Follow KVARTHA on Google news Follow Us!
ad

സി എം പിയുടെ മൂന്നരപ്പതിറ്റാണ്ട്: രാഷ്ട്രീയ കേരളം ഓഡിറ്റിങ് നടത്തുമ്പോള്‍

കേരള രാഷ്ട്രീയത്തിലെ ഉരുക്കുമനുഷ്യനെന്ന് അറിയപ്പെടുന്ന എം വി രാഘവന്റെ പോരാട്ടത്തിന്റെയും സഹനത്തിന്റെയും ചരിത്രമാണ് സി എം പിക്കു പറയാനുള്ളത്. Thirty years of CMP; Article by Bhama Navath #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
ഭാമ നാവത്ത്

കണ്ണൂര്‍: (www.kvartha.com 03.08.2020) 
ഒരു പാര്‍ട്ടിയുടെ മൂന്നര പതിറ്റാണ്ടെന്നത് അതിനെ വിലയിരുത്താന്‍ മാത്രം പോന്ന വലിയൊരു കാലമല്ല. പ്രത്യേകിച്ചു ഒരു കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കാര്യമാവുമ്പോള്‍. ഏതാണ്ട് 35 വർഷം മുമ്പ് കോരിച്ചോരിയുന്ന മഴയുള്ള ദിവസമാണ് തൃശൂരില്‍ വെച്ചു സി എം പി അഥാവ കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിറ്റ് പാര്‍ട്ടി രൂപീകരിക്കപ്പെടുന്നത്.

കേരള രാഷ്ട്രീയത്തിലെ ഉരുക്കുമനുഷ്യനെന്ന് അറിയപ്പെടുന്ന എം വി രാഘവന്റെ പോരാട്ടത്തിന്റെയും സഹനത്തിന്റെയും ചരിത്രമാണ് സി എം പിക്കു പറയാനുള്ളത്. അതികഠിനമായ ആവേശകരമായ ഒരു യാത്രയായിരുന്നുവത്. ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും മാതൃപ്രസ്ഥാനം കച്ചക്കെട്ടിയിറങ്ങിയപ്പോള്‍ എം വി ആറിനെ വിശ്വസിച്ചു കൂടെയിറങ്ങിയവര്‍ ശാരീരികമായി നിരന്തരം അക്രമിക്കപ്പെട്ടു. പലരും ശരീരം തളര്‍ന്നു കിടപ്പായി. എങ്കിലും വലതുപക്ഷത്തിന്റെ ഓരം ചേര്‍ന്നു പോകുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെന്ന പേരില്‍ സി എം പി അതിന്റെ രാഷ്ട്രീയ പ്രയാണം തുടര്‍ന്നു. പിന്നീട് എം വി രാഘവനെന്ന അതികായകന്റെ വിയോഗത്തോടെ കടലേറ്റം കഴിഞ്ഞ് കടലിറങ്ങിയതുപോലെ ഒരു രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ ആവാസസ്ഥാനങ്ങളില്‍ നിന്നും പിന്‍മടങ്ങിയപ്പോള്‍ പാറക്കൂട്ടങ്ങളെപ്പോലെ ഒറ്റത്തുരുത്തായ ഒരുപാട് മനുഷ്യരെ അവശേഷിപ്പിച്ചു.


മരിച്ചു പോയവരും ജീവിക്കുന്ന രക്തസാക്ഷികളും
മൂന്നരപതിറ്റാണ്ടിനു മുന്‍പ് ‌രൂപീകരിക്കപ്പെടുകയും കേരള രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റിന്റെ മുഴക്കം സൃഷ്ടിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാര്‍ക്‌സിറ്റ് എന്ന സി  എം പിയുടെ ബദല്‍ രാഷ്ട്രീയ പോരാട്ടത്തിനിടെയില്‍ മരണമടഞ്ഞവരും ജീവിക്കുന്നവരുമായ മനുഷ്യര്‍ ഒട്ടേറെയുണ്ട്. മൂന്നരപതിറ്റാണ്ടിനു മുന്‍പിലുള്ള സി എം പിയെന്ന ഒഴുക്കിനെതിരെയുള്ള പോരാട്ടത്തിന് ചോരയും നീരും കൊടുത്ത മനുഷ്യരിന്ന് അവഗണനയുടെ ഇരുട്ടിലാണ്. എം വി ആറിന്റെ മരണത്തിന് ശേഷം പാര്‍ട്ടി രണ്ടും മൂന്നുമായി പിളര്‍ന്നപ്പോള്‍ പെരുവഴിയിലായിപ്പോയവര്‍.

ബദല്‍ രേഖയുടെ പേരില്‍ സി പി എമ്മില്‍ നിന്നും പുറത്താക്കപ്പെട്ട എം വി രാഘവനെന്ന എം വി ആറിന് അത്രമേല്‍ സ്വാധീനമുണ്ടായിരുന്നു പാര്‍ട്ടിയിലും ജനങ്ങളിലും. മാതൃപാര്‍ട്ടിയുടെ സിരാകേന്ദ്രങ്ങളില്‍ നിന്നു പോലും നേതാക്കളെയും അണികളെയും പേരെടുത്തു വിളിച്ചു കൊണ്ടു എം വി ആര്‍ കടന്നുചെല്ലാന്‍ തുടങ്ങിയപ്പോള്‍ പുതിയൊരു യുദ്ധമുഖം തന്നെ തുറന്നു. ഓരോ അണികളിലും നേതാക്കളിലും ചാരക്കണ്ണുകളും ജാഗ്രതയുമായി സി പി എമ്മും നിലയുറപ്പിച്ചു.

ഇതിനിടെയില്‍ നേതാക്കളുടെയും അണികളുടെയും ഒരു വന്‍നിര എം വി ആറിനോടൊപ്പം പോകാന്‍ തുടങ്ങി. ചാത്തുണ്ണി മാഷ്, സി പി മൂസാന്‍കുട്ടി, പാട്യം രാജന്‍ തുടങ്ങിയ ഒട്ടേറെ പേര്‍ സി എം പിയിലേക്ക് പോയതോടെ സി പി എമ്മിനു സമാനമായി ബ്രാഞ്ച് മുതല്‍ ഘടകങ്ങളും രൂപീകരിക്കപ്പെട്ടു. എം വി ആറായിരുന്നു പാര്‍ട്ടിയുടെ നാഡിയും നട്ടെല്ലും. നായ്കുരണയും ചീമുട്ടയേറും മര്‍ദനവും കൂസാതെ എം വി ആര്‍ മുന്‍പോട്ടു തന്നെ നടന്നു. അഴീക്കോട് പോലുള്ള സി പി എമ്മിന്റെ അടിയുറച്ച മണ്ഡലത്തില്‍ നിന്നും വരെ ജയിച്ചു കയറി. പിടിച്ചു നില്‍ക്കാനാവാതെ യു ഡി എഫിലേക്കും ചേക്കേറേണ്ടി വന്നു. എം എല്‍ എയും സഹകരണ വകുപ്പു മന്ത്രിയുമായി. അന്നത്തെ കോണ്‍ഗ്രസിലെ മുടിചൂടി മന്നനായ കെ കരുണാകരന്റെ കാഞ്ഞ ബുദ്ധിയായിരുന്നു രാഘവനെ യു ഡി എഫ് പാളയത്തിലേക്ക് എത്തിച്ചതിനു പിന്നില്‍.


ദൈവം മരിച്ചപ്പോള്‍
പാര്‍ട്ടിയിലെ ഏകഛത്രാപതിയായ എം വി രാഘവനു പ്രായമേറിയതോടെ രാഷ്ട്രീയത്തില്‍ യൗവനമായിരുന്ന സി എം പിക്കും അകാല വാര്‍ധക്യം ബാധിക്കാന്‍ തുടങ്ങി. രണ്ടാം നിര നേതാക്കളുണ്ടായിരുന്നുവെങ്കിലും എം വി ആറിനോളം വരില്ലായിരുന്നു അവര്‍. വാര്‍ധക്യകാലത്ത് എം വി ആറിനുണ്ടായിരുന്ന ഓര്‍മ്മക്കുറവും അവശതയും പാര്‍ട്ടിയുടെ നയസമീപനങ്ങളെയും ബാധിക്കാന്‍ തുടങ്ങി.

ഒടുവില്‍ മാതൃപാര്‍ട്ടിയായ സി പി എമ്മിന് സമക്ഷം സി എം പി അഭയം തേടിയെത്തേണ്ട ഗതികേടും വന്നു. കൂത്തുപറമ്പ് വെടിവയ്പ്പിനെ തുടര്‍ന്ന് തെരുവുകളില്‍ ഡി വൈ എഫ് ഐ സ്ഥിരമായി വിശേഷിപ്പിച്ച ഒരു പേരായിരുന്നു ഡ്രാക്കുള രാഘവനെന്ന്. ചില കമ്പിത്തൂണുകളിലെങ്കിലും അതു ബാക്കി നില്‍പ്പുണ്ട്. എന്നാല്‍ പിന്നീട് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന എം വി ആറിനെ ആശുപത്രിയില്‍ പോയി അവസാനമായിയൊന്നു സന്ദര്‍ശിക്കാന്‍ സി പി എമ്മിന്റെ ഉന്നത നേതാക്കള്‍ മത്സരിച്ചു. കൂത്തുപറമ്പ് വെടിവയ്പ്പും അതില്‍ അവര്‍ ആരോപിക്കുന്ന പങ്കും ഡി വൈ  എഫ് ഐക്ക് തൊണ്ട തൊടാതെ വിഴുങ്ങേണ്ടി വന്നു.

പിന്നീട് എം വി ആറിന്റെ മരണത്തോടെ സി എം പി രണ്ടായി പിളര്‍ന്നു. അരവിന്ദാക്ഷന്‍ വിഭാഗം എല്‍ ഡി എഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഒടുവില്‍ പാട്യം രാജനടക്കമുള്ളവര്‍ പഴയ ലാവണത്തിലേക്ക് ലയിച്ചു. ഇതോടെ സി എം പിയില്‍ നിന്നും പ്രബലമായ ഒരു വിഭാഗം ഇല്ലാതായി. പാര്‍ട്ടിയുടെ കണ്ണൂരിലെ ആസ്ഥാനം വരെ സി പി എം പോഷക സംഘടനയായ ഐ ആര്‍ പി സിയെന്ന ജീവകാരുണ്യ സംഘടന പിടിച്ചെടുത്തു. ഇതോടെ എം വി ആറിനൊപ്പം നിലകൊണ്ടിരുന്ന വലിയൊരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും തങ്ങള്‍ക്കു സി പി എം അനുവദിച്ചു തന്ന ചെറിയ സ്ഥാനങ്ങള്‍ക്കൊണ്ടു ഒതുങ്ങേണ്ടി വന്നു. യു ഡി എഫിനൊപ്പം നിലനില്‍ക്കുന്ന സി പി ജോണ്‍ വിഭാഗം ഇപ്പോഴും സജീവമാണെങ്കിലും മലബാറില്‍ വേണ്ടത്ര വേരുകളില്ല.

നേതൃപാടവത്തില്‍ എം വി ആറിന് അടുത്തെത്താന്‍ പോലും ജോണിന് കഴിയാത്തതാണ് അവര്‍ നേരിടുന്ന ദുരന്തം. എന്നെങ്കിലും യു ഡി എഫ് മന്ത്രി സഭ കേരളത്തില്‍ വരികയാണെങ്കില്‍ ലഭിക്കാവുന്ന ഒരു മന്ത്രി സ്ഥാനം അതുമാത്രം ലക്ഷ്യമിട്ടുള്ള മിനിമം അജന്‍ഡയേ പാര്‍ട്ടിക്കുള്ളൂ. എം വി ആറിന്റെ നാടായ കണ്ണൂരില്‍ നിന്നും സി എ അജീറടക്കമുള്ള വലിയൊരു വിഭാഗം ജോണിനോടൊപ്പമുണ്ട്. ഇതുകൂടാതെ എം വി ആറിന്റെ മകന്‍ രാജേഷ്‌കുമാര്‍ നേതൃത്വം നല്‍കുന്ന ഒരു വിഭാഗവും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Keywords: Kerala, News, Politics, LDF, UDF, Article, Kannur, CPM, Political Party, M V Raghavan, CMP, Bhama Navath, Thirty years of CMP; Article by Bhama Navath.