Follow KVARTHA on Google news Follow Us!
ad

പങ്കെടുത്തവര്‍ക്ക് ആര്യവേപ്പ് തൈ നല്കിയും പ്ലാസ്റ്റിക് ഒഴിവാക്കിയും പറവൂരില്‍ ഒരു ഹരിത വിവാഹം

വിവാഹ ആഘോഷത്തില്‍ പങ്കെടുത്ത് വധൂവരന്‍മാരെ ആശീര്‍വദിച്ച് വേദി Marriage, District Collector, Deshabhimani, Teacher, News, Food, National,
പറവൂര്‍: (www.kvartha.com 30.06.2017) വിവാഹ ആഘോഷത്തില്‍ പങ്കെടുത്ത് വധൂവരന്‍മാരെ ആശീര്‍വദിച്ച് വേദി വിടാനൊരുങ്ങിയവര്‍ക്ക് താങ്ക് സ് കാര്‍ഡിനും മിഠായികള്‍ക്കും പകരം കിട്ടിയത് തുണിസഞ്ചി. സഞ്ചിക്കുള്ളില്‍ നാം കണ്ടു മറന്നുകൊണ്ടിരുന്ന ഔഷധചെടിയായ ആര്യവേപ്പിന്‍ തൈയും. പുത്തന്‍വേലിക്കര പഞ്ചായത്തിലെ ആദ്യത്തേതും പറവൂര്‍ താലൂക്കിലെ രണ്ടാമത്തേതുമായ ഹരിതപ്രോട്ടോകോള്‍ അനുസരിച്ച് തേലത്തുരുത്തില്‍ നടന്ന വിവാഹത്തിന്റേതായിരുന്നു വേദി.

ദേശാഭിമാനി പറവൂര്‍ ലേഖകന്‍ എം.കെ. സുബ്രഹ്മണ്യന്റേയും കുറുമശ്ശേരി ഗവ. യു.പി. സ് കൂളിലെ ഹിന്ദി അധ്യാപിക പി.കെ. ശാന്തയുടേയും മകന്‍ സുബിന്റേതായിരുന്നു വിവാഹം. മുസരിസ് പട്ടണം കൃഷ്ണവിലാസത്തില്‍ പരേതനായ വേണുഗോപാലിന്റേയും സുജാതയുടേയും മകള്‍ ഉപാസനയായിരുന്നു വധു. കൊച്ചിന്‍ എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥനാണ് സുബിന്‍. ഉപാസന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും.
കവര്‍ ഒഴിവാക്കി മൂന്നു മടക്കിലുള്ള വിലകുറഞ്ഞ കാര്‍ഡിലായിരുന്നു ക്ഷണക്കത്ത്.

Kerala govt implements 'green protocol' for weddings, Marriage, District Collector, Deshabhimani, Teacher, News, Food, National

വരനും സംഘവും വധൂഗൃഹമായ പട്ടണത്തേക്ക് യാത്രചെയ്തത് വാടകയ്ക്കെടുത്ത കെ.എസ്.ആര്‍.ടി.സി. ബസ്സിലായിരുന്നു. വരന്റെ വസതിയല്‍ ഡിസ് പോസിബിള്‍ ഗ്ലാസും പ്ലെയ് റ്റും ഒഴിവാക്കിയായിരുന്നു ഭക്ഷണം വിളമ്പിയത്. സിറാമിക് പ്ലെയ് റ്റുകളും ചില്ലുഗ്ലാസുകളുമാണ് ഉപയോഗിച്ചത്. ഐസ്‌ക്രീം സ്റ്റീല്‍ ബൗളിലാണ് നല്‍കിയത്. ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിച്ചത് പച്ചോലയില്‍ നെയ്ത വല്ലങ്ങളിലായിരുന്നു. പച്ചോല മെടഞ്ഞ് അതില്‍ കുരുത്തോല കൊണ്ട് ''വന്നാലും'' എന്നെഴുതിയ പുതുമയാര്‍ന്ന സ്വാഗത കമാനം ഉയര്‍ത്തിയാണ് അതിഥികളെ വരവേറ്റത്.

വരനും വധുവും ഉപയോഗിച്ച ബൊക്കകളും തൊപ്പികളും നിര്‍മ്മിച്ചത് കുരുത്തോലകള്‍കൊണ്ടായിരുന്നു. വേദിക്കു മുന്നില്‍ കുരുത്തോലയും വാഴപ്പിണ്ടികളും ഉപയോഗിച്ച് നിര്‍മ്മിച്ച ഭാഗിക നിലവിളക്കാണ്. അതില്‍ അഞ്ചു തിരിയിട്ട നിലവിളക്ക് തട്ട് വച്ചാണ് വധൂവരന്‍മാര്‍ തിരി തെളിച്ചത്. ഇവര്‍ക്കൊപ്പം തിരിതെളിയിക്കാന്‍ സാംസ്‌കാരിക രംഗത്തുനിന്ന് സിപ്പി പള്ളിപ്പുറം, പൂയപ്പിള്ളി തങ്കപ്പന്‍, ടി.പി. വേലായുധന്‍, എന്നിവരും ഉണ്ടായിരുന്നു. വേദിയുടെ പശ്ചാത്തലത്തില്‍ പച്ചോല കൊണ്ടുള്ള ഹൃദയചിഹ്നവും അരയന്നങ്ങളും ശ്രദ്ധേയമായി.

'കരുംതലക്കൂട്ടം' കലാകാരന്‍മാരാണ് ഹരിതാഭമായി വേദിയും മറ്റും ഒരുക്കിയത്. കൊച്ചിന്‍ മണ്‍സൂണ്‍ പഴയകാല സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കി നടത്തിയ ഗാനമേള ആഘോഷങ്ങള്‍ക്കു കൊഴുപ്പേകി. പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കി വിവാഹം നടത്തിയതിന് ജില്ലാ കളക്ടര്‍ ഒപ്പിട്ട് ഫ്രെയിം ചെയ്ത സര്‍ട്ടിഫിക്കറ്റ് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍, പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു എന്നിവര്‍ ചേര്‍ന്ന് വധൂവരന്‍മാര്‍ക്ക് സമ്മാനിച്ചു.

വി.ഡി. സതീശന്‍ എം.എല്‍.എ., ജില്ലാ ശുചിത്വമിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ സി.കെ. മോഹനന്‍, മുന്‍ കില ഡയറക്ടര്‍ ഡോ. എന്‍. രമാകാന്തന്‍, നടന്‍മാരായ കെടാമംഗലം വിനോദ്, കോട്ടയം പുരുഷന്‍, ഒ.യു. ഖാലിദ് തുടങ്ങിയവര്‍ ഹരിതസന്ദേശം നല്‍കി. വിവാഹത്തിന്റെ മറ്റൊരു പ്രത്യേകത ഇതൊരു മിശ്രവിവാഹമായിരുന്നു എന്നതാണ്. ഇരുജാതികളില്‍പ്പെട്ടവര്‍ പരസ്പരം ഇഷ്ടത്തിലാണെന്നറിഞ്ഞപ്പോള്‍ വീട്ടുകാര്‍ സന്തോഷത്തോടെ നടത്തിക്കൊടുക്കുകയായിരുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പ്രണയവിവാഹങ്ങളുടെ പേരില്‍ നടക്കുന്ന ദുരഭിമാന കൊലകളുടെ ഇടയില്‍ ഇതിനേറെ പ്രാധാന്യമുണ്ട്.

ജില്ലയില്‍ തന്നെ അറിയിച്ച് 31 വിവാഹങ്ങള്‍ ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ച് നടന്നിട്ടുണ്ടെങ്കിലും തുണിസഞ്ചിയും ഔഷധ തൈയും നല്‍കിയതുള്‍പ്പെടെയുള്ള നിരവധി പ്രത്യേകതകളുള്ളതായിരുന്നു ഈ വിവാഹമെന്ന് ശുചിത്വമിഷന്‍ ജില്ലാ അസി. കോ-ഓര്‍ഡിനേറ്റര്‍ സി.കെ. മോഹനന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പത്രപ്രവര്‍ത്തകനെന്നതിലുപരി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായ സുബ്രഹ്മണ്യന്‍ കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിദ്യാഭ്യാസ കേന്ദ്രത്തിന്റെ വൊളന്റിയര്‍ കൂടിയാണ്.

പതിനെട്ടുവര്‍ഷമായി ഈ രംഗത്തുള്ള ഇദ്ദേഹം എറണാകുളത്തിനു പുറമെ തൃശൂര്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി അഞ്ഞൂറിലധികം പഠന ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇവയിലെല്ലാം പ്ലാസ്റ്റിക്കിന്റെ ദൂഷ്യങ്ങളും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും നിരന്തരം ചര്‍ച്ചചെയ്യാറുണ്ട് ഇതില്‍ നിന്നുള്ള പ്രചോദനമാണ് പരമാവധി പ്ലാസ്റ്റിക്കിനെ ഒഴിവാക്കി ഹരിതാഭമായി മകന്റെ വിവാഹം നടത്താന്‍ ഇടയാക്കിയത്.

ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പൂര്‍ണമായും സഹകരിച്ചതായി സുബ്രഹ്മണ്യന്‍ പറഞ്ഞു. സുഹൃത്തായ പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.പി. വിജയനാണ് ബംഗളൂരുവില്‍ നിന്നും മികച്ച ആര്യവേപ്പിന്‍തൈകള്‍ എത്തിച്ചു നല്‍കിയത്. ഒരു കുടുംബത്തിന് ഒന്നുവീതം സഞ്ചിയും ഓര്‍മ്മതൈകളും നല്‍കി.


Also Read:
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിബിഎ ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ ഒന്നാം റാങ്കുമായി ആയിഷത്ത് ഷബീബ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala govt implements 'green protocol' for weddings, Marriage, District Collector, Deshabhimani, Teacher, News, Food, National.