Follow KVARTHA on Google news Follow Us!
ad

Eid-ul-fitr Memories | പെരുന്നാൾ മധുരം

Sweetness of Eid-ul-fitr#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
/ എൻജിനീയർ പാറു പ്രദീപ്

(www.kvartha.com)
ഓർമ്മകൾ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെയാണെന്ന് പറയുന്നതെത്ര ശരിയാണ്! അവ ഓടുകയാണ്, നേരവും കാലവും നോക്കാതെ. ഓരോ വിശേഷ ദിനങ്ങളും പിരിയാൻ വിടാത്ത ഓർമ്മകളായി പിന്തുടരുകയാണ്. ആ ഓർമ്മകളുടെ നീർച്ചുഴിയിൽപ്പെട്ട് ഒരു പുൽക്കൊടിയെപ്പോലെ ആടിയുലയുകയാണ് ഞാൻ. ഓണവും വിഷുവും പെരുന്നാളും ക്രിസ്തുമസ്സുമെല്ലാം ജാതിമത ഭേദമില്ലാത്ത ആഘോഷമാണ്‌ ഞങ്ങൾക്ക് അന്നും ഇന്നും എന്നും. പെരുന്നാൾ കാലത്തിന്റെ ചിതലരിക്കാത്ത സുവർണ നിമിഷങ്ങൾ എന്റെ ചിത്തത്തിൽ ഇന്നും പ്രസന്നത നിറയ്ക്കുന്നു.
  
Kerala, Article, Memories, Eid, Eid-Al-Fitr, Celebration, Ramadan, Food, Masjid, Nostalgic Memories, Sweetness of Eid-ul-fitr.

നോമ്പ് തുടങ്ങിയാൽ ഞങ്ങൾ കുട്ടികളും ജാഗരൂകരാവും. കാരണം നോമ്പുകാരല്ലെങ്കിലും നോമ്പെടുക്കുന്ന കുട്ടികളുടെ മുന്നിൽ നിന്ന് വെള്ളം കുടിക്കാൻ പാടില്ല, ഭക്ഷണം കഴിക്കാൻ പാടില്ല എന്തിന് ഒരു മിട്ടായിയുടെ പേര് പോലും പറയാൻ പാടില്ല എന്നൊക്കെയുള്ള അലിഖിത നിയമങ്ങൾ ഞങ്ങൾ കുട്ടികൾ പിന്തുടർന്നിരുന്നു. ഇതൊന്നും ആരും അടിച്ചേൽപ്പിച്ച നിയമസംഹിതകളല്ല, മറിച്ച് നോമ്പെടുക്കുന്ന സഹപാഠികളോടുള്ള ഞങ്ങളുടെ സ്നേഹവും ഐക്യദാർഢ്യ പ്രഖ്യാപനവുമാണ്.

ആമിനത്താത്തയുടെ ഒറോട്ടിയുടെയും മീൻകറിയുടെയും രുചി പെരുന്നാൾ ഓർമ്മകളെ വീണ്ടും തഴുകിയുണർത്തുകയാണ്. ഓരോ ദിവസവും മാറി മാറി വരുന്ന വിഭവങ്ങൾ. ആമിനത്താത്ത, അൽമത്താത്ത, കണ്ടത്തിലമ്മായി... അങ്ങനെ നീളുന്നു അയൽപക്കസ്നേഹങ്ങളുടെ നീണ്ട പട്ടിക. അവരെല്ലാം മിക്ക ദിവസവും പെരുന്നാൾ വിഭവങ്ങൾ കൊണ്ടുത്തരുമായിരുന്നു. ചെറിയ പെരുന്നാളിന് ഓരോ വീട്ടിൽ നിന്നും നെയ്ച്ചോറും ഇറച്ചിക്കറിയും സലാഡും തൊട്ടു കൂട്ടാനിത്തിരി ബീറ്റ്റൂട്ട് ഈത്തപ്പഴ അച്ചാറും, പഴവർഗ്ഗങ്ങളും. ഓർമ്മകളിൽ മധുരമായി നിറഞ്ഞു നിൽക്കുന്ന ഒന്നാണ് കടലപ്പരിപ്പും ഗോതമ്പും ചേർത്ത് ഉണ്ടാക്കുന്ന പായസം. എന്തൊരു രുചിയാണതിന്!

നോമ്പുതുറ വിഭവങ്ങളിൽ ഉന്നക്കായയും, പഴംപൊരിയും, പഴംനിറച്ചതും, ഈത്തപ്പഴം പൊരിച്ചതും, ഉള്ളിവടയും മീൻപത്തിരിയും, നെയ്‌പ്പത്തിരിയും, കോഴിയടയും, കല്ലുമ്മക്കായ പൊരിച്ചതും എന്നു വേണ്ട, എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങളാണുണ്ടാവുക. ഏതോ മാപ്പിള പാട്ടിന്റെ വരികളിൽ പറയുന്ന അമ്മായി ചുട്ടുവെക്കുന്ന മരുമോനെ തീറ്റിക്കാനുള്ള അപ്പത്തരങ്ങൾ. നോമ്പുകാലത്ത് മാത്രം കിട്ടുന്ന ഇത്തരം പലഹാരങ്ങളിൽ പലതും നോമ്പ് കാല സ്‌പെഷ്യലും ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കാത്തതുമാണ്.

പെരുന്നാൾ അടുത്തെത്തിയാൽ കൂട്ടുകാരികളായ ഞങ്ങളുടെ കൈകളും മൈലാഞ്ചിച്ചോപ്പണിയും. ചക്കയരക്ക് അഥവാ വെളഞ്ഞീർ ഉരുക്കി, ആ ചെറുചൂടുള്ള വെളഞ്ഞീറിൽ മുക്കിയ ഈർക്കിൽ കൊണ്ട് കൈകളിൽ ചെറിയ വൃത്തങ്ങൾ വരച്ച് അതിനുമുകളിൽ അമ്മിയിൽ അരച്ച മൈലാഞ്ചി വാരിപ്പൊത്തും. രണ്ടു കൈകളിലും മൈലാഞ്ചി വച്ച് കൈയ്യും വിടർത്തി നടക്കുന്നതും കൈ ചുവന്നോ എന്നറിയാൻ ഇടക്കിടെ ഓരോ വശത്തു നിന്നായി മൈലാഞ്ചി ഇളക്കിനോക്കുന്നതും കുസൃതി നിറഞ്ഞ ഓർമ്മകളായി ഇന്നും മനസ്സിൽ നിറയുന്നു.

അനന്ത വിശാലമായ ആകാശസീമയിൽ പടിഞ്ഞാറൻ കടലിൽ നീരാട്ടിനുപോകുന്ന സൂര്യനെ പിന്തുടരുന്ന നിലാവ് കാണാൻ എത്രയോ തവണ ഞാനും ആകാശത്തേക്ക് നോക്കിയിരുന്നിട്ടുണ്ട്. ആകാശം മറച്ചു നിന്ന മരക്കൊമ്പുകളോട് പരിഭവം പറഞ്ഞ് ചാഞ്ഞും ചരിഞ്ഞും നോക്കുമ്പോൾ മനസിൽ ഞാനായിരിക്കണേ ആദ്യമായി നിലാവു കാണുന്നതെന്ന പ്രാർത്ഥനയും ഉണ്ടാവുമായിരുന്നു.

നിലാവ് കാണാതെ നിരാശയായി ഇരിക്കുമ്പോൾ പള്ളി മിനാരങ്ങളിൽ നിന്ന് ഉയരുന്ന തക്ബീർ ധ്വനികൾ മനസ്സിനെ കുളിരണിയിപ്പിക്കുന്നതായിരുന്നു. അങ്ങെവിടെയോ നിലാവുദിച്ചിരിക്കുന്നു. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നന്മയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമായി. സത്യത്തിൽ ആ നിലാവുദിക്കുന്നത് വിശ്വാസികളുടെ മനസ്സിൽ കൂടിയാണ്

'അല്ലാഹ് അക്ബർ അല്ലാഹ് അക്ബർ
ലാ ഇലാഹ ഇല്ലല്ലാഹ്
അല്ലാഹ് അക്ബർ അല്ലാഹ്...........'

അർത്ഥമറിയില്ലെങ്കിലും ഹൃദിസ്ഥമായിരുന്നു ഈ വരികൾ. പള്ളിയിൽ നിന്നുയരുന്ന വരികൾ ഞങ്ങളും മനസ്സിലേറ്റി നടന്നിരുന്നു.

ഇന്നും പെരുന്നാൾ എന്നാൽ ആമിനത്താത്തയുടെ ഓറോട്ടിയും മീൻ കറിയും തന്നെയാണ് മനസിൽ ഓടി വരിക. സൗറയും റഫീക്കും പാത്തുവും സമീറയും സഫൂറയും റാസിക്കും സൈബുവും റാബിയയും .... തീരുന്നില്ല പേരുകൾ . സ്നേഹം നിറഞ്ഞ പുഞ്ചിരിയുമായി മുല്ലപ്പൂവിന്റെ മണമുള്ള അത്തറും പൂശി കൂട്ടുകാർ മനസ്സിലങ്ങനെ നിരന്നു നിൽക്കുകയാണ്.

ഇന്നും ഓരോ പെരുന്നാളിനും ഓടിയെത്താൻ വെമ്പുകയാണ് ആ സ്നേഹ മധുരം നുകരാൻ. പല ആഘോഷങ്ങൾക്കും കൂടിച്ചേരലുകൾക്കും അരുതുകൾ കല്പിക്കുന്ന പ്രവാസത്തെ ഒരു അനിവാര്യതയായി കരുതി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റയും സ്വർണ പ്രഭ വിതറുന്ന പെരുന്നാളിന്റെ നിർമ്മലമായ ഓർമ്മകളിൽ ഞാനും ആഘോഷിക്കുകയാണ് ഇത്തവണത്തെ പെരുന്നാൾ .

കർണപുടങ്ങൾക്ക് കുളിരേകി അലയടിക്കുകയാണ് ആ വരികൾ എന്റെ ഹൃദയത്തിൽ. ഒന്നു കാതോർത്തു നോക്കൂ നിങ്ങൾക്കും കേൾക്കാം ആ വരികൾ.
അല്ലാഹ് അക്ബർ അല്ലാഹ് അക്ബർ
ലാഇലാഹ ഇല്ലല്ലാഹ്
അല്ലാഹ് അക്ബർ അല്ലാഹ് അക്ബർ വലില്ലാഹിൽ ഹംദ്..

(ഗുവാഹതിയിൽ സിവിൽ എൻജിനീയറായ ലേഖിക ആനുകാലികങ്ങളിൽ എഴുതുകയും പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്)

Keywords: Kerala, Article, Memories, Eid, Eid-Al-Fitr, Celebration, Ramadan, Food, Masjid, Nostalgic Memories, Sweetness of Eid-ul-fitr.
  < !- START disable copy paste -->

Post a Comment