ദര്‍ഭത്തില്‍ ഭൗതികലക്ഷ്യങ്ങള്‍ എത്രമാത്രം നേടി എന്നതും പരിശോധിക്കണം. പദ്ധതി നടത്തിപ്പിന്റെ വിശദാംശങ്ങള്‍ പരമാവധി സുതാര്യമാക്കുന്നതിനും കഴിയണം.

പതിമൂന്നാം പദ്ധതിക്കാലത്ത് കേരളത്തെ വളര്‍ച്ചയുടെയും സാമൂഹ്യനീതിയുടെയും പരിസ്ഥിതിരക്ഷയുടെയും ഒരു ഉയര്‍ന്ന പന്ഥാവിലേക്ക് എത്തിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം ഗവണ്‍മെന്റിനുണ്ട്. അതിനു നിങ്ങളുടെ എല്ലാ അകമഴിഞ്ഞ സഹകരണവും സംഭാവനയും ഉണ്ടാവണം എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.


CM's speech at planning boards first meeting, Planning Board, Central govt, Project, Scheam, Thiruvananthapuram, Pinarayi vijayan, Criticism, Kerala.

Keywords: CM's speech at planning boards first meeting, Planning Board, Central govt, Project, Scheam, Thiruvananthapuram, Pinarayi vijayan, Criticism, Kerala.