Follow KVARTHA on Google news Follow Us!
ad

ഓയൂരില്‍ സ്ത്രീധനത്തിനായി യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍; മരിച്ച തുഷാരയുടെ ഭര്‍ത്താവ് ചന്തുലാലും മാതാവ് ഗീതാലാലും വീട്ടില്‍ ആഭിചാരക്രിയകള്‍ നടത്തിയിരുന്നതായും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും അയല്‍വാസികളുടെ മൊഴി

ഓയൂരില്‍ സ്ത്രീധനത്തിനായി യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍News, Local-News, Crime, Criminal Case, Police, Arrested, Murder, hospital, Treatment, Kerala,
ഓയൂര്‍: (www.kvartha.com 30.03.2019) ഓയൂരില്‍ സ്ത്രീധനത്തിനായി യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. മരിച്ച തുഷാരയുടെ ഭര്‍ത്താവ് ചന്തുലാലും മാതാവ് ഗീതാലാലും വീട്ടില്‍ ആഭിചാരക്രിയകള്‍ നടത്തിയിരുന്നതായും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കി.

കരുനാഗപ്പള്ളി അയണിവേലികുളങ്ങര തെക്ക് തുഷാര ഭവനില്‍ തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകള്‍ തുഷാരയാണ് (27) സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാരുടെ കൊടും ക്രൂരതയെ തുടര്‍ന്ന് മരിച്ചത്. 2013 ലാണ് ചന്തുലാലും തുഷാരയും വിവാഹിതരായത്. കഴിഞ്ഞ മാര്‍ച്ച് 21 അര്‍ധ രാത്രിയോടെയാണ് ചന്തുലാലും ഗീതാലാലും അവശ നിലയില്‍ തുഷാരയെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

 Forced starvation, dowry harassment behind young Kerala woman's death, News, Local-News, Crime, Criminal Case, Police, Arrested, Murder, Hospital, Treatment, Kerala

മര്‍ദനത്തെ തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ള തിണര്‍പ്പുകള്‍ ശരീരത്തില്‍ കണ്ടതോടെ ജില്ലാ ആശുപത്രി അധികൃതര്‍ കൊല്ലം ഈസ്റ്റ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

Forced starvation, dowry harassment behind young Kerala woman's death, News, Local-News, Crime, Criminal Case, Police, Arrested, Murder, hospital, Treatment, Kerala.

അസ്വാഭാവിക മരണത്തിന് കേസെടുത്ത കൊല്ലം ഈസ്റ്റ് പോലീസ് ഫയല്‍ പൂയപ്പള്ളി പോലീസിന് കൈമാറി. പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചതിനെ തുടര്‍ന്ന് തുഷാരയുടെ ഭര്‍ത്താവ് ചന്തുലാലിനേയും മാതാവ് ഗീതാ ലാലിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊട്ടാരക്കട കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷമേ കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടാരക്കര ഡിവൈ.എസ്.പി ദിന്‍രാജ് പറഞ്ഞു.

ദിവസങ്ങളോളം ഭക്ഷണം കിട്ടാതെയുള്ള അവസ്ഥ ന്യുമോണിയയായി പരിണമിച്ചതാണ് മരണകാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതക കേസുകള്‍ക്ക് സമാനമായി ശിക്ഷ ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304(ബി) (സ്ത്രീധന പീഡന മരണം) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പട്ടിണിക്കിട്ടതിനും കേസുണ്ട്.

അറസ്റ്റിലായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരുടെ അടുത്ത ചില ബന്ധുക്കള്‍ക്കും സംഭവവുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. അടുത്ത ഘട്ടത്തില്‍ ഇവരിലേക്ക് അന്വേഷണം നീങ്ങുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇതിനിടെ തുഷാരയുടെ ബന്ധുക്കളും പോലീസ് കണ്ടെത്തല്‍ ശരിവയ്ക്കുന്ന വിവരങ്ങളാണ് പങ്കുവച്ചത്.

അതിനിടെ, വിവാഹം കഴിഞ്ഞ് ആറ് വര്‍ഷമായിട്ടും മൂന്നുതവണ മാത്രമാണ് തുഷാരയെ കാണാന്‍ അനുവദിച്ചതെന്ന് മാതാവ് വിജയലക്ഷ്മി പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ മകളെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും കഴിഞ്ഞ ഒന്നര വര്‍ഷമായി മകളെ കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. തുഷാരയെ പലപ്പോഴും മര്‍ദിക്കുന്നത് കണ്ടിട്ടുണ്ടെന്നും പോലീസില്‍ 27 തവണ പരാതി നല്‍കിയിരുന്നുവെന്നും അയല്‍ക്കാര്‍ പറഞ്ഞു.

സ്ത്രീധനത്തെചൊല്ലി പട്ടിണിക്കിട്ട് അതിക്രൂരമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് തുഷാര(27) മരണപ്പെട്ടത്. മാര്‍ച്ച് 27-നായിരുന്നു സംഭവം. മാസങ്ങളായി വെറും പഞ്ചസാര വെള്ളവും കുതിര്‍ത്ത അരിയും മാത്രമാണ് തുഷാരയ്ക്ക് ഭക്ഷണമായി നല്‍കിയിരുന്നത്. മരണസമയത്ത് വെറും 20 കിലോ മാത്രമായിരുന്നു തുഷാരയുടെ ശരീരത്തിന്റെഭാരം. ഇതാണ് യുവതിയുടെ മരണത്തെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസിനെ പ്രേരിപ്പിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

2013ലായിരുന്നു തുഷാരയുടേയും ചന്തുലാലിന്റേയും വിവാഹം. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ രണ്ടുലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടെങ്കിലും തുഷാരയുടെ വീട്ടുകാര്‍ നല്‍കിയില്ല. തുടര്‍ന്ന് ചന്തുലാലും മാതാവും തുഷാരയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു. സ്വന്തം വീട്ടിലേക്ക് പോകാനോ ബന്ധുക്കളുമായി ഫോണിലോ മറ്റോ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല. രണ്ടു വര്‍ഷത്തിനിടെ രണ്ടു പ്രാവശ്യം മാത്രമാണ് തുഷാര വീട്ടുകാരുമായി ബന്ധപ്പെട്ടത്.

തുഷാരയെ കാണാന്‍ ബന്ധുക്കള്‍ എത്തിയാല്‍ പോലും മടക്കി അയയ്ക്കും. അവര്‍ വന്നതിന്റെ പേരില്‍ തുഷാരയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. കുട്ടികളെ കാണാന്‍ തുഷാരയുടെ ബന്ധുക്കളെ അനുവദിച്ചതുമില്ല. കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചപ്പോള്‍ കാണാനെത്തിയ തുഷാരയുടെ ബന്ധുക്കളെ ചന്തുലാലും മാതാവും തടഞ്ഞ സംഭവം പരാതിയായതിനെ തുടര്‍ന്ന് കൊല്ലം ഈസ്റ്റ്് പോലീസ് ഇടപെട്ടിരുന്നു.

തകരഷീറ്റ് വച്ച് നാലുപാടും ഉയരത്തില്‍ മറച്ച പുരയിടത്തിലാണ് ചന്തുലാലിന്റെ വീട്. അമ്മ ഗീതാലാല്‍ വീടിന് മുന്നില്‍ ക്ഷേത്രം കെട്ടി മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്നു. ഇതിനായി പലരും എത്തിയിരുന്നതായും പോലീസ് പറഞ്ഞു. ഇവര്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. അയല്‍വാസികളെയോ ബന്ധുക്കളെയോ ഇവര്‍ വീടിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. പലപ്പോഴും വീട്ടില്‍നിന്നു ബഹളവും നിലവിളിയും കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

മന്ത്രവാദവുമായി മരണത്തിന് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. കൊല്ലം റൂറല്‍ എസ്.പി കെ.ജെ.സൈമണിന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി.ദിനരാജ്, പൂയപ്പളളി സി.ഐ. എസ്.ബി പ്രവീണ്‍, എസ്.ഐ.ശ്രീകുമാര്‍, എ.എസ്.ഐ.പ്രദീപ്, എസ്.സി.പി.ഒ ഷിബു എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Forced starvation, dowry harassment behind young Kerala woman's death, News, Local-News, Crime, Criminal Case, Police, Arrested, Murder, Hospital, Treatment, Kerala.