Follow KVARTHA on Google news Follow Us!
ad

പീഡനരോഗം: വേണ്ടത് വേദന സംഹാരികള്‍ അല്ല, ചികില്‍സ

ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനു ഇരയായ പെണ്‍കുട്ടി മരിച്ചു. പെണ്‍കുട്ടിക്ക് വേണ്ടി പ്രാര്‍ഥിക്കാനുള്ള അഭ്യര്‍ഥനയും സംയമനം പാലിക്കാനുള്ള Article, New Delhi, Molestation, Gang Rape, Politics, Media, Social Network, Strike, S.A.M. Basheer.
Article, New Delhi, Molestation, Gang Rape, Politics, Media, Social Network, Strike, S.A.M. Basheer.
ല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനു ഇരയായ പെണ്‍കുട്ടി മരിച്ചു. പെണ്‍കുട്ടിക്ക് വേണ്ടി പ്രാര്‍ഥിക്കാനുള്ള അഭ്യര്‍ഥനയും സംയമനം പാലിക്കാനുള്ള ആഹ്വാനവും ഇന്നലെ കണ്ടപ്പോഴേ ഊഹിച്ചിരുന്നു, മരിച്ചു കാണുമെന്ന്. ഇനി ഇപ്പോള്‍ രാഷ്ട്രീയ മുതലെടുപ്പ്, പ്രസ്താവനകള്‍, ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള മുറവിളികള്‍, അതിവൈകാരിക പ്രകടനങ്ങള്‍... എല്ലാം പതിവ് പോലെ അരങ്ങേറുകയും കുറച്ചു ദിവസങ്ങള്‍ക്കകം എല്ലാം ശാന്തമായി കെട്ടടങ്ങുകയും ചെയ്യും.

സോഷ്യല്‍ മീഡിയകളില്‍ ഇന്റര്‍നെറ്റ് സാഹിത്യ പ്രതിഭകളുടെ ആദരാഞ്ജലിക്കവിതകളുടെ പ്രളയമായിരിക്കും ഇനി. 'നീ ഒരു ജ്വാലയാണ്, പ്രതീകമാണ്, സ്ത്രീത്വത്തിന്റെ രോദനമാണ്, ചെമ്പനിനീര്‍ പൂവാണ്, സമര ജ്യോതിയാണ്, അഗ്‌നി ജ്വാലയാണ്' ഇമ്മട്ടില്‍ തുടങ്ങിക്കഴിഞ്ഞു.

രാഷ്ട്രീയ സാമൂഹ്യ നേതാക്കളുടെ അനുശോചന പ്രഘോഷണ പ്രവാഹവുമുണ്ടാകും.

അപ്പോഴും ഇരുട്ടിന്റെ മറവില്‍, നാല് ചുവരുകളുടെ സ്വകാര്യതകളില്‍, തെരുവിലെ ഏതെങ്കിലും ഒരു കോണില്‍, ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തില്‍ ഒരു നിലവിളി ഉയരുന്നുണ്ടാവും. സ്ത്രീകള്‍ അവരുടെ ഇഷ്ടത്തിനു എതിരായി മാനഭംഗപ്പെട്ടു കൊണ്ടേ ഇരിക്കുന്നുണ്ടാവും.

ഈ ക്ഷണഭംഗുര പ്രതിഷേധ കോലാഹലങ്ങള്‍ക്ക് അപ്പുറത്ത് ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്താന്‍, സാമൂഹ്യശാസ്ത്രജ്ഞന്മാരും, മനശ്ശാസ്ത്ര വിദഗദ്ധരും, രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളും ഈ നമ്മളും ഒക്കെ ഈ വിഷയം ആഴത്തില്‍ ചിന്തിക്കുകയും പഠിക്കുകയും ചെയ്യണം.

ഇത് ദല്‍ഹിയുടെ മാത്രം രോദനം അല്ല. അവിടെ മാത്രം ഒതുങ്ങുന്ന വിഷയം അല്ല. കേവലമായ അര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ വിഷയവും അല്ല. ആധുനിക ലോകം നേരിടുന്ന ഒരു വലിയ സാമൂഹ്യ പ്രശ്‌നമാണിത്. ഇത് ആഗോളവിഷയമാണെന്ന രീതിയില്‍ ലളിതവല്‍ക്കരിക്കുകയല്ല ഞാന്‍. നമുക്ക് പക്ഷെ ഈ വിഷയം ഇന്ത്യയില്‍ ഒതുക്കി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാരണം നമ്മുടെ രാജ്യത്താണ് നാം ജീവിക്കുന്നത്. നമ്മുടെ കുടുംബങ്ങള്‍ ജീവിക്കുന്നത്. ചുരുക്കത്തില്‍ നമ്മുടെ നാട് എന്ന സ്വാര്‍ത്ഥത തന്നെ.

ഇന്ത്യയിലെ ഭരണ പ്രതിപക്ഷ കക്ഷികള്‍ മാത്രം വിചാരിച്ചാല്‍ പരിഹരിക്കപ്പെടുന്നതല്ല കാമ വെറിയന്മാരുടെ വര്‍ധന. ഇതൊരു സാമൂഹ്യ വിപത്തായി വളര്‍ന്നു കഴിഞ്ഞു. ഇന്ന് അധികാരത്തിലിരിക്കുന്ന ഒരു മന്ത്രി രാജി വെച്ചത് കൊണ്ട് ഇന്ത്യയില്‍ ഇനി ബലാത്സംഗങ്ങള്‍ നടക്കില്ല എന്നുറപ്പിക്കാന്‍ ആര്‍ക്കു കഴിയും!

ഇത് നമ്മുടെ എല്ലാരുടെയും പ്രശ്‌നമാണ്. സമൂഹത്തിന്റെ പ്രശ്‌നമാണ്. നമുക്ക് അരികില്‍ നമ്മോടൊപ്പം അമ്മയുണ്ട്, പെങ്ങളുണ്ട്, ഭാര്യയുണ്ട്, മക്കളുണ്ട്, അവരൊക്കെ സ്ത്രീകളാണ്. നമ്മുടെ തൊട്ടടുത്ത് എവിടെയോ ഒരു വെറിയന്‍ മദം പൊട്ടി കുന്തവും കൂര്‍പ്പിച്ചു ചതിക്കുഴികള്‍ ഒരുക്കി തക്കം പാര്‍ത്തു കാത്തിരിക്കുന്നു. ഏതു നിമിഷവും ഇരയുടെ മേല്‍ ചാടി വീഴാന്‍. അത് കൊണ്ട് ഇത് എന്റെയും , നിങ്ങളുടെയും, നമ്മളുടെയും പ്രശ്‌നമാണ്.

ഡല്‍ഹിയിലെ ജ്യോതി എന്ന ആ കുട്ടിയും ഒരമ്മയുടെ, ഒരച്ഛന്റെ മകളാണ്. ഇനി ഇന്ത്യയില്‍ ഒരു പെണ്‍കുട്ടിയും പീഡിപ്പിക്കപ്പെടാത്ത ഒരു അവസ്ഥ ഉണ്ടാകാന്‍ തന്റെ മകളുടെ മരണം നിമിത്തമായെങ്കില്‍ എന്ന ആ മാതാപിതാക്കളുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥന വിഫലം ആയിപ്പോകരുത്.

നമുക്ക് ചുറ്റും അപകടം പതിയിരിക്കുന്നു. അതിവൈകാരിക പ്രകടനങ്ങളിലും, സംഘര്‍ഷങ്ങളിലും, രാഷ്ട്രീയ മുതലെടുപ്പുകളിലും ഒതുങ്ങിപ്പോകരുതീ വിഷയം. അതിനും അപ്പുറത്ത് ഈ വിഷയം ആഴത്തില്‍ കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്.

ജ്യോതിമാരുടെയും, സൗമ്യമാരുടെയും മരണങ്ങള്‍ ഒരു നിമിത്തമാണ്. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന പിഞ്ചുകുഞ്ഞിനെ കാമുകന്റെ കാമഭ്രാന്തിനു വിട്ടു കൊടുക്കുന്ന അമ്മമാരും, സ്വന്തം ചോരയില്‍ പിറന്ന മകളെ പീഡിപ്പിക്കുന്ന അച്ഛന്മാരും, പെങ്ങളെ പ്രാപിക്കുന്ന ആങ്ങളമാരും, നാലുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്യാന്‍ തുനിയുന്ന പത്തു വയസ്സുകാരനും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന നാടായി നമ്മുടെ കേരളവും മാറിയിരിക്കുന്നു.

സിനിമ അടക്കമുള്ള നമ്മുടെ വിഷ്വല്‍ മീഡിയകള്‍ ഇതില്‍ എത്ര മാത്രം പങ്കു വഹിക്കുന്നുണ്ട്? നമ്മുടെ ഉപഭോഗ സംസ്‌കാരത്തിന്റെ തള്ളിക്കയറ്റത്തിനു ഇതില്‍ വല്ലപങ്കുമുണ്ടോ?സമൂഹഗാത്രത്തെ അര്‍ബുദം പോലെ ബാധിച്ചിരിക്കുന്ന മൂല്യത്തകര്‍ച്ച എന്ന ഈ മാരക രോഗത്തിന് പ്രതിവിധി എന്ത്? ആരാണ് , എന്താണ്, എങ്ങനെയാണ്, കാമവെറിയുടെ മറയില്ലാത്ത കൂത്താട്ടങ്ങള്‍ക്ക് പ്രേരണ ആകുന്നത്? ഈ വിഷയങ്ങളില്‍ ആഴത്തിലുള്ള ഒരു പഠനം, ഗവേഷണം അത്യാവശ്യമല്ലേ? അവ പഠിച്ചു പ്രതിവിധികള്‍ കണ്ടെത്തേണ്ടതില്ലേ? ഈ രോഗത്തിന് താല്‍ക്കാലിക വേദന സംഹാരികളല്ല സ്ഥായിയായ ചികില്‍സയാണ് വേണ്ടത്. രോഗത്തിനല്ല രോഗ കാരണങ്ങളെയാണ് കണ്ടെത്തി നശിപ്പിക്കേണ്ടത്. അത് കണ്ടു പിടിക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്. അതില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ പൊതു ജനങ്ങള്‍ക്കും.

-എസ്.എ.എം. ബഷീര്‍

Keywords: Article, New Delhi, Molestation, Gang Rape, Politics, Media, Social Network, Strike, S.A.M. Basheer.

Post a Comment