Follow KVARTHA on Google news Follow Us!
ad

Palestinian PM | മുഹമ്മദ് മുസ്ത്വഫ ഫലസ്തീന്റെ പുതിയ പ്രധാനമന്ത്രി; നിയമനം വെല്ലുവിളികൾ നിറഞ്ഞ സമയത്ത്; പിന്നിൽ അമേരിക്കൻ സമ്മർദമോ?

മഹ്‌മൂദ്‌ അബ്ബാസിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു Palestine, Hamas, Israel, Gaza, ലോക വാർത്തകൾ
വെസ്റ്റ് ബാങ്ക്: (KVARTHA) മുഹമ്മദ് മുസ്ത്വഫയെ ഫലസ്തീൻ അതോറിറ്റിയുടെ (PA) പുതിയ പ്രധാനമന്ത്രിയായി പ്രസിഡന്റ് മഹ്‌മൂദ്‌ അബ്ബാസ് നിയമിച്ചു. ഫെബ്രുവരി 26ന് മുഹമ്മദ് ഇശ്തയ്യ രാജിവച്ചതിനെ തുടർന്ന് ഈ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ദീർഘകാലം മഹ്‌മൂദ്‌ അബ്ബാസിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു മുഹമ്മദ് മുസ്ത്വഫ. 2014ൽ ഇസ്രാഈൽ ആക്രമണത്തിന് ശേഷം ഗസ്സയുടെ പുനർനിർമാണത്തിൽ ഇദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

Palestinian President Abbas appoints Mohammed Mustafa as prime minister.

അധിനിവേശ വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഭരണം പുനഃസ്ഥാപിക്കുന്നതിനും സർക്കാർ, സുരക്ഷാ സേവനങ്ങളിലും സമ്പദ്‌വ്യവസ്ഥയിലും പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിനും അഴിമതിക്കെതിരെ പോരാടുന്നതിനും പദ്ധതികൾ തയ്യാറാക്കാൻ പുതിയ പ്രധാനമന്ത്രിയോട് പ്രസിഡന്റ് മഹ്‌മൂദ്‌ അബ്ബാസ് നിർദേശിച്ചിട്ടുണ്ട്. 69 കാരനായ മുസ്ത്വഫ ലോകബാങ്കിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്, മുമ്പ് ഉപപ്രധാനമന്ത്രിയായും സാമ്പത്തിക മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഗസ്സ മുനമ്പിനെതിരായ ആക്രമണവും വംശഹത്യയും പട്ടിണിയും വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും സംഘർഷങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ചൂണ്ടിക്കാട്ടിയാണ് നേരത്തെ മുഹമ്മദ് ഇശ്തയ്യ രാജിവച്ചത്. ഫലസ്തീൻ അതോറിറ്റിയെ പരിഷ്കരിക്കാനുള്ള അമേരിക്കൻ സമ്മർദത്തിൻ്റെ പശ്ചാത്തലത്തിലാണ് മുഹമ്മദ് മുസ്ത്വഫയെ അടുത്ത പ്രധാനമന്ത്രിയായി പ്രസിഡൻ്റ് നിയമിച്ചതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.

ഗസ്സയിലെ യുദ്ധം അവസാനിച്ചതിന് ശേഷം ഹമാസിന് പകരം ഫലസ്തീൻ അതോറിറ്റി അധികാരം ഏറ്റെടുക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാൽ അമേരിക്കയുടെ ഈ പദ്ധതിയെ ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശക്തമായി എതിർക്കുകയാണ്. മറുവശത്ത്, ഗസ്സയിൽ ഇസ്രാഈൽ നടത്തുന്ന ആക്രമണങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.

ഫലസ്തീൻ അതോറിറ്റി

ഫലസ്തീൻ അതോറിറ്റി, ഫലസ്തീൻ പ്രദേശങ്ങളുടെ ഭരണസമിതിയായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഫലസ്തീൻ അതോറിറ്റിയെ നയിക്കുന്നത് പ്രസിഡൻ്റാണ്, കൂടാതെ പലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിൽ എന്ന പേരിൽ ഒരു നിയമനിർമ്മാണ സ്ഥാപനമുണ്ട്. ഫലസ്തീനിൽ രണ്ട് വലിയ രാഷ്ട്രീയ പാർട്ടികളുണ്ട്, ഒന്ന് ഹമാസും മറ്റൊന്ന് ഫത്തയും. ഹമാസ് ഒരു സായുധ സംഘടനയാണ്, 2007 മുതൽ ഗസ്സ മുനമ്പ് ഭരിക്കുന്നു.

അതേസമയം, അന്താരാഷ്ട്ര പിന്തുണയുള്ള വെസ്റ്റ് ബാങ്കും ജറുസലേമും ഭരിക്കുന്നത് ഫത്തയുടെ നേതൃത്വത്തിലുള്ള പലസ്തീൻ അതോറിറ്റിയാണ്. ചുരുക്കത്തിൽ വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രസിഡൻ്റാണ് ഫലസ്തീൻ അതോറിറ്റിയുടെ തലവൻ. മഹമൂദ് അബ്ബാസ് 2005 മുതൽ ഫലസ്തീൻ അതോറിറ്റിയുടെ തലവനാണ്.

പലസ്തീൻ അതോറിറ്റിയാണ് അന്താരാഷ്ട്ര തലത്തിൽ പലസ്തീനികളെ പ്രതിനിധീകരിക്കുന്നത്. ഫലസ്തീനിലെ രാഷ്ട്രീയ സംവിധാനം പലസ്തീൻ അതോറിറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും (PLO) ഇസ്രാഈലും തമ്മിലുള്ള ഓസ്ലോ ഉടമ്പടിയെത്തുടർന്ന് 1994 ൽ ഒരു ഇടക്കാല ഭരണസമിതിയായി പിഎ സ്ഥാപിതമായി.

Keywords: Palestine, Hamas, Israel, Gaza, News, Malayalam-News, World, Israel-Palestine-War, Palestinian President Abbas appoints Mohammed Mustafa as prime minister.
< !- START disable copy paste -->

Post a Comment