Follow KVARTHA on Google news Follow Us!
ad

എളുപ്പത്തിൽ ഉണ്ണാനും ഉറങ്ങാനും വരെ കുട്ടികൾക്ക് മൊബൈൽ ഫോൺ; രക്ഷിതാക്കൾ ഇതറിയണം

Mobile phone for children to eat and sleep easily; Parents need to know this#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബസരിയ റശീദ് 

(www.kvartha.com 29.06.2021) പുതിയ തലമുറയുടെ ബാല്യം മൊബൈൽ സ്‌ക്രീനുകളിൽ മാത്രമായ് ഒതുങ്ങുന്നുണ്ടോ?. സ്‍മാർട് ഫോണിന്റെയും ഇന്റർനെറ്റിന്റെയും ലോകമാണിത്. കുട്ടികൾ മാത്രമല്ല, മുതിർന്നവരും മൊബൈൽ ഫോണുകൾക്ക് അടിമപ്പെട്ടൊരു വിചിത്ര ലോകം!

മഴയിൽ കുളിച്ചും മണ്ണിൽ കളിച്ചും മരം കയറിയും മാങ്ങ പറിച്ചും ആറിൽ നീന്തി തുടിച്ചും പ്രകൃതിയോടിണങ്ങി ബാല്യകാലം സ്‌മൃതിയിലാക്കിയിരുന്ന മലയാള നാടിന്റെ പൈതൃക ശൈലികൾ ഇന്നത്തെ കുട്ടികൾക്ക് അപരിചിതമാണ്. അവരുടെ ലോകം വീഡിയോ ഗെയിമുകളും കാർടൂണുകളുമാണ്. മാനുഷിക ബന്ധങ്ങളുടെ മൂല്യങ്ങളൊന്നും അവർക്കറിയില്ല. വീട്ടിലൊരു അതിഥി വന്നാൽ പോലും സ്‌ക്രീനിൽ പതിഞ്ഞ കണ്ണുകൾ ഒന്ന് മാറ്റി പുഞ്ചിരിക്കാൻ പോലും ഇന്നത്തെ കുട്ടികൾ തയ്യാറാവില്ല. അവരുടെ ലോകം വേറൊന്നാണ്.

Mobile phone for children to eat and sleep easily; Parents need to know this

കുട്ടികളുടെ അമിതമായ മൊബൈൽ ഉപയോഗം ചെറിയ പ്രശ്നങ്ങൾ ഒന്നുമല്ല ഉണ്ടാക്കുന്നത് എന്ന ബോധം ഇനിയെങ്കിലും രക്ഷിതാക്കൾ തിരിച്ചറിയണം. കളിപ്പാട്ടങ്ങൾക്ക് കരഞ്ഞിരുന്നൊരു ബാല്യമുണ്ടായിരുന്നു, ഇന്നതല്ലാം കഥകളാണ്. ഉറങ്ങാനും ഉണ്ണാനും പോലും മൊബൈൽ ഫോൺ നൽകി മക്കളെ ശീലിപ്പിക്കുന്ന രക്ഷിതാക്കൾ ഓർക്കണം മൊബൈൽ കാന്തിക തരംഗങ്ങൾ നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെ സാരമായ രീതിയിൽ ബാധിക്കുന്നുണ്ട്.

മൊബൈലിന്റെ അമിതമായ ഉപയോഗം ശാരീരികവും മാനസികാവുമായ ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. മൊബൈൽ മാത്രമല്ല ടെലിവിഷൻ, കമ്പ്യൂടർ, ടാബ് പോലെ ഉള്ളവയിൽ നിന്നും കുട്ടികളിലെ സ്ക്രീൻ ടൈം അമിതമാവാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധലുക്കളാകണം. കുട്ടികളിൽ വാശിയും അക്രമവസാനയും അധികരിക്കാൻ മൊബൈലിന്റെ അമിതമായ ഉപയോഗം കാരണമാവുന്നുണ്ട്.

അവരുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കും. ചിന്താ ശേഷി കുറയാനും സഭാകമ്പം പോലെ ഉള്ള ഉൾവലിയലുകൾ ഉണ്ടാവാനും ഇടയാക്കുന്നു. കുട്ടികളിൽ ആളുകളെ അഭിമുഖീകരിക്കാനുള്ള കഴിവ് ഇല്ലാതെയാക്കുന്നു. കൂടാതെ, തല വേദന, കണ്ണ് വേദന, ഉറക്ക കുറവ്,  കഴുത്ത് വേദന, തുടങ്ങി പ്രശ്നങ്ങൾ ഉണ്ടാവുകയും ക്രമേണ അവർ വിഷാദ രോഗത്തിനിരയാവുകയും ചെയ്യും.

പഠന വൈകല്യങ്ങളുണ്ടാകുന്നു. സ്വഭാവ ദൂഷ്യങ്ങൾ ഉണ്ടാകുന്നു. നേത്ര രോഗങ്ങൾ ഉണ്ടാവുകയും അവരുടെ കാഴ്ച്ച ശക്തിക്ക് സാരമായ രീതിയിൽ പോറലേൽക്കുകയും ചെയ്യുന്നു. ഇമ വെട്ടാതെ സ്‌ക്രീനിൽ നോക്കുന്നതിലൂടെ കൃഷ്ണ മണിയുടെ മുകളിലെ ദ്രവപാളികളുടെ നനവ് ബാഷ്പീകരിച്ചു പോവുന്നതിനു കാരണമാകുന്നു. അത് മൂലം കണ്ണുള്ളൾക്ക് വലിയ സമ്മർദമാണ് ഉണ്ടാവുന്നത്. കണ്ണിന്റെ ചൊറിച്ചിലിനും ഇടയാക്കുന്നു. കമ്പ്യൂടർ വിശ്വൽ സിൻഡ്രോം എന്ന രോഗത്തിനും സ്ക്രീൻ അഡിക്ഷൻ കാരണമാകുന്നു. അമിതമായ സ്ക്രീൻ ഉപയോഗം തലച്ചോറിന്റെ വികാസത്തെയും വ്യക്തിത്വത്തെയും ഭാവി ജീവിതത്തെ തന്നെ അവതാളത്തിലാക്കുന്നു. സാമൂഹിക ബന്ധങ്ങൾ ഇല്ലാതാകുന്നു. 

എന്ത് കൊണ്ടും മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം കുട്ടികളിൽ ഉണ്ടാവാതിരിക്കാൻ രക്ഷിതാക്കൾ മുൻകയ്യെടുക്കണം. രണ്ട് വയസ്സിനു താഴെ ഉള്ള കുട്ടികളെ ഒരു കാരണവശാലും സ്ക്രീനിന് മുമ്പിൽ ഇരുത്തരുത്. അത് കുട്ടികളിൽ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കാരണമാകും.

കുട്ടികളുടെ വളർച്ചയ്ക്ക് പ്രകൃതിദത്തമായ പരിസ്ഥിതിയാണ് വേണ്ടത്. കുട്ടികൾ ആർടിഫിഷ്യൽ ആയി വളരുന്നത് തലച്ചോറിനെ മാരകമായ രീതിയിൽ ബാധിക്കുന്നതായിരിക്കും. വീടിന്റെ ചുവരുകൾക്കുള്ളിൽ സ്മാർട് ഫോണിന്റെ ചെറിയ സ്‌ക്രീനിൽ അവർ തീർക്കുന്ന സാങ്കൽപ്പിക ലോകം വളർന്ന് വരുമ്പോൾ യാഥാർഥ്യ ജീവിത സാഹചര്യങ്ങൾ ഉൾകൊള്ളാൻ കഴിയാതെ വരും. ചെറിയ പ്രശ്നങ്ങൾ പോലും വലിയ രീതിയിൽ അവരെ ബാധിക്കും. കുട്ടികളിൽ ആത്മഹത്യ പ്രവണതകൾ വർധിക്കുവാനും മൊബൈൽ അഡിക്ഷൻ കാരണമാകുന്നുണ്ട്.

പിതാവ് മൊബൈൽ ഫോൺ വാങ്ങിയതിന് മകൻ കിടപ്പു മുറിയിൽ ഷാൾ എടുത്ത് ജനലിൽ തൂങ്ങി മരിച്ച വാർത്ത ആരും മറന്ന് കാണില്ല. കോതമംഗലം അതിരപ്പള്ളിയിൽ 13 കാരൻ കൊയ്റോ മോറിൻ എന്ന ഓൺലൈൻ ഗെയിം കളിച്ചു ഗെയിം ടാസ്കുകളുടെ പ്രേരണയിൽ പുഴയിൽ ചാടി മരിച്ചു. മരണത്തിലൂടെ ഞാൻ ജപ്പാനിൽ പോവുകയാണെന്നും അതോടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും എന്നാണ് കുട്ടി ഡയറിയിൽ കുറിച്ചിരിക്കുന്നത്. ഇത്തരം ഞെട്ടിക്കുന്ന വാർത്തകൾ വന്നിട്ടും സ്ക്രീൻ അഡിക്ഷൻ വലിയ തോതിൽ വർധിച്ചിട്ടും മാതാപിതാക്കൾ കുട്ടികൾക്ക് മൊബൈൽ ഫോൺ കൊടുക്കുന്നതിന്റെ ഉദ്ദേശ ശുദ്ധി ഇനിയും മനസിലാകുന്നില്ല.

പല രക്ഷിതാക്കളും കുട്ടികളെ എളുപ്പത്തിൽ ഭക്ഷണം കഴിപ്പിക്കാനും മറ്റും മൊബൈൽ ഫോൺ നൽകാറുണ്ട്. കുട്ടികളിൽ രക്ഷിതാക്കൾ ഉണ്ടാക്കുന്ന അത്തരം ശീലങ്ങൾ പിന്നീട് വലിയ ദുരന്തങ്ങളുടെ തുടക്കമാവാൻ കാരണമാവാറുണ്ട്. കുട്ടികളേക്കാൾ രക്ഷിതാക്കൾക്കാണ് ശരിയായ ബോധവൽക്കരണതിന്റെ ആവശ്യം.

നമ്മുടെ മക്കൾ പബ്ജിയും ഫ്രീഫയറും പോലെ ഉള്ള ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട് മനസ്സ് മുരടിക്കാതിരിക്കാനാണ് രക്ഷിതാക്കൾ ആദ്യം ശ്രദ്ധിക്കേണ്ടത്. പക്വത ഇല്ലാത്ത ചെറിയ കുട്ടികൾക്ക് സ്മാർട് ഫോണുകൾ വാങ്ങി കൊടുക്കരുത്. ബോറടി മാറ്റി ആനന്ദം കണ്ടെത്താനുള്ള ഏക മാർഗം മൊബൈൽ ഫോൺ ആണെന്ന ചിന്ത അവരിൽ നിന്ന് മാറ്റിയെടുക്കണം.

സിഗരറ്റ് പാകെറ്റിന്റെയും മധ്യ കുപ്പിയുടെയും പുറത്ത് കൊടുക്കുന്ന മുന്നറിയിപ്പ് പോലെ അമിതമായ സ്ക്രീൻ ഉപയോഗം കുട്ടികളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഡിജിറ്റൽ വിനോദോപാധികളിൽ  പതിക്കണമെന്ന് കുട്ടികളുടെ സ്ക്രീൻ അഡിക്ഷനെ കുറിച്ച് പഠനം നടത്തിയ പ്രശസ്ത അമേരികൻ സൈകോ തെറാപിസ്റ്റ് നിക്കോളാസ് കർദാസ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

മുറ്റത്ത് കളിക്കാനും പാടത്തും പറമ്പിലും മഴയും മണ്ണും മാനവും കണ്ട് വളരാനും ബാല്യകാല സൗഹൃദങ്ങളിൽ പങ്കാളിയാവാനും കുട്ടികളെ പ്രോത്സാഹിപ്പിക്കണം. അവരിലെ കലാപരമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അത് വളർത്തിയെടുക്കാനുള്ള സൗകര്യങ്ങൾ ചെയ്ത് കൊടുക്കാനും രക്ഷിതാക്കൾ തയ്യാറാവണം. കുട്ടികളുടെ മുമ്പിൽ മുതിർന്നവർ അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കരുത്. മൊബൈൽ അഡിക്ഷൻ കൊണ്ടുള്ള ദൂഷ്യ വശങ്ങളും അപകടങ്ങളും കുട്ടികളെ പറഞ്ഞ് ബോധവൽക്കരിക്കുക. മുതിർന്നവരേക്കാൾ വലിയ തോതിൽ മൊബൈൽ റേഡിയേഷൻ കുട്ടികളുടെ ശരീരത്തെ ബാധിക്കുന്നുണ്ട്.

ഒരു ഇന്റർവ്യൂവിൽ മൈക്രോ സോഫ്റ്റ്‌ തലവൻ ബിൽ ഗേറ്റ്സ് പറയുകയുണ്ടായി, തന്റെ മക്കൾക്ക് 14 വയസ് വരെ മൊബൈൽ ഫോൺ കൊടുത്തിട്ടില്ലെന്നും അത് കൊണ്ട് അവർക്ക് ഉറങ്ങാനും പഠിക്കാനും ഹോം വർക് ചെയ്യാനും കൂട്ടുകാരുമൊത്ത് കളിക്കാനും കഴിഞ്ഞു എന്നാണ് അദ്ദേഹം പറയുന്നത്. 

മുത്തശ്ശി കഥകൾ കേട്ട് ഉറങ്ങിയിരുന്നൊരു കാലമുണ്ടായിരുന്നു. അതായിരുന്നു പണ്ട് കാലങ്ങളിലെ കാർടൂൺ. അതിനെ വെല്ലുന്നൊരു കാർടൂണും ഇന്ന് വരെ ആരും കണ്ടെത്തിയിട്ടില്ല. താരാട്ട് പാട്ടിന്റെ ഈരടികൾ, കവിതയും ബൈതും മാലപ്പാട്ടുകളും സന്ധ്യാനാമവും പ്രാര്‍ത്ഥനയും ചൊല്ലിയും കേട്ടും ഉറങ്ങിയിരുന്ന കാലം!. സാറ്റ് കളിയും ഓല പീപിയും മണ്ണപ്പം ചുട്ടും കുഞ്ഞു വീടുണ്ടാക്കിയും കളിച്ചിരുന്നൊരു കാലം. പബ്ജിയും ഫ്രീഫയറും എത്തി നോക്കാത്ത മനോഹര കാലം!. ആ മധുര ബാല്യത്തിന്റെ രുചിയറിയാൻ ഇനി വരുന്നൊരു തലമുറക്ക് സാധിക്കുമോ?

ചെളിയിലും ചേറിലും ഓടിക്കളിച്ച് മണ്ണിന്റെ ഗന്ധമറിഞ്ഞു വളരണം!. പൈപിലെ ഫിൽറ്ററിങ് വെള്ളം മാത്രമല്ല തോടിലും പുഴയിലും ഉറവ പൊടിഞ്ഞൊഴുകുന്ന തെളി നീരിന്റെ കുളിരും അവരറിയണം. ബന്ധങ്ങളുടെ വിലയറിയുന്ന സാമൂഹ്യ ജീവിയായ് നമ്മുടെ മക്കളും വളരണം. അവരിലെ സ്ക്രീൻ ടൈം രക്ഷിതാക്കൾ നിയന്ത്രിതമാക്കണം. അങ്ങനെ ഒത്തൊരുമിച്ചൊരു ആരോഗ്യമുള്ള, ചിന്താ ശേഷിയുള്ള, ബുദ്ധി വികാസത്തിന് തകരാറില്ലാത്ത, ക്ഷമാ ശീലമുള്ള, അക്രമ വാസനയില്ലാത്ത നല്ലൊരു തലമുറയെ നമുക്ക് വാർത്തെടുക്കാം.

Keywords: Kerala, Article, Children, Mobile Phone, Top-Headlines, Mobile phone for children to eat and sleep easily; Parents need to know this.
< !- START disable copy paste -->

Post a Comment