ആ ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച ചടങ്ങുകള്‍

Harthal, Article, Kookanam-Rahman
ര്‍ത്താല്‍ ! ഹാ ! ഹര്‍ത്താല്‍ എന്തു നല്ല പേര് ? പ്രഖ്യാപിക്കാന്‍ എന്തെളുപ്പം. വിജയിപ്പിക്കാന്‍ അതിനേക്കാള്‍ എളുപ്പം. എന്നും ഹര്‍ത്താല്‍ ആവട്ടെ. സുന്ദരകേരളം അതിമനോഹര കേരളമാവാന്‍ പോകുന്നു. ഈ പോക്കു പോയാല്‍. ഈ അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ നടന്ന ഹര്‍ത്താലുകളില്‍ പൊതു ഖജനാവിന് നഷ്ടമായത് കോടികളാണ്. സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വന്ന നാശനഷ്ടം അതിനേക്കാള്‍ എത്രയോ മടങ്ങ് വരും.

ഹര്‍ത്താലിന്റെ തൊട്ടടുത്ത ദിവസം ദൃശ്യപത്രമാധ്യമങ്ങളില്‍ നിറം ചാര്‍ത്തിയ വാര്‍ത്ത വരും. സര്‍ക്കാരാഫീസുകള്‍ അടഞ്ഞു കിടന്നു. നിരത്തുകള്‍ ശൂന്യം. കടകമ്പോളങ്ങള്‍ നിശ്ചലമായി. ഹര്‍ത്താല്‍ ഗംഭീര വിജയമെന്ന് പ്രഖ്യാപനം നടത്തിയവര്‍ കൊട്ടിഘോഷിക്കും. തീര്‍ന്നില്ല. ശൂന്യമായ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടേയും മനോഹരമായ കളര്‍ ഫോട്ടോകള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടും.

ഹര്‍ത്താല്‍ പ്രഖ്യാപനം നടന്നു കിട്ടാന്‍ കാത്തിരിക്കുകയാണ് കേരളീയരായ നാം. പണിയെടുക്കേണ്ട, പുറത്തിറങ്ങേണ്ട. സസുഖം വീട്ടില്‍ വാഴാം. ഗവണ്‍മെന്റ് സര്‍വെന്റ്‌സ് എന്ന് പറയുന്ന സര്‍ക്കാര്‍ സേവകന്മാര്‍ക്ക് (മലയാളത്തില്‍ വിവര്‍ത്തനം) ഏറെ സന്തോഷം. തലേന്നാളത്തെ ബിവറേജിന്റെ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ ക്യൂ അടുത്ത ദിവസത്തെ ആഘോഷത്തിമിര്‍പിനുളള കോപ്പുകൂട്ടാനാണ്.

ഞങ്ങളുടെ ചെറുപ്പകാലത്തും സമരങ്ങളും ബന്ദുകളും മറ്റും ഉണ്ടായിരുന്നു. സമരാവേശമുണ്ടെങ്കിലും ഉളളില്‍ ഭയമായിരുന്നു. നേരിട്ട് എറിഞ്ഞുടക്കലും, അടിച്ചുപൊളിക്കലും, കത്തിക്കരിക്കലും നടത്തിയിരുന്നില്ല. പോലീസുകാര്‍ ഞങ്ങള്‍ക്ക് പുല്ലാണ് എന്ന് അന്തരീക്ഷത്തില്‍ മുഷ്ടിയുയര്‍ത്തിതൊണ്ട പൊട്ടുമാറുച്ചത്തില്‍ വിളിച്ചുപറയുമെങ്കിലും പോലീസിനെ കാണുമ്പോഴെ ഓടിമറയും. ഓടുന്ന വാഹനങ്ങളുടെ ടയര്‍ പഞ്ചറാക്കാന്‍ മിടുക്കന്മാരുണ്ടായിരുന്നു. റോഡില്‍ ചാണകം ഇട്ട് അതില്‍ അള്ള് വെക്കും. റോഡില്‍ ഇതൊക്കെ തയ്യാറാക്കിവെച്ച് ഒളിച്ചിരുക്കും. ബസ്സും വാഹനങ്ങളും കടന്നു പോകുമ്പോള്‍ ടയര്‍ പഞ്ചറാവുന്ന ശബ്ദം കേട്ട് സന്തോഷിക്കും. വാഹനങ്ങള്‍ പിന്നെ നീങ്ങില്ല.

ഇപ്പോള്‍ അങ്ങിനെയുളള ഒളിപ്പോരാട്ടമൊന്നുമില്ല. നേരെ എറിഞ്ഞു പൊളിക്കുക തന്നെ. എറിഞ്ഞുപൊളിക്കുന്നത് പൊതുമുതലാണ് എന്നൊരു ചിന്തയേ ഇല്ല. അത് എറിഞ്ഞു പൊളിക്കുന്നവന്റെ കൂടി നികുതിപണം കൊണ്ട് ഉണ്ടായതാണെന്ന് കരുതുന്നേയില്ല. പൊതുമുതലെല്ലാം നമ്മുടേതാണെന്ന ചിന്തയില്ല.

വ്യക്തിവിരോധം തീര്‍ക്കാനും ഇത്തരം സാഹചര്യങ്ങളില്‍ മുതലെടുക്കുന്നവര്‍ ഉണ്ട്. കൂട്ടം ചേര്‍ന്നാല്‍ എന്തും ചെയ്യാനുളള ആവേശം കിട്ടുമല്ലോ? രാഷ്ട്രീയവിരോധം ആളിക്കത്തിക്കാന്‍ പറ്റിയ സമയം കൂടിയാണിത്.

ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ കണക്കുകൂട്ടുന്നത്, പ്രശ്‌നങ്ങളില്ലാത്ത സമരമാര്‍ഗം ഇതാണെന്നാണ്. ഹര്‍ത്താല്‍ പ്രഖ്യാപനം നടന്നാല്‍ മുമ്പൊക്കെ അതിനെ എതിര്‍ക്കുന്നവര്‍, കടകമ്പോളങ്ങളും ഓഫീസുകളും പ്രവര്‍ത്തിപ്പിക്കാന്‍ വെമ്പല്‍ കാട്ടാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ചില്ലറ കശപിശകളൊക്കെ ഉണ്ടാകും. വര്‍ത്തമാനകാലത്ത് ഹര്‍ത്താലിനെ അനുകൂലിക്കുന്നരും, പ്രശ്‌നങ്ങള്‍ക്ക് പോവാതെ അടങ്ങിക്കൂടുകയാണ്.

ഏതിന്റെ പേരിലാണോ ഹര്‍ത്താല്‍, ആരാണോ ഹര്‍ത്താലിന് കാരണക്കാരായത് അത്തരക്കാരുടെ സ്ഥാപനങ്ങളും, വീടുകളും, കടകമ്പോളങ്ങളും എറിഞ്ഞും, തച്ചുടച്ചും, അഗ്നിക്കിരയാക്കിയും ഹര്‍ത്താലനുകൂലികള്‍ ആവേശം കൊളളുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടു വരുന്നത്.

ഇത് ആപല്‍ക്കരമാണ്. ശരിക്ക് പറഞ്ഞാല്‍ പകല്‍കൊളളയാണിത്. ആഹ്വാനം നല്‍കിയ നേതാക്കന്മാരൊന്നും ഇതില്‍ പങ്കാളികളായിരിക്കില്ല. അണികള്‍ പ്രത്യേകിച്ച് ചോരത്തിളപ്പുമാറാത്ത യുവക്കാളാണ്. ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നത്. എന്ത് ചെയ്താലും നശിപ്പിച്ചാലും പ്രശ്‌നമില്ലാതെ ഞങ്ങള്‍ക്ക് മേല്‍ ഘടകങ്ങളില്‍ നിന്ന് സംരക്ഷണം കിട്ടുമെന്ന വിശ്വാസമാണ് ഹര്‍ത്താലിന്റെ മറവില്‍ ഇവര്‍ കാട്ടിക്കുട്ടുന്നത്. അത് ഞങ്ങളുടെ പിളേളരാണ്. അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ് എന്ന് തലമുതിര്‍ന്ന നേതൃത്വം കരുതി സംരക്ഷിക്കുകയാണെങ്കില്‍ അത് സമൂഹത്തില്‍ ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ ഉണ്ടാക്കിവെക്കും.

ഇത്തരുണത്തില്‍ മനസ്സിന് കുളിര്‍മയേകുന്ന ഒരു വാര്‍ത്ത ആഗസ്ത് 15 ന്റെ മാതൃഭൂമി പത്രത്തില്‍ വായിക്കാനിടയായി. ആ വാര്‍ത്ത സത്യമാണെങ്കില്‍ നീലേശ്വരം സിപിഎം ഏരിയാ കമ്മിറ്റി സംസ്ഥാനത്തിനാകെ മാതൃകയായ സമീപനമാണ് സ്വീകരിച്ചതെന്ന് പറയാന്‍ അഭിമാനം തോന്നുന്നു. ഹര്‍ത്താലിനോടനുബന്ധിച്ച് നീലേശ്വരം ഏരിയയില്‍ നടന്ന അക്രമം അപലനീയമാണെന്നും, അതിന് നേതൃത്വം കൊടുത്ത നേതാക്കള്‍ സംഘടനയെ നയിക്കാന്‍ കൊളളാത്തവരാണെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി എന്നും, നാശനഷ്ടമുണ്ടായ കച്ചവടസ്ഥാപനങ്ങളില്‍ നേരിട്ട് ചെന്ന് ക്ഷമാപണം നടത്തണമെന്ന് യുവനേതാക്കളോട് ആവശ്യപ്പെട്ടു എന്നുമാണ് പത്രവാര്‍ത്ത.

അതിന് യുവനേതാക്കളുടെ മറുപടിയും വാര്‍ത്തയിലുണ്ട്. മദ്യപരും, പാര്‍ട്ടിവിരുദ്ധരും പ്രകടനത്തില്‍ നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കിയെന്നാണ് നേതാവ് പറഞ്ഞത്. ഇതാണ് യഥാര്‍ത്ഥ പ്രശ്‌നം അത് പരിഹരിക്കാന്‍ എല്ലാ രാഷ്ട്രീയ നേതൃത്വവും ജാഗരൂകരായി പ്രവര്‍ത്തിക്കണം.

സമരം ചെയ്യേണ്ടിവരും. അതിശക്തമായ രീതിയില്‍ പ്രതിഷേധിക്കേണ്ടിവരും. പക്ഷേ എല്ലാത്തിനും ഹര്‍ത്താലെന്ന ഒറ്റമൂലി സമരം അവസാനിപ്പിച്ചേ പറ്റൂ. നീതിനിഷേധിക്കപ്പെടുമ്പോഴും, അവകാശങ്ങള്‍ അനുവദിക്കാതിരിക്കുമ്പോഴും, ഭരണകൂടത്തിനെതിരെ ജനവികാരം പ്രകടിപ്പിക്കാന്‍ നിരവധി സമരമാര്‍ഗങ്ങള്‍ ഉണ്ട്. പണിമുടക്ക്, കരിദിനം, പ്രകടനം, ഘൊരാവോ ഇങ്ങനെ സമരമാഗങ്ങള്‍ എത്രയോ കിടക്കുന്നു. ഇതെല്ലാം കഴിഞ്ഞിട്ടുപോരെ ജനത്തെ മുഴുവന്‍ വലക്കുന്ന, ജനത്തെ മടിയന്മാരാക്കുന്ന ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കാന്‍? പക്ഷേ നേതാക്കള്‍ക്കറിയാം. ഇതാണെളുപ്പവിദ്യയെന്ന്. ഹര്‍ത്താലുകള്‍ വരുത്തുന്ന പ്രയാസങ്ങളെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. അതുമൂലം സംഭവിക്കുന്ന നാശനഷ്ടങ്ങള്‍, എടുത്തുചാട്ടം കൊണ്ട് സംഭവിക്കുന്ന ആളപായങ്ങള്‍, നിയമപാലകര്‍ക്കുണ്ടാകുന്ന ശാരീരിക അപയാങ്ങള്‍, ആ ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച ചടങ്ങുകള്‍, സര്‍ക്കാര്‍ പ്രോഗ്രാമുകള്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥ. രോഗികളും ദീര്‍ഘയാത്രക്കാരും അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങള്‍ ഇങ്ങിനെ എന്തെല്ലാം?

ഹര്‍ത്താലിന് എതിരായി ബോധവല്‍കരണം നടത്താന്‍ ഒരു സംഘം തന്നെ ഉണ്ടായി. 'ഹര്‍ത്താല്‍ വിരുദ്ധസമിതി' പക്ഷെ അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ല. അതില്‍ രാഷ്ട്രീയകക്ഷികളൊന്നും പങ്കാളികളാവില്ലല്ലോ? നിഷ്പക്ഷരും നിര്‍ഗുണരും ആയ കുറേ ആളുകള്‍ കിണഞ്ഞ് ശ്രമിക്കുന്നു എന്നുമാത്രം ബന്ത് നിയമം മൂലം തടഞ്ഞ കോടതി ഇക്കാര്യത്തിലും ഇടപെട്ടേ പറ്റൂ. ഹര്‍ത്താലുകളും നിരോധിക്കണം

രാഷ്ട്രീയത്തില്‍ കൂട്ടുകെട്ടുകള്‍ മാറിമാറിവരും. ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാക്കപ്പെട്ട. സ്മാരക മന്ദിരങ്ങള്‍, ഒപ്പം പണപ്പിരിവ് നടത്തിയും സന്നദ്ധസേവനം നടത്തിയും നിര്‍മ്മിക്കപ്പെട്ടവ, കുറുമാറിയപ്പോള്‍ അവ എറിഞ്ഞുതകര്‍ക്കുകയും കുത്തിപ്പൊളിക്കുകയും ചെയ്യുന്ന കാഴ്ച കാണാനിടയായി. പക്ഷേ ഇതൊക്കെ ചെയ്യുന്നത് ചോരത്തിളപ്പും, അതിനൊപ്പം തലക്കുകയറിയ ലഹരിയും പ്രേരണയാവുന്നുണ്ട് എന്ന് വേണം അനുമാനിക്കാന്‍. ഇത്തരത്തിലുളള താണ്ഡവമാടാന്‍ അനുദിക്കാതിരിക്കാന്‍ തലമുതിര്‍ന്ന നേതൃത്വം തയ്യാറാകണം.

Harthal, Article, Kookanam-Rahman
-കൂക്കാനം റഹ്മാന്‍

Keywords: Harthal, Article, Kookanam-Rahman

Post a Comment

Previous Post Next Post