Follow KVARTHA on Google news Follow Us!
ad

സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിന് പിന്നാലെ കാണാതായ നിയമ വിദ്യാര്‍ത്ഥിനിയെ രാജസ്ഥാനില്‍ നിന്നും കണ്ടെത്തി; പെണ്‍കുട്ടിയെ വീട്ടില്‍ എത്തിക്കുന്നതിന് മുന്‍പ് കോടതിയില്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി

മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെNew Delhi, News, Missing, Student, Police, Supreme Court of India, Threat, National,
ന്യൂഡെല്‍ഹി: (www.kvartha.com 30.08.2019) മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ കാണാതായ നിയമ വിദ്യാര്‍ത്ഥിനിയെ രാജസ്ഥാനില്‍ നിന്നും കണ്ടെത്തി.

പെണ്‍കുട്ടിയേയും സുഹൃത്തിനെയും രാജസ്ഥാനില്‍ നിന്ന് കണ്ടെത്തിയതായും വിദ്യാര്‍ത്ഥിയെ ഉത്തര്‍പ്രദേശിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായും പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു.

"She's Safe, Wasn't Kidnapped": UP Police On Woman Found After 6 Days, New Delhi, News, Missing, Student, Police, Supreme Court of India, Threat, National

വീട്ടില്‍ കൊണ്ടുപോകുന്നതിന് മുമ്പ് പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഒരു ആണ്‍കുട്ടിക്കൊപ്പം യുവതി ദ്വാരകയിലെ ഹോട്ടലില്‍ ഉണ്ടെന്ന് സി സി ടി വി ദൃശ്യങ്ങളില്‍നിന്ന് സ്ഥിരീകരിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കോളജ് ഡയറക്ടര്‍ കൂടിയായ സ്വാമി ചിന്‍മയാനന്ദ് തന്നെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആരോപിച്ചിരുന്നു. ഷാജഹാന്‍പൂരിലുള്ള എസ് എസ് കോളജിലെ നിയമ വിദ്യാര്‍ത്ഥിനിയാണ് കാണാതായ പെണ്‍കുട്ടി.

23കാരിയായ പെണ്‍കുട്ടിയെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്. കോളജിലെ ഉന്നതന്റെ പീഡനത്തില്‍നിന്ന് രക്ഷിക്കണമെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും ഇവര്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോ ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ആരുടെയും പേരു പരാമര്‍ശിക്കാതെയാണു പെണ്‍കുട്ടി സമൂഹമാധ്യമത്തില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പെണ്‍കുട്ടികളുടെ ജീവന്‍ നശിപ്പിച്ച 'ശാന്ത് സമാജിലെ' ഉന്നതനായ ഒരു നേതാവ് തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു പെണ്‍കുട്ടിയുടെ വാക്കുകള്‍.

'ഒട്ടേറെ പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ച ശാന്ത് സമാജിലെ ഉന്നതന്‍ എന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യോഗിജീ, മോഡിജീ എന്നെ സഹായിക്കൂ. എന്റെ കുടുംബത്തെയും കൊല്ലുമെന്ന് അയാള്‍ പറഞ്ഞു. പോലീസും ജില്ലാ മജിസ്‌ട്രേറ്റും തന്റെ പോക്കറ്റിലാണെന്നാണ് ആ സന്യാസി പറയുന്നത്. അയാള്‍ക്കെതിരായ എല്ലാ തെളിവുകളും എന്റെ കൈയിലുണ്ട്'' -എന്നാണ് വിദ്യാര്‍ത്ഥിനി വീഡിയോയില്‍ പറഞ്ഞത്.

കാറിലിരുന്നെടുത്ത വീഡിയോ ആഗസ്റ്റ് 24-ന് വൈകിട്ട് നാലുമണിയോടെയാണ് പെണ്‍കുട്ടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. പിന്നീട് പെണ്‍കുട്ടിയെ കാണാതായി. പെണ്‍കുട്ടി ദൃശ്യം അപ്ലോഡ് ചെയ്തതിനു തൊട്ടുപിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ബന്ധപ്പെടാന്‍ കഴിയാതെ വരികയും ചെയ്‌തെന്ന് മാതാപിതാക്കള്‍ പരാതിപ്പെട്ടിരുന്നു.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വാമി ചിന്മയാനന്ദിനെതിരെ ഷാജഹാന്‍പൂര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകല്‍, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സ്വാമി ചിന്മയാനന്ദിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ തിരോധാനത്തെ കുറിച്ച് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് നാടകീയമായി പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.

താന്‍ കടന്നുപോകുന്ന ഭീതിയുളവാക്കുന്ന അവസ്ഥ മറ്റാര്‍ക്കും മനസ്സിലാകില്ല. പോലീസും മറ്റ് അധികാരികളും അയാളുടെ പക്ഷത്താണെന്നും ഒന്നും ചെയ്യാനാകില്ലെന്നുമാണ് അവകാശവാദമെന്നും വിഡിയോയില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു. രക്ഷാ ബന്ധന്‍ ദിനത്തിലാണ് മകള്‍ അവസാനമായി വീട്ടില്‍ വന്നതെന്നും ഫോണ്‍ അധികനേരം സ്വിച്ച് ഓഫ് ആയാല്‍ തനിക്ക് അപകടം പറ്റിയിട്ടുണ്ടെന്ന് മനസ്സിലാക്കണമെന്നും പറഞ്ഞതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു.

വീഡിയോ കണ്ടശേഷം ചിന്മയാനന്ദിനോട് ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ഇതോടെ പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.

സുപ്രീംകോടതി കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനു തൊട്ടുമുന്‍പാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയെ ഹാജരാക്കാന്‍ എത്രസമയം എടുക്കുമെന്ന് അറിയിക്കാന്‍ യുപി പോലീസിനോട് സുപ്രീംകോടതി ചോദിച്ചു.

ഇതിന് മറുപടിയായി പെണ്‍കുട്ടി സ്വാമി ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അതിന്റെ പേരില്‍ കേസെടുത്തുവെന്നും പോലീസ് പറഞ്ഞു. മറ്റൊരു ഉന്നാവ് കേസായി മാറുമോയെന്നു പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ ആശങ്ക ഉയര്‍ത്തിയ സാഹചര്യത്തിലാണ് കേസ് പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.

ഷാജഹാന്‍പൂരിലെ നിയമ വിദ്യാര്‍ത്ഥിനിയെ ഉച്ചയ്ക്ക് രണ്ടുമണിയോടെ കോടതിയില്‍ ഹാജരാക്കണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. പെണ്‍കുട്ടിയെ വീട്ടില്‍ എത്തിക്കുന്നതിന് മുന്‍പ് സുപ്രീം കോടതിയില്‍ ഹാജരാക്കണമെന്നാണ് കോടതി നല്‍കിയ നിര്‍ദേശം.

ജസ്റ്റിസ് ആര്‍ ഭാനുമതി അടങ്ങിയ ബെഞ്ചാണ് യുപി പോലീസിനോടു പെണ്‍കുട്ടിയെ കോടതിയില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്. പെണ്‍കുട്ടിയുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നു അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: "She's Safe, Wasn't Kidnapped": UP Police On Woman Found After 6 Days, New Delhi, News, Missing, Student, Police, Supreme Court of India, Threat, National.