Follow KVARTHA on Google news Follow Us!
ad

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നു; വിഷാംശമില്ല; എയിംസിലെ ഫോറന്‍സിക് ടീമും സി ബി ഐ ഉദ്യോഗസ്ഥരും കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലാബിലെ വിദഗ്ധരും കൂടിക്കാഴ്ച നടത്തി

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ ആന്തരികാവയMumbai,News,Bollywood,Actor,Cinema,Dead,CBI,National,
മുംബൈ: (www.kvartha.com 29.09.2020) അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നു. ഡെല്‍ഹി എയിംസിലാണ് പരിശോധന നടത്തിയത്. റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ എയിംസിലെ ഫോറന്‍സിക് ടീമും സി ബി ഐ ഉദ്യോഗസ്ഥരും കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലാബിലെ വിദഗ്ധരും കൂടിക്കാഴ്ച നടത്തി.

സുശാന്ത് സിംഗിന്റെ മരണം അന്വേഷിക്കുന്ന സി ബി ഐ സംഘത്തിനാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് കൈമാറിയത്. ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം സുശാന്തിന്റെ ആന്തരികാവയവങ്ങളില്‍ വിഷാംശമില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. വിഷം അകത്ത് ചെന്നാണ് സുശാന്ത് മരിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്. സുശാന്ത് കേസില്‍ സി ബി ഐ അന്വേഷണം അതിന്റെ അന്തിമ ഘട്ടത്തിലാണ്. വേണ്ടി വന്നാല്‍ സുശാന്തിന്റെ കുടുംബാംഗങ്ങളെ കൂടി സിബിഐ ചോദ്യം ചെയ്തേക്കും. 



സുശാന്തിന്റെ ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കള്‍ ചില നിര്‍ണായക വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. അതേസമയം അന്വേഷണ സംഘം ഇതുവരെ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. സുശാന്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത കൂപ്പര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല.

ഓഗസ്റ്റിലാണ് സി ബി ഐ സുശാന്തിന്റെ മരണത്തില്‍ അന്വേഷണം ഏറ്റെടുത്തത്. എയിംസിലെ ഫോറന്‍സിക് ടീമുമായി സഹകരിച്ചാണ് സിബിഐ അന്വേഷണം പുരോഗമിക്കുന്നത്. എയിംസിലെ ഫോറന്‍സിക് വിഭാഗം വിദഗ്ധര്‍ സുശാന്തിന്റെ മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു.

34 കാരനായ സുശാന്തിനെ ജൂണ്‍ 14 നാണ് മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസ് ആത്മഹത്യയെന്ന് വിശേഷിപ്പിച്ചെങ്കിലും, സോഷ്യല്‍ മീഡിയയില്‍ അടക്കം കൊലപാതകമെന്ന ആരോപണം ഉയര്‍ന്നിരുന്നു. മാത്രമല്ല സുശാന്ത് സിംഗ് രാജ്പുത്തിന്റെ കുടുംബവും മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് തറപ്പിച്ചു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.

Keywords: Sushant Singh Rajput Case: AIIMS Panel Rules Out Poisoning, Say Sources, Mumbai,News,Bollywood,Actor,Cinema,Dead,CBI,National.

Post a Comment