Follow KVARTHA on Google news Follow Us!
ad

Rain Alerts | സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു; വിവിധ ജില്ലകളില്‍ ചുവപ്പ്, ഓറന്‍ജ് ജാഗ്രതകള്‍; മണിയാര്‍ ഡാം തുറന്നു

കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചു Kerala, Rain, Alerts, Weather, Maniyar Dam, School, PSC
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചു. സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൊവ്വാഴ്ച ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  എറണാകുളം,  തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ചൊവ്വാഴ്ച ഓറന്‍ജ് ജാഗ്രതയാണ്. 

തിങ്കളാഴ്ച രാവിലത്തെ കണക്ക് അനുസരിച്ച് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 30.37 സെന്റിമീറ്റര്‍ മഴ പെയ്തു. നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന തിരമാലയും കടലാക്രമണവും ഉണ്ടാകുമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നുള്ള മീന്‍പിടുത്തതൊഴിലാളികള്‍ കടലില്‍ പോകരുത്.
മലയോരമേഖലകളിലും തീരപ്രദേശങ്ങളും അതീവ ജാഗ്രത വേണം. അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളില്‍ കണ്‍ട്രോണ്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.

അതിനിടെ പത്തനംതിട്ട മണിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷടറുകള്‍ 10 സെ.മീ വീതം ഉയര്‍ത്തി. പത്തനംതിട്ട കലക്ടറേറ്റിലും താലൂക് ഓഫിസുകളിലും പ്രത്യേക കണ്‍ട്രോണ്‍ റൂം തുറന്നു. ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍സ് സെന്റര്‍: 04682322515, 8078808915, ടോള്‍ഫ്രീ നമ്പര്‍: 1077. 

അരയാഞ്ഞിലിമണ്‍, കുറുമ്പന്‍മൂഴി കോസ്വേകള്‍ മുങ്ങി. കോട്ടാങ്ങലില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. നിരണത്ത് ശക്തമായ കാറ്റില്‍ തെങ്ങ് വീണ് നിരണം സ്വദേശിയ ഷാജിയുടെ പശു ചത്തു. ആലപ്പുഴ ഹരിപ്പാടും കരുവാറ്റയിലും ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കം. ചേര്‍ത്തല നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കാളികുളത്ത് തെങ്ങ് വീണ് കട തകര്‍ന്നു. തിരുവനന്തപുരം മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍ വള്ളം മറിഞ്ഞു. മൂന്നു തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. വള്ളം ഒഴുകിപ്പോയി. കോട്ടയം വൈക്കം വെച്ചൂരില്‍ വീട് ഇടിഞ്ഞു വീണു, ആര്‍ക്കും പരുക്കില്ല.

കൊച്ചി സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍ മുറ്റത്തെ മരച്ചില്ല വീണ് ഗുരുതരമായി പരുക്കേറ്റ പത്ത് വയസുകാരന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കാസര്‍കോട് അംഗടിമുഗറില്‍ സ്‌കൂള്‍ മൈതാനത്തിലെ മരം വീണ് മരിച്ച വിദ്യാര്‍ഥിനി ആഈശത്ത് മിന്‍ഹയുടെ സംസ്‌കാരം ചൊവ്വാഴ്ച നടക്കും. അഞ്ച് ദിവസം ശക്തമായ മഴ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. 

മുഖ്യമന്ത്രിയുടെ ജാഗ്രത നിര്‍ദേശം

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ചില ദിവസങ്ങളില്‍ അതി തീവ്ര മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ചുവപ്പ്, ഓറന്‍ജ്, മഞ്ഞ ജാഗ്രതകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച എറണാകുളം ജില്ലയിലും വ്യാഴാഴ്ച ഇടുക്കി,കണ്ണൂര്‍ ജില്ലകളിലും ചുവപ്പ് ജാഗ്രതയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറന്‍ജ് ജാഗ്രതയും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഞ്ഞ ജാഗ്രതയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാതല, താലൂക് തല എമര്‍ജന്‍സി ഓകറേഷന്‍ സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പ് പ്രതിനിധികളെയും ദേശിയ ദുരന്ത പ്രതികരണ സേന പ്രതിനിധികളെയും ഉള്‍പെടുത്തി സംസ്ഥാന എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ദേശിയ ദുരന്ത പ്രതികരണ സേനയുടെ 7 സംഘങ്ങളെ ഇടുക്കി, പത്തനംതിട്ട , മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ,തൃശൂര്‍ എന്നി ജില്ലകളില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി സജ്ജമാക്കിയിട്ടുണ്ട്.

മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ നദികളില്‍ ഇറങ്ങാനോ പാടില്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കുക. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശത്തു താമസിക്കുന്നവര്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബീചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം. കേരളം കര്‍ണ്ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് പോകരുത്. കാറ്റ് മൂലമുള്ള അപകടങ്ങളിലും പ്രത്യേകം ജാഗ്രത പാലിക്കാന്‍ ശ്രദ്ധിക്കുക.

ചൊവ്വാഴ്ചത്തെ അവധി

എറണാകുളം, കാസര്‍കോട് ജില്ലകളില്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. അംഗനവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് കലക്ടര്‍ വ്യക്തമാക്കി. അതേസമയം കാസര്‍കോട് ജില്ലയിലെ കോളജുകള്‍ക്ക് അവധിയുണ്ടായില്ല. ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയ്ക്കായിരിക്കും അവധി ബാധകമെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പിഎസ്സി, യൂനിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമില്ല.

News, Kerala, Kerala-News, Weather, Weather-News, Kerala, Rain, Alerts, Weather, Maniyar Dam, School, PSC, District Collector, CM, Kerala: Extremely Heavy Rain; Red and Orange Alerts.


Keywords: News, Kerala, Kerala-News, Weather, Weather-News, Kerala, Rain, Alerts, Weather, Maniyar Dam, School, PSC, District Collector, CM, Kerala: Extremely Heavy Rain; Red and Orange Alerts. 

Post a Comment