Follow KVARTHA on Google news Follow Us!
ad

നഷ്ടപ്പെടുന്നത് കോണ്‍ഗ്രസിലെ തലയെടുപ്പുള്ള മുസ്ലിം നേതാവിനെ; കെപിസിസി പദവിയും വയനാട് സീറ്റും ഇനി നിര്‍ണായകം

എം ഐ ഷാനവാസിന്റെ വിയോഗം കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തലയെടുപ്പുമുള്ള മുസ്ലിം നേതാക്കളുടെ എണ്ണം വീണ്ടും കുറയുന്നു. സമുദായത്തിനുള്ളില്‍ എന്തൊക്കെ Kerala, News, Thiruvananthapuram, KPCC, Wayanad, Muslim, Trending, M I Shanavas was a Augustus Muslim leader of congress
തിരുവനന്തപുരം: (www.kvartha.com 21.11.2018) എം ഐ ഷാനവാസിന്റെ വിയോഗം കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തലയെടുപ്പുമുള്ള മുസ്ലിം നേതാക്കളുടെ എണ്ണം വീണ്ടും കുറയുന്നു. സമുദായത്തിനുള്ളില്‍ എന്തൊക്കെ എതിര്‍പ്പുകളും വിയോജിപ്പുകളും നേരിട്ടിട്ടുണ്ടെങ്കിലും മലബാറില്‍ നിന്നുള്ള ശക്തനായ മുസ്ലിം നേതാവായി ഏറെക്കാലം തല ഉയര്‍ത്തിനിന്ന ആര്യാടന്‍ മുഹമ്മദ് പ്രായാധിക്യവും അനാരോഗ്യവും മൂലം പിന്നിലേക്കു മാറിയതിനു പിന്നാലെയാണ് ഷാനവാസിന്റെ വിയോഗം.

മുന്‍ കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍, മുന്‍ പട്ടാമ്പി എംഎല്‍എ സി പി മുഹമ്മദ് എന്നിവര്‍ നേരിടുന്ന അവഗണനയും കൂടിയാകുമ്പോള്‍ യുഡിഎഫിലെ മുസ്ലിം നേതൃനിര മുസ്ലിം ലീഗില്‍ ഒതുങ്ങുന്ന സ്ഥിതി. മുന്‍ എഐസിസി ജനറല്‍ സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ ഇപ്പോള്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം മാത്രമാണ്. വിജയം ഉറപ്പുള്ള ഒരു സീറ്റുകൊടുത്ത് നിയമസഭയിലോ ലോക്സഭയിലോ ഈ മികച്ച മുസ്ലിം വനിതാ നേതാവിനെ എത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചടയമംഗലം മണ്ഡലത്തില്‍ മല്‍സരിച്ചു തോറ്റ എം എം ഹസനെ കെപിസിസിയുടെ താല്‍ക്കാലിക അധ്യക്ഷനാക്കിയിരുന്നു. ആ പദവിയില്‍ മികവു തെളിയിച്ച അദ്ദേഹത്തെ നിലനിര്‍ത്താന്‍ നേതൃത്വം തയ്യാറായില്ല.

ടി ഒ ബാവയെപ്പോലെ കേരളത്തിലെ കോണ്‍ഗ്രസ് എക്കാലത്തും ഓര്‍മിക്കുന്ന കെപിസിസി അധ്യക്ഷന്‍ മുസ്ലിം സമുദായത്തില്‍ നിന്ന് ഉണ്ടായിരുന്നു. തലേക്കുന്നില്‍ ബഷീര്‍ ഒരുവട്ടം രാജ്യസഭാംഗവുമായി. എന്നാല്‍ ലീഗ് മുന്നണിയില്‍ ഉള്ളതുകൊണ്ട് കോണ്‍ഗ്രസില്‍ നിന്ന് മുസ്ലിം എം പിമാരെയും എംഎല്‍എമാരെയും വിരലില്‍ എണ്ണാവുന്നത്ര കുറച്ചാണ് കോണ്‍ഗ്രസ് നേതൃത്വം 'മാതൃക' കാട്ടിയത്. ലോക്സഭയിലേക്കും നിയമസഭയിലേക്കും പലവട്ടം പലയിടത്തു നിന്നും മത്സരിച്ച് പരാജയപ്പെട്ട ശേഷമാണ് എം ഐ ഷാനവാസ് 2009ല്‍ വയനാട്ടില്‍ നിന്നു വിജയിച്ചത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായ അദ്ദേഹം അടുത്ത തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കില്ല എന്ന സൂചനകളുണ്ടായിരുന്നു. എം എം ഹസന്‍, കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ ടി സിദ്ദീഖ്, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെ പേരുകളാണ് ആ സീറ്റിലേക്ക് പറഞ്ഞുകേട്ടത്. ഷാനവാസിന്റെ വിയോഗത്തോടെ ഷാനിമോള്‍ ഉസ്മാന്‍ കെപിസിസി വൈസ് പ്രസിഡന്റാകുമെന്നും സിദ്ദീഖോ ഹസനോ വയനാട്ടില്‍ മല്‍സരിക്കുമെന്നുമാണ് സൂചന.

ജനപ്രതിനിധിയല്ലാത്തപ്പോഴും സാമൂഹിക പ്രശ്നങ്ങളില്‍ പൊതുവേ എന്നതുപോലെ തന്നെ സമുദായത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഷാനവാസ് പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ മുസ്ലിം ലീഗ് ഉള്‍പ്പെടെ എല്ലാ മുസ്ലിം സംഘടനകള്‍ക്കും അദ്ദേഹം സ്വീകാര്യനായി. പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നാസറുദ്ദീന്‍ എളമരം എന്നിവരുള്‍പ്പെടെ എല്ലാ നേതാക്കളുമായും സംഘടനാ വ്യത്യാസമില്ലാതെ ഷാനവാസ് സൗഹൃദം നിലനിര്‍ത്തി. അതേസമയം, രണ്ടാം വട്ടവും വയനാട് എംപി ആയതോടെ മലബാറിലെ മുസ്ലിം വേദികളില്‍ മുസ്ലിം ലീഗിന്റെ ചില നേതാക്കളേക്കാള്‍ ഷാനവാസ് സ്വീകാര്യനായത് ലീഗിനെ പലപ്പോഴും അലോസരപ്പെടുത്തിയിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, KPCC, Wayanad, Muslim, Trending, M I Shanavas was a Augustus Muslim leader of congress
  < !- START disable copy paste -->