Follow KVARTHA on Google news Follow Us!
ad

കിം ഉറച്ചുതന്നെ; പുതുവര്‍ഷത്തില്‍ ആണവായുധ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി; പുതിയ ആയുധം ഉടന്‍ എത്തും

ആണവായുധ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച് ഉത്തരകൊറിയന്‍ South Korea, News, Media, Report, Politics, Meeting, World, Technology
സോള്‍: (www.kvartha.com 01.01.2020) ആണവായുധ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ഉടന്‍ തന്നെ തന്ത്രപ്രധാനമായ ഒരു പുതിയ ആയുധം അവതരിപ്പിക്കുമെന്നും കിം പറഞ്ഞു.

പുതുവര്‍ഷദിനത്തില്‍ ഉത്തരകൊറിയന്‍ ദേശീയ മാധ്യമമായ കെസിഎന്‍എ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അമേരിക്കയുമായുള്ള ആണവ നിരായുധീകരണ ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞതോടെയാണ് കിമ്മിന്റെ പുതിയ പ്രഖ്യാപനം.

Kim Says North Korea Not Bound to Test Freeze, Built New Weapon, South Korea, News, Media, Report, Politics, Meeting, World, Technology

ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ കിം പ്രഖ്യാപിച്ച സമയപരിധിയും കഴിഞ്ഞിരുന്നു. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ചര്‍ച്ചകളോട് യുഎസ് പ്രതികരിക്കാത്ത സാഹചര്യത്തിലാണ് കിം ആണവ പദ്ധതികളുമായി മുന്നോട്ട് പോകുന്നത്.

ദക്ഷിണ കൊറിയയുമായി ചേര്‍ന്നുള്ള യുഎസിന്റെ സംയുക്ത സൈനികാഭ്യാസവും ഉത്തരകൊറിയയെ പ്രകോപിപ്പിച്ചു. 2019 അവസാനിക്കും മുന്‍പ് ഇരുവിഭാഗവും അംഗീകരിക്കുന്ന ആണവ കരാറിന്മേല്‍ തീരുമാനമെടുക്കണം എന്നായിരുന്നു കിമ്മിന്റെ ആവശ്യം.

മാത്രമല്ല, ഉത്തര കൊറിയയ്ക്കു മേലുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു യുഎസ് തയാറാകാത്ത സാഹചര്യത്തില്‍ കിമ്മിന്റെ ഭാഗത്തു നിന്നു പ്രകോപനപരമായ നീക്കമുണ്ടാകുമെന്നാണു നിരീക്ഷകരുടെ വിലയിരുത്തല്‍.

2017ല്‍ സമാനമായ സാഹചര്യത്തില്‍ ജപ്പാനു മുകളിലൂടെ രണ്ടു മിസൈല്‍ പറത്തിയാണ് കിം ഇതിനോട് പ്രതികരിച്ചത്. യുഎസിന്റെ കീഴിലുള്ള ഹവായി ദ്വീപ് വരെ എത്തിച്ചേരാനാകുന്ന ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചതിനു പിന്നാലെയായിരുന്നു ട്രംപ് കിമ്മിനെ ചര്‍ച്ചയ്ക്കു വിളിച്ചത്.

എന്നാല്‍ സിംഗപ്പുരിലും വിയറ്റ്‌നാമിലും നടത്തിയ രണ്ടു ചര്‍ച്ചകളും പരാജയപ്പെട്ടു. സമ്പൂര്‍ണമായ ആണവ നിരായുധീകരണമാണ് യുഎസ് ആവശ്യപ്പെടുന്നത്. എന്നാല്‍ 'സമാധാന' ആവശ്യങ്ങള്‍ക്ക് ആണവോര്‍ജം ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് കിമ്മിന്റെ ആവശ്യം.

അതിനിടെ യുഎസ് ആകട്ടെ ഉത്തര കൊറിയയ്ക്കു മേലുള്ള ഉപരോധങ്ങള്‍ കൂട്ടുകയാണ്. ഇതിനുള്ള മറുപടിയായി അടുത്തിടെ രണ്ട് മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്. ഇതുവഴി ഉത്തര കൊറിയ ആണവായുധ ശേഖരം വര്‍ധിപ്പിക്കുകയാണെന്നാണ് അഭ്യൂഹങ്ങള്‍.

ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം വീണ്ടുമുണ്ടാകുമെന്നും നിരീക്ഷണമുണ്ട്. അതല്ല കൃത്രിമോപഗ്രഹങ്ങളിലൊന്ന് വിക്ഷേപിക്കാനിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kim Says North Korea Not Bound to Test Freeze, Built New Weapon, South Korea, News, Media, Report, Politics, Meeting, World, Technology.