Follow KVARTHA on Google news Follow Us!
ad

തിരിച്ചുപിടിക്കുക, നഷ്ടപ്പെട്ട പച്ചപ്പിനേയും ആവാസ വ്യവസ്ഥയേയും

വനത്തിലെ അനധികൃത വ്യാപാരത്തിനെതിരെ പോരാടുക എന്ന മുദ്രാവാക്യത്തോടെയാണ് ഐക്യരാഷ്ട്ര സഭ 2016 ലെ പരിസ്ഥിതി ദിനം ആചരിക്കുന്നത് Article, Environmental problems, Endosulfan, India, River, Fog, Water, Drinking Water, Ozone, Human, Plastic, Pesticide, insecticide.
സാബിത്ത് 

(www.kvartha.com 05.06.2016) വനത്തിലെ അനധികൃത വ്യാപാരത്തിനെതിരെ പോരാടുക എന്ന മുദ്രാവാക്യത്തോടെയാണ് ഐക്യരാഷ്ട്രസഭ 2016 ലെ പരിസ്ഥിതി ദിനം ആചരിക്കുന്നത്. അംഗോളയാണ് ഇത്തവണത്തെ ആതിഥേയ രാജ്യം. വനജീവിതത്തിനു നേരെയുള്ള കൈയേറ്റങ്ങള്‍ ഇല്ലാതാക്കാന്‍ നാം ഊര്‍ജസ്വലരായി പ്രയത്‌നിക്കുക എന്ന സന്ദേശമാണ് ഈയൊരു മുദ്രാവാക്യത്തിലൂടെ യു എന്‍ മുന്നോട്ട് വെക്കുന്നത്. ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ ഭാഗമായി 1972 മുതല്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് ഈ ദിനാചരണം ആരംഭിച്ചത്.

നഷ്ടപ്പെടുന്ന പച്ചപ്പിനേയും ഇല്ലാതാകുന്ന ആവാസ വ്യവസ്ഥകളേയും ഉരുകിത്തീരുന്ന ഭൂമിയെയും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ഓരോ ജൂണ്‍ 5 ഉം കടന്നുപോകുന്നത്. കാലവസ്ഥാ വ്യതിയാനം, താപനില വര്‍ദ്ധന, വനഭൂമി കയ്യേറ്റങ്ങള്‍, വന നശീകരണം, വന്യജീവികളെ ഇല്ലാതാക്കല്‍ തുടങ്ങിയവ വനജീവിതത്തേയും മനുഷ്യ ജീവിതത്തെയും ഒരുപോലെ ബാധിക്കുന്ന സാഹചര്യത്തിലാണ് 'വനം സംരക്ഷിക്കുക.. നശിപ്പിക്കരുത്' എന്ന പ്രചരണ പരിപാടിക്ക് പ്രാധാന്യം നല്‍കി അന്താരാഷ്ട്ര പരിസ്ഥിതി സംരക്ഷണ സമിതി ഈ വര്‍ഷത്തെ പരിസ്ഥിതി ദിന പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.

ലോകം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പരിസ്ഥിതിപ്രശ്‌നം. ഭൗമ ഉച്ചകോടികള്‍ ഒരുപാടെണ്ണം കഴിഞ്ഞെങ്കിലും പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള കരാറുകളില്‍ ഒപ്പിടാന്‍ പോലും ആഗോള സമ്പന്ന രാജ്യങ്ങള്‍ തയ്യാറാവുന്നില്ല. മണ്ണിനേയും വെള്ളത്തേയും പരമാവധി ഉപയോഗിച്ചും മലിനപ്പെടുത്തിയുമുള്ള നവവികസന നയങ്ങളാണ് പ്രകൃതിയെ നശിപ്പിക്കുന്നത്. നാം ഇന്ന് കേട്ടുകൊണ്ടിരിക്കുന്ന കൊടുങ്കാറ്റുകളുടെയും സുനാമി പോലുള്ള ദുരന്തങ്ങളുടേയും ഉയര്‍ന്ന താപനിലയുടെയും കാരണങ്ങള്‍ വിരല്‍ ചൂണ്ടുന്നത് പ്രകൃതിയോടുള്ള അമിത ചൂഷണത്തിലേക്കു തന്നെയാണ്.

ലോക സമൂഹത്തോടൊപ്പം ഇന്ത്യയിലും വിപുലമായ രീതിയില്‍ പരിസ്ഥിതി ദിനം ആഘോഷിക്കുന്നുണ്ട്. കേരളത്തില്‍ രണ്ട് വര്‍ഷം കൊണ്ട് ഒരു ലക്ഷം വൃക്ഷത്തൈകള്‍ നടുമെന്ന് പറഞ്ഞ് ഹരിത കേരളം പദ്ധതിക്ക് 2009 ജൂണ്‍ 5 ന് തുടക്കമിട്ടിരുന്നു. ഇന്നേക്ക് ഏഴ് വര്‍ഷം പിന്നിട്ടു. ഇപ്പോള്‍ എത്ര വൃക്ഷങ്ങള്‍ ഉണ്ടെന്നോ അന്ന് നട്ടുപിടിപ്പിച്ചതില്‍ തന്നെ എത്ര മരങ്ങള്‍ ഇന്നും സംരക്ഷിച്ചുപോകുന്നുവെന്നോ നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ. താപനില വര്‍ദ്ധിക്കുന്നതും പുഴകളും തോടുകളും അരുവികളും ഇല്ലാതാകുന്നതും മനുഷ്യന്റെ വികസന കാഴ്ചപ്പാട് ഒന്നുകൊണ്ടുമാത്രമാണെന്ന് പറയുന്നതില്‍ തെറ്റില്ല.

നദികള്‍ നശിപ്പിക്കുക, ജലമലിനീകരണം, കീടനാശിനികളുടെയും മറ്റും അമിതോപയോഗം, പുകമലിനീകരണം, പ്ലാസ്റ്റിക് ഉപയോഗം തുടങ്ങിയവ പരിസ്ഥിതിയുടെ തന്നെ താളം തെറ്റിച്ചുകൊണ്ടിരിക്കുകയാണ്.


നദികള്‍ മരിക്കുന്നു.. കുടിവെള്ളം മലിനീകരിക്കപ്പെടുന്നു

44 ഓളം നദികള്‍ ഓഴുകുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കുടിവെള്ള ക്ഷാമവും ജലമലിനീകരണവും പ്രധാനപ്രശനമായി മാറിയിരിക്കുന്നു. വെള്ളത്തിന്റെ ഉറവിടങ്ങള്‍ എല്ലാം തന്നെ മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുന്നു. മണല്‍ ഖനനം അനുവദിച്ചതിലും കൂടുതലായി നടക്കുന്നു. ഇതുമൂലം മഴവെള്ള സംഭരണികള്‍ നഷ്ടമാകുകയും ആവാസയവസ്ഥയില്‍ ഗുരുതരമായ പ്രശങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു. സംസ്ഥാനത്ത് 31 ദശലക്ഷം ടണ്‍ മണലാണ് നിലവില്‍ ഖനനം ചെയ്യുന്നത്. ഇത് അനുവദിച്ചതിനേക്കാള്‍ 31 മടങ്ങ് അധികമാണ്.

പുഴകള്‍ക്ക് പുറമേ ചെറിയ തോടുകളില്‍ നിന്നു പോലും അനധികൃതമായി മണല്‍ ഖനനം ചെയ്യുന്നുണ്ട്. ഇത് പുഴകളിലേക്കുള്ള മണലിന്റെ ഒഴുക്ക് തടയുകയും വെള്ളത്തിന്റെ വേഗതയെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതുമൂലം വെള്ളത്തിലെ ഓക്‌സിജന്‍ ക്രമാതീതമായി കുറയുകയും പുഴകളുടെയും കടലിന്റെയും മത്സ്യസമ്പത്തിനെ സാരമായി ബാധിക്കുകയും ചെയ്യുന്നു. മണലാണ് പുഴകളിലെ വെള്ളം പിടിച്ചു നിര്‍ത്തുന്നത്. എന്നാല്‍ മണല്‍ എടുക്കുന്നതോടെ പുഴകള്‍ക്ക് വെള്ളം സംരക്ഷിക്കാന്‍ കഴിയാതാവുന്നു. ഇത് പരിസ്ത്ഥിതിക്ക് വന്‍ ആഘാതമാണ് സൃഷ്ടിക്കുന്നത്.

ഒരുകാലത്ത് കുടിക്കാന്‍ പോലും ഉപയോഗിച്ചിരുന്ന നമ്മുടെ നദികളിലെ ജലം ഇന്ന് കാല്‍ കഴുകാന്‍ പോലും ശുദ്ധമല്ല. കേരളീയ സംസ്‌കാരത്തിന്റെ അടയാളങ്ങളിലൊന്നായ ഭാരതപ്പുഴ ഇന്ന് വെറുമൊരു നീര്‍ച്ചാല്‍ മാത്രമായി മാറിയിരിക്കുകയാണ്. മണല്‍ ഖനനം തന്നെയാണ് ഭാരതപ്പുഴയെയും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രവും കുട്ടനാടിന്റെ കാര്‍ഷികവൃത്തിക്ക് ജീവന്‍ നല്‍കുന്നതുമായ വേമ്പനാട്ടുകായലും പരിസരവും നേരിടുന്ന മലിനീകരണപ്രശ്‌നം ചെറുതൊന്നുമല്ല. 1500 ഓളം ഹൗസ് ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്ന വേമ്പനാട്ടുകായലിലെ വെള്ളം ഇന്ന് മനുഷ്യവിസര്‍ജ്ജനവും ഭക്ഷണാവശിഷ്ടവും പ്ലാസ്റ്റിക്കും അടിഞ്ഞുകൂടി ഉപയോഗയോഗ്യമല്ലാതായിരിക്കുന്നു. മാത്രമല്ല, വെള്ളത്തില്‍ ബോട്ടുകളിലെ ഡീസല്‍ കലരുന്നത് മൂലം മത്സ്യസമ്പത്ത് തന്നെ ഇല്ലാതാകുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.


കീടനാശിനികളുടെ ഉപയോഗം (എന്‍ഡോസള്‍ഫാന്‍)

കീടനാശിനികളുടെ ഉപയോഗവും വ്യവസായ മാലിന്യവും പരിസ്ഥിതി മലികീരണത്തില്‍ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. കീടനാശിനികളുടെ അമിതോപയോഗം പ്രകൃതിയെയും മനുഷ്യജീവിതത്തെ തന്നെയും സാരമായി ബാധിക്കുന്നു. അതിന് ഏറ്റവും വലിയ തെളിവാണ് പ്രബുദ്ധ കേരളത്തിന്റെ വടക്കേ അറ്റത്ത് കര്‍ണാടകയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കാസര്‍കോട്ട് നാം കാണുന്നത്. സര്‍ക്കാരിന്റെ കശുവണ്ടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന് കീഴിലുള്ള കശുവണ്ടി തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷവാതകം തളിച്ചതിന്റെ ഫലമായി കുട്ടികളടക്കം നിരവധിയാളുകള്‍ മരിക്കുകയും അതിലേറെ പേര്‍ മരണതുല്ല്യജീവിതം നയിക്കുകയും ചെയ്യുന്നു. ഇന്നും അവിടെ ജനിക്കുന്ന കുട്ടികള്‍ ജനിതക വൈകല്യങ്ങളും ഹോര്‍മോണ്‍ തകരാറും നേരിടേണ്ടി വരുന്നു. തളിക്കുന്ന സ്ഥലത്തു മാത്രമല്ല; വായുവിന്റെ സഹായത്തോടെ വളരെ ദൂരെയോളം ഇത് പടരും. കാറ്റിലൂടെയും ജലത്തിലൂടെയും പടരുന്നതിനാല്‍ പരിസ്ത്ഥിതിക്ക് ദോഷകരമാണിത്. മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ഒരുപോലെ ഇത് ഹാനീകരമാണെന്ന് പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്.

കീടനാശിനിയായി ഉപയോഗിക്കുന്ന ഒരു ഓര്‍ഗാനോക്ലോറിന്‍ സംയുക്തമാണ് എന്‍ഡോസള്‍ഫാന്‍. നിറമില്ലാത്ത ഈ ഖരവസ്തു ഒരു മാരക വിഷവാതകം ആണ്. 2011 ഏപ്രില്‍ 29 ന് സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായി ജനീവയില്‍ നടന്ന സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ ലോകവ്യാപകമായി നിരോധിക്കാന്‍ ഇന്ത്യയും മറ്റു ചില രാജ്യങ്ങളും ഉന്നയിച്ച ഉപാധികളോടെ തീരുമാനമായി. 2011 മെയ് 13ന് രാജ്യത്തെ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനവും വില്‍പ്പനയും സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും 2011 സെപ്തംബര്‍ 30 ന് പൂര്‍ണ്ണമായി നിരോധിച്ചു. പ്രകൃതിക്കും മനുഷ്യനും അപകടകരമായ ഏത് കീടനാശിനിയും 1957 ലെ കീടനാശിനി നിരോധന നിയമപ്രകാരം നിരോധിക്കേണ്ടതാണ്. എന്നാല്‍ പല രാജ്യങ്ങളും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ടെങ്കിലും എന്‍ഡോസള്‍ഫാന്‍ കെടുതി അനുഭവിക്കുന്ന ഇന്ത്യ ആണ് ഇതിന്റെ പ്രധാന ഉല്‍പ്പാദകര്‍.

ഒരു കാലത്ത് കിളികളുടെ ശബ്ദവും പച്ചപ്പും കായ്ച്ചുനില്‍ക്കുന്ന ഫലവൃക്ഷങ്ങളും എല്ലാം സമൃദ്ധമായിരുന്ന കാസര്‍കോട് ജില്ലയിലെ എന്‍മകജെ, ബോവിക്കാനം, പുല്ലൂര്‍ തുടങ്ങിയ പ്രദേശത്ത് ഇന്ന് ശ്്മശാനമൂകതയാണ്. ഭോപാല്‍ ദുരന്തത്തിനും ഹിരോഷിമയ്ക്കും സമാനമായാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളും ഇന്ന് ജീവിക്കുന്നത്.


വ്യവസായ മാലിന്യം

ഓസോണ്‍ പാളിയുടെ നശീകരണമാണ് ഇന്ന് ലോകം നേരിടുന്ന പ്രധാനപ്പെട്ട ഒരു വെല്ലുവിളി. വ്യവസായ ശാലകളില്‍ നിന്നും പുറന്തള്ളുന്ന പുക അന്തരീക്ഷത്തില്‍ പടരുകയും തന്മൂലം പരിസ്ത്ഥിതിക്ക് ഇത് ദോഷകരമാകുകയും ചെയ്യുന്നു. മനുഷ്യ നിര്‍മ്മിതങ്ങളായ ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍, ബ്രോമോ ഫ്‌ളൂറോ കാര്‍ബണ്‍ തുടങ്ങിയവ ഇന്ന് ഓസോണിന് ഏറ്റവും വലിയ ഭീഷണിയായിക്കൊണ്ടിരിക്കുന്നു. സൂര്യനില്‍ നിന്ന് വരുന്ന അള്‍ട്രാവയലറ്റ് രശ്മികളില്‍ 93.99 ശതമാനം ഓസോണ്‍ പാളി ആഗിരണം ചെയ്യുന്നത് കൊണ്ടാണ് ഭൂമിയിലുള്ള ജീവികള്‍ക്ക് ഹാനീകരമാകുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയില്‍ പതിക്കാതെ നാം സുരക്ഷിതരാവുന്നത്. എന്നാല്‍ ഇന്ന് പരിസിത്ഥിതി മലിനീകരണം മൂലം ഓസോണ്‍ പാളിക്ക് വിള്ളല്‍ വീഴുകയും ദിനംപ്രതി ഇത് വലുതായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.


പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍

അപകടകരമായ നിരവധി രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ പ്ലാസ്റ്റിക്കില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് നാം ബോധവാന്മാരല്ല, അല്ലെങ്കില്‍ അറിഞ്ഞിട്ടും തിരസ്‌കരിക്കുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ഗവേഷണങ്ങള്‍ പ്ലാസ്റ്റിക്കിന്റെ അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും അതൊന്നും ചെവിക്കൊള്ളാന്‍ നമുക്ക് സമയം കിട്ടുന്നില്ല. കേരളത്തില്‍ പ്ലാസ്റ്റിക്ക് നിരോധിച്ചിട്ടുണ്ടെങ്കിലും കനം കുറഞ്ഞ പ്ലാസ്റ്റിക്ക് മാത്രമാണ് നിരോധിച്ചതില്‍ പെടുന്നത്. അത്് കൊണ്ട് തന്നെ കനം കൂടിയ പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തില്‍ വന്‍ വര്‍ധന ഉണ്ടാവുകയും ചെയ്തു. റീസൈക്ലിംഗ് സാധ്യമല്ല എന്ന കാരണത്താലാണ് കനം കുറഞ്ഞ പ്ലാസ്റ്റിക്ക് നിരോധിച്ചെതെങ്കില്‍ പെട്രോകെമിക്കല്‍ ഉത്പ്പന്നങ്ങളായ പ്ലാസ്റ്റിക്കുകളെ ചൂടാക്കുമ്പോഴും കത്തിക്കുമ്പോഴും പുറന്തള്ളുന്ന വിഷവാതകങ്ങള്‍ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നു എന്ന് മാത്രമല്ല, നിരവധി മാരകരോഗങ്ങള്‍ക്കും കാരണമാകുന്നു. പ്ലാസ്റ്റിക്കുകള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന ഡയോക്‌സിന്‍ വാതകം ക്യാന്‍സറിന് കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ തെളിയക്കുന്നത്.

നാം കഴിവതും പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങള്‍ ഒഴിവാക്കുക. നാം കൂടുതലായി ഉപയാഗിക്കുന്ന പ്ലാസ്റ്റിക്ക് പ്ലെയ്റ്റ്, ഗ്ലാസ്, പ്ലാസ്റ്റിക്ക് കവറുകള്‍ തുടങ്ങിയവയ്ക്ക് പകരം പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക. മാത്രമല്ല, ഓല, തുണി പോലുള്ള വസ്തുക്കള്‍ കൊണ്ടുള്ള പരമ്പരാഗതനിര്‍മിത ഉത്പ്പന്നങ്ങളിലേക്ക് നാം തിരിച്ചുപോകുക.

വികസനത്തിന്റെ പേരിലാണ് പ്രകൃതി ചൂഷണം കൂടുതലായി നടക്കുന്നത്. മനുഷ്യന്‍ സുഖവാസത്തിനുവേണ്ടിയാണ് 'വികസനം' നടത്തുന്നത്. എന്നാല്‍ 'വികസനം' ഇങ്ങനെയായാല്‍ അത് ആസ്വദിക്കാന്‍ മനുഷ്യന്‍ കൂടുതല്‍ കാലം ഉണ്ടാവില്ല എന്നത് തമാശയല്ല. കാട് തെളിച്ചും വയലുകളും കുളങ്ങളും നികത്തിയും 'വികസനം' എന്ന പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ 'കേരളം ഒരിക്കല്‍ ഇങ്ങനെയായിരുന്നു' എന്ന് വരുംതലമുറയ്ക്ക് പഠിപ്പിച്ചുകൊടുക്കേണ്ടിവരും.

Article, Environmental problems, Endosulfan, India, River, Fog, Water, Drinking Water, Ozone, Human, Plastic, Pesticide, insecticide.

Keywords: Article, Environmental problems, Endosulfan, India, River, Fog, Water, Drinking Water, Ozone, Human, Plastic, Pesticide, insecticide.