Follow KVARTHA on Google news Follow Us!
ad

7 മന്ത്രിമാരുടെ രാജി; കേന്ദ്രമന്ത്രിസഭാ പുന: സംഘടന ഉടന്‍, കേരളത്തില്‍ പ്രതീക്ഷയ്ക്ക് വകയില്ല

കേന്ദ്രമന്ത്രിസഭയുടെ വന്‍ അഴിച്ചുപണിക്കായുള്ള അവസാനവട്ട നീക്കങ്ങള്‍ പൂര്‍ത്തിയായി. New Delhi, News, Ministers, Cabinet, National,
ന്യൂഡല്‍ഹി: (www.kvartha.com 01.09.2017) കേന്ദ്രമന്ത്രിസഭയുടെ വന്‍ അഴിച്ചുപണിക്കായുള്ള അവസാനവട്ട നീക്കങ്ങള്‍ പൂര്‍ത്തിയായി. സംഘടനാ ചുമതലകളിലേക്ക് മാറുവാന്‍ വ്യാഴാഴ്ച കേന്ദ്രമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, രാധാ മോഹന്‍ സിംഗ്, ഗിരിരാജ് സിംഗ് എന്നിവര്‍ രാജിവച്ചിരുന്നു. അതിനുപിന്നാലെയാണ് മുതിര്‍ന്ന ബി.ജെ.പി നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ ഉമാഭാരതിയടക്കം നാല് പേര്‍ കൂടി രാജിവച്ചത്. ഫഗന്‍ സിംഗ് കുലസ്സെ, സജ്ഞീവ് ബല്യാന്‍, മഹീന്ദ്രനാഥ് പാണ്ഡെ എന്നിവരാണ് രാജിവച്ചത്.

മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിമാരുടെ രാജി. ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ചുമതലയുള്ള നിതിന്‍ ഗഡ്കരിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ ചുമതല കൂടി ലഭിക്കുമെന്നാണ് വിവരം. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രതിരോധ വകുപ്പിന്റെ അധിക ചുമതല ഒഴിയാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Half-a-dozen Ministers May Make Way for New Faces in Cabinet Reshuffle, New Delhi, News, Ministers, Cabinet, National

മന്ത്രിസഭാ പുനഃസംഘടന ശനിയാഴ്ച നടന്നേക്കുമെന്നാണു സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോഡി മറ്റന്നാള്‍ വിദേശ പര്യടനത്തിനു പുറപ്പെടുന്നതിനാലും ഉത്തരേന്ത്യയില്‍ അഞ്ചു മുതല്‍ അശുഭകരമായ പിതൃപക്ഷം ആരംഭിക്കുന്നതിനാലും ശനിയാഴ്ച തന്നെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുണ്ടായേക്കും.

അതേസമയം പുന:സംഘടനയില്‍ കര്‍ണാടകയ്ക്കും തമിഴ്‌നാടിനും പ്രാതിനിധ്യം കൂടുമ്പോള്‍ കേരളത്തിനു പ്രതീക്ഷയ്ക്കു വകയില്ല. തമിഴ്‌നാട്ടില്‍ എന്‍ഡിഎയുടെ ഭാഗമാകുന്ന അണ്ണാ ഡിഎംകെയ്ക്ക് ഒരു കാബിനറ്റ് മന്ത്രിയേയും രണ്ടു സഹമന്ത്രിമാരെയും ലഭിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ നിന്നു രണ്ടുപേരെ കൂടി കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി പ്രാതിനിധ്യം വര്‍ധിപ്പിക്കും.

മെഡിക്കല്‍ കോളജ് കോഴ ഇടപാട്, വ്യാജ രസീത് വിവാദം എന്നിവയെ തുടര്‍ന്നു ബിജെപി കേന്ദ്ര നേതൃത്വത്തിനു സംസ്ഥാന നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ കേന്ദ്രമന്ത്രിസഭാ പ്രാതിനിധ്യം പരിഗണിച്ചേക്കില്ല. കേരളത്തിലെ സംസ്ഥാന, ജില്ലാ നേതാക്കളെക്കുറിച്ചുള്ള പരാതികളില്‍ ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയുമാണ്.

ബിഹാറില്‍ എന്‍ഡിഎയില്‍ ചേര്‍ന്ന ജനതാദളി(യു)നും രണ്ടു മന്ത്രിസ്ഥാനത്തിനു സാധ്യതയുണ്ട്. കേന്ദ്രമന്ത്രിസഭയില്‍ പ്രതിരോധം, നഗരവികസനം, വാര്‍ത്താവിതരണ പ്രക്ഷേപണം, വനംപരിസ്ഥിതി മന്ത്രാലയങ്ങള്‍ നിലവില്‍ മറ്റു മന്ത്രിമാര്‍ക്ക് അധിക ചുമതലയായി നല്‍കിയിരിക്കുകയാണ്. പ്രതിരോധവും ധനവും വഹിക്കുന്ന അരുണ്‍ ജയ്റ്റ്‌ലിയില്‍നിന്ന് ധനവകുപ്പ് ഊര്‍ജ മന്ത്രി പിയൂഷ് ഗോയലിനു നല്‍കിയേക്കും. എഴുപത്തഞ്ചു വയസു പിന്നിട്ട കല്‍രാജ് മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍ നിന്നൊഴിവാക്കി ഗവര്‍ണര്‍ പദവിയില്‍ നിയോഗിക്കാനും സാധ്യതയുണ്ട്. യുപിയില്‍ തുടര്‍ച്ചയായുണ്ടായ ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധത പ്രകടിപ്പിച്ച സുരേഷ് പ്രഭുവിനെ ഒഴിവാക്കുകയോ മറ്റേതെങ്കിലും മന്ത്രാലയത്തിലേക്കു മാറ്റുകയോ ചെയ്യും.

റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കു റെയില്‍വേയുടെ ചുമതല നല്‍കുമെന്നാണു സൂചന. റോഡ്-റെയില്‍-കപ്പല്‍-ഗതാഗത മന്ത്രാലയങ്ങള്‍ സംയോജിപ്പിച്ച് അടിസ്ഥാന സൗകര്യ മന്ത്രാലയം രൂപീകരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഗവര്‍ണര്‍ തസ്തകകളിലെ ഏഴ് ഒഴിവുകളും വൈകാതെ നികത്തും. ബിജെപി ദേശീയ ഭാരവാഹി നിരയിലും നിര്‍വാഹക സമിതിയിലുമുള്ള അഴിച്ചുപണിയും ഉടനുണ്ടാകും.

Also Read:
മുപ്പത്തൊന്ന് വാറണ്ട് പ്രതികള്‍ പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Half-a-dozen Ministers May Make Way for New Faces in Cabinet Reshuffle, New Delhi, News, Ministers, Cabinet, National.