Follow KVARTHA on Google news Follow Us!
ad

എം ഐ ഷാനവാസ് എം പി അന്തരിച്ചു

കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ടും വയനാട് എം പിയുമായ എം ഐ ഷാനവാസ് അന്തരിച്ചു. 67 വയസായിരുന്നു. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കായി ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ Kerala, News, Dead, Obituary, Trending, MI Shanavas MP passes away
ചെന്നൈ: (www.kvartha.com 21.11.2018) കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ടും വയനാട് എം പിയുമായ എം ഐ ഷാനവാസ് അന്തരിച്ചു. 67 വയസായിരുന്നു. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കായി ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില വഷളാവുകയും ബുധനാഴ്ച പുലര്‍ച്ചെ 1.30 മണിയോടെ മരണപ്പെടുകയുമായിരുന്നു.

കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, കെ.സി വേണുഗോപാല്‍ എംപി എന്നിവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ചു ആരോഗ്യസ്ഥിതി തിരക്കുകയും ചെയ്തു.

തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പില്‍ അഡ്വ. എം വി ഇബ്രാഹിം കുട്ടി- നൂര്‍ജഹാന്‍ ബീഗം ദമ്പതികളുടെ മകനായി 1951 സെപ്റ്റംബര്‍ 22 ന് കോട്ടയത്തായിരുന്നു ഷാനവാസിന്റെ ജനനം. കെ എസ് യു വിലൂടെ രാഷ്ട്രീയ പ്രവര്‍ത്തിനത്തിലേക്കിറങ്ങിയ അദ്ദേഹം കോഴിക്കോട് ഫാറൂഖ് കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം എയും എറണാകുളം ലോ കോളജില്‍ നിന്ന് എല്‍എല്‍ബിയും നേടി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ തുടങ്ങി കോണ്‍ഗ്രസിന്റെ പോഷക സംഘടനകളില്‍ നേതൃപരമായ ചുമതലകള്‍ വഹിച്ചു. കോണ്‍ഗ്രസില്‍ കെ കരുണാകരന്റെ അപ്രമാദിത്വം നിറഞ്ഞ നാളുകളില്‍ കരുണാകരപക്ഷത്തു നിന്നു തന്നെ തിരുത്തല്‍ ഘടകമായി (തിരുത്തല്‍വാദികള്‍ എന്നറിയപ്പെട്ടു) രംഗത്തുവന്ന മൂന്നു നേതാക്കളില്‍ ഒരാളായി രാഷ്ട്രീയശ്രദ്ധ നേടി .

1972 ല്‍ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983 ല്‍ കെപിസിസി ജോയിന്റ് സെക്രട്ടറി, 1985 ല്‍ കെപിസിസി വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹത്തെ ഈ വര്‍ഷം കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡണ്ടായി നിയോഗിച്ചിരുന്നു. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഷാനവാസ് വിജയിച്ചത്. അഞ്ചു തവണ പരാജയപ്പെട്ടതിനു ശേഷമാണ് വയനാട് മണ്ഡലത്തില്‍നിന്ന് അദ്ദേഹം ലോക്സഭയിലെത്തിയത്.

ഭാര്യ: ജുബൈരിയത് ബീഗം. മക്കള്‍: ആമിന, ഹസീബ്. ബുധനാഴ്ച ഉച്ചയോടെ വിമാന മാര്‍ഗം കൊച്ചിയിലേക്കു കൊണ്ടു വരുന്ന മൃതദേഹം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള വസതിയായ നൂര്‍ജഹാന്‍ മന്‍സിലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കൊച്ചി തൊട്ടത്തുംപടി പള്ളിയില്‍ നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Dead, Obituary, Trending, MI Shanavas MP passes away
  < !- START disable copy paste -->