Follow KVARTHA on Google news Follow Us!
ad

ആശങ്ക പരിഹരിച്ചതിന് ശേഷമേ ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാവൂ: കാന്തപുരം


കല്‍പ്പറ്റ: കൂടംകുളം നിവാസികളുടെ ആശങ്ക പരിഹരിച്ചതിന് ശേഷമേ ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാവൂവെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. കേരളയാത്രയോട് അനുബന്ധിച്ച് കല്‍പ്പറ്റയില്‍ ഇന്നലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവ നിലയങ്ങളുടെ നിര്‍മാണത്തിലും പരിപാലനത്തിലും സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അന്താരാഷ്ട്ര കരാറുകളുടെ പേരില്‍ രാജ്യത്ത് ആഭ്യന്തര സംഘര്‍ഷങ്ങള്‍ തലപൊക്കാനുള്ള അവസരം ഉണ്ടാകരുത്. സമാധനപരമായി പ്രതിഷേധിക്കാനുള്ള പൗരന്‍മാരുടെ അവകാശത്തെ ഇല്ലാതാക്കരുത്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നവരെ നിയമ കുരുക്കുകളില്‍പ്പെടുത്തി നിശ്ശബ്ദരാക്കാനുള്ള നീക്കം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. എതിരഭിപ്രായങ്ങളെ ആശയപരമായും ചര്‍ച്ചകളിലൂടെയും പരിഹരിക്കാാന്‍ സംവിധാനങ്ങളുണ്ടാകണം.കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഭൂചലനങ്ങളുടെ പശ്ചാത്തലത്തില്‍ നമ്മുടെ വികസന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഒരു വഴിപാടായി മാറുന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സന്നദ്ധ സംഘടനകള്‍ക്ക് മാത്രമായി വിട്ടുകൊടുക്കുന്നത് കൊണ്ടാണ്. രാജ്യത്തെ ഭൂരിപക്ഷം വരുന്ന വിശ്വാസികളെ സംബോധന ചെയ്യുന്ന സ്ഥാപനങ്ങളെയും സംഘടനകളെയും കൂടി ബോധവത്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കണം. വികസന രംഗത്ത് നിലനില്‍ക്കുന്ന പ്രാദേശിക അസന്തുലിതാവസ്ഥ രാജ്യത്ത് ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമാകാന്‍ കാരണമാകും. ഇത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ദുര്‍ബലപ്പെടുത്തും.
അഞ്ചാം മന്ത്രി വിവാദം സാമുദായികവത്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. രാഷ്ട്രീയത്തില്‍ ഓരോ കക്ഷിക്കും തങ്ങളുടേതായ ന്യായാന്യായങ്ങള്‍ ഉണ്ടാകും. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ സമൂഹത്തിലേക്ക് വ്യാപിപ്പിക്കരുത്. തെലുങ്കാന പോലെയുള്ള ഉദാഹരണങ്ങള്‍ നമ്മുടെ മുന്നില്‍ ഇപ്പോള്‍ തന്നെയുണ്ട്. പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും തുക അനുവദിക്കുന്നതിലും എല്ലാ പ്രദേശങ്ങള്‍ക്കും തുല്യ പരിഗണന നല്‍കണം. ഈ പശ്ചാത്തലത്തില്‍ മലബാറിന്റെ വികസന സംബന്ധിയായ പ്രശ്‌നങ്ങളോട് സര്‍ക്കാര്‍ കുറേകൂടി സര്‍ഗാത്മകമായ നിലപാട് സ്വീകരിക്കണം. മുല്ലപ്പെരിയാര്‍, രാത്രിയാത്രാ നിരോധം എന്നിവ വൈകാരികവത്കരിക്കുന്നത് അന്തര്‍ സംസ്ഥാന ബന്ധങ്ങളെ ദുര്‍ബലപ്പെടുത്തും. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണം. സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ കേന്ദ്രം പക്ഷപാതവും നിസംഗപരവുമായ നിലപാടുകള്‍ സ്വീകരിക്കരുത്.
ആദിവാസികളടക്കമുള്ള ദുര്‍ബല വിഭാഗങ്ങളുടെ ആവശ്യങ്ങളോടൊപ്പം നില്‍ക്കാന്‍ പൊതുസമൂഹം ജാഗ്രത കാണിക്കണം. ദുര്‍ബല വിഭാഗങ്ങളുടെ ഭൂപ്രശ്‌നങ്ങള്‍ അവരുടേതായി മാത്രം കാണരുത്. കിടപ്പാടമില്ലാത്തവര്‍ നമുക്കിടിയില്‍ ജീവിക്കുന്നു എന്നത് അപമാനകരമാണ്. രാജ്യത്ത് എല്ലാ ജനങ്ങളും സമന്‍മാരായിരിക്കണം. കേരളയാത്ര ഒരു രാഷ്ട്രീയ ലക്ഷ്യവും വെച്ച് കൊണ്ടല്ല. രാജ്യത്ത് മാനവികത നിലനില്‍ക്കാനും സാമുദായിക സ്പര്‍ദ ഇല്ലാതാക്കാനുമാണെന്നും അദ്ദേഹം പറഞ്ഞു.


Keywords: Kanthapuram A.P.Aboobaker Musliyar, Wayanad, Kerala, Koodamkulam Nuclear Plant,

Post a Comment