Follow KVARTHA on Google news Follow Us!
ad

ന്യൂജനറേഷന്‍ ഉണരട്ടെ...

സ്വാതന്ത്ര്യം ലഭിച്ച് അറുപത്തേഴ് വര്‍ഷം പിന്നിട്ടപ്പോള്‍ 1947 ല്‍ ഇന്ത്യന്‍ നേതാക്കളെക്കുറിച്ച് വിണ്‍സ്റ്റണ്‍ ചര്‍ച്ചില്‍ അഭിപ്രായപ്പെട്ടകാര്യം എത്ര ശരിയാണെന്ന് നമുക്ക് ബോധ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. Article, Kookanam-Rahman, Freedom, MLA, New Generation, Niyamasabha, Jammu Kashmir
കൂക്കാനം റഹ് മാന്‍

(www.kvartha.com 25/04/2015) സ്വാതന്ത്ര്യം ലഭിച്ച് അറുപത്തേഴ് വര്‍ഷം പിന്നിട്ടപ്പോള്‍ 1947 ല്‍ ഇന്ത്യന്‍ നേതാക്കളെക്കുറിച്ച് വിണ്‍സ്റ്റണ്‍ ചര്‍ച്ചില്‍ അഭിപ്രായപ്പെട്ടകാര്യം എത്ര ശരിയാണെന്ന് നമുക്ക് ബോധ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇന്ത്യാരാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും, ഇന്ത്യയുടെ സൗന്ദര്യറാണി എന്നറിയപ്പെടുന്ന വടക്കേ അറ്റത്തെ കാശ്മീരിലും സംസ്ഥാന ജനപ്രതിനിധി സഭകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാണപ്പെട്ട സാമാജികരുടെ വികൃതിത്തരങ്ങള്‍ ആ പ്രസ്താവന ഒന്നു കൂടി അരക്കിട്ടുറപ്പിക്കാന്‍ സാധ്യമായി.

1947 ല്‍ അധികാരക്കൈമാറ്റ ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്തു കൊണ്ടിരുന്നപ്പോഴാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വിശ്വസ്തവക്താവായ വിണ്‍സ്റ്റണ്‍ ചര്‍ച്ചില്‍ ചര്‍ച്ചയില്‍ ഇടപെട്ട് ഈ പരാമര്‍ശം നടത്തിയത്. 'ബ്രിട്ടണ്‍ ഇന്ത്യവിട്ടാല്‍ അധികാരം ഒരുപറ്റം കൊള്ളക്കാരുടെ കൈകളില്‍ ചെന്നു പെടും. അധികാരം മാത്രമായിരിക്കും അവരുടെ ലക്ഷ്യം. രാജ്യനന്മ രാഷ്ട്രീയക്കാരുടെ അടിപിടികളില്‍ തകര്‍ന്നു വീഴും' ഈ ദീര്‍ഘവീക്ഷണം ശരിയാണെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

അസംബ്ലിഹാളിനുള്ളില്‍ അടിയും, പിടിയും, കടിയും, നടക്കുന്നു. സംസ്ഥാനത്തിനും, രാഷ്ട്രത്തിനും മാതൃകയാവേണ്ടവര്‍ ഇങ്ങിനെയാവാമോ? കാശ്മീരില്‍ പരസ്പരം കയ്യാങ്കളി തന്നെയാണ് സാമാജികര്‍ കാട്ടിക്കൂട്ടിയത്. ജനാധിപത്യ സംവിധാനത്തിന് തന്നെ നാണക്കേടാണീ ചെയ്തികള്‍. നിയമസഭകള്‍ നിയമം ഉണ്ടാക്കാനും, ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള വേദികളാണ്. ഭരണപക്ഷം, പ്രതിപക്ഷത്തെ തികഞ്ഞ മാന്യതയോടെ കാണുകയും ഇടപെടുകയും വേണം. രണ്ടുപക്ഷവും ഒന്നിച്ചുനിന്നാണ് ഭരണം നടത്തേണ്ടത്. തെറ്റ് കണ്ടാല്‍ വിമര്‍ശിക്കുകയും നേരായ വഴിക്ക് ഭരണപക്ഷത്തെ നയിക്കുകയും ചെയ്യേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണ്.

കൈക്കൂലിയും, അഴിമതിയും കൊടികുത്തി വാഴുകയാണ് രാജ്യമൊട്ടുക്കും. കൊച്ചു കേരളത്തിലെ ഭരണാധികാരികള്‍ കാട്ടിക്കൂട്ടുന്ന വൃത്തികേടുകള്‍ കണ്ടും കേട്ടും ജനങ്ങള്‍ മടുത്തുപോയി. ഇവര്‍ ഒരിക്കലും നേരേയാവില്ലയെന്ന വിശ്വാസത്തിലേക്ക് പൊതുജനം എത്തിക്കഴിഞ്ഞു. നാണമില്ലാതെ കോടികളാണ് കോഴവാങ്ങിക്കൂട്ടുന്നത്. കൊടുത്തവര്‍ അത് വിളിച്ചുപറയുന്നു. ഒപ്പം നില്‍ക്കുന്ന നേതാക്കളും അത് ശരിയാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു അതൊക്കെ കേട്ട് നിര്‍ല്ലജ്ജം കോഴക്കേസരികള്‍ നാടുവാഴുന്നു.

'അയ്യാണ്ടുകൂടിടുമ്പോള്‍ ഒരു ദിനം
പോളിങ്ങ് ബൂത്തിലെത്താം- ചിത്രത്തില്‍
ഓട്ടുകുത്താം- ഇതെന്തൊരു
ഗോഷ്ഠി ജനാധിപത്യം'

വര്‍ഷങ്ങള്‍ക്കുമുമ്പ് കാന്‍ഫെഡ് പ്രവര്‍ത്തകരായ ചെറുപ്പക്കാര്‍ വിളിച്ചുനടന്ന ഈ മുദ്രാവാക്യം ഇത്തരുണത്തില്‍ ഓര്‍ത്തുപോവുകയാണ്. ജനാധിപത്യ സമ്പ്രദായം ഏറ്റവും മികവുറ്റ ഭരണ സമ്പ്രദായമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ദുഷിച്ചുനാറിയ ഒരു ഭരണ ക്രമമായി മാറാനും ഏറെ സാധ്യതയുള്ളതാണിത്.

മന്ത്രിമാരും, എം.എല്‍.എമാരും മാത്രമല്ല, ജനാധിപത്യപ്രക്രിയയില്‍ ഏറ്റവും അടിത്തട്ടിലുള്ള വാര്‍ഡ് മെമ്പറും, വാര്‍ഡ് കൗണ്‍സിലര്‍ വരെ കൈക്കൂലി പ്രശ്‌നത്തിലായാലും, അഴിമതിയുടെ കാര്യത്തിലായാലും ഭാഗവാക്കുകളാകുന്ന നികൃഷ്ട കാഴ്ചകളാണ് എങ്ങും കാണാന്‍ കഴിയുന്നത്. അധികാരം ജനങ്ങളിലേക്ക് എന്ന് വിളിച്ചുപറഞ്ഞ് വികേന്ദ്രീകാസൂത്രണം എന്ന മോഹന സ്വപ്നം ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിച്ച പഞ്ചായത്തീരാജ് സംവിധാനങ്ങളിലും ക്രമക്കേടുകള്‍ നടക്കുന്നു. വലിയവര്‍ വലിയ സംഖ്യയും സമ്മാനങ്ങളും കൈപ്പറ്റുമ്പോള്‍ താഴെക്കിടയിലുള്ള ജനപ്രതിനിധികള്‍ അവര്‍ക്ക് ചേരും വിധം കാര്യങ്ങള്‍ നടത്തുന്നു.

കേരളത്തില്‍ കുറേ കാലമായി 'സരിത' യെന്ന സ്ത്രീയെ കേന്ദ്രീകരിച്ചാണ് ഭരണ കര്‍ത്താക്കള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍. സരിത ആരെയാണ് എപ്പോഴാണ് പീഡനകേസില്‍ പെടുത്തുക എന്ന ഭയപ്പാടോടെയാണ് നേതാക്കള്‍ കഴിഞ്ഞുകൂടുന്നത്. പലരുടെ കയ്യിലും സരിതയുടെ സ്വകാര്യതകള്‍ വെളിപ്പെടുത്തുന്ന രേഖകളുണ്ട്. 32 പേജോളം വരുന്ന കുറിപ്പുണ്ട് സരിത തയ്യാറാക്കിയിട്ട്. ആ കുറിപ്പ് കയ്യിലുള്ള വ്യക്തികള്‍ 'ഇപ്പോ വെളിപ്പെടുത്തും' എന്ന ഭീഷണി മുഴക്കുന്നു. എന്തായാലും നേതാക്കളില്‍ കുറേപേര്‍ ഭയപ്പെട്ട് കഴിയുന്നുണ്ട്. സരിതയെന്ന കഥാനായികയുടെ കടലാസുതുണ്ടില്‍ വിറക്കുന്ന സര്‍ക്കാരാണ് നമുക്കുള്ളത്.

സരിത തന്റേടിയായ സ്ത്രീയാണ്. അവരുടെ ബിസിനസ് ശക്തിപ്പെടുത്താന്‍ ആവശ്യമായ കരുനീക്കങ്ങള്‍ അവര്‍ നടത്തി. ദുര്‍ബല ചിത്തരായ ഭരണ നേതാക്കളെ എങ്ങിനെ സ്വാധീനിക്കേണ്ടതെന്നവര്‍ക്കറിയാം. അങ്ങിനെ പലരും വീണു. വീണവരെ രക്ഷിക്കാന്‍ ഉന്നത നേതാക്കളും രംഗത്തിറങ്ങി. എല്ലാവരും ഇപ്പോള്‍ വഷളായിക്കൊണ്ടിരിക്കുന്നു. ഇനിയും വരുംനാളില്‍ എന്തൊക്കെ സംഭവിക്കാമെന്ന് പ്രവചിക്കാന്‍ പറ്റാത്തവിധം കാര്യങ്ങള്‍ നീങ്ങുകയാണ്.

പെണ്ണ് കേസായാലും, കൈക്കൂലിയായാലും, അഴിമതിയായാലും അപ്പപ്പോള്‍ കാര്യങ്ങള്‍ പുറത്തുവരുന്നു എന്നതാണ് പൊതുജനത്തിനുള്ള ആശ്വാസം. നേതാക്കളെ പൊതുജനത്തിന് വിലയിരുത്താന്‍ കഴിയുന്നു. വാര്‍ത്താമാധ്യമങ്ങള്‍ ഈ രംഗത്ത് പുലര്‍ത്തുന്ന ജാഗ്രത അഭിനന്ദനീയമാണ്. ഒപ്പംനിന്നവര്‍ സ്വന്തം കാര്യം സാധിക്കാതെ വരുമ്പോള്‍ അവരറിഞ്ഞ രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ ശ്രമിക്കുന്നു. കിട്ടിയ ലാഭങ്ങള്‍ കൃത്യമായി പങ്കുവെപ്പില്‍ ലഭിക്കാതെ വരുമ്പോഴും 'കള്ളി' വെളിച്ചത്താക്കി തന്‍ കാര്യം നേടാന്‍ ശ്രമിക്കുന്നവരെയും ജനം തിരിച്ചറിയുന്നു.

നേതാക്കളില്‍ സേവന സന്നദ്ധതയും, സത്യസന്ധതയും അന്യം നിന്നുപോയ്‌ക്കൊണ്ടിരിക്കുന്നു. പകരം സ്വാര്‍ത്ഥതയും, എന്തും കണ്ണടച്ച് ഇരുട്ടാക്കിക്കളയാമെന്നുള്ള ശീലവും വളര്‍ന്നു കൊണ്ടിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ നേതാക്കളാണ്, അധികാര ലഭ്യതയുടെ പേരില്‍ താന്തോന്നിത്തരങ്ങള്‍ കൂടുതല്‍ കളിക്കുന്നത്. ഇവരെ പൊതുജനം 'ബഹുമാനപ്പെട്ട' എന്ന വിശേഷണം കൂട്ടിയാണ് സംബോധന ചെയ്യുന്നത്. ആ ബഹുമാനപ്പെട്ട എന്ന സംബോധനക്ക് ഇത്തരക്കാര്‍ അര്‍ഹരാണെന്ന് പോലും പറയാന്‍ സാധിക്കില്ല. ഇങ്ങിനെ സംബോധന ചെയ്യുന്നതുപോലും പൊതുജനത്തിന് നാണക്കേടായി മാറിക്കൊണ്ടിരിക്കുന്നു.

പഴയ രാജ ഭരണത്തിലുള്ള രാജാക്കന്മാരേക്കാള്‍ പതിന്മടങ്ങ് സുഖലോലുപതയിലാണ് നമ്മുടെ കേന്ദ്ര- സംസ്ഥാന ഭരണസാരഥികള്‍. ഒപ്പം നടക്കാന്‍ കുറേ പാദസേവകര്‍, സാറേ വിളി കേള്‍പ്പിച്ച് സുഖിപ്പിക്കാന്‍ വേറൊരു പറ്റം ആള്‍ക്കാര്‍, ഇവരൊക്കെ ചേര്‍ന്നാണ് ഭരണത്തിലേറിയ നാള്‍ മുതല്‍ എതോ ലോകത്ത് അകപ്പെട്ട പ്രതീതി നേതാക്കളിലുണ്ടാക്കിയെടുക്കുന്നത്.

കോടീശ്വരന്മാരും ശതകോടീശ്വരന്മാരുമല്ലേ ജനാധിപത്യ സംവിധാനത്തില്‍ പ്രതിനിധികളായി കേന്ദ്ര - സംസ്ഥാന അധികാര കേന്ദ്രങ്ങളിലെത്തുന്നത്. എല്ലാം പണത്തെ അടിസ്ഥാനമാക്കിയുള്ള കളികളാണ്. അവരെ അധികാരസ്ഥാനത്തെത്തിക്കുന്നതും മുതലാളി മാഫിയക്കാരാണ്. പാവം ജനം. ഇതെല്ലാം കണ്ടും കേട്ടും സഹിക്കുന്നു.

സഹിച്ചുമടുത്തു. ഇനി സഹിക്കാന്‍ വയ്യ എന്ന നിലയിലേക്ക് പൊതുജനം എത്തിയിട്ടുണ്ട്. ഒരു പൊളിച്ചെഴുത്തുവേണ്ടിവരും. അതിന് അതിവിപ്ലവകാരികള്‍ തന്നെ വേണം. മാവോവാദികളും മറ്റും ഉണ്ടാകുന്നത് ഇതൊക്കെ കണ്ടും കേട്ടും അനുഭവിച്ചും മറ്റുമാണ്. ജനം ഇളകും തീര്‍ച്ച. മൂന്നാം തലമുറ രംഗത്തിറങ്ങി മുദ്രാവാക്യം വിളിക്കുന്നില്ലെങ്കിലും, ശാസ്ത്രസാങ്കേതിക നേട്ടങ്ങളുടെ ഫലമായുണ്ടായ വേഗതയേറിയ കമ്മ്യൂണിക്കേഷന്‍ സമ്പ്രദായവും കൂട്ടായ്മയും വഴി ഇവിടെ കാണുന്ന അരുതായ്മകളെ തച്ചുടക്കാന്‍ സന്നദ്ധരാവും എന്നുള്ള കാര്യത്തില്‍ സംശയമില്ല.

പ്രതികരിക്കാന്‍ ശേഷിയുള്ള ന്യൂജനറേഷനിലാണ് ഇനിയുള്ള പ്രതീക്ഷ. അവര്‍ ഉണര്‍ന്നു പ്രര്‍ത്തിക്കുമെന്നും പ്രതികരിക്കുമെന്നും പ്രതീക്ഷിക്കാം...
Article, Kookanam-Rahman, Freedom, MLA, New Generation, Niyamasabha, Jammu Kashmir, Let's wake up new generation.

Keywords: Article, Kookanam-Rahman, Freedom, MLA, New Generation, Niyamasabha, Jammu Kashmir, Let's wake up new generation.