Follow KVARTHA on Google news Follow Us!
ad

ഹാന്‍ഡ്‌ലിങ് ചാര്‍ജിന് പിന്നിലെ കള്ളക്കളി; കര്‍ശന നടപടിയെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

വാഹനം വാങ്ങുന്നവരില്‍ നിന്നും ഡീലര്‍മാര്‍ വലിയ തുക കൈകാര്യ ചെലവ് (ഹാന്‍ഡ്‌ലിങ് ചാര്‍ജ്)Vehicles, Kerala,
തിരുവനന്തപുരം: (www.kvartha.com 30.12.2015) വാഹനം വാങ്ങുന്നവരില്‍ നിന്നും ഡീലര്‍മാര്‍ വലിയ തുക കൈകാര്യ ചെലവ് (ഹാന്‍ഡ്‌ലിങ് ചാര്‍ജ്) കണ്ടെത്തി. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം പുറത്തായത്. കൈകാര്യ ചെലവ് വാങ്ങുന്നതു നിര്‍ത്തലാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിട്ടതോടെ ഇതിനെതിരെ ഡീലര്‍മാര്‍ ഒന്നടങ്കം രംഗത്തുവന്നിരുന്നു. ഇതോടെയാണ് കമ്മിഷണര്‍ യോഗം വിളിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ഡീലര്‍മാര്‍ക്കൊപ്പം പങ്കെടുക്കാന്‍ വാഹന ഉല്‍പാദകരെയും കമ്മിഷണര്‍ ടോമിന്‍ ജെ.തച്ചങ്കരി വിളിച്ചു വരുത്തിയിരുന്നു.

യോഗത്തിനിടെ വാഹനം ഫാക്ടറിയില്‍ നിന്നും തങ്ങളുടെ യാര്‍ഡിലോ ഷോറൂമിലോ എത്തിക്കാന്‍ വന്‍ തുകയാണ് ചെലവാകുന്നതെന്നും അതുകൊണ്ടാണ് ഉപഭോക്താക്കളില്‍ നിന്നും പണം വാങ്ങുന്നതെന്നും ഡീലര്‍മാര്‍ വാദിച്ചു എന്നാല്‍ ഡീലര്‍മാരുടെ വാദത്തെ ഉല്‍പാദകര്‍ ശക്തമായി എതിര്‍ത്തു. എല്ലാ വാഹനങ്ങളും ഫാക്ടറിയില്‍ നിന്നും ഡീലര്‍മാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതു തങ്ങളുടെ ചെലവിലാണെന്ന് ഉല്‍പാദകര്‍ തിരിച്ചടിച്ചു. ഇതോടെ ഡീലര്‍മാരുടെ കൈകാര്യ ചെലവ് എന്ന പേരിലുള്ള കള്ളക്കളി പുറത്താകുകയായിരുന്നു.

ഇതോടെ കൈകാര്യ ചെലവ് വാങ്ങുന്ന ഡീലര്‍മാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും പരിശോധന ശക്തമാക്കാനും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് കമ്മിഷണര്‍ വീണ്ടും നിര്‍ദേശം നല്‍കി. ഉത്തരവ് മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്നും മുന്‍പു വാങ്ങിയ തുക മടക്കി ലഭിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നൂറു കണക്കിന് പരാതികളാണ് ഇപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പിനു ലഭിക്കുന്നത്. വാഹനം വാങ്ങുന്നവര്‍ ഇപ്പോള്‍ കൈകാര്യ ചെലവിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്കെതിരെ ഡീലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്.

അതേസമയം, കൈകാര്യ ചെലവു കൂടി ഉള്‍പ്പെടുത്തി വാഹനത്തിനു വിലയിട്ട് നല്‍കി
ഡീലര്‍മാരെ സഹായിക്കാന്‍ ചില ഉല്‍പാദകരും ശ്രമിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്താല്‍ എംആര്‍പിക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന കൈകാര്യ ചെലവ് വാഹനം വാങ്ങുന്നയാള്‍ക്കു കണ്ടെത്താന്‍ കഴിയില്ല. എംആര്‍പിക്കൊപ്പം അധികം വാങ്ങുന്ന തുക ഉല്‍പാദകന്‍ പിന്നീട് ഡീലര്‍ക്കു മടക്കി നല്‍കും. ഇതു വാഹനം വാങ്ങുന്നവര്‍ക്ക് ഇരട്ടി ദുരിതമാണു സമ്മാനിക്കുക. എംആര്‍പിയുടെ നിശ്ചിത ശതമാനം തുക ഇന്‍ഷുറന്‍സ്, നികുതി ഇനങ്ങളായി നല്‍കേണ്ടി വരുന്നതിനാല്‍ എംആര്‍പി വര്‍ധിക്കുമ്പോള്‍ ഇവയിലും വര്‍ധന വരും.

ഇരുചക്ര വാഹനങ്ങള്‍ക്ക് 1,500 മുതല്‍ 3,000 രൂപ വരെയും കാറുകള്‍ക്ക് 6,000 മുതല്‍ ഒന്നര ലക്ഷം രൂപ വരെയുമാണ് പല ഡീലര്‍മാരും കൈകാര്യ ചെലവായി വാങ്ങുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ജനങ്ങള്‍ക്കു വാഹനം വില്‍ക്കുമ്പോള്‍ മാത്രമാണ് ഈ കൊള്ള നടക്കുന്നത്. മറിച്ച് സംഘടനാ ശക്തിയുള്ള ബസ്, ലോറി, ഓട്ടോറിക്ഷ എന്നിവയുടെ ഉടമകള്‍ക്ക് വാഹനം വില്‍ക്കുമ്പോള്‍ കൈകാര്യ ചെലവു വാങ്ങുന്നില്ലെന്നു മാത്രമല്ല, വന്‍ ഡിസ്‌കൗണ്ട് നല്‍കുകയും ചെയ്യുന്നു.

Transport Commissioner,Vehicles, Kerala.


Also Read:
തലശ്ശേരിയില്‍ ലക്ഷങ്ങളുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി പിടിയില്‍

Keywords:  Transport Commissioner,Vehicles, Kerala.