എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കിയ അഡ്വ. ഫാത്വിമ തഹ് ലിയയെ ഫോണിലൂടെ വിളിച്ച് നടന്‍ സുരേഷ് ഗോപി; ബി ജെ പിയിലേക്ക് ക്ഷണം, മോദിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്നും വാഗ്ദാനം; മറുപടി ഇങ്ങനെ!

കോഴിക്കോട്: (www.kvartha.com 15.09.2021) എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കിയ അഡ്വ. ഫാത്വിമ തഹ് ലിയയെ ഫോണിലൂടെ വിളിച്ച് നടന്‍ സുരേഷ് ഗോപി. ഫാത്വിമയെ ബി ജെ പിയിലേക്ക് സ്വാഗതം ചെയ്ത സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്നും വാഗ്ദാനം ചെയ്തു. എന്നാല്‍, ബി ജെ പിയില്‍ ചേരുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ലെന്നായിരുന്നു ഫാത്വിമയുടെ മറുപടി.

Suresh Gopi invites Fathima Tahliya to join BJP, Kozhikode, News, Politics, BJP, MSF, Suresh Gopi, Actor, Phone call, Kerala

മുസ് ലിം ലീഗ് വിട്ട് മറ്റൊരു പാര്‍ടിയില്‍ ചേരാന്‍ ഒരുക്കമല്ല. അത്തരമൊരു ആലോചന പോലും നടക്കുന്നില്ലെന്നും ഫാത്വിമ വ്യക്തമാക്കി. ബി ജെ പിയില്‍ ചേരുന്നില്ലെങ്കില്‍ പോലും എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കാന്‍ മടിക്കരുതെന്നും താരം ഫാത്വിമയോട് പറഞ്ഞു.

എം എസ് എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്റ് പി കെ നവാസ് അശ്ലീല പരാമര്‍ശം നടത്തിയെന്ന് കാണിച്ച് പരാതി നല്‍കിയ ഹരിത ഭാരവാഹികളെ പിന്തുണച്ചു കൊണ്ട് ഫാത്വിമ തഹ് ലിയ രംഗത്തെത്തുകയും ഹരിത നേതാക്കളെ പിന്തുണച്ച് വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസമാണ് ഫാത്വിമയെ നീക്കിയത്. ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയതോടെ ഫാത്വിമ പാര്‍ടി മാറുമെന്ന തരത്തില്‍ വ്യാപക പ്രചരണം നടന്നിരുന്നു.

എന്നാല്‍ പ്രചരണത്തിനെതിരെ രംഗത്തെത്തിയ ഫാത്വിമ കഴിഞ്ഞദിവസം 'മുസ്ലിം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് ഞാന്‍ പാര്‍ടിയില്‍ ചേര്‍ന്നതെന്നും സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ലെന്നും ഫാത്വിമ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ടി മാറുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ കളവും ദുരുദ്ദേശപരവുമാണെന്നും ഫാത്വിമ അറിയിച്ചു.

Keywords: Suresh Gopi invites Fathima Tahliya to join BJP, Kozhikode, News, Politics, BJP, MSF, Suresh Gopi, Actor, Phone call, Kerala.

Post a Comment

Previous Post Next Post