Follow KVARTHA on Google news Follow Us!
ad

കേരളപ്പിറവി ദിനത്തില്‍ ഇശല്‍വാണിയുമായി മോയിന്‍കുട്ടി വൈദ്യര്‍ അകാഡെമി; ദ്വിദിന പരിപാടിയില്‍ വി എം കുട്ടിയെ അനുസ്മരിക്കും

Moyinkutty Vaidyar Academy will conduct programme on Kerala formation day#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മലപ്പുറം: (www.kvartha.com 30.10.2021) മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ കേരളപിറവി ദിനാഘോഷത്തിന് ഞായറാഴ്ച തുടക്കമാകും. ഇശലിന്റെ സുല്‍ത്താന്‍ അന്തരിച്ച ഗായകന്‍ വി.എം. കുട്ടിയെ അനുസ്മരിച്ചാണ് കൊണ്ടോട്ടി വൈദ്യര്‍ അക്കാദമിയില്‍ പരിപാടി നടക്കുകയെന്ന് അക്കാദമി ഭാരവാഹികള്‍ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഞായറാഴ്ച വൈദ്യര്‍ അക്കാദമിയുടെ റേഡിയോയായ 'ഇശല്‍വാണി' യുടെ പ്രക്ഷേപണ ഉദ്ഘാടനം ഉച്ചയ്ക്ക് മൂന്നിന് കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കും.
 
Moyinkutty Vaidyar Academy will conduct programme on Kerala formation day

ടി.വി ഇബ്രാഹിം എം.എല്‍.എ, കൊണ്ടോട്ടി നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്റ, ടി.കെ. ഹംസ, ഡോ. ഹുസൈന്‍ രണ്ടത്താണി തുടങ്ങിയവര്‍ പങ്കെടുക്കും. വൈദ്യര്‍ അക്കാദമിയിലെ മാപ്പിളപ്പാട്ട് മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും ഇതോടനുബന്ധിച്ചു നടക്കും.

നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി 10 വരെ മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ ഡോ. വി.എം. കുട്ടിയെ അനുസ്മരിക്കുന്ന പ്രത്യേക പരിപാടിയാണ് നടക്കുക. വൈദ്യര്‍ അക്കാദമി, ബെല്ലാത്ത ചെങ്ങായിമാര്‍ കലാകൂട്ടായ്മ, കൊണ്ടോട്ടി സെന്റര്‍ ട്രസ്റ്റ്, റോട്ടറി ക്ലബ്ബ് ഓഫ് കൊണ്ടോട്ടി, ശാദി സില്‍ക്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനും ഗ്രന്ഥകാരനും സംഘാടകനും മികച്ച ചിത്രകാരനുമായിരുന്ന ഡോ. വി.എം. കുട്ടിയെ അനുസ്മരിക്കുന്ന പരിപാടി ഗായകന്‍ വി.ടി. മുരളി ഉദ്ഘാടനം ചെയ്യും.

വി.എം. കുട്ടി രചിച്ച ചിത്രങ്ങളുടെ പ്രകാശനവും ഇതോടനുബന്ധിച്ചു നടക്കും. ചലച്ചിത്രതാരം മാമുക്കോയ മുഖ്യാതിഥിയാകും. പാട്ടെഴുത്തുകാര്‍, ഗായകര്‍, സംഗീതസംവിധായകര്‍, സ്റ്റേജ് ആര്‍ടിസ്റ്റുകള്‍, ഗാനാസ്വാദകര്‍ തുടങ്ങി വി എം കുട്ടിയുമായി ബന്ധപ്പെടുന്ന വിവിധ മേഖലകളിലുമുള്ള പ്രമുഖര്‍ നേരിട്ടും ഓണ്‍ലൈനിലും പരിപാടിയില്‍ പങ്കെടുക്കും. കോവിഡ് 19 പ്രോട്ടക്കോള്‍ പാലിച്ചാണ് പരിപാടി നടക്കുക എന്ന് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, ഭാരവാഹികളായ സി.എച്ച്. സൈനുല്‍ ആബിദ്, സലിം മധുവായി, പി. ഷിജു, ഷാദി മുസ്തഫ, ഷിഹാബ് പൂക്കൊളത്തൂര്‍ എന്നിവര്‍ പറഞ്ഞു.

Keywords: Kerala, News, Malappuram, Programme, Celebration, Moyinkutty Vaidyar Academy will conduct programme on Kerala formation day.
< !- START disable copy paste -->

Post a Comment