Follow KVARTHA on Google news Follow Us!
ad

വ്യാഴാഴ്ച എന്തും സംഭവിക്കാം; ആര്‍എസ്പിയെ അട്ടിമറിച്ച് സമ്മര്‍ദത്തിനും പിസി ജോര്‍ജ്ജ്

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം അനുകൂലമല്ലെങ്കില്‍ P.C George, Chief Minister, UDF, MLA, Government, K.M.Mani, Shibu Baby John, Thiruvananthapuram, Kerala.
തിരുവനന്തപുരം: (www.kvartha.com 30/03/2015) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം അനുകൂലമല്ലെങ്കില്‍ വരുതിക്കു വരുത്താന്‍ യുഡിഎഫില്‍ കുറുമുന്നണിക്ക് പിസി ജോര്‍ജ്ജിന്റെ ശ്രമം. ആര്‍എസ്പിയുടെ മൂന്ന് എംഎല്‍എമാരെ കൂടെ നിര്‍ത്തി വില പേശാനാണു നീക്കം. ജോര്‍ജ്ജ് പോയാലും രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷത്തില്‍ സര്‍ക്കാര്‍ നിലനില്‍ക്കും എന്നാണ് കെഎം മാണി വാദിക്കുന്നത്.

എന്നാല്‍ ആര്‍എസ്പി തിരിഞ്ഞാല്‍ സര്‍ക്കാരിന്റെ നില പരുങ്ങലിലാകും. അത് മുതലെടുത്ത് സ്വന്തം നില ഭദ്രമാക്കാനും ആര്‍എസ്പിയുടെ ചില അവകാശവാദങ്ങളുടെ കാര്യത്തില്‍ മുന്നണി നേതൃത്വത്തില്‍ നിന്ന് ഉറപ്പു വാങ്ങാനുമാണ് നീക്കം. ഇതിനോട് ആര്‍എസ്പി മന്ത്രി ഷിബു ബേബി ജോണ്‍, സംസ്ഥാന സെക്രട്ടറി എഎ അസീസ്, മറ്റൊരു എംഎല്‍എയായ കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ വ്യത്യസ്ഥമായാണത്രേ പ്രതികരിക്കുന്നത്. അതാണു ജോര്‍ജ്ജിനു മുന്നിലുള്ള പ്രശ്‌നവും.
ആര്‍എസ്പി എംപി എന്‍കെ പ്രേമചന്ദ്രന്‍ മുഖേന പൊതുവായ തീരുമാനമെടുപ്പിക്കാനുള്ള ശ്രമം സജീവമാണ്.

എന്നാല്‍ മറുവശത്ത് കെഎം മാണിയും ചില കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്. ജോര്‍ജ്ജ് ഒറ്റയ്ക്കു പോയാല്‍ അത് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നു ചൂണ്ടിക്കാട്ടി ആര്‍എസ്പിയെ കൂടെ നിര്‍ത്താനാണു ശ്രമം. എന്നാല്‍ ജോര്‍ജ്ജ് കൂറുമാറ്റത്തില്‍ കുടുങ്ങുകയും ആര്‍എസ്പി പോവുകയും ചെയ്താലും ഭരണം വീഴും.

പ്രതിപക്ഷത്ത് കെബി ഗണേഷ് കുമാര്‍ ഉള്‍പ്പെടെ 66 എംഎല്‍എമാരും ഭരണപക്ഷത്ത് ജി കാര്‍ത്തികേയന്റെ മരണശേഷം പിസി ജോര്‍ജ്ജ് ഉള്‍പ്പെടെ 73 എംഎല്‍എമാരുമാണ് ഇപ്പോഴുള്ളത്. ഇതില്‍ എന്‍ ശക്തന്‍ സ്പീക്കറുമാണ്. ജോര്‍ജ്ജിനെ പുറത്താക്കിയാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. അദ്ദേഹം പ്രതിപക്ഷത്തെ പിന്തുണച്ചാല്‍ അവിടെ എണ്ണം 67 ആകും. അപ്പോള്‍ യുഡിഎഫില്‍ 72 ആയി കുറയും. അതില്‍ നിന്ന് മൂന്ന് ആര്‍എസ്പി എംഎല്‍എമാര്‍ കൂടി പോയാല്‍ പ്രതിപക്ഷത്ത് 70, ഭരണപക്ഷത്ത് 69 എന്നതാകും സ്ഥിതി. പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ സര്‍ക്കാര്‍ വീഴും.

എന്നാല്‍ മാണി ഗ്രൂപ്പില്‍ നിന്ന് നില്‍ക്കക്കള്ളിയില്ലാതെ ജോര്‍ജ്ജ് രാജിവച്ചാല്‍ കൂറുമാറ്റം ബാധകമാകും. ആ ഒഴിവില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പും അരുവിക്കര ഉപതെരഞ്ഞെടുപ്പും വിജയിക്കാമെന്നും ഭരണം നിലനിര്‍ത്താമെന്നുമാണ് കെ എം മാണി കോണ്‍ഗ്രസ് നേതാക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. ആര്‍എസ്പിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കൂടെനിര്‍ത്തുകയുമാകാം. പി സി ജോര്‍ജ്ജിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ രാഷ്ട്രീയമായി അദ്ദേഹത്തെ ഇല്ലാതാക്കാം എന്നു മാത്രമല്ല, തന്നെ പാലായില്‍ തോല്‍പ്പിക്കുമെന്നു പറഞ്ഞ ജോര്‍ജ്ജിനുള്ള ഏറ്റവും നല്ല തിരിച്ചടിയാകുമെന്നും മാണി കണക്കുകൂട്ടുന്നു.

ദുബൈയില്‍ നിന്ന് വ്യാഴാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരിച്ചെത്തിയ ശേഷം തീരുമാനിക്കുന്നതെന്ത് എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും എല്ലാ അട്ടിമറികളും. അതിനു മുമ്പുള്ള തിളച്ചുമറിയുന്ന അടിയൊഴുക്കുകളിലാണ് സംസ്ഥാനത്തെ രാഷ്ട്രീയം.
P.C George, Chief Minister, UDF, MLA, Government, K.M.Mani, Shibu Baby John, Thiruvananthapuram, Kerala.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: P.C George, Chief Minister, UDF, MLA, Government, K.M.Mani, Shibu Baby John, Thiruvananthapuram, Kerala.

Post a Comment