Follow KVARTHA on Google news Follow Us!
ad

കെജരിവാളിനൊരു ബിഗ് സല്യൂട്ട്

രാഷ്ട്രീയനര്‍മ കഥകളില്‍ നമ്മെ ഊറിച്ചിരിപ്പിക്കുന്ന ഒരു കഥയുണ്ട് ഒരു മന്ത്രി പ്രമുഖന്റെ വീടുകുടിയിരിക്കലിന് സഹമന്ത്രി പങ്കെടുക്കുന്നു. അത്യാഢംബരങ്ങളില്‍ ആകര്‍ഷണീയമായ കൊട്ടാരവും New Delhi, Article, Government, Aravind Kejriwal, Development, Salute, Hafiz Kabeer Bovikkanam
ഹാഫിള് കബീര്‍ ബോവിക്കാനം

(www.kvartha.com 22.11.2015) രാഷ്ട്രീയനര്‍മ കഥകളില്‍ നമ്മെ ഊറിച്ചിരിപ്പിക്കുന്ന ഒരു കഥയുണ്ട് ഒരു മന്ത്രി പ്രമുഖന്റെ വീടുകുടിയിരിക്കലിന് സഹമന്ത്രി പങ്കെടുക്കുന്നു. അത്യാഢംബരങ്ങളില്‍ ആകര്‍ഷണീയമായ കൊട്ടാരവും പരിസരവും കണ്ട് അത്ഭുതാവാനായ സഹമന്ത്രി വീട്ടുടമയായ മന്ത്രിയോട് ചോദിച്ചു. നിങ്ങളെങ്ങനെയാണ് ഇത്രയും വലിയ വീട് നിര്‍മിക്കാന്‍ പണം കണ്ടെത്തിയത്. വീട്ടുടമ: ജനല്‍പാളികളിലൂടെ കൈചൂണ്ടി ദൂരെകാണുന്ന വലിയ പാലം കാട്ടിക്കൊടുത്തു പറഞ്ഞു. ആ കാണുന്ന പാലം എന്റെ ഭരണപരിധിയിലാണ്. അത് നിര്‍മിക്കാന്‍ കേന്ദ്രം അനുവദിച്ച ബജറ്റില്‍നിന്ന് 50 ശതമാനം കൊണ്ടാണ് എനിക്ക് വീട് നിര്‍മിക്കാനായത്.

സമാനമായി സഹമന്ത്രിയുടെ വീട് ഉദ്ഘാടനത്തിനും ആദ്യം മന്ത്രിയെ ക്ഷണിച്ചു. സഹമന്ത്രിയുടെ വീട് ആദ്യ വീടിനേക്കാളും അത്യാകര്‍ഷകമായിരുന്നു. അത്ഭുതത്തോടെ അന്ന് ചോദിച്ച ചോദ്യം മന്ത്രി സഹമന്ത്രിയോട് തിരിച്ചുചോദിച്ചു. ഇത്രയും വലിയ വീട് നിര്‍മിക്കാന്‍ നിങ്ങള്‍ക്ക് എവിടെനിന്നാണ് പണം ലഭിച്ചത്. സഹമന്ത്രിയുടെ ഉത്തരം ഇങ്ങനെ: അങ്ങകലെ നിങ്ങള്‍ക്കു ഒരു പാലം കാണുന്നുണ്ടോ. മന്ത്രി: ഇല്ല.
സഹമന്ത്രി: അതെ, ആ സ്ഥലത്ത് ഒരു പാലം നിര്‍മിക്കാന്‍ ബജറ്റ് അനുവദിച്ചിരുന്നു. ആ പണം മുഴുവനും ഉണ്ടായത് കൊണ്ടാണ് എനിക്ക് ഈ വീട് നിര്‍മിക്കാനായത്....!

യഥാര്‍ത്ഥത്തില്‍ ഈ കഥയുടെ പുനരാവര്‍ത്തനങ്ങളാണ് സമകാലിക രാഷ്ട്രീയത്തില്‍ ദിനേന നാം കണ്ടുകൊണ്ടിരിക്കുന്നത്. കോഴയുടെയും കൈക്കൂലിയുടെയും സ്ഥിരം വാക്താക്കളായി നമ്മുടെ രാഷ്ട്രീയപ്രതിനിധികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പൗരന്റെ അവകാശ സംരക്ഷണത്തില്‍ ഭരണനേതൃത്വം നിര്‍വഹിക്കേണ്ട കടമകളില്‍ വന്‍ വീഴ്ചകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെയാണ് ഇല്ലായ്മകളില്‍നിന്ന് വിപ്ലവ ചരിത്രം കുറിച്ച ആം ആദ്മി പ്രസ്ഥാനവും കെജ്‌രിവാളും പ്രശംസയേറ്റുവാങ്ങുന്നത്. അഴിമതിരഹിത ഭരണം വിഭാവനം ചെയ്തുകൊണ്ടുള്ള, ഒരു പാര്‍ട്ടിയുടെ പ്രഖ്യാപനങ്ങള്‍ അല്‍പമെങ്കിലും രാജ്യത്ത് നടപ്പിലാവുന്നു എന്നതിന്റെ തെളിവാണ് ദിവസങ്ങള്‍ക്കുമുമ്പ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്ത മാതൃകാപ്രവര്‍ത്തനം വിരല്‍ചൂണ്ടുന്നത്.

ഡല്‍ഹിയുടെ വികസനപാതയിലെ പ്രധാനമായ ആറുവരിപ്പാതയുടെ നിര്‍മാണം 270 കോടിയോളം രൂപ ബജറ്റ് അനുവദിച്ചെങ്കിലും 170 കോടിയില്‍ പണിതീര്‍ക്കാന്‍ ഡല്‍ഹി ഗവണ്‍മെന്റിന് സാധിച്ചുവെങ്കില്‍ ഇന്ത്യാ ചരിത്രത്തിലെ കേട്ടുകേള്‍വിയില്ലാത്ത ഒരു സംഭവമായി ഇത് ചരിത്രത്തില്‍ ഇടംപിടിക്കുമെന്നതില്‍ സംശയിക്കാനില്ല. കെജ്‌രിവാള്‍ ഗവണ്‍മെന്റിന്റെ ഡല്‍ഹി വിപ്ലവത്തിനു പിന്നില്‍ ഒരു ജനാധിപത്യത്തിന്റെ കൈകോര്‍ക്കലുകളാണ് മുതല്‍കൂട്ടായിട്ടുള്ളത്. അഴിമതിക്കഥകള്‍ ആവര്‍ത്തനങ്ങളായി കേട്ട് മടുത്ത സാധാരണക്കാന്‍ ആഗ്രഹിച്ച പ്രഖ്യാപനങ്ങള്‍ ഒരു പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്ത് സാധ്യമായത് വലിയ വിപ്ലവങ്ങളാണ്. ഷീലാ ദീക്ഷിത് വര്‍ഷങ്ങളുടെ ചരിത്രങ്ങള്‍ എഴുതപ്പെട്ട ഒരു സംസ്ഥാനത്ത് രൂപീകരിക്കപ്പെട്ട് മാസങ്ങളുടെ ചരിത്രം മാത്രം അവകാശപ്പെടുന്ന ഒരു കുറ്റിച്ചൂല്‍ പാര്‍ട്ടിക്ക് ഭരണം പിടിച്ചെടുക്കാന്‍ സാധ്യമായെങ്കില്‍ - ആം ആദ്മി പാര്‍ട്ടിയുടെ അഴിമതി തുടച്ചുമാറ്റുമെന്നുള്ള പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ക്ക് എത്രത്തോളം ആഗ്രഹങ്ങള്‍ ജനിപ്പിച്ചിട്ടുണ്ടാവും എന്നത് ചിന്തിക്കേണ്ടതാണ്.

രാജ്യത്ത് വസിക്കുന്ന ഓരോ പൗരന്റെയും മേഖലകള്‍ തിരിച്ചുള്ള പണം പിരിവിലൂടെയും മറ്റുമായാണ് രാഷ്ട്രത്തിന്റെ സാമ്പത്തിക ഭദ്രത നിലനിന്നുപോരുന്നത്. യഥാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഓരോ പൗരന്റെയും നികുതിയും കാലാവധി നിശ്ചയിച്ചുള്ള വിവിധ അടവുകളുടെയും ഫലമായുണ്ടാകുന്ന സമ്പത്ത് കൊണ്ടാണ് രാജ്യത്ത് വികസനവും പ്രതാപവും കൈവരുന്നത്. ഈ സമ്പത്താണ് വിശ്വാസത്തോടെ ഏല്‍പിക്കപ്പെട്ട ഭരണനേതൃത്വങ്ങള്‍ കോഴയിലൂടെയും പൂഴ്ത്തിവെപ്പിലൂടെയും സ്വായത്തമാക്കുന്നതും കണക്കില്ലാതെ നശിപ്പിക്കപ്പെടുന്നതും. ഇത് എത്ര വലിയ വിരോധാഭാസമാണ്. ഇതുകൊണ്ട് ജനാധിപത്യരാജ്യത്ത് വസിക്കുന്ന നമ്മെപ്പോലുള്ള സാധാരണക്കാരനു ഉണ്ടാവുന്നത് എത്ര വലിയ നഷ്ടങ്ങളാണ്.

ഇന്ത്യാ രാജ്യത്തിന്റെ ചരിത്രത്തില്‍ കണക്കില്ലാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ഏതൊരു പാര്‍ട്ടിയുടെയും വളര്‍ച്ച രൂപീകൃതമായ ഭരണഘടനയും വാഗ്ദാനങ്ങളുടെയും തോതും പ്രസക്തിയും അടിസ്ഥാനമാക്കിയാണ് ഉണ്ടായിട്ടുള്ളത്. മത തീവ്രത മുഖമുദ്രയാക്കിയ പാര്‍ട്ടികളുടെ പിന്നില്‍ ചിലപ്പോള്‍ മാതാനുപാതം കണക്കിലെടുത്തുള്ള അംഗവളര്‍ച്ച ഉണ്ടായേക്കാം. ജാതികളുടെയും വര്‍ഗത്തിന്റെയും പിന്നില്‍ രൂപപ്പെട്ട സംഘടനകളും അത്രതന്നെ. എന്നാല്‍ അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്ത ഒരു പാര്‍ട്ടി ഇന്ത്യയിലുണ്ടാക്കിയ ഉപരിപ്ലവങ്ങള്‍ കണ്‍കുളിക്കെ ദര്‍ശിച്ചവരാണ് രാജ്യത്തെ പൗരന്മാരായ നാം. ഒരു പ്രസ്ഥാനത്തിന്റെ കുത്തക അവകാശപ്പെടുന്ന രാജ്യതലസ്ഥാനത്ത് ആ പാര്‍ട്ടി ഭരണം നിര്‍വഹിച്ചപ്പോള്‍ ഇതെങ്ങനെ സാധിച്ചു എന്ന ചോദ്യത്തിനുള്ള മര്‍മപ്രധാന ഉത്തരമാണ്, അഴിമതിക്കഥകള്‍ കണ്ട് മടുത്ത ഒരു കൂട്ടം ജനങ്ങളുടെ ആവലാതികളും വേവലാതികളും.

ആം ആദ്മി അഴിമതിക്കെതിരെ പ്രഖ്യാപിച്ച പ്രതിജ്ഞകള്‍ ഒരളവോളമെങ്കിലും രാജ്യത്ത് പുലര്‍ന്നു എന്ന് പറയുന്നതില്‍ തെറ്റില്ല. ഡല്‍ഹിയുടെ ഭരണം ഏറ്റെടുത്ത് മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് ലക്ഷങ്ങളുടെ കോഴയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ക്ക് വിധേയനായ ഭക്ഷ്യമന്ത്രി അസിംഖാനെ പാര്‍ട്ടി പുറത്തിടുന്നത്. എതിര്‍വാദങ്ങള്‍ക്ക് പ്രസക്തിയില്ലാത്ത വണ്ണം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആം ആദ്മിക്ക് കഴിഞ്ഞു. അഴിമതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങളെ മന്ത്രിയായാല്‍ പോലും വിധി നടപ്പില്‍ വരുത്താന്‍ ധൈര്യമായി ഒരു പാര്‍ട്ടിക്ക് കഴിഞ്ഞുവെങ്കില്‍ അത്തരം വിപ്ലവപ്രസ്ഥാനങ്ങളെയാണ് സമകാലിക സാഹചര്യത്തില്‍ ഈ രാഷ്ട്രത്തിന് ആവശ്യമായിട്ടുള്ളത്.

ടു ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്തെ ഞെട്ടിച്ച ഒരു അഴിമതിക്കഥയുണ്ടായിരുന്നു. നീതിപീഠം സത്യം പുറത്തുവിട്ടപ്പോള്‍ ചില പ്രതീക്ഷകള്‍ വച്ച് പുലര്‍ത്തിയവരാണ് ഈ രാജ്യത്തെ പൗരന്മാര്‍. നിയമത്തിനുമുന്നില്‍ കോടതി അനുശാസിക്കുന്ന നടപടികള്‍ക്ക് പ്രതികള്‍ വിധേയമാവുമെന്ന വലിയ വിശ്വാസം. പക്ഷേ പ്രതികള്‍ പ്രധാനികളും നേതൃത്വമഹിമകളുള്ളവരും ആയ കാരണത്താല്‍ സ്‌പെക്ട്രം സംബന്ധിച്ച തുടര്‍വാദങ്ങളും നടപ്പുരീതികളും കേള്‍ക്കാതെ പോയി. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുള്ള കേസിന്റെയും സ്ഥിതികള്‍ തഥൈവ. ചില കണ്ണടപ്പന്‍ ന്യായങ്ങള്‍ നിരത്തി ആഡംബര ജയിലുകളില്‍ പാര്‍പ്പിച്ച് ക്ലീന്‍ ചീറ്റ് നല്‍കി എന്നല്ലാതെ നീതിപരമായ നടപടിക്രമങ്ങള്‍ ഉണ്ടായില്ല എന്നതാണ് സത്യം.

ലോക്പാല്‍ പ്രയോഗതലത്തില്‍ കൊണ്ടുവരുന്നതിനുള്ള ഏറ്റവും പ്രധാന ആവശ്യം ഇവിടെയാണ്. മന്ത്രിയായതിന്റെ പേരിലോ രാഷ്ട്രീയ നേതൃത്വമായതിന്റെ പേരിലോ നീതിപീഠം അനുശാസിക്കുന്ന നിയമനടപടികള്‍ ബാധകമാകാതെ വരുന്ന ശോചനീയാവസ്ഥ നിര്‍ത്തലാക്കണം. അത്തരം പുനര്‍വിചിന്തനങ്ങളാണ് നവ സാഹചര്യങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നത്. അഴിമതിയും കൊള്ളയും പൂഴ്ത്തിവെപ്പുമില്ലാത്ത നീതിരാഷ്ട്രമായി ഇന്ത്യയെ വളര്‍ത്തിയെടുക്കാന്‍ ഓരോ പ്രസ്ഥാനങ്ങളും പ്രവര്‍ത്തിക്കാത്ത കാലത്തോളം രാജ്യം നാശത്തിലേക്ക് കൂപ്പുകുത്തുമെന്ന കാര്യത്തില്‍ സംശയിക്കാനില്ല.

New Delhi, Article, Government, Aravind Kejriwal, Development, Salute, Hafiz Kabeer Bovikkanam.


Keywords: New Delhi, Article, Government, Aravind Kejriwal, Development, Salute, Hafiz Kabeer Bovikkanam.