Follow KVARTHA on Google news Follow Us!
ad

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിശാല സഖ്യത്തിന്റെ സര്‍ക്കാര്‍ അധികാരമേറ്റു; ലാലുവിന്റെ മകന്‍ ഉപമുഖ്യമന്ത്രി

ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിശാല സഖ്യത്തിന്റെ Patna, Chief Minister, Governor, Ministers, BJP, Congress, National,
പട്‌ന: (www.kvartha.com 20.11.2015) ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിശാല സഖ്യത്തിന്റെ സര്‍ക്കാര്‍ അധികാരമേറ്റു. നിതീഷ് കുമാര്‍ ഉള്‍പ്പെടെ 28 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ജെഡിയു നേതാവായ നിതീഷ് കുമാര്‍ തുടര്‍ച്ചയായ മൂന്നാംവട്ടമാണു ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്.ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവും മന്ത്രിമാരായി സ്ഥാനമേറ്റു. തേജസ്വി പ്രതാപ് ഉപമുഖ്യമന്ത്രിയാണ്.

നേരത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെ 36 അംഗ മന്ത്രിസഭ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ചില മന്ത്രിമാരുടെ കാര്യത്തില്‍ ആശയക്കുഴപ്പമുള്ളതിനാലാണ് 28 അംഗ മന്ത്രിസഭ അധികാരമേറ്റത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ വിശാല സഖ്യത്തിന്റെ ആയിരക്കണക്കിനു നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.

നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ 12 വീതം ആര്‍ജെഡി, ജെഡിയു മന്ത്രിമാരാണുള്ളത്. കോണ്‍ഗ്രസിന് നാല് മന്ത്രിസ്ഥാനമാണ് നല്‍കിയിരിക്കുന്നത്. നഗരമധ്യത്തിലുള്ള ഗാന്ധി മൈതാനത്തു പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

ആകെയുള്ള 243 സീറ്റില്‍ 178 സീറ്റുകള്‍ നേടിയാണു ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവ ഉള്‍പ്പെടുന്ന വിശാലസഖ്യം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തെ തരിപ്പണമാക്കിയത്. ബിജെപി സഖ്യത്തിന് 58 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തത്. ബിജെപി വിരുദ്ധ രാഷ്ട്രീയ ചേരിയില്‍ ഉള്‍പ്പെടുന്ന നേതാക്കളുടെ ഒത്തുചേരല്‍ എന്ന നിലയിലും നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ശ്രദ്ധേയമായി. മുന്‍ പ്രധാനമന്ത്രിയും കര്‍ണാടകയിലെ ജെഡിഎസ് നേതാവുമായ എച്ച്.ഡി. ദേവ ഗൗഡ, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ നേതാവ് ഡി. രാജ, എഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുല്ല, ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ നേതാവ് അഭയ് ചൗട്ടാല എന്നിവരും ചടങ്ങിനെത്തി.

മമത ബാനര്‍ജി (പശ്ചിമ ബംഗാള്‍), അരവിന്ദ് കേജ്‌രിവാള്‍ (ഡല്‍ഹി), ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്, തരുണ്‍ ഗോഗോയ് (ആസാം), പി.കെ. ചാംലിങ് (സിക്കിം), ഇബോബി സിങ് (മണിപ്പൂര്‍), നാബാം ടൂക്കി (അരുണാചല്‍ പ്രദേശ്), എസ്. സിദ്ധരാമയ്യ (കര്‍ണാടക), കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഷീലാ ദീക്ഷിത് (ഡല്‍ഹി), ഭൂപീന്ദര്‍ ഹൂഡ (ഹരിയാന), ശങ്കര്‍സിങ് വഗേല (ഗുജറാത്ത്), ബാബുലാല്‍ മറാണ്ടി, ഹേമന്ദ് സോറന്‍ (ജാര്‍ഖണ്ഡ്), അജിത് ജോഗി (ഛത്തീസ്ഗഡ്), ഒമര്‍ അബ്ദുല്ല (ജമ്മു കശ്മീര്‍) എന്നീ മുന്‍ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

Live Blog: Nitish Kumar swearing-in ceremony, Patna, Chief Minister, Governor, Ministers, BJP, Congress, National.


Also Read:
അക്ബര്‍ നാട്ടില്‍ മാന്യന്‍; നാട്ടിലെത്താറുള്ളത് ആഡംബര കാറുകളില്‍; ഒടുവിലെത്തിയത് തെരഞ്ഞെടുപ്പിന് വോട്ടുചെയ്യാന്‍



Keywords:  Live Blog: Nitish Kumar swearing-in ceremony, Patna, Chief Minister, Governor, Ministers, BJP, Congress, National.