Follow KVARTHA on Google news Follow Us!
ad

തെരഞ്ഞെടുപ്പ് വിശകലനം: എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറും മുമ്പെ ആഞ്ഞടിച്ച് ഉമ്മന്‍ചാണ്ടി

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറും മുമ്പെ ആഞ്ഞടിച്ച് ഉമ്മന്‍ചാണ്ടി.LDF, Oommen Chandy, UDF, Facebook, Poster, Kannur, kasaragod, Kerala,
തിരുവനന്തപുരം: (www.kvartha.com 21.05.2016) എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറും മുമ്പെ ആഞ്ഞടിച്ച് ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് കാലത്ത് അക്രമ രാഷ്ട്രീയത്തെക്കുറിച്ച് യു.ഡി.എഫ് മുന്നോട്ടുവച്ച ആശങ്കകള്‍ ശരിയാകുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ കേരളത്തില്‍ കാണുന്നതെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പിനെ കുറിച്ച് വിശകലനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി. ഫേസ്ബുക്കിലൂടെയാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം പങ്കുവെച്ചത്.

കഴിഞ്ഞ രണ്ടുദിവസമായി കേരളത്തില്‍ അക്രമം പൊട്ടിപ്പുറപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഒരു കക്ഷിക്ക് ഭൂരിപക്ഷം ഉറപ്പായശേഷം കേരളത്തില്‍ അരങ്ങേറിയ അക്രമ സംഭവങ്ങള്‍ നല്ല സൂചനയല്ല നല്‍കുന്നത്. ജനങ്ങളുടെ സൈ്വരജീവിതം ഉറപ്പാക്കുമെന്ന് ആണയിട്ട് അധികാരത്തിലേറിയവര്‍ പങ്കാളികളായ അക്രമങ്ങളില്‍ രണ്ടു ദിവസത്തിനുള്ളില്‍ രണ്ടുപേര്‍ മരിക്കുകയുണ്ടായി. ഈ അക്രമ പരമ്പരയുടെ തുടക്കം തെരഞ്ഞെടുപ്പ് ദിവസം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നടത്തിയ ആസൂത്രിതമായ അക്രമങ്ങളില്‍നിന്നാണെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.

പ്രശ്‌നങ്ങളുടെയെല്ലാം ഒരു വശത്ത് ഭരണകക്ഷിയായ എല്‍.ഡി.എഫും മറുവശത്ത് ബി.ജെ.പിയുമാണ് . ഇത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലുണ്ടായ അക്രമത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റിരുന്നു. അവിടെ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യവും ഉണ്ടായി. മര്‍ദനമേറ്റ പെണ്‍പിള്ളൈ ഒരുമ നേതാവ് രാജേശ്വരി ഇപ്പോള്‍ ആശുപത്രിയിലാണ്. വടകരയില്‍ കെ.കെ.രമയുടെ വീടിനു മുന്നില്‍നിന്ന് അസഭ്യവര്‍ഷം നടത്തുകയും ആര്‍.എം.പിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.

തിരുവനന്തപുരത്ത് നേമം മണ്ഡലത്തിലും കൊല്ലത്ത് ചവറയിലും പരിസരപ്രദേശങ്ങളിലും അക്രമങ്ങള്‍ നടന്നു. ധര്‍മ്മടം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബോംബേറില്‍ ഒരു സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു. ഇതേതുടര്‍ന്ന് ഹര്‍ത്താല്‍ ആചരിച്ചതോടെ ഹര്‍ത്താലിനും തുടക്കം കുറിച്ചു. കൈയ്പ്പമംഗലത്ത് തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ എല്‍.ഡി.എഫ് - ബി.ജെ.പി. സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകന്‍ പ്രമോദും മരിച്ചു. ഇതിന്റെ പേരില്‍ തൃശൂരിലും ശനിയാഴ്ച ബി.ജെ.പി. ഹര്‍ത്താല്‍ നടത്തി.

ഇവ നല്‍കുന്നത് ശരിയായ സന്ദേശമല്ല. ഇങ്ങനെയാണ് സൈ്വരജീവിതം ഉറപ്പാക്കുന്നതെങ്കില്‍ കേരളം കൊലപാതക രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായി മാറുമെന്നും ഈ സാഹചര്യത്തില്‍ മുഖംനോക്കാതെ നടപടിയെടുത്ത് ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും അണികളെ അക്രമങ്ങളില്‍നിന്നും പിന്തിരിപ്പിച്ച് കേരളത്തിന്റെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്‍.ഡി.എഫിന്റെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി. നേതൃത്വവും തയാറാകണമെന്നും ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു.
LDF, Oommen Chandy, UDF, Facebook, Poster, Kannur, Kasaragod, Kerala.