Follow KVARTHA on Google news Follow Us!
ad

മലപ്പുറത്ത് ആണ്‍ കുട്ടികളെ വട്ടമിട്ട് സെക്‌സ് മാഫിയ

മലപ്പുറത്തെ ചില നഗരങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് ആണ്‍കുട്ടികളെ വട്ടമിട്ടുപറക്കുന്നത് സെക്‌സ് മാഫിയ. ജില്ലയില്‍ ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്കിരയാക്കുന്ന കേസുകള്‍ Malappuram, Police, Boy, Molestation, Liquor, Crime, Kerala
  • പീഡനങ്ങള്‍ക്കിരയായ 200 വിദ്യാര്‍ഥികളില്‍ 114 പേരും മലപ്പുറം ജില്ലയില്‍ നിന്ന് 
  • ഒരു വര്‍ഷത്തിനിടെ 179 ലൈംഗിക പീഡനക്കേസുകള്‍

മലപ്പുറം: (www.kvartha.com 05/05/2015) മലപ്പുറത്തെ ചില നഗരങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് ആണ്‍കുട്ടികളെ വട്ടമിട്ടുപറക്കുന്നത് സെക്‌സ് മാഫിയ. ജില്ലയില്‍ ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്കിരയാക്കുന്ന കേസുകള്‍ ഇരട്ടിക്കുകയാണ്. അവധിക്കാലത്ത് ഇത്തരം കേസുകള്‍ റിപോര്‍ട്ടു ചെയ്യുന്നതിന്റെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ടെന്ന് ചൈല്‍ഡ്‌ലൈന്‍ കൗണ്‍സിലറായ അന്‍വര്‍ കൂരിയാട് പറഞ്ഞു.
കുറ്റിപ്പുറം, വേങ്ങര, തിരൂര്‍, താനൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി തുടങ്ങിയ നഗരങ്ങള്‍ മാത്രമല്ല ജില്ലയിലെ മിക്ക നഗരങ്ങളിലെ ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളും തീര പ്രദേശങ്ങളും ആളൊഴിഞ്ഞ കേന്ദ്രങ്ങളും ചുവന്ന തെരുവുകളാകുന്നു. അവിടെ പതിവുള്ള അഭിസാരികള്‍ക്കു പുറമെ വിലപേശാനെത്തുന്നത് ചില ആണ്‍കിളികളാണ്. വരുതിയില്‍ വരാത്ത കുട്ടികളെ റാഞ്ചാന്‍ ആണ്‍ കഴുകന്‍മാരുമുണ്ട്.

ആവശ്യക്കാര്‍ക്ക് കുട്ടികളെ എത്തിച്ചു കൊടുക്കുകയും കസ്റ്റഡിയില്‍വെച്ച് ഉപയോഗിക്കുകയും ചെയ്യുന്നവരുമുണ്ട്. ഒരു വര്‍ഷം മുമ്പ് കോട്ടക്കല്‍ പൂക്കിപ്പറമ്പില്‍ നിന്ന് തടവില്‍ പാര്‍പ്പിച്ച ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയെ രക്ഷിച്ചത് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരായിരുന്നു. പ്രതിയെയും അറസ്റ്റ് ചെയ്തു. വീട്ടില്‍ തന്നെ താമസിച്ചും ആവശ്യക്കാരെ അവിടേക്കു കൂട്ടിക്കൊണ്ടുവന്നുമായിരുന്നു വ്യാപാരം.
വേങ്ങരയില്‍ നിരവധി വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കിയ കേസില്‍ ഏപ്രില്‍ രണ്ടിന് അറസ്റ്റിലായത് രണ്ടുപേരാണ്. മൂന്നു വിദ്യാര്‍ഥികള്‍ പരാതിയുമായി എത്തിയപ്പോഴാണ് നാലു വര്‍ഷമായി തുടര്‍ന്നു വന്നിരുന്ന രഹസ്യ കേന്ദ്രത്തിലെ പേക്കൂത്തുകള്‍ പുറം ലോകമറിഞ്ഞത്. തുടര്‍ന്ന് വലിയോറ പാറശ്ശേരി ഹമീദും സഹായി റിസ്‌വാനുമാണ് അറസ്റ്റിലായത്. തീരദേശ മേഖലയില്‍ നിന്നാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായി കേള്‍ക്കുന്നത്. എന്നാല്‍ പിന്നീട് കേസുകള്‍ നാട്ടുകാര്‍ തന്നെ പഞ്ചായത്താക്കുകയാണ്. അതിന്റെ പേരില്‍ സംഘര്‍ഷം പോലും ഉണ്ടാകുന്നു.

കുറ്റിപ്പുറം പാലത്തിനു കീഴില്‍ നിന്ന് 13 കാമഭ്രാന്തന്‍മാര്‍ കടിച്ചുകീറിയ നിലയില്‍ നിന്നാണ് ഒരു പതിമൂന്നുകാരനെ കഴിഞ്ഞമാസം  തിരിച്ചുകിട്ടിയത്. മദ്യവും മയക്കുമരുന്നും അമിതമായി നല്‍കിയിട്ടായിരുന്നു സംഘം ഉദ്ദേശിച്ച രീതിയിലവനെ ഉപയോഗിച്ചിരുന്നത്. കുട്ടിക്ക് ബോധംപോലുമുണ്ടായിരുന്നില്ല. ഇന്നവന്‍ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മനോരോഗ വിദഗ്ധന്റെ ചികിത്സയിലാണ്.  കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്ന് മറ്റൊരു പതിനാലുകാരനെ ആഴ്ചകള്‍ക്കു മുമ്പാണ് കണ്ടെത്തിയത്. അവനും മാരകമായി മദ്യം കഴിച്ചിരുന്നു. ആറുപേരവനെ ഒരേ സമയം പീഡിപ്പിച്ചുവെന്നാണ് കേസ്. ഒരാള്‍ മാത്രം അറസ്റ്റിലായി. അഞ്ചുപേര്‍ ഇന്നും ഒളിവിലാണ്.

മകനെ പീഡിപ്പിച്ച കേസിലെ പ്രതിയായ പോലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പിതാവിന്റെ ഒറ്റയാള്‍ സമരമുഖം കണ്ടത് ഈയിടെ നിലമ്പൂരില്‍ നിന്നാണ്. കുറ്റിപ്പുറവും താനൂരും തിരൂരും വേങ്ങരയും മങ്കടയും പെരിന്തല്‍മണ്ണയും പൂക്കോട്ടുംപാടവും കാളികാവും എടക്കരയും മാത്രമല്ല എവിടെ നിന്നാണ് ഇത്തരം കേസുകള്‍ റിപോര്‍ട്ട് ചെയ്യാത്തെതെന്നേ ചോദിക്കേണ്ടതുള്ളൂ.
ആണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കാര്യത്തില്‍ മലപ്പുറത്തിനായിരുന്നു റിക്കാര്‍ഡ്. ഒരു കാലത്തും അതുഭേദിക്കാന്‍ ജില്ല മറ്റു ജില്ലകള്‍ക്ക് അവസരം നല്‍കിയിട്ടില്ല. കോഴിക്കോടും തൃശൂരുമാണ് തൊട്ടടുത്തുള്ളത്. 2005ലെ ചരിത്രം 2015ലും വഴിമാറിയിട്ടില്ല. കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അവരെ സഹായിക്കാനായി കേന്ദ്ര വനിതാശിശു മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈനുകളില്‍ എത്തുന്ന ഫോണ്‍കോണുകളില്‍ 15 ശതമാനവും പ്രകൃതി വിരുദ്ധപീഡനവുമായി ബന്ധപ്പെട്ടതാണ്. മലപ്പുറത്തെത്തുമ്പോള്‍ അതിന്റെ തോതും ഉയരുന്നു. ഇവിടെ ഒരു വര്‍ഷത്തിനിടെ റിപോര്‍ട്ട് ചെയ്ത 179 ലൈംഗിക പീഡനക്കേസുകളില്‍ ഇരുപത്തഞ്ച് ശതമാനവും ഇത്തരം പീഡനങ്ങളായിരുന്നു. എഴുപത് ശതമാനവും പ്രതികള്‍ അടുത്തബന്ധുക്കളും. അതിനേക്കാള്‍ പ്രതിസ്ഥാനത്ത് നിരന്നത് അധ്യാപകരാണ്.

എന്നിട്ടും കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ വിരളം. അതുവ്യക്തമാകാന്‍ വിദ്യാലയങ്ങളില്‍ നിന്ന് കുട്ടികള്‍ക്കു നേരെ റിപോര്‍ട്ടു ചെയ്ത പീഡന വര്‍ത്തമാനങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ മതി.

പീഡന രോധനങ്ങളിലെ 200 വിദ്യാര്‍ഥികളില്‍ 114 പേരും  മലപ്പുറം ജില്ലയില്‍ നിന്നുള്ളവരായിരുന്നു. തിരൂരിനടുത്ത ഒരു ഗവണ്‍മെന്റ് യു പി സ്‌കൂളിലെ അധ്യാപകന്‍ മാത്രം 50 കുട്ടികളെയാണ് പീഡനത്തിനിരയാക്കി റിക്കാര്‍ഡിട്ടത്. ചെറിയ പറപ്പൂരിലെ മറ്റൊരധ്യാപകന്‍ 26 കുട്ടികളെയും രതിവൈകൃതങ്ങള്‍ക്കിരയാക്കി. വേങ്ങരയില്‍ നിന്നുള്ള മറ്റൊരാളിന്റെ കെണിയില്‍ കുരുങ്ങിയത് 18 കുട്ടികള്‍. നിലമ്പൂരുകാരനായ മറ്റൊരാള്‍ ഇരുപതിലേറെ കുട്ടികളെയും വലയിലാക്കി.

മങ്കടയിലെ മറ്റൊരധ്യാപകന്‍ സ്‌കൂളിലെ കുട്ടികളെ നിരന്തരം പീഡിപ്പിച്ചു. ഒടുവില്‍ പരീക്ഷണം സ്വന്തം മക്കളിലേക്കുമെത്തിയപ്പോള്‍ ഇദ്ദേഹത്തിനെതിരെ രംഗത്ത് വന്നത് ഭാര്യ തന്നെയാണ്. പോലീസിനെ ഭയന്ന് മുങ്ങിയ ഇദ്ദേഹം പിന്നീട് പൊങ്ങിയത് നാട്ടുകാരണവന്‍മാരുടെ ബലത്തിലാണ്. വിദ്യാലയങ്ങള്‍, ഹോസ്റ്റലുകള്‍, ബോര്‍ഡിംഗുകള്‍, ഓര്‍ഫനേജുകള്‍ എന്നുവേണ്ട കുട്ടികളെ സ്വതന്ത്രമായി ലഭിക്കുന്ന എവിടെയും വേട്ടക്കാര്‍ ഇരകളെതേടി എത്തുന്നു. സാധാരണക്കാരനും സമ്പന്നരും രാഷ്ട്രീയക്കാരനും പൊതുപ്രവര്‍ത്തകനും എല്ലാവരുമുണ്ട് അവരില്‍.


Keywords: Malappuram, Police, Boy, Molestation, Liquor, Crime, Kerala.