Follow KVARTHA on Google news Follow Us!
ad

പ്രതിരോധ കുത്തിവെപ്പുകളും വാക്‌സിനുകളും എടുക്കാന്‍ ആരും ശങ്കിച്ചു നില്‍ക്കേണ്ട: ഖലീല്‍ തങ്ങള്‍

രോഗപ്രതിരോധത്തിന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന പ്രതിരോധ കുത്തിവെപ്പുകളും വാക്‌സിനുകളും Malappuram Native, Kerala, Muslim pilgrimage, Kanthapuram A.P.Aboobaker Musliyar, Sunni, Muslims,
മലപ്പുറം: (www.kvartha.com 02.07.2016) രോഗപ്രതിരോധത്തിന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന പ്രതിരോധ കുത്തിവെപ്പുകളും വാക്‌സിനുകളും എടുക്കാന്‍ ആരും ശങ്കിച്ചു നില്‍ക്കേണ്ടതില്ലെന്ന് മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍. മലപ്പുറം മഅ്ദിന്‍ സ്വലാത്ത് നഗറില്‍ നടന്ന ആത്മീയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വസ്തരും നീതിമാന്മാരുമായ ആരോഗ്യ വിദഗ്ദര്‍ ആരോഗ്യ സംരക്ഷണത്തിന് നല്‍കുന്ന നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നതാണ് ഇസ്‌ലാമിക പക്ഷം. ഒറ്റപ്പെട്ടു കേള്‍ക്കുന്ന ദുരന്തവാര്‍ത്തകള്‍ ആരോഗ്യമുള്ള സമൂഹം എന്ന വിശാലമായ ലക്ഷ്യത്തിന് വിലങ്ങുതടിയായിക്കൂടാ. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതെയാക്കാനും ഈ രംഗത്തെ അനാരോഗ്യ പ്രവണതകള്‍ക്ക് തടയിടാനും സര്‍ക്കാറും സന്നദ്ധ സംഘടനകളും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



ആത്മീയ മാര്‍ഗങ്ങളെയും മതത്തിന്റെ കാമ്പറിഞ്ഞ പൂര്‍വ്വസൂരികളെയും അവഗണിച്ചുകൊണ്ടുള്ള ഇസ്‌ലാമിക വിശ്വാസം അപൂര്‍ണമാണ്. തിരുനബിയില്‍ നിന്നും പൈതൃകമായിക്കിട്ടിയ ഈ മഹത്തായ പാരമ്പര്യത്തെ കൈവെടിഞ്ഞതാണ് മുസ്‌ലിം ലോകത്ത് ഇന്ന് കാണുന്ന പ്രശ്‌നങ്ങള്‍ക്കു കാരണം. വികല വിശ്വാസങ്ങള്‍ വികല ചിന്തയിലേക്കും അത് ആത്യന്തികമായി സമൂഹത്തിന്റെ സമാധാന തകര്‍ച്ചയിലേക്കും നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം പേരില്‍ രംഗത്തുവന്ന ഭീകര സംഘങ്ങളൊക്കെ ഇത്തരത്തില്‍ പാരമ്പര്യനിരാസത്തില്‍ വളര്‍ന്നു വന്നവരാണ്. അവസാനമായി ഐ.എസിലെത്തി നില്‍ക്കുന്ന ഈ അരാജക വാദികളെ പല്ലും നഖവുമുപയോഗിച്ചു എതിര്‍ക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു വരണം. മത പരിഷ്‌കരണത്തിന്റെയും നവോത്ഥാനത്തിന്റെയും പേരില്‍ ഇത്തരം വികല ചിന്തകള്‍ മുസ്‌ലിം മനസ്സുകളില്‍ കുത്തിവെക്കാനുള്ള ഗൂഢശ്രമങ്ങളെപ്പറ്റി ജാഗരൂകരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരതക്കെതിരെ ജനമനസ്സുകളെ ഒരുക്കിയെടുക്കാനാണ് എല്ലാ വര്‍ഷവും പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ഐ.എസ് ഉള്‍പ്പെടെയുള്ള ഭീകര സംഘങ്ങള്‍ക്കെതിരെ പ്രതിജ്ഞ നടത്തുന്നതെന്നും മഅദിന്‍ ചെയര്‍മാന്‍ ഖലീല്‍ തങ്ങള്‍ വ്യക്തമാക്കി.



Keywords: Malappuram Native, Kerala, Muslim pilgrimage, Kanthapuram A.P.Aboobaker Musliyar, Sunni, Muslims, Sayyid Ibraheemul Khaleelul Bhukhari, Swalath Nagar, Ramzan.