Follow KVARTHA on Google news Follow Us!
ad

നവോത്ഥാന മൂല്യം സംരക്ഷിക്കാന്‍ സാമൂഹ്യസംഘടനകളുടെ കൂട്ടായ്മ; ജനുവരി ഒന്നിന് വനിതാമതില്‍

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന Kerala, News, Woman, Chief Minister, Pinarayi Vijayan,
തിരുവനന്തപുരം: (www.kvartha.com 01.12.2018) നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് കാസര്‍കോട്
മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന മനുഷ്യമതില്‍ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമുദായ സംഘടനകളുടെ യോഗം തീരുമാനിച്ചു.

കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് യോഗത്തിനു ശേഷം മുഖ്യമന്ത്രി വാര്‍ത്താലേഖകരെ അറിയിച്ചു. ജനാധിപത്യ-മതനിരപേക്ഷ വിശ്വാസികളും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നിലകൊള്ളുന്ന സമൂഹവും ഈ പരിപാടിയില്‍ അണിനിരക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
Kerala, News, Woman, Chief Minister, Pinarayi Vijayan

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി നവോത്ഥാന മൂല്യസംരക്ഷണ സമിതി യോഗത്തില്‍ രൂപീകരിച്ചു. സി.കെ. വിദ്യാസാഗര്‍, ബി. രാഘവന്‍ (വൈസ് ചെയര്‍മാന്‍മാര്‍), സി.ആര്‍. ദേവദാസ്, സി.പി. സുഗതന്‍, ഇ.എന്‍. ശങ്കരന്‍ (ജോയന്റ് കണ്‍വീനര്‍മാര്‍), കെ. സോമപ്രസാദ് (ട്രഷറര്‍) എന്നിവരാണ് സമിതിയുടെ മറ്റ് ഭാരവാഹികള്‍.

ജനുവരി ഒന്നിന്റെ വനിതാ മതില്‍ രാജ്യം ശ്രദ്ധിക്കുന്ന ഇടപെടലായി മാറ്റാനാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സമൂഹത്തെ ഇരുണ്ട കാലത്തേക്ക് ആര്‍ക്കും തള്ളിവിടാനാവില്ല എന്ന് പ്രഖ്യാപനമായിരിക്കും ജനുവരി ഒന്നിന് കേരളത്തില്‍ മുഴങ്ങുക.

ജഗതി സഹകരണ ഭവനില്‍ ചേര്‍ന്ന യോഗത്തിലേക്ക് 190 സംഘടനാ പ്രതിനിധികളെയാണ് സര്‍ക്കാര്‍ ക്ഷണിച്ചിരുന്നത്. അവരില്‍ 170 പേര്‍ പങ്കെടുത്തു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ, നിയമ മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനായിരുന്നു. വെള്ളാപ്പള്ളി നടേശന്‍, പുന്നല ശ്രീകുമാര്‍, പി.ആര്‍. ദേവദാസ് (അഖില കേരള വിശ്വകര്‍മ്മ മഹാസഭ), സി.കെ. വിദ്യാസാഗര്‍ (ശ്രീനാരായണ ധര്‍മ്മവേദി), സി.പി. സുഗതന്‍ (ഹിന്ദുപാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി), വി. ദിനകരന്‍ (അഖില കേരള ധീവര സഭ), വിഷ്ണുപുരം ചന്ദ്രശേഖരന്‍ (സാമൂഹ്യസമത്വ മുന്നണി), പി. രാമഭദ്രന്‍ (ദളിത് ഫെഡറേഷന്‍), ടി.പി കുഞ്ഞുമോന്‍ (ആള്‍ ഇന്ത്യ വീരശൈവമഹാ സഭ), ഇ.എന്‍. ശങ്കരന്‍ (ആദിവാസി ക്ഷേമ സമിതി), ടി.പി. വിജയകുമാര്‍ (അഖില കേരള എഴുത്തച്ഛന്‍ സമാജം), എല്‍.എസ്. പ്രമോദ് (കെ.എന്‍.എം.എസ്), കെ.കെ. സുരേഷ് (ചേരമാള്‍ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി), കരിമ്പുഴ രാമന്‍(കേരള ബ്രാഹ്മണ സഭ), കെ. സോമപ്രസാദ്. എം.പി തുടങ്ങിയവര്‍ സംസാരിച്ചു.

നവോത്ഥാന മൂല്യങ്ങള്‍ തകര്‍ക്കാനുളള ചില ശക്തികളുടെ നീക്കം ഉത്കണ്ഠയുളവാക്കുന്നതാണന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ യോഗത്തില്‍ പങ്കെടുത്തവര്‍ പൊതുവെ സ്വാഗതം ചെയ്തു. പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും ഉണ്ട് എന്ന പ്രശ്‌നം ഗൗരവമായി പരിഗണിച്ച് മുന്നോട്ട് നീങ്ങണം എന്ന് സംഘടനകള്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളോട് വിവേചനം കാണിക്കുന്ന ഒരു നീക്കവും അനുവദിക്കാനാകില്ല. അതുകൊണ്ടാണ് സ്ത്രീകളെ അണിനിരത്തി ജനുവരി ഒന്നിന് പരിപാടി സംഘടിപ്പിക്കുന്നത്.

നവോത്ഥാന പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാനുളള ഉത്തരവാദിത്വമാണ് നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഇന്നത്തെ നേതാക്കള്‍ ഏറ്റെടുക്കേണ്ടതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നിയമം ഉറപ്പുനല്‍കുന്ന സ്ത്രീ-പുരുഷ സമത്വം നിഷേധിക്കാനുളള ഇടപെടലുകളാണ് ഇപ്പോള്‍ നടക്കുന്നത്. നാടിനെ പിറകോട്ടു നയിക്കാനുളള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ബഹുജനപ്രസ്ഥാനം ഉയര്‍ന്നുവരണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനോ പോലീസിനോ ഒരു പിടിവാശിയുമില്ല. തുലാമാസ പൂജാവേളയിലും ചിത്തിര ആട്ടവിശേഷപൂജാ ദിവസവും ശബരിമലയില്‍ സ്ത്രീകളെപോലും ആക്രമിക്കുന്ന സാഹചര്യമുണ്ടായതുകൊണ്ടാണ് നിയന്ത്രണം വേണ്ടിവന്നത്. ഈ നിയന്ത്രണം ഫലപ്രദമായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞു. കുഴപ്പമുണ്ടാക്കുന്നവര്‍ മാറി നിന്നാല്‍ ഒരു നിയന്ത്രണവും ഉണ്ടാകില്ല.

പാഠഭാഗങ്ങളില്‍ നവോത്ഥാന മൂല്യങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

വെള്ളാപ്പള്ളി നടേശന്‍:

സുപ്രീംകോടതി വിധി അനുസരിക്കാതെ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. ജീവിതത്തില്‍ ഒരിക്കലും പ്രാര്‍ത്ഥിക്കാത്തവര്‍ സന്നിധാനത്ത് ഭജന പാടുന്നതാണ് നാം കണ്ടത്. മൂക്കുമുറിച്ചാണ് ശകുനം മുടക്കുന്നത്. കാണിക്ക ഇടരുത് എന്ന ആഹ്വാനം ഭക്തിയല്ല, വിഭക്തിയാണ് കാണിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പാണിത്. വിധിയുണ്ടായപ്പോള്‍ സ്വാഗതം ചെയ്തവര്‍ പത്താളെ കിട്ടുമെന്ന് കണ്ടപ്പോള്‍ സമരത്തിനിറങ്ങി. ഏതായാലും ശബരിമലയില്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചവരെ അഭിനന്ദിക്കുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളെ ഒന്നിച്ചു വിളിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. സ്ത്രീകള്‍ക്കുളള അവകാശം നിഷേധിക്കാനുളള നീക്കത്തെ പ്രതിരോധിക്കാന്‍ സ്ത്രീകളുടെ കൂട്ടായ്മ വേണം.

പുന്നല ശ്രീകുമാര്‍

ശബരിമല ക്ഷേത്രത്തിലെ ജനാധിപത്യവല്‍ക്കരണത്തെ ഭയപ്പെടുന്നവരാണ് വിധ്വംസക പ്രവര്‍ത്തനം നടത്തുന്നത്. ഇത് അംഗീകരിക്കാന്‍ പറ്റില്ല. വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യതയാണ്. ചെറുന്യൂനപക്ഷം തെരുവില്‍ നടത്തുന്ന സമരങ്ങള്‍ പൊതുജനാഭിപ്രായത്തിന്റെ പ്രതിഫലനമല്ല.

കെ സോമപ്രസാദ് എം.പി.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കൂട്ടായ പരിശ്രമമാണ് വേണ്ടത്.

എക്‌സിക്യൂട്ടീവ് അംഗങ്ങള്‍:

യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരും ഉള്‍ക്കൊള്ളുന്ന ജനറല്‍ കൗണ്‍സിലും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

പി.രാമഭദ്രന്‍, കെ. രാമന്‍ കുട്ടി, പി.കെ. സജീവ്, രാജേന്ദ്രപ്രസാദ്, എന്‍.കെ. നീലകണ്ഠന്‍, എം.വി. ജയപ്രകാശ്, അഡ്വ. കെ.ആര്‍. സുരേന്ദ്രന്‍, കരിമ്പുഴ രാമന്‍, ഭാസ്‌കരന്‍ നായര്‍, സീതാദേവി (അംബേദ്കര്‍ സ്മാരക സൊസൈറ്റി), ടി.പി. കുഞ്ഞുമോന്‍, കെ.കെ. സുരേഷ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Woman, Chief Minister, Pinarayi Vijayan, Group of organisations.