Follow KVARTHA on Google news Follow Us!
ad

സഹോദരനുള്‍പ്പെട്ട കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചേംബറില്‍ വിളിച്ചുവരുത്തി ജഡ്ജിയുടെ ഭീഷണി; പരാതിയുമായി സി ഐ രംഗത്ത്

സഹോദരനുള്‍പ്പെട്ട കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചേംബറില്‍ Kochi, News, Complaint, Supreme Court of India, hospital, Custody, Kerala,
കൊച്ചി: (www.kvartha.com 01.09.2017) സഹോദരനുള്‍പ്പെട്ട കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചേംബറില്‍ വിളിച്ചുവരുത്തി ജഡ്ജിയുടെ ഭീഷണി. പരാതിയുമായി സി ഐ രംഗത്ത്. ഹൈക്കോടതി ജസ്റ്റിസ് പി.ഡി.രാജനെതിരെയാണ് മാവേലിക്കര സി.ഐ പി.ശ്രീകുമാര്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

മാവേലിക്കര ഗവ.ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച കേസില്‍ ജഡ്ജിയുടെ സഹോദരനടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സഹോദരനെ ഈ കേസില്‍ നിന്നൊഴിവാക്കാന്‍ പി.ഡി.രാജന്‍ ഫോണിലൂടേയും പിന്നീട് ഹൈക്കോടതി ചേംബറില്‍ വിളിച്ചു വരുത്തിയും ഭീഷണിപ്പെടുത്തിയെന്നാണ് സിഐയുടെ ആരോപണം.

Judge threatens CI for registering case against brother, Kochi, News, Complaint, Supreme Court of India, hospital, Custody, Kerala

സംഭവത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി രജിസ്ട്രാര്‍ എന്നിവര്‍ക്ക് രണ്ട് മാസം മുന്‍പ് ശ്രീകുമാര്‍ പരാതി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. മാവേലിക്കര എസ്.ഐ അന്വേഷിക്കുന്ന കേസില്‍ നിന്ന് തന്റെ സഹോദരനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പി.ഡി.രാജന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ ഫോണില്‍ നിന്നാണ് തനിക്ക് ആദ്യം കോള്‍ വരുന്നതെന്ന് ശ്രീകുമാറിന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍ ഈ നിര്‍ദേശം അനുസരിക്കാന്‍ പോലീസ് തയ്യാറായില്ല.

പിന്നീട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ സഹായിയായ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സുമന്‍ ചക്രവര്‍ത്തി ശ്രീകുമാറിനെ വിളിക്കുകയും മാവേലിക്കരയിലെ കേസിന്റെ ഫയലുമായി ഹൈക്കോടതിയിലെത്തി പിഡി രാജനെ കാണണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

ഇപ്രകാരം ഹൈക്കോടതിയിലെത്തിയ സിഐ സുമന്‍ ചക്രവര്‍ത്തിക്കൊപ്പം പിഡി രാജന്റെ ചേംബറിലെത്തി. ഇവിടെ വച്ചാണ് തന്നെ ജഡ്ജി നേരിട്ട് ഭീഷണിപ്പെടുത്തിയതെന്ന് ശ്രീകുമാര്‍ പരാതിയില്‍ പറയുന്നു. തന്റെ സഹോദരനെതിരെ കേസെടുക്കാന്‍ എങ്ങനെ ധൈര്യം വന്നെന്നായിരുന്നു ജഡ്ജിയുടെ ചോദ്യം.

തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തിക്കുമെന്നും തകര്‍ക്കുമെന്നും പറഞ്ഞ ജസ്റ്റിസ് ഒരു ഘട്ടത്തില്‍ തനിക്ക് നേരെ കൈയോങ്ങുക വരെ ചെയ്തുവെന്നും ശ്രീകുമാറിന്റെ പരാതിയിലുണ്ട്. ദീര്‍ഘനേരം നീണ്ട ഭീഷണിക്കും ശകാരത്തിനുമൊടുവില്‍ സി.ഐയോട് ചേംബറിന് പുറത്ത് കാത്തുനില്‍ക്കാന്‍ ജഡ്ജി ആവശ്യപ്പെടുകയും ചെയ്തു. പുറത്തു വന്ന സിഐ സംഭവങ്ങള്‍ ആലപ്പുഴ എസ്.പി എ.അക്ബറിനെ വിളിച്ചു പറഞ്ഞു. എസ്.പി ഇക്കാര്യങ്ങള്‍ എറണാകുളം റേഞ്ച് ഐ.ജി ശ്രീജിത്തിനെ അറിയിച്ചു. തുടര്‍ന്ന് ഐജി നേരിട്ട് ഹൈക്കോടതിയിലെത്തുകയും സിഐയെ അവിടെ നിന്ന് കൂട്ടിക്കൊണ്ടു പോരുകയുമായിരുന്നു.

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് നേരെ മുന്‍പും പലതരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും സിഐ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുന്നതു പോലുള്ള ഒരു ആരോപണം ഇതാദ്യമായാണെന്ന് സംഭവത്തോട് പ്രതികരിച്ച പ്രമുഖ അഭിഭാഷകന്‍ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. സംഭവം മാതൃഭൂമി ന്യൂസാണ് പുറത്തുവിട്ടത്. ആ സ്ഥിതിക്ക് ഇക്കാര്യത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസില്‍ നിന്ന് തുടര്‍ നടപടി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പി.ശ്രീകുമാര്‍ നല്‍കിയ പരാതി പ്രകാരം ഐ.ജി, എസ്.പി, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവങ്ങള്‍ക്ക് സാക്ഷിയാണ്. തന്റെ പരാതിയെ സാധൂകരിക്കുന്ന ടെലിഫോണ്‍ രേഖകള്‍ തന്റെ കൈവശമുണ്ടെന്നും മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് പരാതി നല്‍കിയതെന്നും സി.ഐ ശ്രീകുമാര്‍ ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Judge threatens CI for registering case against brother, Kochi, News, Complaint, Supreme Court of India, hospital, Custody, Kerala.