Follow KVARTHA on Google news Follow Us!
ad

Lose | കെ മുരളീധരനും അടൂർ പ്രകാശും തോറ്റാൽ നഷ്ടം കോൺഗ്രസിനും യുഡിഎഫിനും, ഇവർക്കല്ല!

ഏറ്റവും വാശിയേറിയ മത്സരം നടന്ന രണ്ട് മണ്ഡലങ്ങൾ Politics, Election, Congress, Attingal, Thrissur, Lok Sabha election
/ സോണി കല്ലറയ്ക്കൽ

(KVARTHA) ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വാശിയേറിയ മത്സരം നടന്ന രണ്ട് മണ്ഡലങ്ങൾ ആയിരുന്നു തൃശൂരും ആറ്റിങ്ങലും. തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് കെ മുരളീധരൻ ആണ്. അടൂർ പ്രകാശ് ആയിരുന്നു ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാർത്ഥി. രണ്ട് പേർക്കും അതാത് മണ്ഡലങ്ങളിൽ വിജയപ്രതീക്ഷയാണുള്ളത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരൻ ഇടതുകോട്ടയായ വടകരയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി എത്തി സി.പി.എമ്മിലെ കണ്ണൂരിലെ കരുത്തൻ പി ജയരാജനെ തോൽപ്പിക്കുകയായിരുന്നു. ആരും പ്രതീക്ഷിക്കാത്ത വിജയമായിരുന്നു കെ മുരളീധരന് അന്ന് വടകരയിൽ ലഭിച്ചത്.
 
Who loses if K Muralidharan and Adoor Prakash lose?

അതുപോലെ ആറ്റിങ്ങൽ ഇടതുകോട്ട ആയാണ് അറിയപ്പെടുന്നത് . ആറ്റിങ്ങൽ തിരിച്ചു പിടിക്കാൻ കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ കോന്നി എം.എൽ.എ ആയിരുന്ന അടൂർ പ്രകാശിനെ യു.ഡി.എഫ് ഇറക്കുകയായിരുന്നു. പ്രവചനങ്ങളെ ഒക്കെ കാറ്റിൽ പറത്തി ആറ്റിങ്ങലിലെ സിറ്റിങ് എംപി എ സമ്പത്തിനെ തോൽപ്പിച്ച് അടൂർ പ്രകാശ് ആറ്റിങ്ങൽ യു.ഡി.എഫിനു വേണ്ടി തിരിച്ചു പിടിക്കുകയായിരുന്നു. വർഷങ്ങളായി ഇടതുപക്ഷത്തിൻ്റെ കൈയ്യിലിരുന്ന ആറ്റിങ്ങൽ ലോക് സഭാ മണ്ഡലം അപ്രതീക്ഷിതമായി അടൂർ പ്രകാശിലൂടെ യു.ഡി.എഫിന് ലഭിച്ചു. ആറ്റിങ്ങലിൽ നിന്ന് എം.പി ആയശേഷം കോന്നി എം.എൽ.എ സ്ഥാനം അടൂർ പ്രകാശ് രാജിവെച്ചു. അടൂർ പ്രകാശ് പാർലമെൻ്റിലേയ്ക്ക് പോയശേഷം പിന്നീടൊരിക്കലും കോന്നി നിയമസഭാ മണ്ഡലം യു.ഡി.എഫിന് കിട്ടിയിട്ടില്ലെന്നതാണ് സത്യം.

പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോന്നി അങ്ങനെ ഇടതുപക്ഷത്തിൻ്റെ കൈയ്യിലായി. അതുപോലെയാണ് മുരളീധരനും സംഭവിച്ചത്. കോൺഗ്രസിൽ നിന്ന് ആരും വടകരയിൽ മത്സരിക്കാൻ തയ്യാറാകാഞ്ഞപ്പോൾ വട്ടിയൂർക്കാവ് എം.എൽ.എ ആയിരുന്ന മുരളീധരൻ വടകരയിൽ എത്തി മത്സരിക്കുകയായിരുന്നു. വടകരയിൽ നിന്ന് ജയിച്ച് മുരളീധരൻ എം.പി ആയപ്പോൾ അദ്ദേഹം വട്ടിയൂർക്കാവ് എം.എൽ.എ സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. തുടർന്ന് വട്ടിയൂർക്കാവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയാണ് വിജയിച്ചത്. മുരളീധരന് ശേഷം ഒരു കോൺഗ്രസ് നേതാവിനും പിന്നീട് വട്ടിയൂർക്കാവിൽ വിജയിക്കാനായിട്ടില്ല. കോൺഗ്രസ് ഭുരിപക്ഷ മണ്ഡലമായിരുന്ന വട്ടിയൂർക്കാവ് പിന്നീട് എൽ.ഡി.എഫിൻ്റേത് ആവുകയും ചെയ്തു.

ഒരിക്കൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മൂന്നാമതായി പോയ നിയമസഭാ മണ്ഡലമായിരുന്നു വട്ടിയൂർക്കാവ് എന്നോർക്കണം. യു.ഡി.എഫിലെ കെ മുരളീധരൻ അവിടെ ഒന്നാമതെത്തിയ തെരഞ്ഞെടുപ്പിൽ ബി.ജെ.പി യിലെ കുമ്മനം രാജശേഖരനായിരുന്നു രണ്ടാം സ്ഥാനത്ത്. സി.പി.എമ്മിലെ ടി.എൻ സീമ മൂന്നാം സ്ഥാനത്ത് ആവുകയും ചെയ്തിരുന്നു. അവിടമാണ് മുരളീധരൻ പോയപ്പോൾ സി.പി.എം പിടിച്ചെടുത്തത്. വടകരയിലെ എം.പി ആയിരുന്ന കെ മുരളീധരൻ ഇപ്രാവശ്യവും അപ്രതീക്ഷിതമായാണ് തൃശൂർ ലോക് സഭാ മണ്ഡലത്തിൽ മത്സരിക്കാൻ എത്തിയത്. തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി നടൻ സുരേഷ് ഗോപി വിജയിക്കുമെന്നുള്ള തരത്തിൽ വലിയ രീതിയിലൊരു പ്രചാരം ഉണ്ടായി. അതിനെ തടയിടാനാണ് തൃശൂരിലെ നിലവിലെ എം.പി ടി.എൻ പ്രതാപനെ മാറ്റി കെ മുരളീധരനെ വടകരയിൽ നിന്ന് മാറ്റി തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രതിഷ്ടിച്ചത്.

പാലക്കാട് എം.എൽ.എ ആയിരുന്ന ഷാഫി പറമ്പിൽ വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എത്തുകയും ചെയ്തു. എന്തായാലും യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ മുരളീധരൻ എത്തിയതോടെ തൃശുരിൽ വാശിയേറിയ ത്രികോണ പോരാട്ടത്തിനാണ് തിരി തെളിഞ്ഞത്. കെ മുരളീധരൻ ജയിക്കുമെന്ന് പറയുന്നുണ്ടെങ്കിലും സുരേഷ് ഗോപിയും തൃശൂരിൽ നല്ല മുന്നേറ്റം തന്നെയാണ് നടത്തിയത്. ഇടതുമുന്നണിയുടെ വി.എസ് സുനിൽ കുമാറും നല്ല സ്ഥാനാർത്ഥി തന്നെ ആയിരുന്നു. തൃശൂരിൽ ഈ തെരഞ്ഞെടുപ്പിൽ കെ മുരളീധരനെപ്പോലൊരു നല്ല സ്ഥാനാർത്ഥിക്ക് യു.ഡി.എഫ് പാളയത്തിൽ നിന്ന് ജയിക്കാനായില്ലെങ്കിൽ മറ്റാർക്കും അത് പറ്റുമെന്ന് തോന്നുന്നില്ല. ഇനി അഥവാ മുരളീധരൻ തൃശൂരിൽ പരാജയപ്പെട്ടാലും ആ നഷ്ടം മുരളീധരനായിരിക്കില്ല. കോൺഗ്രസിന് മാത്രം ആയിരിക്കും.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് ഇടതുപക്ഷത്തിൻ്റെ കൈയ്യിൽ നിന്ന് തിരിച്ചു പിടിക്കണമെങ്കിൽ മുരളീധരൻ തന്നെ അവിടെ ഇറങ്ങണം. വട്ടിയൂർക്കാവിൽ മുരളിധരൻ വിജയിച്ച് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മന്ത്രിസ്ഥാനമോ മുഖ്യമന്ത്രി സ്ഥാനമോ ഒക്കെ ആവും കെ. മുരളീധരനെ കാത്തിരിക്കുന്നത്. ഈ ലോക് സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി അധികാരത്തിൽ വരുമെന്ന് വലിയ ഉറപ്പൊന്നും ഇല്ലാത്ത സാഹചര്യത്തിൽ മുരളീധരനെപ്പോലുള്ളവർ കേരളത്തിൽ നിൽക്കുന്നതായിരിക്കും നല്ലത്. നിലവിൽ കോന്നിയിലും സമാനമായ രീതിയിലാണ് അടൂർ പ്രകാശിൻ്റെ കാര്യവും. ആറ്റിങ്ങലിൽ യു.ഡി.എഫിന് കിട്ടാവുന്ന ഏറ്റവും കരുത്തനായ സ്ഥാനാർത്ഥിയാണ് അടൂർ പ്രകാശ്. അദേഹത്തിലൂടെ ഇക്കുറി ആറ്റിങ്ങൽ വീണ്ടും തിരിച്ചു പിടിക്കാനായില്ലെങ്കിൽ പിന്നെ ആർക്കും അത് പറ്റുമെന്ന് തോന്നുന്നില്ല.

അടൂർ പ്രകാശ് ആറ്റിങ്ങലിൽ തോറ്റാൽ നഷ്ടം കോൺഗ്രസിനും യു.ഡി.എഫിനും തന്നെയാകും. അല്ലാതെ അടൂർ പ്രകാശിനാവില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട കോന്നി പിടിച്ചെടുക്കണമെങ്കിൽ അവിടെ അടൂർ പ്രകാശ് തന്നെ ഇറങ്ങണം. വേറെ ആരും ഇനി ഇറങ്ങിയാൽ കോന്നി തിരിച്ചുകിട്ടുമെന്ന് തോന്നുന്നില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോന്നിയിൽ യൂ.ഡി.എഫ് സ്ഥാനാർത്ഥിയായി അടൂർ പ്രകാശ് വിജയിച്ചാൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ അടൂർ പ്രകാശും ഒരു മന്ത്രി ആയിരിക്കും. അതാണ് ആദ്യമേ പറഞ്ഞത് ഈ തെരഞ്ഞെടുപ്പിൽ മുരളീധരനും അടൂർ പ്രകാശും തോറ്റാൽ നഷ്ടം അവർക്കല്ല, യു.ഡി.എഫിനും കോൺഗ്രസിനുമാണെന്ന്.

K Muralidharan and Adoor Prakash

Keywords: Politics, Election, Congress, Attingal, Thrissur, Lok Sabha Election, K. Muraleedharan, Adoor Prakash, Vadakara, CPM, P Jayarajan, MLA, UDF, Shafi Parambil, Who loses if K Muralidharan and Adoor Prakash lose?.

Post a Comment