Follow KVARTHA on Google news Follow Us!
ad

ഇടതിന്റെ രണ്ടാമൂഴത്തിന് മങ്ങലേറ്റതോടെ ഉമ്മന്‍ചാണ്ടി കളത്തില്‍ സജീവമാകുന്നു; ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മാറി നിന്ന ഉമ്മന്‍ചാണ്ടി എത്തിയതോടെ യു ഡി എഫ് പ്രവര്‍ത്തകരും ആവേശത്തിലായി

ആരോഗ്യപ്രശ്‌നങ്ങളും കോവിഡും കാരണം സജ്ജീവമല്ലാതിരുന്ന ജനകീയനേതാവ് ഉമ്മന്‍ചാണ്ടി വീണ്ടും #കേരളാവാര്‍ത്തകള്‍ #ഉമ്മന്‍ചാണ്ടി #ചെന്നിത്തല After health pr
തിരുവനന്തപുരം: (www.kvartha.com 03.08.2020) ആരോഗ്യപ്രശ്‌നങ്ങളും കോവിഡും കാരണം സജ്ജീവമല്ലാതിരുന്ന ജനകീയനേതാവ് ഉമ്മന്‍ചാണ്ടി വീണ്ടും സജ്ജീവമാകുന്നു. ഇത് യു ഡി എഫ് പ്രവര്‍ത്തകരെ ആവേശത്തിലാക്കി. റാന്നിയില്‍ വനംവകുപ്പ് ജീവനക്കാരുടെ അനാസ്ഥ കാരണം മരണപ്പെട്ട മാത്തുക്കുട്ടിയുടെ വീട്ടില്‍ ഉമ്മന്‍ചാണ്ടി സന്ദര്‍ശനം നടത്തും. സംഭവത്തില്‍ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മത്തായിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് യു ഡി എഫ് സമരം നടത്തിവരുകയാണ്. എ ഗ്രൂപ്പിന് ഏറെ സ്വാധീനമുള്ള മേഖലയാണ് പത്തനംതിട്ടയിലെ റാന്നി. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരില്‍ ഒരാളായ ആന്റോ ആന്റണി എം പി സംഭവം നടന്നയുടനെ സ്ഥലത്ത് എത്തിയിരുന്നു.

പ്രതിപക്ഷനേതാവും ഐ ഗ്രൂപ്പിന്റെ നാഥനുമായ രമേശ് ചെന്നിത്തലയാണ് യു ഡി എഫിനെ ഇപ്പോള്‍ നയിക്കുന്നത്. സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷനേതാവ് ഏവരുടെയും പ്രിയനേതാവായി മാറിക്കഴിഞ്ഞു. സി പി എം നേതാക്കള്‍ ചെന്നിത്തലയെ സംഘിയാക്കാന്‍ നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തോട് അഭിപ്രായഭിന്നത ഉണ്ടായിരുന്ന ലീഗുകാര്‍ വരെ പിന്തുണയുമായി എത്തി. എ ഗ്രൂപ്പിന്റെ നോമിനിയായ യു ഡി എഫ് കണ്‍വീനര്‍ ബെന്നിബഹന്നാന് കാര്യമായ റോളില്ലാതായി. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാകട്ടെ എ, ഐ ഗ്രൂപ്പുകാര്‍ക്ക് അനഭിമതനാണ്. ഇരു ഗ്രൂപ്പുകാരുടെയും പിന്തുണ കിട്ടാത്തതിനാല്‍ അദ്ദേഹം അസംതൃപ്തനുമാണ്. സി എ എയ്‌ക്കെതിരെ ചെന്നിത്തല സര്‍ക്കാരുമൊത്ത് സമരം ചെയ്തതിനെ മുല്ലപ്പള്ളി എതിര്‍ത്തപ്പോള്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവിന് പിന്തുണ നല്‍കിയിരുന്നു.



പ്രളയവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനപിന്തുണ വര്‍ദ്ധിപ്പിക്കുകയും മാധ്യമങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ നല്‍കുകയും ചെയ്തതോടെ അടുത്ത തവണ അധികാരത്തിലെത്താന്‍ പ്രയാസമാണെന്ന് യു ഡി എഫ് കേന്ദ്രങ്ങള്‍ വരെ വിലയിരുത്തിയിരുന്നു. അതിനും മുമ്പ് ആന്ധ്രയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ചാണ്ടിയെ കെട്ടുകെട്ടിച്ചിരുന്നു. അങ്ങനെ പ്രതീക്ഷനഷ്ടപ്പെട്ട യു ഡി എഫിന് സ്പ്രിംഗ്ലര്‍ കച്ചിത്തുരുമ്പായി. അതില്‍ പിടിച്ച് കയറി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാസ്സായി. സ്പ്രിംഗ്ലര്‍ കമ്പനിക്ക് ഡാറ്റാ വിശകലനത്തിന് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തി. ഇ- മൊബിലിറ്റി പദ്ധതി, ശബരിമല വിമാനത്താവളം, സ്വര്‍ണക്കടത്ത് കേസ്, സെക്രട്ടറിയേറ്റിലെ സി സി ടി വി കേടായ സംഭവം, ഈ സര്‍ക്കാരിന്റെ കാലത്തെ അനധികൃത നിയമനങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണം, സ്വര്‍ണക്കടത്ത് കേസില്‍ സി ബി ഐ അന്വേഷണത്തിന് തയ്യാറാകണം, കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് സി പി എം ജനറല്‍ സെക്രട്ടറിക്ക് കത്തയച്ചു അങ്ങനെ നിരവധി വിഷയങ്ങളിലൂടെ പ്രതിപക്ഷനേതാവ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലും പ്രതിസന്ധിയിലുമാക്കി.

അങ്ങനെ എല്‍ ഡി എഫിന്റെ രണ്ടാമൂഴം എന്ന സ്വപ്‌നത്തിന് മങ്ങലേറ്റു. അതോടെ യു ഡി എഫ് ക്യാമ്പ് ആവേശത്തിലായി. പിതാവിനെ വരെ ആര്‍ എസ് എസുകാരനാക്കി സി പി എം രമേശ് ചെന്നിത്തലയെ ആക്രമിച്ചു. അതോടെ കാര്യങ്ങള്‍ അനുകൂലമാവുകയാണെന്ന് യു ഡി എഫ് നേതൃത്വത്തിന് മനസ്സിലായി. അതോടെ എ, ഐ ഗ്രൂപ്പുകള്‍ തങ്ങളുടെ മേല്‍ക്കൈയ്ക്കായി ഒരുക്കങ്ങള്‍ തുടങ്ങി. രോഗം ഭേദമായതോടെ ഉമ്മന്‍ചാണ്ടിയും കളത്തിലിറങ്ങി. ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികള്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വമാണ് താല്‍പര്യം. കോണ്‍ഗ്രസിനെ സംബന്ധിച്ച് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ എം എല്‍ എമാരുള്ളത് എന്നത് പ്രധാനമാണ്. അതുകൊണ്ടാണ് കഴിഞ്ഞതവണ പ്രതിപക്ഷനേതാവാകാന്‍ ഇല്ലെന്ന് ഉമ്മന്‍ചാണ്ടി ആദ്യമേ വ്യക്തമാക്കിയത്. എ ഗ്രൂപ്പിനായിരുന്നു എം എല്‍ എമാര്‍ കൂടുതല്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് പ്രതിനിധികളെ വിജയിപ്പിച്ച് വീണ്ടും മുഖ്യമന്ത്രി കസേരയിലെത്താമെന്ന ആത്മവിശ്വാസം ഉമ്മന്‍ചാണ്ടിക്ക് ഉണ്ട്. എ ഐ സി സി നേതൃത്വം അതിനെ എതിര്‍ക്കുകയുമില്ല.


Keywords: After health problem, Oommen Chandy is active; Udf workers exited, Oommen Chandy, UDF, LDF, Ramesh Chennithala, Benny Behanan, Kodiyeri Balakrishnan, AICC, Parliamentary Party, Muslim League, MLA