Follow KVARTHA on Google news Follow Us!
ad

ഹ്യൂഗോ ഷാവേസിന്‌ ആയുസ് ഒരു വര്‍ഷമെന്ന്‌ ഡോക്ടര്‍മാര്‍

ലണ്ടന്‍: അര്‍ബുദ ബാധിതനായ വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്‌ ആയുസ് ഒരു വര്‍ഷമെന്ന്‌ ഡോക്ടര്‍മാര്‍ വിധിയെഴുതിയതായി റിപോര്‍ട്ട്. എന്നാല്‍ അര്‍ബുദ ബാധയ്ക്കുള്ള ഓപ്പറേഷനു വിധേയനായി താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന്‌ ഷാവേസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലാണ്‌ ഷാവേസ് ഓപ്പറേഷന്‌ വിധേയനായത്. എന്നാല്‍, അദ്ദേഹത്തിന്റെ അവകാശവാദം ശരിയല്ലെന്നാണു ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. വന്‍കുടലിലും മൂത്രനാളിയിലുമാണു ഷാവേസിനു കാന്‍സര്‍ സ്ഥിരീകരിച്ചത്. എന്നാല്‍, അസ്ഥികളടക്കം ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും കാന്‍സര്‍ ഇപ്പോള്‍ വ്യാപിച്ചിരിക്കുകയാണെന്നു ഷാവേസിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെ ഉദ്ധരിച്ചു ബ്രസീലിയന്‍ മാസികയായ വെജ റിപ്പോര്‍ട്ടു ചെയ്തു.

പ്രൊസ്റേറ്റ് കാന്‍സര്‍ നീക്കം ചെയ്യുന്നതിനായി ഹവാനയില്‍ നടത്തിയ ഓപ്പറേഷനോടെയാണു രോഗം അതിവേഗം മറ്റു ശരീരഭാഗങ്ങളിലേക്കു വ്യാപിച്ചതെന്നും മാസികയുടെ റിപ്പോര്‍ട്ടിലുണ്ട്. കീമോതെറാപ്പിയും റെഡിയോ തെറാപ്പിയും ശസ്ത്രക്രിയയും പരാജയമായിരുന്നുവെന്നു കഴിഞ്ഞവര്‍ഷം ഓഗസ്റില്‍ ഡോക്ടര്‍മാര്‍ ഷാവേസിനെ അറിയിച്ചിട്ടുണ്ട്. യൂറോപ്പിലെവിടെയെങ്കിലുമുള്ള സ്പെഷലിസ്റ് കാന്‍സര്‍ സെന്ററിലേക്കു ചികിത്സ മാറ്റണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ഷാവേസ് ഇതു നിരാകരിച്ചത്രേ. അടുത്ത ഒക്ടോബറില്‍ രാജ്യത്തു നടക്കുന്ന പൊതുതെരഞ്ഞെടുപ്പുവരെ ജീവിച്ചിരിക്കില്ലെന്നു ഡോക്ടര്‍മാര്‍ ഷാവേസിനെ അറിയിച്ചിട്ടുണ്ടെന്നും മാസികയുടെ റിപ്പോര്‍ട്ടിലുണ്ട്. അമേരിക്കയ്ക്കും പാശ്ചാത്യരാജ്യങ്ങള്‍ക്കുമെതിരേ പരുഷമായ പ്രസ്താവനകളുമായി രംഗത്തുവരുമ്പോഴും താന്‍ മാരകരോഗിയാണെന്നും നാളുകള്‍ എണ്ണപ്പെട്ടെന്നുമുള്ള വിചാരം ഷാവേസിനുണ്ടെന്നും ഇനിയും മാരകമരുന്നുകള്‍ നല്കി തന്നെ തളര്‍ത്തരുതെന്ന് അദ്ദേഹം ഡോക്ടര്‍മാരോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English Summery
London: Venezuelan President Hugo Chavez may have limited life spam due to prostrate cancer. 

Post a Comment