Follow KVARTHA on Google news Follow Us!
ad

ഗണേഷിന്റെ വെളിപ്പെടുത്തല്‍ കാത്ത് കേരളം; നിയമസഭയില്‍ പറയാന്‍ നേരത്തേ എഴുതിക്കൊടുക്കണം

ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ Kerala, Minister, Ganesh Kumar, UDF, Government, Blackmail
തിരുവനന്തപുരം: (www.kvartha.com 24.11.2014) ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ വെളിപ്പെടുത്താന്‍ പോകുന്ന ആ രണ്ടു പേരുകള്‍ ആരുടേതെല്ലാമായിരിക്കും? പാലക്കാട്ട് ആന ഉടമകളുടെ സംഘടനാ സമ്മേളനത്തില്‍ ഗണേഷ് നടത്തിയ പ്രഖ്യാപനം ആകാംക്ഷയോടെ കാത്തിരിക്കുന്നവരില്‍ കേരളത്തിലെ മാധ്യമങ്ങള്‍, പൊജുജനം, ഉദ്യോഗസ്ഥ മേധാവികള്‍, രാഷ്ട്രീയ നേതൃത്വം തുടങ്ങിയവരെല്ലാമുണ്ട്.

പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ കണക്കില്‍പെടാത്ത സ്വത്തുക്കള്‍ വിജിലന്‍സ് കണ്ടെത്തുകയും അദ്ദേഹത്തെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിന് പിന്നാലെയാണ് മുന്‍ മന്ത്രി കൂടിയായ, യുഡിഎഫ് എംഎല്‍എ ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. ഏതായാലും ഭരണത്തെ ബാധിക്കുന്ന വിധത്തില്‍ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളല്ല ഗണേഷ് കുമാറിന്റെ ഉന്നമെന്നാണു സൂചന. പ്രമുഖരായ രണ്ട് ഉദ്യോഗസ്ഥ മേധാവികള്‍ തന്നെയാണ് അവര്‍. പക്ഷേ, ആരൊക്കെ എന്ന് അറിയാന്‍ കാത്തിരിക്കേണ്ടി വരും. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ആദ്യ ദിനംതന്നെ അത് ഉണ്ടാകണമെന്നുമില്ല.

ഏതെങ്കിലും ചര്‍ച്ചയില്‍ പങ്കെടുത്തോ ചോദ്യോത്തര വേളയില്‍ ഉപചോദ്യം ഉന്നയിക്കാനുള്ള അവസരത്തിലോ ശ്രദ്ധ ക്ഷണിക്കല്‍, സബ്മിഷന്‍ ഉന്നയിക്കല്‍ എന്നിവയിലോ ഗണേഷിന് തന്റെ ഊഴം ഉപയോഗിച്ച് അഴിമതി ആരോപണം ഉന്നയിക്കാന്‍ സാധിക്കും. പക്ഷേ, അതെന്തുതന്നെയായാലും മുന്‍കൂട്ടി വിശദാംശങ്ങള്‍ സ്പീക്കര്‍ക്ക് എഴുതിക്കൊടുത്ത് അനുമതി വാങ്ങണമെന്നാണ് നിയമസഭാ നടപടിക്രമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ചോദ്യോത്തരവേള പോലുള്ളവയില്‍ അഴിമതി ആരോപണം ഉന്നയിക്കാന്‍ സാധാരണഗതിയില്‍ അനുമതി നല്‍കാറില്ല. പകരം ശൂന്യവേളയില്‍ അതിന് പ്രത്യേക അനുമതി നല്‍കണമെങ്കില്‍ വിഷയം അത്രയേറെ ഗൗരവസ്വഭാവമുള്ളതായിരിക്കണം. ഇതൊന്നുമല്ലെങ്കില്‍ ഏതെങ്കിലും ബില്ലിന്റെയോ മറ്റോ ചര്‍ച്ചയില്‍ പങ്കെടുത്ത് ആരോപണം ഉന്നയിക്കാം. അപ്പോഴും നേത്തേ എഴുതിക്കൊടുക്കുകതന്നെ വേണം.

മണ്ണിളകുമ്പോള്‍ പുഴുവിനെ കൊത്തുന്ന കൊക്ക് മാത്രമാണ് സൂരജ് എന്നും കാട്ടുപോത്തുകള്‍ വേറെയുണ്ടെന്നുമാണ് ഗണേഷ് പറഞ്ഞത്. അവരില്‍ രണ്ടുപേരുടെ പേരുകളാണ് വെളിപ്പെടുത്തുക. ഗതാഗതം, വനം, സ്‌പോര്‍ട്‌സ്, സിനിമ എന്നീ വകുപ്പുകള്‍ ഭരിച്ചിട്ടുള്ള ഗണേഷിന്റെ വെളിപ്പെടുത്തല്‍ ആ വകുപ്പുകളിലാണോ പുറത്താണോ എന്ന അഭ്യൂഹവും ശക്തമാണ്. മന്ത്രി അറിയാതെ ഉന്നഉദ്യോഗസ്ഥര്‍ അഴിമതി നടത്തില്ല എന്നും പറഞ്ഞിരുന്നു. അതുകൊണ്ട് ഉന്നം കെ.എം. മാണിയുടെ കീഴിലുള്ള ഏതെങ്കിലും വകുപ്പാകാം എന്നും പ്രചരിക്കുന്നുണ്ട്.

അതേസമയം, ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍ ഭീഷണി ഒരു രാഷ്ട്രീയ ബ്ലാക്‌മെയിലിംഗ് തന്ത്രമാണെന്നു കണക്കുകൂട്ടുന്ന നേതാക്കളുമുണ്ട്. അഴിമതിക്കാരും അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവരും നിരവധിയുണ്ടായിരിക്കെ, തങ്ങളില്‍ ആരെയാണ് ഉന്നംവയ്ക്കുന്നത് എന്ന് അറിയാത്തതുകൊണ്ടുള്ള ഭയംമൂലം അത് അറിയാന്‍ ശ്രമിക്കുമെന്നും അത് മുതലെടുക്കാനാണ് ഗണേഷിന്റെ ശ്രമമെന്നുമാണ് ഇവര്‍ വിലയിരുത്തുന്നത്. പക്ഷേ, ബഹുഭൂരിപക്ഷം ഇത് വിശ്വസിക്കുന്നില്ല.

മകന്‍ മന്ത്രിയായിരിക്കെ, മുഖ്യമന്ത്രിയെ കണ്ട് അഴിമതി ആരോപണം ഉന്നയിച്ച പിതാവ് ആര്‍. ബാലകൃഷ്ണ പിള്ളയുടെ കൂടി പിന്തുണയോടെയാണ് ഇപ്പോഴത്തെ നീക്കമെന്നതാണ് കൗതുകകരം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Kerala, Minister, Ganesh Kumar, UDF, Government, Blackmail, Ganesh can reveal anything; But need prior permission from Speaker. 

Post a Comment