Follow KVARTHA on Google news Follow Us!
ad

ജിതേഷിന്റെ ചികിത്സക്ക് സമയോചിത പിന്തുണ നല്‍കിയ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് മഞ്ജുവാര്യരുടെ പ്രശംസ

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ജിതേഷിന്റെ ചികിത്സക്ക്Kochi, Ernakulam, Kerala, Chief Minister, Pinarayi vijayan, Actress, Manju Warrier, Cinema, Facebook, Entertainment,
കൊച്ചി: (www.kvartha.com 01.11.2016) ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ജിതേഷിന്റെ ചികിത്സക്ക് സമയോചിത പിന്തുണ നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന് നടി മഞ്ജുവാര്യരുടെ അഭിനന്ദനം. ഹൃദയത്തെത്തൊടുന്ന വാര്‍ത്തയാണ് കൊച്ചി ലിസി ആശുപത്രിയില്‍ നിന്ന് കേള്‍ക്കുന്നതെന്ന് മഞ്ജു തന്റെ ഫേസ് ബുക്ക്‌ പോസ്റ്റില്‍ പറയുന്നു.

13ദിവസം ഉപകരണങ്ങളുടെ സഹായത്തോടെ ജീവിച്ച ഒരാള്‍ക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് രാജ്യത്ത് ആദ്യമായാണ്. അത്യന്തം വെല്ലുവിളിനിറഞ്ഞ ആ ദൗത്യത്തിന്റെ ധമനികളെ തന്റെ അനുഭവസമ്പത്തും മനക്കരുത്തും കൊണ്ട് തുന്നിച്ചേര്‍ക്കാന്‍ ഡോ.ജോസ് ചാക്കോയ്ക്ക് സാധിച്ചു. ഇതിന്‍ പങ്ക് ചേര്‍ന്ന എല്ലാവര്‍ക്കും മഞ്ജു ഹൃദയത്തില്‍തൊട്ട് അഭിനന്ദനം അറിയിച്ചു.

മഞ്ജുവിന്റെ ഫേസ് ബുക്ക്‌ പോസ്റ്റ്.

ഹൃദയത്തെത്തൊടുന്ന വാര്‍ത്തയാണ് കൊച്ചി ലിസി ആശുപത്രിയില്‍ നിന്ന് കേള്‍ക്കുന്നത്. ശാസ്ത്രവും നന്മയും ചേരുമ്പോഴുണ്ടാകുന്ന മിടിപ്പുകള്‍ മനുഷ്യനെന്ന അത്ഭുതത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാകുന്നു. താത്കാലിക കൃത്രിമ ഹൃദയം എന്ന് വിശേഷപ്പിക്കാവുന്ന ഉപകരണത്തിന്റെ സഹായത്തോടെ ജീവിച്ച തൃപ്പൂണിത്തുറ സ്വദേശിയായ ജിതേഷ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിടാനൊരുങ്ങുന്നുവെന്ന അറിവിന്റെ ആഹ്ലാദവും അതാണ്.

ഇസ്‌കീമിക് കാര്‍ഡിയോ മയോപ്പതി എന്ന രോഗമായിരുന്നു ജിതേഷിന്. ഹൃദയം മാറ്റിവയ്ക്കല്‍ മാത്രമായിരുന്നു പ്രതിവിധി. ഏതാണ്ട് പൂര്‍ണമായും പ്രവര്‍ത്തനം നിലച്ച ഹൃദയവുമായി ഈശ്വരനോട് ഒരു സ്പന്ദനം കടംചോദിച്ച് കാത്തിരുന്ന ആ ചെറുപ്പക്കാരന്റെ ജീവിതത്തെ പിടിച്ചുനിര്‍ത്തിയിരുന്നത് ഡോ.ജോസ് ചാക്കോ പെരിയപ്പുറം എന്ന ഡോക്ടറാണ്.

കേരളത്തില്‍ ആദ്യമായി ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെ ജിതേഷിന് മിടിപ്പുകള്‍ അണയാതെ സൂക്ഷിച്ചു. അവസാനമാര്‍ഗ്ഗമായി കൃത്രിമഹൃദയം ഘടിപ്പിക്കുക എന്ന അത്യപൂര്‍വമായ ആലോചനയിലേക്ക് അവര്‍ എത്തിയപ്പോഴാണ് മസ്തിഷ്‌കമരണം സംഭവിച്ച ആലപ്പുഴ,രാമങ്കരിയിലെ സാന്‍ജോസിന്റെ മാതാപിതാക്കളായ സണ്ണിയും മിനിയും അവയവദാനത്തിനുള്ള സന്നദ്ധത അറിയിച്ചത്.

ഇരുപതുവയസ്സില്‍ അവസാനിക്കേണ്ടതല്ല മകന്റെ ജീവിതം എന്ന അവരുടെ ധീരമായ തീരുമാനം ജിതേഷിനുകിട്ടിയ ഈശ്വരാനുഗ്രഹമായി. അവയവദാനത്തിന്റെ വലിയ സന്ദേശത്തെ ഒരിക്കല്‍ക്കൂടി ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു നമ്മുടെ നാട്. 120 കിലോമീറ്റര്‍ 70 മിനിറ്റുകൊണ്ട് താണ്ടിയാണ് തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ നിന്ന് ഹൃദയം ലിസി ആശുപത്രിയില്‍ എത്തിച്ചത്.

ആംബുലന്‍സ് ഡ്രൈവര്‍ മുതല്‍ ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ വരെ ഈ ദൗത്യത്തിന്റെ ഭാഗമായി. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ എം.പി. പി.രാജീവ്, ജില്ലാ കലക്ടര്‍മാര്‍,എന്നിവരുടെ പങ്ക് എടുത്തുപറയേണ്ടതാണ്. അങ്ങനെ അനേകരിലൂടെ സാന്‍ജോസിന്റെ ഹൃദയം ജിതേഷിലേക്ക് പൂമ്പാറ്റയെപ്പോലെ പറന്നുവന്നുചേര്‍ന്നു. 13ദിവസം ഉപകരണങ്ങളുടെ സഹായത്തോടെ ജീവിച്ച ഒരാള്‍ക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് രാജ്യത്ത് ആദ്യമായാണ്.

അത്യന്തം വെല്ലുവിളിനിറഞ്ഞ ആ ദൗത്യത്തിന്റെ ധമനികളെ തന്റെ അനുഭവസമ്പത്തും മനക്കരുത്തും കൊണ്ട് തുന്നിച്ചേര്‍ക്കാന്‍ ഡോ.ജോസ് ചാക്കോയ്ക്ക് സാധിച്ചു. ഡോ.റോണി മാത്യു, ഡോ.ജേക്കബ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും, നഴ്‌സിംഗ്-പാരാമെഡിക്കല്‍ സ്റ്റാഫ് അംഗങ്ങളും, അദ്ദേഹത്തിനൊപ്പംനിന്നു. എല്ലാറ്റിനും നേതൃത്വം കൊടുത്തുകൊണ്ട് ആശുപത്രി ഡയറക്ടര്‍ തോമസ് വൈക്കത്തുപറമ്പിലും.

എല്ലാവര്‍ക്കും ഹൃദയത്തില്‍തൊട്ട് അഭിനന്ദനം...ജിതേഷിന്റെ ആയുരാരോഗ്യത്തിനുവേണ്ടി പ്രാര്‍ഥനകള്‍...സാന്‍ജോസ്...നിങ്ങള്‍ മരിച്ചുവെന്ന് ആരു പറഞ്ഞു? നന്മയ്ക്കും നല്ല ഹൃദയത്തിനും മരണമില്ലല്ലോ...

Keywords: Kochi, Ernakulam, Kerala, Chief Minister, Pinarayi vijayan, Actress, Manju Warrier, Cinema, Facebook, Entertainment.