Follow KVARTHA on Google news Follow Us!
ad

ദാദാഭായി നവറോജി: രാഷ്ട്രീയത്തില്‍ സ്ഥിതി വിവരക്കണക്ക് കൊണ്ടുവന്ന വ്യക്തിത്വം

1917 ജൂണ്‍ 30ന് അന്തരിച്ച ദാദാഭായി നവറോജി (1825-1917) ആധുനിക ഇന്ത്യയുടെ ശില്‍പ്പികളിലൊരാളാArticle, India, Congress, National, Freedom, Britain, History, Story, Featured, Feature on Dada bhai Naoroji - The man who brought statistics into politics
ജൂണ്‍ 30: ദാദാഭായി നവറോജി ചരമദിനം 

പ്രിയദര്‍ശി ദത്ത

(www.kvartha.com 29.06.2017) 1917 ജൂണ്‍ 30ന് അന്തരിച്ച ദാദാഭായി നവറോജി (1825-1917) ആധുനിക ഇന്ത്യയുടെ ശില്‍പ്പികളിലൊരാളാണ്. അദ്ദേഹത്തിന്റെ പൈതൃകത്തെക്കുറിച്ച് ഓര്‍ക്കാന്‍ ഏറ്റവും യോജിച്ച സന്ദര്‍ഭമാണ് ആ വിയോഗത്തിന്റെ നൂറാംവാര്‍ഷികം. സുധീര്‍ഘവും ആദരണീയവുമായ ആ ജീവിതഗതിയില്‍ രണ്ട് വിശേഷഗുണങ്ങള്‍ തല ഉയര്‍ത്തിനിന്നു. ഇന്ത്യയ്ക്കു വേണ്ടി വിദേശത്ത് സുസ്ഥിരമായി വാദിക്കുകയും പൊതുവ്യവഹാരത്തില്‍ സ്ഥിതിവിവരക്കണക്ക് വിനിയോഗിക്കുകയും ചെയ്തതാണ് അത്.

ബ്രിട്ടീഷ് പൊതു സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം (1892). ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യയുടെ സുപ്രധാന കുറ്റാരോപണമായി മാറിയ വിഖ്യാതമായ സമ്പത്ത് ചോര്‍ത്തിക്കൊണ്ടുപോകല്‍ വാദം രൂപപ്പെടുത്തി സ്വാതന്ത്ര്യസമരത്തില്‍ വേറിട്ട ഇടപെടല്‍ നടത്തിയത് അദ്ദേഹമാണ്. 1906ല്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വേദിയില്‍ സ്വരാജ് എന്ന ആവശ്യം ആദ്യമായി ഉന്നയിച്ചതും മറ്റാരുമല്ല. ആറ് ദശാബ്ദം ഇന്ത്യയുടെ രാഷ്ട്രീയ സ്വാതന്ത്ര പോരാട്ടങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു ദാദാഭായി.


ബോംബെയില്‍ (ഇപ്പോള്‍ മുംബൈ) ഒരു പാവപ്പെട്ട പാഴ്‌സി കുടുംബത്തില്‍ ജനിച്ച അദ്ദേഹം എല്‍ഫിന്‍സ്റ്റണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (പിന്നീടത് എല്‍ഫിന്‍സ്റ്റണ്‍ കോളജ് ആയി) ഒരു ഗണിതശാസ്ത്ര, തത്വശാസ്ത്ര അധ്യാപകനായാണ് ജോലി തുടങ്ങിയത്. ഒരു സമ്പൂര്‍ണ്ണ പ്രൊഫസറാകുന്ന ആദ്യ ഇന്ത്യക്കാരനും അദ്ദേഹമായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രൂപീകരിച്ച വിദ്യാര്‍ത്ഥികളുടെ സാഹിത്യ, ശാസ്ത്ര സൊസൈറ്റിയിലെ അംഗം എന്ന നിലയില്‍ വനിതകളുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. രാഷ്ട്രീയ വിഷയങ്ങള്‍ പരിഗണിച്ചിരുന്ന പശ്ചിമ ഇന്ത്യയിലെ ആദ്യ സംഘടനയായിരുന്ന ബോംബെ അസോസിയേഷനില്‍ അദ്ദേഹം സജീവാംഗമായിരുന്നു (1852). ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിലാണ് അതിന്റെ യോഗം ചേര്‍ന്നിരുന്നത്. 1851 ല്‍ രാസ്ത് ഗോഫ്താര്‍ (സത്യസാക്ഷി) എന്ന പേര്‍ഷ്യന്‍ പേരില്‍ ഒരു ഗുജറാത്തി ദ്വൈവാരിക അദ്ദേഹം പ്രസിദ്ധീകരണം ആരംഭിച്ചു. വായനക്കാരെ പൗരന്റെചുമതലകള്‍ പഠിപ്പിക്കുന്ന ഒരു പുരോഗമന പ്രസിദ്ധീകരണമായിരുന്നു അത്.

1855ല്‍ അദ്ദേഹം പ്രൊഫസര്‍ ജോലി രാജിവച്ച് ഒരുവ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ബ്രിട്ടനിലേക്കു പോയി. മുഞ്ചേര്‍ജി ഹോര്‍ മുസ്ജി, ഖര്‍ശെദ് ജിറുസ്തംജികാമ എന്നിവയുമായുള്ള പങ്കാളിത്തത്തോടെ അദ്ദേഹംസ്ഥാപിച്ച കമ്പനി ബ്രിട്ടനിലെ ആദ്യ ഇന്ത്യന്‍ കമ്പനിയായിരുന്നു. ഇന്ത്യന്‍ സംരംഭകരെ ഈ വാണിജ്യസ്ഥാപനത്തിലൂടെ ബ്രിട്ടനെക്കൊണ്ട് വിശ്വാസത്തിലെടുപ്പിക്കാനാകും എന്ന് അദ്ദേഹം പ്രതീക്ഷിച്ചു. എന്നാല്‍ മൂല്യങ്ങള്‍ നിലനിര്‍ത്തി മുന്നോട്ടു പോകാനാകില്ലെന്നു തിരിച്ചറിഞ്ഞതോടെ അത്തരം കച്ചവട അന്തരീക്ഷത്തില്‍ ഏറെക്കാലം തുടരാന്‍ അദ്ദേഹത്തിനു സാധിക്കാതെ വന്നു.

ജാംഷെഡ്ജി പാലന്‍ജി കപാഡിയ, പെസ്റ്റന്‍ജി രത്തന്‍ജി കോല എന്നിവരുടെ പങ്കാളിത്തത്തോടുകൂടി 1895ല്‍ അദ്ദേഹം ലണ്ടനില്‍ ദാദാഭായി നവറോജി ആന്‍ഡ്് കമ്പനി എന്ന പേരില്‍ സ്വന്തമായി വ്യാപാര സ്ഥാപനം തുടങ്ങി. ധാര്‍മിക മൂല്യങ്ങളും കച്ചവടത്തിലെ യുക്തിയും ഒന്നിച്ചു കൊണ്ടുപോകാനാകുമെന്ന് അദ്ദേഹം സംശയരഹിതമായ വിധം തെളിയിച്ചു. ഇന്ത്യക്കാരായ വ്യാപാരികളും വ്യവസായികളും അതേകാര്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബ്രിട്ടീഷുകാരുടെ രീതികളും ഉപായങ്ങളും പഠിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.

പക്ഷേ, രാഷ്ട്രീയമായിരുന്നു അദ്ദേഹത്തിന്റെ ശരിയായ തട്ടകം. 1867ല്‍ അദ്ദേഹം ഈസ്റ്റ് ഇന്ത്യന്‍ അസോസിയേഷന്‍ സ്ഥാപിച്ചു. ബ്രിട്ടീഷുകാരും ഇന്ത്യക്കാരും അംഗങ്ങളായ, ഇന്ത്യയ്ക്കു വേണ്ടി വാദിക്കുന്ന ഒരു രാഷ്ട്രീയ കൂട്ടായ്മയായിരുന്നു അത്. ഇന്ത്യയിലെ വ്യത്യസ്ഥ പ്രദേശങ്ങളില്‍ നിന്നുള്ളവരുള്‍പ്പെട്ട ആദ്യ രാഷ്ട്രീയ സംഘടനയായിരുന്നു അത്. ഡബ്ല്യുസി ബാനര്‍ജി (1844- 1906), ഫിറോസ്ഷാ എം മെഹ്ത്ത (1845-1915) എന്നീ രണ്ട് യുവ നിയമ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ ശിഷ്യരായി മാറി. 1885ല്‍ സ്ഥാപിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷരായി പിന്നീട് ഇവര്‍ രണ്ടുപേരും സേവനമനുഷ്ഠിച്ചു.

1867 മെയ് രണ്ടിന് ഈസ്റ്റ് ഇന്ത്യാ അസോസിയേഷനില്‍ കൂടുതലും ബ്രിട്ടീഷുകാര്‍ നിറഞ്ഞ സദസ്സിനു മുന്നില്‍ അദ്ദേഹം 'ഇന്ത്യയില്‍ ഇംഗ്ലണ്ടിന്റെ ചുമതലകള്‍' എന്ന പ്രബന്ധം വായിച്ചു. ഇന്ത്യയുടെ സ്വത്ത് കടത്തുന്നതിന് ബ്രിട്ടനു നേരേ അദ്ദേഹം വിരല്‍ചൂണ്ടി.

അതില്‍ നിന്നുള്ള പ്രസക്ത ഭാഗം: ''1829 മുതല്‍ കഴിഞ്ഞ 36 വര്‍ഷക്കാലം മാത്രം ഇംഗ്ലണ്ട് ഇന്ത്യയില്‍ നിന്ന് പൊതുക്കടത്തിന്റെ പലിശ ഇനത്തില്‍ 'ഹോംചാര്‍ജ്ജായി' മാത്രം ഏകദേശം 100 ദശലക്ഷം പൗണ്ട് സ്റ്റെര്‍ലിംഗ് ആണ് കടത്തിയത്. 1829 മുതല്‍ ഇന്ത്യയിലെ ആകെ സാമന്ത രാജ്യ നിരക്ക് ഏകദേശം 820 ദശലക്ഷമാണ്. ഈ തുകയില്‍ എട്ടിലൊന്ന് മാത്രമേ ഇംഗ്ലണ്ടില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള യൂറോപ്പുകാര്‍ ബന്ധുക്കള്‍ക്കും കുടുംബങ്ങള്‍ക്കും നല്‍കുന്ന ജീവനാംശം, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഫീസുകള്‍, വിരമിക്കുമ്പോഴത്തേക്കുള്ള കരുതലുകള്‍, സ്വന്തം ആവശ്യത്തിന് ഇംഗ്ലീഷുകാര്‍ വാങ്ങിക്കൂട്ടുന്ന എന്തിനുമേതിനുമുള്ള ചെലവ്, ഇന്ത്യയിലെ സര്‍ക്കാര്‍ വക സ്ഥാപനങ്ങളിലെ ഇംഗ്ലീഷുകാരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുമൊക്കെയുള്ള ധനം എന്നിവക്കെല്ലാമായി വരുന്നുള്ളൂ. മറ്റൊരു 100 ദശലക്ഷം ഇംഗ്ലണ്ടിന്റെ സമ്പത്തിലേക്ക് ചേര്‍ത്തിരിക്കുന്നു.''

അദ്ദേഹത്തിന് പ്രബന്ധത്തില്‍ ഉള്‍പ്പെടുത്താന്‍ ഈ സ്ഥിതിവിവരക്കണക്കുകള്‍ ലഭിച്ചത് എവിടെ നിന്നാണ്? ഇന്ത്യയിലെ കണക്കുകള്‍ സംബന്ധിച്ചു സമര്‍പ്പിച്ച പാര്‍ലമെന്ററി രേഖകളെയാണ് ഇതിന് അടിസ്ഥാനമാക്കിയത്. 1858ലെ രണ്ടാം കസ്റ്റംസ് റിപ്പോര്‍ട്ടും അദ്ദേഹം ഉപയോഗപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ഗണിതശാസ്ത്രപരമായ വിവരങ്ങള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍ ശ്രോതാക്കളെ സംഖ്യകള്‍ അലോസരപ്പെടുത്തുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എങ്കിലും വായനക്കാര്‍ വീണ്ടും അതിലൂടെ വീണ്ടുമൊന്നു കടന്നുപോയാല്‍ അവര്‍ക്ക് വേണ്ടതെന്തോ അത് ലഭിക്കുമായിരുന്നു എന്നതിലാണ് കാര്യം. കനപ്പെട്ട കണക്കുകളുടെ ഭാരമുണ്ടായിരിക്കെത്തന്നെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ലളിത സുന്ദരമായിരുന്നുതാനും.

വിലക്കയറ്റം, വേതനം, നികുതി, നിരക്കുകള്‍, വാടകകള്‍, വായ്പാ നിരക്കുകള്‍, കാര്‍ഷിക ഉല്‍പ്പാദനം, വ്യാവസായിക ഉല്‍പ്പാദന വിവരങ്ങള്‍, ഇറക്കുമതി-കയറ്റുമതിവിവരങ്ങള്‍, കറന്‍സി വിനിമയ നിരക്കുകള്‍ തുടങ്ങിയവയിലെല്ലാമുള്ള രാഷ്ട്രീയംദാദാഭായികണ്ടെടുത്തു, വിശദീകരിച്ചു. ബ്രിട്ടീഷ് ഭരണം രാജ്യത്തെ സാമ്പത്തികമായി തകര്‍ത്തുവെന്ന് എന്ന് സ്ഥാപിക്കാന്‍ അദ്ദേഹം ശ്രമിച്ചു. അത് ദാരിദ്ര്യം കുത്തനേ വര്‍ധിപ്പിച്ചു. ബ്രിട്ടീഷുകാര്‍ അവരുടെ അക്രമണോ്തസുക നയംകൊണ്ട് സ്വയം തിരിച്ചടി നേരിടുമെന്ന് അദ്ദേഹം വാദിച്ചു. 'ദാരിദ്ര്യവും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യവും' എന്ന പേരില്‍ അദ്ദേഹം തന്റെ വീക്ഷണങ്ങള്‍ 1901ല്‍ പ്രസിദ്ധപ്പെടുത്തി.

പ്രവിശ്യാസര്‍ക്കാരുകള്‍ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുന്ന രീതിയില്‍ ദാദാഭായി തൃപ്തനായിരുന്നില്ല. സ്ഥിതിവിവര സംബന്ധമായ അബദ്ധങ്ങള്‍ തിരുത്തി അവരെ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് 1876ല്‍ ഈസ്റ്റ് ഇന്ത്യാ അസോസിയേഷന്റെ ബോംബെ ശാഖയ്ക്കു മുന്നില്‍ അവതരിപ്പിച്ച 'ഇന്ത്യയിലെ ദാരിദ്ര്യം' എന്ന പ്രബന്ധത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭൂമിയുടെ ലഭ്യത, ധാന്യോല്‍പ്പാദനം, വിലകള്‍, ആഭ്യന്തര ഉപഭോഗ ക്രമം, ഇറക്കുമതിയും കയറ്റുമതിയും തുടങ്ങിയകാര്യങ്ങളുടെ സൂക്ഷാംശങ്ങളിലേക്ക് അദ്ദേഹം പോയി. ബ്രിട്ടീഷ് ഭരണം ഇന്ത്യയെ എങ്ങനെയാണ് ഫലഭൂയിഷ്ഠമല്ലാതാക്കിയത് എന്ന് സ്ഥാപിക്കാന്‍ വന്‍ തോതിലുള്ള ചിന്തയും കണക്കുകളുടെ വിശദമായ ശേഖരണവും അതീവ ശ്രദ്ധയോടെയുള്ള വിവര സമാഹരണം എന്നിവ വേണ്ടിയിരുന്നു. ദാദാഭായി യഥാര്‍ത്ഥത്തില്‍ ഭാവിയിലെ നേതാക്കള്‍ക്ക് വഴിയൊരുക്കിക്കൊടുക്കുകയായിരുന്നു. വസ്തുതകളിലേക്കു കടക്കുന്ന കണക്കുകളേക്കുറിച്ച നല്ല ബോധ്യമുള്ള നിയമ നിര്‍മാതാക്കളുടെ അഭിപ്രായങ്ങള്‍ക്ക് വിശ്വാസ്യത കൂടുതലാണ്.

ഇന്ത്യയ്ക്കു വേണ്ടി വിദേശത്ത് ശക്തമായി വാദിക്കുന്നതിലെ ശുഷ്‌കാന്തിയായിരുന്നു ദാദാഭായിയുടെ മറ്റൊരു സവിശേഷത. ഈസ്റ്റ് ഇന്ത്യന്‍ അസോസിയേഷനിലൂടെയാണ് അദ്ദേഹം അത് നിര്‍വഹിച്ചത്. ബ്രിട്ടീഷ് പാര്‍ലമെന്റിലും അദ്ദേഹം ഇന്ത്യയുടെ ന്യായ വാദങ്ങള്‍ ഉന്നയിച്ചു. ബ്രിട്ടീഷ് പൊതുസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരന്‍ അദ്ദേഹമായിരുന്നല്ലോ. 1892 മുതല്‍ 1895 വരെയുള്ള കാലയളവില്‍ ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി സെന്‍ട്രല്‍ ഫിന്‍സ്ബറി നിയോജക മണ്ഡലത്തെ അദ്ദേഹം പ്രതിനിധീകരിച്ചു.

1886ലും 1893ലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായ അദ്ദേഹം 1905ല്‍ ആംസ്റ്റര്‍ഡാമില്‍ ചേര്‍ന്ന സോഷ്യല്‍ ഡെമോക്രാറ്റുകളുടെ അന്തര്‍ദേശീയ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തു. എണ്‍പത്തിമൂന്നാം വയസിന്റെ പകുതയിലാണ് അദ്ദേഹം ബ്രിട്ടനില്‍ നിന്ന് തിരികെ ഇന്ത്യയില്‍ എത്തിയത്. കനപ്പെട്ട അനുഭവങ്ങളും നേട്ടങ്ങളും അവശേഷിപ്പിച്ച് 1917 ജൂണ്‍ 30ന് ബോംബെയില്‍ വച്ച് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.


(ന്യൂഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷകനും പംക്തിക്കാരനുമാണ് ലേഖകന്‍. ലേഖനത്തിലെ അഭിപ്രായങ്ങള്‍ വ്യക്തിപരം)

Keywords: Article, India, Congress, National, Freedom, Britain, History, Story, Featured, Feature on Dada bhai Naoroji - The man who brought statistics into politics